Kerala
ഫാദര്‍ ടോം ഉഴുന്നാലിന് മോചനംഫാദര്‍ ടോം ഉഴുന്നാലിന് മോചനം
Kerala

ഫാദര്‍ ടോം ഉഴുന്നാലിന് മോചനം

Sithara
|
25 March 2018 11:40 AM GMT

യെമനില്‍ നിന്ന് ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ടോം ഉഴുന്നാലിന് മോചനം.

യെമനില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാലിനെ മോചിപ്പിച്ചു. ഒരു വര്‍ഷത്തോളം നീണ്ട ശ്രമത്തിനൊടുവില്‍ ഒമാന്‍ സര്‍ക്കാരിന്‍റെ ഇടപെടലാണ് മലയാളി വൈദികന്‍റെ മോചനത്തിന് വഴിയൊരുക്കിയത്. വിദേശകാര്യമന്ത്രി സുഷ്മ സ്വരാജാണ് ട്വിറ്ററിലൂടെ ഫാദര്‍ ടോമിന്‍റെ മോചനവാര്‍ത്ത രാജ്യത്തെ അറിയിച്ചത്.

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്.

2016 മാര്‍ച്ച് നാലിനാണ് യെമനിലെ പ്രാദേശിക തീവ്രവാദി സംഘം ഫാദര്‍ ടോമിനെ തട്ടിക്കൊണ്ട് പോയത്. മോചനത്തിനായി മാസങ്ങളായി ശ്രമങ്ങള്‍ നടന്നുവരികയായിരുന്നു. എന്നാല്‍ യെമനില്‍ നയതന്ത്രകാര്യാലയം ഇല്ലാത്തത് മോചന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. പ്രദേശത്തെ നിയന്ത്രണം 10 രാജ്യങ്ങളിലെ സൈന്യങ്ങളുടെ അധീനതയിലാണ് എന്നതും മോചനശ്രമങ്ങളെ ദുഷ്കരമാക്കി. ഒടുവില്‍ ഒമാന്‍ സര്‍ക്കാരുമായി വിദേശകാര്യ മന്ത്രാലയം നടത്തിയ ചര്‍ച്ചക്ക് ഒടുവിലാണ് മോചനശ്രമം ഉണ്ടായതും വിജയിച്ചതും. തന്‍റെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഫാദര്‍ ടോം നന്ദി പറഞ്ഞു.

മദർ തെരേസ രൂപംകൊടുത്ത മിഷനറീസ് ഓഫ് ചാരിറ്റി യെമനിലെ ഏഡനിൽ നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ചാണ് ഭീകരർ ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. നാല് കന്യാസ്ത്രീകൾ, ആറ് ഇത്യോപ്യക്കാർ, ആറ് യെമൻകാർ എന്നിവരെ വധിച്ച ശേഷമാണ് ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്.

Similar Posts