സിറിയൻ ജയിലിലെ ക്രൂരതകൾ ലോകത്തോട് വിളിച്ചുപറഞ്ഞ ഹമദയുടെ മൃതദേഹം കണ്ടെത്തി; ഏറ്റുവാങ്ങിയത് കൊടിയ പീഡനം
‘അദ്ദേഹം ഏറ്റുവാങ്ങിയ പീഡനങ്ങളുടെ ചിത്രം മതി 1000 വിപ്ലവങ്ങളുണ്ടാകാൻ’
ദമസ്കസ്: സിറിയൻ ജയിലിലെ ക്രൂരതകൾ ലോകത്തോട് വിളിച്ചുപറഞ്ഞ മനുഷ്യാവകാശ പ്രവർത്തകൻ മസെൻ ഹമദയുടെ മൃതദേഹം കണ്ടെത്തി. ദമസ്കസിന് സമീപത്തെ കുപ്രസിദ്ധമായ സെദ്നയ ജയിലിലായിരുന്നു ഇദ്ദേഹം ഉണ്ടായിരുന്നത്. സിറിയൻ പ്രസിഡൻറ് ബശ്ശാറുൽ അസദിെൻറ ഭരണത്തിന് കീഴിൽ കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങിയാണ് ഹമദ മരണത്തിന് കീഴടങ്ങിയത്.
ഹർസത ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. ശരീരത്തിലാകെ പീഡനത്തിെൻറ തെളിവുകൾ ദൃശ്യമാണ്. ജയിലിൽവെച്ച് കൊല്ലപ്പെടുന്നവരുടെ മൃതദേഹങ്ങൾ ഹർസത ആശുപത്രിയിലെ മോർച്ചറിയിലാണ് സൂക്ഷിക്കുന്നത്. ഇവിടെനിന്ന് കൂട്ടക്കുഴിമാടത്തിലേക്ക് കൊണ്ടുപോകും.
മൃതദേഹം കണ്ടെത്തിയതോടെ നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിൽ അനുശോചന കുറിപ്പുകൾ പങ്കുവെച്ചിട്ടുള്ളത്. ‘ഹമദ, ഞങ്ങളെല്ലാവരും പരാജയപ്പെട്ടു, ഞങ്ങളോട് ക്ഷമിക്കൂ, ഈ ലോകം വളരെ മലിനമായതിൽ ഞാൻ ഖേദിക്കുന്നു. നിങ്ങളുടെ കണ്ണുകൾ ഇത്രയും കാലം ഈറനണഞ്ഞതിൽ ഞാൻ ഖേദിക്കുന്നു’ -സിറിയൻ ആക്റ്റിവിസ്റ്റായ സെലീൻ കസം ‘എക്സി’ൽ കുറിച്ചു.
‘അദ്ദേഹം ഏറ്റുവാങ്ങിയ പീഡനങ്ങളുടെ ചിത്രം മതി 1000 വിപ്ലവങ്ങളുണ്ടാകാൻ. അദ്ദേഹം എക്കാലവും സിറിയയിലെ ധീരനായ വീരൻമാരിൽ ഉൾപ്പെടും’ -മറ്റൊരാൾ കുറിച്ചു.
സിറിയയിലെ തടങ്കൽ കേന്ദ്രങ്ങളിൽ താൻ അനുഭവിച്ച ഭീകരതയുടെയും ഭരണകൂടത്തിെൻറ ആസൂത്രിത പീഡനത്തിെൻറയും അനുഭവങ്ങൾ സിറിയൻ എമർജൻസി ടാസ്ക് ഫോഴ്സിന് നൽകിയ അഭിമുഖത്തിൽ ഹമദ വിശദമായി പറഞ്ഞിരുന്നു. ജയിലിൽ നേരിട്ട മർദനവും ലൈംഗികാതിക്രമവും പട്ടിണിയും നിരന്തരമായുള്ള മാനസിക പീഡനവുമെല്ലാം അദ്ദേഹം പറഞ്ഞപ്പോൾ, ആ വാക്കുകൾ ലോകത്ത് തന്നെ പ്രതിധ്വനിച്ചിരുന്നു.
കൈയിൽ ചങ്ങലയിട്ട് മേൽക്കൂരയിൽ തൂക്കിയിടുക, കാവൽക്കാർ ദേഹത്ത് ചാടി വാരിയെല്ല് തകർക്കുക, സിഗരറ്റ് കുറ്റികൾ കൊണ്ട് തൊലിയിൽ പൊള്ളലേൽപ്പിക്കുക എന്നിങ്ങനെ നിരവധി പീഡനങ്ങൾക്കാണ് ഇദ്ദേഹം ഇരയായത്. ഇതിന് പുറമെ ലൈംഗികാതിക്രമം, ഷോക്കടിപ്പിക്കൽ എന്നിവക്കും വിധേയനായി.
ജയിലിൽനിന്ന് അഭയാർഥിയിലേക്ക്
കിഴക്കൻ സിറിയയിലെ ഡെയർ എസ്സോർ സ്വദേശിയായിരുന്നു ഹമദ. എണ്ണ മേഖലയിൽ ജോലി ചെയ്യുന്നതിനിടെയാണ് 2011ൽ സിറിയൻ വിപ്ലവമുണ്ടാകുന്നത്. ഇതിനെ തുടർന്ന് 2011ലും 2012ലും നിരവധി തവണ അറസ്റ്റ് ചെയ്യപ്പെട്ടു.
2014ൽ ജയിലിൽനിന്ന് വിട്ടയച്ചതിനെ തുടർന്ന് നെതർലാൻഡിൽ അഭയാർഥിയായി. തുടർന്ന് അസദിെൻറ ഭരണകൂടം നടത്തുന്ന പീഡനങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനായി ജീവിതം സമർപ്പിച്ചു. യൂറോപ്പിലും അമേരിക്കയിലുമുടനീളം യാത്ര ചെയ്തു. അസദ് സർക്കാരിനെ വിചാരണ ചെയ്യാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളിലും അദ്ദേഹം പങ്കാളിയായി.
2020ൽ അദ്ദേഹം ജന്മനാട്ടിലേക്ക് മടങ്ങിയെത്തി. തന്നെ പിടികൂടിലെന്ന് സർക്കാരിൽനിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു തിരിച്ചുവന്നത്. എന്നാൽ, അദ്ദേഹത്തെ അറസ്റ്റ് ചെയ്ത ശേഷം പിന്നെ കാണാതായി. അസദിെൻറ ഭരണത്തിന് അന്ത്യമാകും വരെ ഹമദയെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. കഴിഞ്ഞദിവസം സെദ്നയിൽ നടത്തിയ തിരച്ചിനൊടുവിലാണ് മൃതദേഹം കണ്ടെത്തുന്നത്.
വിമത സേന രാജ്യത്തെ നിരവധി ഭൂഗർഭ രഹസ്യ ജയിലുകളാണ് കഴിഞ്ഞദിവസങ്ങളിൽ കണ്ടെത്തിയത്. ഇവിടെ അനധികൃതമായി തടങ്കലിലാക്കിയിരുന്ന ആയിരങ്ങളെ മോചിപ്പിക്കുകയും ചെയ്തു. ജയിലുകൾ അസദിന്റെ കശാപ്പ് ശാലകളായിരുന്നു. നരക ജീവിതമായിരുന്നു ഇവിടെ ആളുകൾ നയിച്ചത്. നിരവധി മൃതദേഹങ്ങൾ ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്. സെദ്നായിലെ ജയിലിൽ ദിവസവും 50 മുതൽ 100 പേരെയാണ് കൊല്ലാറുണ്ടായിരുന്നത്.