ഗണേഷ് കുമാറിനെതിരെ പൊലീസ്
|ഗണേഷ് കുമാറിന്റെ പ്രസ്താവന കേസന്വേഷണത്തെ ബാധിക്കുമെന്നും പ്രതിക്ക് അനുകൂല തരംഗമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണെന്നും പോലിസ് കോടതിയെ അറിയിച്ചു.
നടിയെ അക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ സന്ദര്‍ശിച്ച ശേഷമുള്ള ഗണേഷ് കുമാര്‍ എം എല്‍ എ യുടെ പ്രസ്താവനക്കെതിരെ പോലിസ്. കേസന്വേഷണത്തെ ബാധിക്കുമെന്നും പ്രതിക്ക് അനുകൂല തരംഗമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണെന്നും പോലിസ് കോടതിയെ അറിയിച്ചു. ജയില്‍ സൂപ്രണ്ടിനോട് അങ്കമാലി മജിസ്ട്രേറ്റ് കോടതി സന്ദര്‍ശകരുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ഉത്തരവിട്ടു. അതേസമയം ദിലീപിനെ അനുകൂലിച്ച് നടന് ശ്രീനിവാസനും രംഗത്തെത്തി.
ആലുവ സബ് ജയിലില്‍ ദിലീപിന്റെ സന്ദര്‍ശകരുടെ തിരക്കിനെതിരെ കേസന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സി.ഐ.ബൈജു പൗലോസ് അങ്കമാലി കോടതി മുന്‍പാകെ പരാതി നല്‍കിയിരുന്നു. ദിലീപിനെ കാണാനായി അനിയന്ത്രിതമായി സന്ദര്‍ശകരെത്തുന്നത് കേസന്വേഷണത്തെ സാരമായി ബാധിക്കുമെന്നും, ഇത് കേസ്സന്വേഷണത്തില്‍ സ്വാധീനം ചെലുത്താന്‍ കാരണമാകുമെന്നും കാണിച്ചാണ് സി.ഐ.കോടതിയെ സമീപിച്ചത്. ഈ പരാതിയിലാണ് ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ പരാമര്ശയുള്ളത്. എംഎല്‍എയുടെ പ്രസ്താവന ദുരുദ്ദേശപരമാണെന്നാണ് പോലിസ് കോടതിയെ അറിയിച്ചത്.
പരാതി പരിഗണിച്ച അങ്കമാലി ഒന്നാം ക്ലാസ് മജിസ്ടേറ്റ് ലീന റിയാസ് ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും, ആലുവ സബ് ജയില്‍ സൂപ്രണ്ടിനോട് ഹാജരാക്കുവാന്‍ ആവശ്യപ്പെട്ടു. ഇന്നലെയാണ് ദിലീപിനെ ജയിലില്‍ സന്ദര്‍ശനത്തിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അടുത്ത ബന്ധുക്കള്‍ക്കും പ്രമുഖര്‍ക്കും മാത്രമേ ഇനി മുതല്‍ അനുമതിയുണ്ടാവൂ. അതേ സമയം ദിലീപിനെ അനുകൂലിച്ച് നടന് ശ്രീനിവാസനും രംഗത്തെത്തി.
നേരത്തെ ദിലീപിനെ സന്ദര്‍ശിച്ച ഗണേഷ് കുമാര്‍ എം എല്‍എ യുടെ പ്രസ്താവനക്കെതിരെ പൊലീസ് നീക്കം നടത്തുമ്പോഴാണ് സിനിമാ മേഖലയിലുള്ളവരുടെ അനുകൂല പ്രതികരണങ്ങള്‍ എന്നതാണ് പ്രസക്തം.