പാസ്പോർട്ടില്ലാതെ ലോകംചുറ്റിയ മോൻസൻ മുതൽ തുമ്പില്ലാതായ കൊടകര കള്ളപ്പണക്കേസ് വരെ; 2021ലെ തട്ടിപ്പുകൾ
10 കോടിയുടെ സമ്മാനം കൊടുത്ത് ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിന്റെ ഇഷ്ടം നേടിയ, 200 കോടി തട്ടിപ്പുകേസ് പ്രതി സുകേഷ് ചന്ദ്രശേഖർ, വ്യാജ പുരാവസ്തു ശേഖരണത്തിലൂടെ ഉന്നതരെ വരെ കബളിപ്പിച്ച മോൻസൻ മാവുങ്കൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി ഒഴുകിയ കോടികൾ തട്ടിയ ക്രിമിനൽ സംഘം... പോയവർഷം കണ്ട വെട്ടിപ്പുകഥകൾ...
പാസ്പോർട്ടില്ലാതെ നൂറുരാജ്യത്ത് പോയെന്നടക്കം ബഡായിക്കഥകളിലൂടെ വ്യാജ പുരാവസ്തുക്കൾ വിറ്റും വിൽപ്പനയിൽ പങ്കാളികളാക്കിയും കോടികൾ തട്ടിയ മോൻസൻ മാവുങ്കൽ മുതൽ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ബിജെപി കൊണ്ടുവന്ന കോടിക്കണക്കിന് രൂപയിൽ മൂന്ന് കോടിയിലധികം പണം നഷ്ടപ്പെട്ട കൊടകര കള്ളപ്പണക്കേസ് വരെ 2021ൽ നാടുകണ്ടത് നിരവധി തട്ടിപ്പുകളും വെട്ടിപ്പുകളുമാണ്. 10 കോടിയുടെ സമ്മാനം കൊടുത്ത് ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിൻറെ ഇഷ്ടം നേടിയ, 200 കോടി തട്ടിപ്പു കേസ് പ്രതി സുകേഷ് ചന്ദ്രശേഖറടക്കമുള്ളവരുടെ ദേശീയ, പ്രാദേശിക തട്ടിപ്പുകളിലൂടെ ഒന്നു കണ്ണോടിക്കാം...
മേശയുടെ കാലെടുത്ത് മോശയുടെ അംശവടിയാക്കി വിറ്റവൻ മോൻസൻ
യു.എ.ഇ രാജകുടുംബാംഗങ്ങൾക്ക് ഉൾപ്പടെ പുരാവസ്തുക്കൾ വിറ്റിട്ടുണ്ടെന്നതടക്കം നിരവധി കള്ളങ്ങൾ പറഞ്ഞും കൂടുതൽ പണം സമ്പാദിക്കാമെന്ന് പ്രലോഭിപ്പിച്ചും കോടികളുടെ തട്ടിപ്പാണ് കൊച്ചിക്കാരൻ മോൻസൻ മാവുങ്കൽ നടത്തിയത്. ഉപഭോക്താക്കളുടെ വിശ്വാസം ഊട്ടിയുറപ്പിക്കാൻ വ്യാജ ബാങ്ക് രേഖകളടക്കം നിരവധി തെളിവുകളും ഇയാൾ ഇടപാടുകാരുടെ മുമ്പിലെത്തിച്ചു.
വിദേശത്തു നിന്ന് രണ്ട് ലക്ഷം കോടിയിലധികം രൂപ പുരാവസ്തു വിൽപനകളിലൂടെ തന്റെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്ന് മോൻസൻ പരിചയക്കാരെ പറഞ്ഞു വിശ്വസിപ്പിച്ചു. വലിയ തുകയായതുകൊണ്ട് പിൻവലിക്കാൻ നിയമക്കുരുക്കുകൾ ഉണ്ടെന്നും അതു പിൻവലിക്കുമ്പോൾ തരാമെന്ന് പറഞ്ഞ് മാത്രം മോൻസൻ തട്ടിയത് നാല് കോടിക്കും മുകളിലാണ്. ഇങ്ങനെ കിട്ടുന്ന പണം ആഡംബര ജീവിതം നയിച്ചും കാറുകൾ വാങ്ങിക്കൂട്ടിയും തീർത്തു. പാസ്പോർട്ടുപോലുമില്ലാതെ നൂറു രാജ്യം സന്ദർശിച്ചിട്ടുണ്ടെന്ന് പലരെയും വിശ്വസിപ്പിച്ചു. പ്രവാസി സംഘടനയുടെ ഭാരവാഹിയായി.
