വിനോദസഞ്ചാരികൾക്ക് മുന്നറിയിപ്പ്; ഈ നഗരത്തിൽ സെൽഫിയെടുത്താൽ 24000ലേറെ രൂപ പിഴ !

രാവിലെ 10.30 മുതൽ വൈകിട്ട് ആറ് വരെയാണ് നിയന്ത്രണങ്ങൾ.

Update: 2023-04-24 13:07 GMT
Advertising

വിനോദസഞ്ചാരത്തിന് ലോകത്തിന്റെ പല ഭാ​ഗങ്ങളിലും പോവുന്ന ആളുകളാണ് നമ്മിൽ പലരും.‌ പലയിടത്തും പോയി ഫോട്ടോകളും വീഡിയോകളുമെടുക്കുകയും ചെയ്യും. ഒരു സെൽഫിയെങ്കിലും എടുക്കാതെ അവിടങ്ങളിൽ നിന്ന് തിരിച്ചുവരാത്തവർ കുറവാണ്. എന്നാൽ, സെൽഫിയെടുക്കുന്ന വിനോദസഞ്ചാരികൾക്ക് പിഴയേർപ്പെടുത്തിയിരിക്കുകയാണ് ഒരു ​ന​ഗരം.

ഇറ്റലിയിലെ പോർട്ടോഫിനോ ന​ഗരമാണ് വിനോദയാത്രകളെയും ഫോട്ടോയെടുപ്പിനേയും ബാധിച്ചേക്കാവുന്ന പുതിയ നിയമങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇറ്റലിയിലെ ഏറ്റവും വർണാഭമായ പട്ടണങ്ങളിലൊന്നായ പോർട്ടോഫിനോ, പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ചിത്രങ്ങളെടുക്കുന്നത് തടയാൻ നോ-വെയ്റ്റിങ് സോണുകൾ അവതരിപ്പിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു.

കൂടാതെ, ഇവിടെ സെൽഫികൾ എടുക്കുന്നതിന് 275 യൂറോ (24,777 രൂപ) വരെ പിഴയും ഈടാക്കും. അവധിക്കാലത്ത് നിരവധി വിനോദസഞ്ചാരികൾ ഒത്തുകൂടുന്നതിലൂടെ ഈ പ്രദേശങ്ങളിൽ വളരെ തിരക്കേറുന്നതിനാലാണ് പുതിയ നിയമങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു.

ചിത്രമെടുക്കാൻ ശ്രമിക്കുന്നതിലൂടെ റോഡുകളിൽ ഗതാഗതക്കുരുക്കും തെരുവുകളിൽ തടസങ്ങളും ഉണ്ടാക്കുന്നതിലൂടെ സംഭവിക്കുന്ന 'അരാജകത്വ സാഹചര്യത്തിന്' ഉത്തരവാദികൾ‍ ടൂറിസ്റ്റുകളാണെന്ന് പോർട്ടോഫിനോ മേയർ മാറ്റിയോ വിയാകാവ ആരോപിച്ചു. രാവിലെ 10.30 മുതൽ വൈകിട്ട് ആറ് വരെയാണ് ഈ നിയന്ത്രണങ്ങൾ.

ഇൻസ്റ്റഗ്രാമിൽ പ്രശസ്തമായ രണ്ട് മനോഹര സ്ഥലങ്ങൾക്ക് ഈ നിയമങ്ങൾ ബാധകമാണ്. ഈസ്റ്റർ വാരാന്ത്യത്തിൽ പ്രാബല്യത്തിൽ വന്ന നിയമങ്ങൾ ഒക്ടോബർ വരെ നിലനിൽക്കും. അതേസമയം, സെൽഫികൾ തടയുന്ന ആദ്യത്തെ വിനോദസഞ്ചാര കേന്ദ്രം ഇതല്ലെന്നും യു.എസ്, ഫ്രാൻസ്, യു.കെ എന്നിവയുൾപ്പെടെ ചില സ്ഥലങ്ങളിൽ സമാനമായ നിയമങ്ങളുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News