ഇറാൻ അനുകൂല വെബ്‌സൈറ്റുകൾ പിടിച്ചെടുത്ത് അമേരിക്ക
ഇറാനിലെ പ്രമുഖ മാധ്യമങ്ങളുടെയും ടെലിവിഷൻ ചാനലുകളുടെയും വെബ്‌സൈറ്റുകൾ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു
ഇറാനിലെയും ഫലസ്തീനിലെയും നാല്പതോളം വെബ്‌സൈറ്റുകൾ പിടിച്ചെടുത്ത് അമേരിക്ക. ഇറാൻ അനുകൂല വാർത്തകൾ പുറത്തുവിടുന്നുവെന്ന് ആരോപിച്ചാണ് വെബ്‌സൈറ്റുകൾ പിടിച്ചെടുത്തത്. ഇറാനിലെ പ്രമുഖ മാധ്യമങ്ങളുടെയും ടെലിവിഷൻ ചാനലുകളുടെയും വെബ്സൈറ്റുകൾക്കൊപ്പം യെമനിൽ ഹൂതികൾ നടത്തുന്ന മസീറ ടി.വി, ഹമാസ് അനുകൂല വാർത്ത നൽകുന്ന ഫലസ്തീൻ ടുഡെ എന്നിവയുടെ വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്യപ്പെട്ടവയിൽ പെടും. പിടിച്ചെടുത്ത വെബ്‌സൈറ്റുകളിൽ പലതും പിന്നീട് തിരിച്ചു വന്നു.
കഴിഞ്ഞ ഒക്ടോബറിൽ ഇറാൻ സൈന്യമായ റവലൂഷനറി ഗാർഡിന് അനുകൂല നിലപാട് സ്വീകരിച്ച 100 വെബ്‌സൈറ്റുകൾ പിടിച്ചെടുത്തതായി യു.എസ് നീതിന്യായ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. ഇറാൻ ടി.വി ചാനൽ പ്രസ് ടിവിയുടെ വെബ്‌സൈറ്റും പിടിച്ചെടുത്തവയിൽ ഉൾപ്പെടും. ഇറാനിൽ പുതിയ പ്രസിഡൻറ് ഇബ്രാഹിം റഈസി അധികാരമേറ്റതിനു പിറകെ യു.എസ് കടുത്ത നിലപാടുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടർച്ചയാകാം നടപടിയെന്നാണ് സൂചന. പാശ്ചാത്യ രാജ്യങ്ങളുടെ വിമർശകനാണ് റഈസി. യു.എസുമായി ചർച്ചക്കില്ലെന്നും ബാലിസ്റ്റിക് മിസൈൽ വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്നും കഴിഞ്ഞ ദിവസം നടത്തിയ ആദ്യ വാർത്ത സമ്മേളനത്തിൽ പ്രഖ്യാപനം നടത്തിയിരുന്നു.
തങ്ങളുടെ വെബ്‌സൈറ്റ് മറ്റൊരു ഡൊമൈനിൽ ഉടൻ ലഭ്യമാകുമെന്ന് പ്രസ് ടി.വി ട്വിറ്ററിൽ അറിയിച്ചു.