പ്രവാചകൻ മുഹമ്മദ് നബി ഉപയോഗിച്ച മൺവിളക്കും നിസ്‌കാരപ്പടവും മുതൽ യേശുവിനെ ഒറ്റുകൊടുത്ത വെള്ളിക്കാശ് വരെ ഇയാളുടെ കൈയ്യിലുണ്ടെന്ന് ഇടപാടുകാരെ വിശ്വസിപ്പിച്ചു. മുഗൾ ചക്രവർത്തിമാരായ അക്ബർ, ഷാജഹാൻ, ഔറംഗസേബ് തുടങ്ങിയവർ ഉപയോഗിച്ച 18,000 കോടി രൂപയിലധികം വില വരുന്ന സ്വർണനിർമ്മിത ഖുർആൻ പ്രതി, ബൈബിളിലെ മോശയുടെ വടി, സത്യസായി ബാബയുടെ ഒന്നര കിലോ തൂക്കമുള്ള സ്വർണപാദുകം, അങ്ങനെ പോകുന്നു മോൺസന്റെ തട്ടിപ്പ് പുരാവസ്തുക്കളുടെ ശേഖരം.
പഴക്കമുള്ള ദേവ സങ്കൽപത്തിലെ ആദ്യ ദാരു ശിൽപം, ശ്രീ നാരായണ ഗുരുവിന്റെ വടി, മൈസൂർ കൊട്ടാരത്തിൽ നിന്ന് വിലയ്ക്ക് വാങ്ങിയ 690 കിലോ പഞ്ചലോഹം കൊണ്ട് മെനഞ്ഞ നാലു നിര വലിയ നന്ദി ശിൽപം, മൈസൂർ കൊട്ടാരത്തിന്റെ ഒറിജിനൽ ആധാരം, തിരുവിതാംകൂർ രാജാവിന്റെ ഇരിപ്പിടം, അംശവടികൾ, ഒറ്റത്തടിയിൽ തീർത്ത ചന്ദനശിൽപ്പങ്ങൾ, നിരവധി പുരാതന പാത്രങ്ങൾ, ഭരണികൾ, തുക്കുവിളക്കുകൾ, ആയുധങ്ങൾ, ആദ്യത്തെ ഗ്രാമഫോൺ, ടെലിഫോൺ എക്സ്ചേഞ്ച്, ഫാൻ, തേപ്പുപെട്ടി, സത്യസായി ബാബയുടെ ഒന്നര കിലോ തൂക്കമുള്ള സ്വർണപാദുകം, വജ്രക്കല്ലുകൾ പൊതിഞ്ഞ 10 കോടി മുതൽ 42 കോടി വരെ വിലയുള്ള വാച്ചുകൾ, ചന്ദനത്തടിയിൽ മെനഞ്ഞെടുത്ത കൊല്ലംകോട് കൊട്ടാരത്തിൽ നിന്നും വാങ്ങിയ അത്യപൂർവ്വ ശിൽപം, മദർതെരേസ, സെന്റ് ആന്റണീസ് എന്നിവരുടെ കേശങ്ങൾ, വാഴ്ത്തപ്പെട്ട വിശുദ്ധ അൽഫോൻസാമ്മയുടെ തിരുശേഷിപ്പുകൾ, ലോകത്ത് ആദ്യം പ്രിന്റ് ചെയ്ത ബൈബിൾ എന്നിവയൊക്കെ തന്റെ ശേഖരത്തിലുണ്ടെന്ന് ഇയാൾ വിശ്വസിപ്പിച്ചു. ഇദ്ദേഹത്തിന്റെ തട്ടിപ്പിൽ കുടുങ്ങിയത് ചില്ലറക്കരല്ല, സംസ്ഥാന ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റ മുതലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കെ സുധാകരനടക്കമുള്ള രാഷ്ട്രീയ നേതാക്കളും ഇയാളുടെ വാക്കുകളിൽ വീണു. ചിലരുടെ ബന്ധം ഫോട്ടോയിൽ ഒതുങ്ങിയെങ്കിൽ മറ്റു ചിലർ നിത്യസഹവാസം തന്നെ നടത്തി, നടപടികൾ നേരിട്ടുകൊണ്ടിരിക്കുന്നു.
