‘എല്ലാ ഇസ്രായേലികളും തീവ്രവാദികൾ’; ഇസ്രായേലികളെ ബ്രിട്ടീഷ് രാജ്ഞി കൊട്ടാരത്തിൽ പ്രവേശിപ്പിച്ചിരുന്നില്ലെന്ന് മുൻ പ്രസിഡൻറ്
120ഓളം രാജ്യങ്ങൾ സന്ദർശിച്ച അവർ ഒരിക്കലും ഇസ്രായേലിൽ പോയിട്ടില്ല
ലണ്ടൻ: എല്ലാ ഇസ്രായേലികളും തീവ്രവാദികളോ അല്ലെങ്കിൽ തീവ്രവാദികളുടെ മക്കളോ ആണെന്ന് എലിസബത്ത് രാജ്ഞി വിശ്വസിച്ചിരുന്നതായി ഇസ്രായേലി മുൻ പ്രസിഡൻറ് റൂവൻ റിവ്ലിൻ. ലണ്ടനിൽ നടന്ന ചടങ്ങിനിടെയായിരുന്നു റിവ്ലിെൻറ പ്രസ്താവന. എലിസബത്ത് രാജ്ഞിയുടെ വിശ്വാസം കാരണം ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം വഷളായിരുന്നുവെന്നും റിവ്ലിൻ വ്യക്തമാക്കി.
അന്താരാഷ്ട്ര അവസരങ്ങളിൽ ഒഴികെ ഒരു ഇസ്രായേലി ഉദ്യോഗസ്ഥനെയും അവർ ബക്കിങ്ഹാം കൊട്ടാരത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. എന്നാൽ, ചാൾസ് മൂന്നാമൻ വളരെ സൗഹർദം പുലർത്തിയിരുന്നുവെന്നും റിവ്ലിൻ പറഞ്ഞു. ഇസ്രായേലിെൻറ പത്താമത്തെ പ്രസിഡൻറായിരുന്ന റിവ്ലിൻ 2014-2021 കാലയളവിലാണ് അധികാരത്തിലുണ്ടായിരുന്നത്.
രാജ്ഞിയായിരുന്ന 70 വർഷത്തിനിടെ 120ഓളം രാജ്യങ്ങളാണ് എലിസബത്ത് രാജ്ഞി സന്ദർശിച്ചത്. എന്നാൽ, ഇതിനിടെ ഒരിക്കലും ഇസ്രായേൽ സന്ദർശിച്ചിരുന്നില്ല.
1984ൽ അവർ ജോർഡൻ സന്ദർശിക്കുകയുണ്ടായി. ഈ സമയത്ത് അധിനിവേശ വെസ്റ്റ് ബാങ്കിൽനിന്ന് ഇസ്രായേലി യുദ്ധ വിമാനങ്ങൾ ആകാശത്ത് പറന്നപ്പോൾ എത്ര ഭയപ്പെടുത്തുന്നുവെന്ന് അവർ ചോദിക്കുകയുണ്ടായി. ഭയാനകരമാണെന്നായിരുന്നു ജോർദാൻ രാജാവ് ഹുസൈെൻറ ഭാര്യ രാജ്ഞി നൂറിെൻറ പ്രതികരണം.
പിന്നീട് എലിസബത്ത് രാജ്ഞി വെസ്റ്റ് ബാങ്കിലെ ഇസ്രായേലി കുടിയേറ്റ കേന്ദ്രങ്ങളുടെ ഭൂപടം കാണുകയുണ്ടായി. നിരാശാജനകമായ ഭൂപടം എന്നായിരുന്നു ഇതിനോട് രാജ്ഞി പ്രതികരിച്ചത്. 2022ലാണ് എലിസ്ബത്ത് രാജ്ഞി അന്തരിച്ചത്.