സൈന്യത്തിന്റെ സുരക്ഷയിൽ തെക്കൻ ലബനാനിലെത്തിയ ഇസ്രായേൽ പുരാവസ്തു ഗവേഷകൻ കൊല്ലപ്പെട്ടു

ഹിസ്ബുല്ല പോരാളികളെ പൂർണമായി ഒഴിപ്പിച്ചു എന്ന ഉറപ്പിലാണ് സിവിലിയൻ ആയ എൽറിച്ചിന് ഷിംആ ഗ്രാമത്തിലേക്ക് യാത്ര ചെയ്യാൻ സൈന്യം അനുമതി നൽകിയത്.

Update: 2024-11-21 07:50 GMT
Editor : André | By : Web Desk

ജറുസലം: ഇസ്രായേലിലെ പ്രമുഖ പുരാവസ്തു ഗവേഷകൻ സീവ് ജാബോ എൽറിച്ച് (71) തെക്കൻ ലബനാനിൽ വെച്ച് ഹിസ്ബുല്ല ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്രായേൽ സൈന്യത്തിന്റെ സുരക്ഷാ അകമ്പടിയിൽ സൈനിക വേഷം ധരിച്ച് തെക്കൻ ലബനാനിലെ ഷിംആ ഗ്രാമത്തിലെത്തിയ എൽറിച്ച്, ഹിസ്ബുല്ല പോരാളികളും ഇസ്രായേൽ സൈന്യവും തമ്മിലുള്ള വെടിവെപ്പിലാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും മറ്റൊരു ഓഫീസർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഹിസ്ബുല്ല പോരാളികളെ പൂർണമായി ഒഴിപ്പിച്ചു എന്ന ഉറപ്പിലാണ് സിവിലിയൻ ആയ എൽറിച്ചിന് ഷിംആ ഗ്രാമത്തിലേക്ക് യാത്ര ചെയ്യാൻ സൈന്യം അനുമതി നൽകിയത്.

അറബ് ഗ്രാമങ്ങളും പുരാതന ജൂതസമൂഹങ്ങളും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഗവേഷണം നടത്തുന്ന എൽറിച്ച്, ഇസ്രായേൽ രാഷ്ട്രത്തിന് ചരിത്രപരമായ അടിത്തറയുണ്ടാക്കാൻ വേണ്ടി പഠനങ്ങൾ പ്രസിദ്ധീകരിക്കുന്ന വിദഗ്ധരിലൊരാളാണ്. വെസ്റ്റ്ബാങ്കിലെ ഇസ്രായേൽ കയ്യേറിയ ഓഫ്ര എന്ന ഗ്രാമത്തിൽ ദീർഘകാലമായി താമസക്കാരനായിരുന്ന ഇയാൾ, ഫലസ്തീനികൾക്കും അറബ് ജനതക്കുമെതിരായ പ്രകോപനപരമായ നിലപാടുകളുടെ പേരിൽ കുപ്രസിദ്ധനുമാണ്. മുമ്പും ഇസ്രായേൽ സൈന്യത്തിന്റെ സുരക്ഷയിൽ അറബ് പ്രദേശങ്ങളിലെ പുരാവസ്തു സ്ഥലങ്ങൾ ഇയാൾ സന്ദർശിച്ചിട്ടുണ്ട്.

തെക്കൻ ലബനാനിലെ ചരിത്രപരമായി പ്രാധാന്യമുള്ള ഒരു സ്ഥലം പരിശോധിക്കുന്നതിനു വേണ്ടിയാണ് ഗൊലാനി ബ്രിഗേഡിലെ സൈനികർക്കൊപ്പം സീവ് എൽറിച്ച് പോയത്. യേശുക്രിസ്തുവിന്റെ സഹചാരിയായിരുന്ന സിമയോണിന്റെ ശവകുടീരം പരിശോധിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം എന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ മേഖലയിൽ നിന്ന് ഹിസ്ബുല്ല പോരാളികളെ ഒഴിപ്പിച്ചുവെന്ന ധാരണയിലാണ് ഗൊലാനി ബ്രിഗേഡ് ചീഫ് ഓഫ് സ്റ്റാഫ് ബ്രിഗേഡിയർ ജനറൽ യോവ് യാരം സന്ദർശനത്തിന് അനുമതി നൽകിയത്.

സൈനിക വേഷം ധരിച്ച എൽറിച്ച്, ഗൊലാനി ബ്രിഗേഡ് മേധാവി അടക്കമുള്ള സൈനികർക്കൊപ്പം ചരിത്രസ്ഥലത്തെത്തിയ ഉടനെ രണ്ട് ഹിസ്ബുല്ല പോരാളികൾ വെടിയുതിർക്കുകയായിരുന്നു. ഇസ്രായേൽ സൈന്യം തിരികെ വെടിവെച്ചെങ്കിലും എൽറിച്ചും മറ്റൊരു സൈനികനും കൊല്ലപ്പെട്ടു. ഗൊലാനി ബ്രിഗേഡ് ചീഫ് ഓഫ് സ്റ്റാഫ് ബ്രിഗേഡിയർ ജനറൽ യോവ് യാരമിന് സാരമായി പരിക്കേൽക്കുകയും ചെയ്തു.

സിവിലിയൻ ആയ സീവ് എൽറിച്ച് യുദ്ധമേഖലയിലേക്ക് പോയത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും അന്വേഷണം നടത്തുമെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു. എൽറിച്ചിന്റെ മരണം ഞെട്ടിച്ചുവെന്നും ഇസ്രായേൽ രാഷ്ട്രത്തിന് തീരാനഷ്ടമാണെന്നും ബെൻയാമിൻ ഗവർണർ ഇസ്രായേൽ ഗ്രാൻസ് പറഞ്ഞു.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News