ബിജെപിക്കുവേണ്ടി ഒഴുകിയ കോടികൾ; തുമ്പില്ലാതായ കൊടകരക്കേസ്
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ബിജെപി ഫണ്ടായെത്തിയത് 41.4 കോടി രൂപയാണെന്നാണ് കൊടകര കുഴൽപ്പണക്കേസ് പ്രത്യേക അന്വേഷണ സംഘം പറയുന്നത്. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ, പാലക്കാട്, കാസർകോട്, എറണാകുളം എന്നീ ജില്ലകളിലേക്കാണ് പണമെത്തിയതെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ തൃശൂർ കൊടകരയിൽ കാറിലെത്തിച്ച മൂന്നര കോടി രൂപ ദേശീയ പാതയിൽ വച്ച് ക്രിമിനൽ സംഘം തട്ടിയെടുക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ മൂന്നിന് നടന്ന ഈ സംഭവത്തോടെയാണ് തെരഞ്ഞെടുപ്പിന് ബിജെപി കൊണ്ടുവന്ന കള്ളപ്പണത്തിന്റെ കഥ നാടറിഞ്ഞത്. തട്ടിയെടുക്കപ്പെട്ട മൂന്നരകോടിയിൽ ഇതുവരെ കണ്ടെത്തിയത് ഒരു കോടി 47 ലക്ഷം രൂപയാണ്.
ജാക്വലിനെ വീഴ്ത്തിയ സുകേഷും 200 കോടിയുടെ തട്ടിപ്പും
ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസുമായുള്ള ബന്ധത്തിലൂടെ വാർത്തകളിൽ നിറഞ്ഞുനിന്ന സുകേഷ് ചന്ദ്രശേഖർ നടത്തിയത് 200 കോടിയുടെ തട്ടിപ്പായിരുന്നു. സമീപ കാലത്തുണ്ടായ ഏറ്റവും വലിയ തട്ടിപ്പാണ് സുകേഷും മലയാളി നടിയും മോഡലുമായ ഭാര്യ ലീന മരിയപോളും നടത്തിയത്. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ റാൻബാക്സിയുടെ പ്രൊമോട്ടർമാരായ ശിവിന്ദർ സിങ്, മൽവീന്ദർ സിങ് എന്നിവരുടെ കുടുംബത്തിൽ നിന്നാണ് സുകേഷ് ചന്ദ്രശേഖർ 200 കോടി തട്ടിയത്. തട്ടിപ്പു നടത്തിയ ശേഷം ആഡംബര ജീവിതമാണ് ഇയാൾ നയിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ 16 ലക്ഷ്വറി കാറുകളും കടലിനോട് അഭിമുഖമായ ബീച്ച് ബംഗ്ലാവും ഈയിടെ അന്വേഷണ സംഘം കണ്ടുകെട്ടിയിരുന്നു. ആന്ധ്ര, കേരളം, തമിഴ്നാട് എന്നിവിടങ്ങളിലെല്ലാം ഇദ്ദേഹത്തിന്റെ പേരിൽ വഞ്ചനാ കേസുകളുണ്ട്. രാഷ്ട്രീയക്കാരുടെയും സെലിബ്രിറ്റികളുടെയും അടുപ്പക്കാരൻ എന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ ആളുകളുടെ വിശ്വാസം നേടിയിരുന്നത്. എ.ഐ.എ.ഡി.എം.കെ നേതാവ് ടി.ടി.വി ദിനകരനുമായി 50 കോടിയുടെ ഇടപാടും ഇയാൾ ഉണ്ടാക്കിയിരുന്നു. പാർട്ടി ഗ്രൂപ്പ് പോരിൽ രണ്ടില ചിഹ്നം ഉറപ്പിക്കാനായി തെരഞ്ഞെടുപ്പ് കമ്മിഷനിൽ 'കൈക്കൂലി' നൽകാനാണ് ഇത്രയും പണം ആവശ്യപ്പെട്ടിരുന്നത്. കേസിൽ അറസ്റ്റിലായ ഇദ്ദേഹത്തിൽ നിന്ന് 1.3 കോടി രൂപ കണ്ടെത്തിയിരുന്നു.
