നിലപാട് മാറ്റി വീരേന്ദ്രകുമാര്‍, ശരത് യാദവിനൊപ്പം നിലകൊള്ളും
|17 ന് ശരത് യാദവ് വിളിച്ച ദേശീയ എക്സിക്യൂട്ടിവില്‍ പങ്കെടുക്കാനും കേരളത്തിലെ നേതാക്കള്‍ക്കിടയില്‍ ധാരണയായി
ജെഡിയു സംസ്ഥാന ഘടകം സ്വതന്ത്രമായി നില്‍ക്കണമെന്ന നിലപാടില്‍ നിന്ന് എംപി വീരേന്ദ്രകുമാര്‍ പിന്മാറി. ശരത് യാദവിനെ നേരില്‍ കണ്ട് വീരേന്ദ്രകുമാര്‍ പിന്തുണ അറിയിച്ചു. 17 ന് ശരത് യാദവ് വിളിച്ച ദേശീയ എക്സിക്യൂട്ടിവില്‍ പങ്കെടുക്കാനും കേരളത്തിലെ നേതാക്കള്‍ക്കിടയില്‍ ധാരണയായി.
നീതീഷ് കുമാര്‍ എന്‍ഡിഎ ചേരിയില്‍ എത്തിയതോടെ ഭാവി തീരുമാനിക്കാന്‍ ജെഡിയു സംസ്ഥാന ഘടകം ഉപസമിതിക്ക് രൂപം നല്‍കിയിരുന്നു. ശരത് യാദവിനൊപ്പം നിലകൊള്ളണമെന്ന് അഞ്ച് അംഗ ഉപസമിതിയിലെ മൂന്ന് അംഗങ്ങളും നിലപാട് എടുത്തപ്പോള്‍ വീരേന്ദ്രകുമാര്‍ സ്വതന്ത്രമായി നിലകൊള്ളണമെന്ന നിലാപാടായിരുന്നു ആദ്യം സ്വീകരിച്ചത്. തുടര്‍ന്ന് ഉപസമിതി യോഗം തീരുമാനം ആകാതെ പിരിയുകയും ചെയ്തിരുന്നു. അതിനിടെ ഭൂരിപക്ഷ തീരുമാനത്തിന് ഒപ്പം നിലകൊള്ളാനുള്ള തീരുമാനത്തിലേക്ക് വീരേന്ദ്രകുമാറും മാറി. തുടര്‍ന്ന് രണ്ട് ദിവസം മുന്‍പ് ഡല്‍ഹിയിലെത്തിയ വീരേന്ദ്രകുമാര്‍ ശരത് യാദവിനെ പിന്തുണ അറിയിച്ചു.
17 ന് ശരത് യാദവ് വിളിച്ച ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ കേരളത്തില്‍ നിന്ന് വര്‍ഗീസ് ജോര്‍ജ്ജ്, ഷെയ്ഖ് പി ഹാരിസ്, കെ പി മോഹനനന്‍, ചാരുപാറ രവി എന്നിവര്‍ പങ്കെടുക്കും. വൈദ്യര് മഠത്തില്‍ ചികിത്സയിലുള്ള വീരേന്ദ്രകുമാര്‍ യോഗത്തില്‍ പങ്കെടുത്തേക്കില്ല. ഒക്ടടോബര്‍ എട്ടിന് നടക്കുന്നു ദേശീയ കൌണ്‍സില്‍ യോഗത്തില്‍ വീരേന്ദ്രകുമാര്‍ പങ്കെടുക്കും. വീരേന്ദ്രകുമാറിന്റെ രാജ്യസഭാ അംഗത്വം അയോഗ്യമാക്കുന്ന നീക്കം നിധീഷ് കുമാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായാല്‍ നേരിടാനാണ് കേരള ഘടകത്തിന്റെ തീരുമാനം.