ആഡംബര വസ്തുക്കൾ നൽകിയും പലർക്കും പണം നൽകിയുമാണ് ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസുമായി ഇയാൾ അടുപ്പം നേടിയത്. 52 ലക്ഷം രൂപ വിലയുള്ള കുതിരയും ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന പേർഷ്യൻ പൂച്ചയുമടക്കം 10 കോടി രൂപയുടെ സമ്മാനങ്ങൾ നൽകി. ഈ ബന്ധം സിനിമയാക്കാൻ ചില സംവിധായകരും ഒടിടി പ്ലാറ്റ്ഫോം അധികൃതരും രംഗത്തെത്തിയിരിക്കുകയാണ്. നടിയുമായി സുകേഷ് സ്വകാര്യ നിമിഷങ്ങളടക്കം ചെലവഴിക്കുന്നത് വരെയെത്തിയ അത്യധികം നാടകീയമായ സംഭവം അടിസ്ഥാനമാക്കി സിനിമയൊരുക്കാനാണ് പലരുടെയും നീക്കം. ജാക്വലിനെ നായികയാക്കി 500 കോടിയുടെ സൂപ്പർ ഹീറോ ഫിലിം നിർമിക്കാമെന്ന് സുകേഷ് വാഗ്ദാനം നൽകിയിരുന്നു. ഹോളിവുഡ് നടി ആഞ്ജലീന ജോളിക്ക് തുല്യയാണ് ജാക്വലിനെന്നും അതുപോലെയുള്ള സൂപ്പർ ഹീറോ സീരിസ് അർഹിക്കുന്നുവെന്നും സുകേഷ് പ്രലോഭിപ്പിച്ചിരുന്നു.
സ്വകാര്യ ജെറ്റിൽ വിനോദയാത്ര, അത്യാഡംബര ബ്രാൻഡായ ചാനൽ, ഗൂച്ചി എന്നിവയുടെ മൂന്ന് ഡിസൈനർ ബാഗുകൾ, ഗൂച്ചിയുടെ രണ്ടു ജോഡി ജിം വസ്ത്രങ്ങൾ, ലൂയി വിറ്റൺ ഷൂസ്, രണ്ട് ജോഡി ഡയമണ്ട് കമ്മൽ, ബഹുവർണക്കല്ലുകൾ പതിച്ച ബ്രെയ്സ്ലറ്റ്, മിനി കൂപ്പർ കാർ (ഇത് പിന്നീട് തിരിച്ചുകൊടുത്തു) എന്നിവ നൽകിയതായി ഇ.ഡി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. ജാക്വിലിൻ ഫെർണാണ്ടസിനെ പരിചയപ്പെടാൻ സഹായി പിങ്കി ഇറാനിക്ക് വൻ തുക നൽകിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും വ്യക്തമാക്കിയിരുന്നു. തിഹാർ ജയിലിൽവെച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ജാക്വിലിൻ ഫെർണാണ്ടസിന് സുകേഷ് ചന്ദ്രശേഖറിനെ പരിചയപ്പെടുത്തിയതായും ഇതിനു പകരമായി വൻതുക ലഭിച്ചതായും പിങ്കി ഇറാനിയുടെ വെളിപ്പെടുത്തലുണ്ടായതെന്നും അവർ അറിയിച്ചു.
നടി നോറ ഫത്തേഹിക്കും സുകേഷ് വിലമതിക്കുന്ന സമ്മാനങ്ങൾ നൽകിയതായി റിപ്പോർട്ടുണ്ട്. അത്യാഡംബര കാർ വാങ്ങുന്നതുമായി ബന്ധപ്പെട്ട് സുകേഷും നോറയും നടത്തിയ ചാറ്റും ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. 2020 ഡിസംബറിൽ സുകേഷ് നോറക്ക് ഒരു ബി.എം.ഡബ്ല്യു കാർ സമ്മാനമായി നൽകിയതായി ഇ.ഡി കണ്ടെത്തിയിരുന്നു.
ക്രിപ്റ്റോകറൻസിയില്‍നിന്ന് നൂറുകോടി
മണിചെയിൻ മാതൃകയിൽ ക്രിപ്റ്റോകറൻസിയുടെ പേരിൽ നൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പ് കഴിഞ്ഞ വർഷത്തെ പ്രധാന സംഭവങ്ങളിലൊന്നാണ്. ബംഗളൂരു ആസ്ഥാനമായി ലോങ്ങ് റിച്ച് എന്ന പേരിൽ കമ്പനി രൂപീകരിച്ച് ആയിരത്തിൽ ഏറെ പേരിൽ നിന്നും പണം തട്ടിയെടുത്തുവെന്നാണ് കേസ്. നിക്ഷേപകർക്ക് ലാഭ വിഹിതം വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയത്. സംഭവത്തിലെ പ്രതികൾ കണ്ണൂരിലും മലപ്പുറത്തുമായി അറസ്റ്റിലായിരുന്നു.
46 ലോണിൽനിന്ന് 50 കോടി; ഒരു 'സിപിഎം തട്ടിപ്പ്'
സിപിഎം നേതൃത്വത്തിൽ ഭരണം നടക്കുന്ന കരുവന്നൂർ സഹകരണ ബാങ്കിൽ മുഖ്യ പ്രതികളായ ബിജു കരീമും ബിജോയിയും മാത്രം നടത്തിയത് കോടികളുടെ തട്ടിപ്പാണെന്ന് സഹകരണ വകുപ്പ് കണ്ടെത്തി. ഇരുവരും ചേർന്ന് വായ്പ ചട്ടങ്ങൾ മറികടന്ന് 46 ലോണുകളിൽ നിന്നായി 50 കോടിയിലധികം രൂപ ബാങ്കിൽ നിന്നെടുത്തു.
കരുവന്നൂർ സഹകരണ ബാങ്കിലെ മുൻ മാനേജറും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ ബിജു കരീം വായ്പ തട്ടിപ്പിന് നേതൃത്വം നൽകിയതെന്ന് സഹകരണ ജോയിന്റ് രജിസ്ട്രാർ കണ്ടെത്തിയതായും റിപ്പോർട്ടിലുണ്ടായിരുന്നു.
കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ ബിജു കരീം ഭാര്യ, ഭാര്യയുടെ അച്ഛൻ, അമ്മ തുടങ്ങിയ ബന്ധുക്കളുടെ പേരിൽ 19 കോടി രൂപയുടെ വായ്പയാണ് എടുത്തത്. ഒരാളുടെ അക്കൗണ്ടിൽ രണ്ട് വായ്പയേ പാസ്സാക്കാവൂവെന്ന ചട്ടം നിലനിൽക്കെയാണ് കോടികളുടെ തട്ടിപ്പ്. ബാങ്കിലെ കമ്മീഷൻ ഏജന്റായ ബിജോയ് 28 വായ്പകളിൽ നിന്നായി 26 കോടി രൂപയാണ് വായ്പയായി ബാങ്കിൽ നിന്ന് തട്ടിയെടുത്തത്. തിരിമറി നടത്തിയ പണം റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കും റിസോർട് നിർമാണത്തിനുമാണ് ഇരുവരും കൂടുതലായി ചെലവഴിച്ചത്. ബിജു കരീമിന്റെയും, ബിജോയുടെയും സാമ്പത്തിക സ്ഥിതിയിൽ വളരെ പെട്ടെന്ന് ഉയർച്ച ഉണ്ടായത് ബാങ്കിൽ ജോലി ലഭിച്ചതിന് ശേഷമാണെന്ന് നാട്ടുകാർ പറഞ്ഞിരുന്നു.
മൂന്നുലക്ഷം നൽകിയാൽ മൂന്നുകോടി
ക്യൂനെറ്റ് എന്ന പേരിലുള്ള കമ്പനി ഓൺലൈൻ വ്യാപാരത്തിന്റെ പേരിൽ കോടികൾ തട്ടിയതും കഴിഞ്ഞ വർഷമാണ്. മൂന്ന് ലക്ഷം രൂപ നൽകിയാൽ അഞ്ചുവർഷത്തിനകം മൂന്നുകോടി വരെ സമ്പാദിക്കാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. ലാഭവിഹിതം നൽകുന്നതിന് പകരം ഭീമമായ ബില്ലോടെ നിക്ഷേപകർക്ക് വാച്ചും മറ്റു സാധനങ്ങളും അയച്ചു നൽകുകയായിരുന്നു ഇവർ. ചതിയിൽ വീണ പലരും നൽകിയത് ലക്ഷങ്ങളായിരുന്നു. അവർ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ നിക്ഷേപത്തിന് ബദലായാണ് സാധനങ്ങൾ അയച്ചു നൽകിയതെന്നായിരുന്നു മറുപടി പറഞ്ഞത്.
മലപ്പുറം ജില്ലയിൽ നിന്ന് മാത്രം സംഘം കോടികൾ തട്ടിയിട്ടുണ്ടെന്നാണ് സൂചന. സംസ്ഥാനത്തുടനീളം തട്ടിപ്പ് സംഘത്തിന്റെ ഇരകളുണ്ട്. പൊലീസിനെ പോലും വെല്ലുവിളിച്ചാണ് തട്ടിപ്പ് സംഘത്തിന്റെ പ്രവർത്തനം നടന്നത്. പരാതിപ്പെട്ടിട്ടും കാര്യമായ നടപടി ഉണ്ടായില്ല. കമ്പനി കോടികളുടെ ഹവാല ഇടപാട് നടത്തിയെന്നും നിക്ഷേപകർ ആരോപിച്ചിരുന്നു.