രോഗം മാറ്റാൻ, മുന്നിൽ തന്നെയുണ്ട് ഹോമിയോപ്പതി
|18-ാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന വ്യവസ്ഥാപിത ചികിത്സാ രീതികളും അവ ഉണ്ടാക്കുന്ന പാർശ്വഫലങ്ങളും കണ്ട് മനം മടുത്താണ് ഡോ. ഹാനിമാൻ ബദൽ മാർഗങ്ങൾ തേടിയത്. ഈ അന്വേഷണമാണ് ഹോമിയോപ്പതി എന്ന ചികിത്സാ രീതിയായി വളർന്നത്.
ഏപ്രിൽ 10, ജർമൻ ഭിഷഗ്വരനായ ഡോ. ക്രിസ്റ്റ്യൻ ഫ്രഡറിക് സാമുവൽ ഹാനിമാന്റെ ജന്മദിനമാണ് ലോക ഹോമിയോപ്പതി ദിനമായി ആചരിക്കുന്നത്. 200 വർഷത്തിന് മുകളിലായി പ്രചാരത്തിലുള്ള വൈദ്യശാസ്ത്ര ശാഖയെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റാനും ആളുകൾക്കിടയിൽ ഹോമിയോപ്പതിയെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് എല്ലാ വർഷവും ലോക ഹോമിയോപ്പതി ദിനം ആചരിക്കുന്നത്.
18-ാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന വ്യവസ്ഥാപിത ചികിത്സാ രീതികളും അവ ഉണ്ടാക്കുന്ന പാർശ്വഫലങ്ങളും കണ്ട് മനം മടുത്താണ് ഡോ. ഹാനിമാൻ ബദൽ മാർഗങ്ങൾ തേടിയത്. ഈ അന്വേഷണമാണ് ഹോമിയോപ്പതി എന്ന ചികിത്സാ രീതിയായി വളർന്നത്. ആരോഗ്യവാന്മാരായ മനുഷ്യരിൽ രോഗത്തിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടാക്കാൻ കഴിവുള്ള മരുന്നുകൾ രോഗമുക്തിക്ക് ഉപയോഗിക്കുന്നതിനെയാണ് ഹോമിയോപ്പതി എന്ന് പറയുന്നത്. സ്വാഭാവിക പ്രക്രിയകൾ വഴി ശരീരം സുഖപ്പെടുത്തുകയാണ് ഹോമിയോപ്പതിയിൽ ചെയ്യുന്നത്.
ഇന്ത്യയിലേക്കുള്ള വരവ്
1810 കാലഘട്ടത്തിലാണ് ഹോമിയോപ്പതി ആദ്യമായി ഇന്ത്യയിലെത്തുന്നത്. ഡോ. സാമുവൽ ഹാനിമാന്റെ ശിഷ്യനായിരുന്ന ഡോ. ജോൺ മാർട്ടിൻ ഹോനിഗ് ബോർഗറാണ് ഇന്ത്യയിൽ ഹോമിയോപ്പതി ചികിത്സാ രീതിയുമായി ആദ്യം എത്തുന്നത്. 1839ൽ പഞ്ചാബിന്റെ ഭരണാധികാരിയായിരുന്ന മഹാരാജ രഞ്ജിത്ത് സിങ്ങിന്റെ രോഗം ചികിത്സിച്ച് ഭേദമാക്കിയതോടെ ഇന്ത്യയിൽ ഹോമിയോപ്പതി ചികിത്സാ രീതി വഴിത്തിരിവുണ്ടാക്കി. എന്നാൽ ആദ്യ കാലം മുതലേ ഹോമിയോപ്പതിക്കെതിരേയുള്ള പ്രചരണങ്ങളും ആരംഭിച്ചിരുന്നു. ബദൽ ചികിത്സാ രീതിയായ ഹോമിയോപ്പതിയുടെ ഫലപ്രാപ്തിയെ ചോദ്യം ചെയ്ത് കൊണ്ട് പലരും മുന്നോട്ടു വന്നിരുന്നു. എന്നാൽ 2003ൽ കോടതിയുടെ നിർദേശപ്രകാരം കേന്ദ്ര ആരോഗ്യ വകുപ്പ് ഹോമിയോപ്പതി ഉൾപ്പടെയുള്ള ബദൽ ചികിത്സാ രീതികളുടെ യോഗ്യതയും കാര്യക്ഷമതയും പഠിക്കുന്നതിന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ഡയറക്ടർ ജനറൽ ചെയർമാൻ ആയ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. വിശദ പഠനത്തിന് ശേഷമാണ് ഭാരത സർക്കാർ ഹോമിയോപ്പതി ചികിത്സാരീതിക്ക് അംഗീകാരം നൽകിയത്.
1973ൽ കേന്ദ്ര സർക്കാർ സ്ഥാപിച്ച സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി ആണ് (നിലവിൽ എൻസിഎച്ച്) ഹോമിയോപ്പതി രംഗത്തെ പഠന, ചികിത്സാ സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതും കോഴ്സുകൾക്ക് അംഗീകാരം നൽകുന്നതും. 1978ൽ ഹോമിയോപ്പതി രംഗത്തെ റിസർച്ചിന് വേണ്ടി മാത്രം ഒരു പ്രത്യേക കേന്ദ്ര കൗൺസിൽ (സിസിആർഎച്ച്) സ്ഥാപിതമായി. നിലവിൽ കേരളത്തിൽ മാത്രം രണ്ട് സർക്കാർ കോളേജുകളടക്കം അഞ്ച് ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളുണ്ട്.
രോഗം മാറ്റാൻ മുന്നിൽ തന്നെയുണ്ട്
പാർശ്വഫലങ്ങൾ ഇല്ലാത്ത ഹോമിയോപ്പതി ചികിത്സാ രീതി മറ്റു പല ചികിത്സാ രീതികളെക്കാളും സുരക്ഷിതമാണ്. ഫലപ്രാപ്തമാണെന്ന് നൂറ്റാണ്ടുകൾ കൊണ്ട് തെളിയിക്കപ്പെട്ടിട്ടും ഇപ്പോഴും ഹോമിയോപ്പതി അശാസ്ത്രീയവും ഫലപ്രദവുമല്ല എന്ന് ആരോപണങ്ങൾ ഉയരാറുണ്ട്. അലോപ്പതിയെ പോലെ തന്നെ ഹോമിയോപ്പതിയും നൂറ്റാണ്ടുകൾ കൊണ്ട് ഒരുപാട് മുന്നേറിയിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളിലൂടെയും മറ്റും ആളുകളിൽ ഹോമിയോപ്പതിയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയാണ് ലോക ഹോമിയോപ്പതി ദിനത്തിന്റെ ലക്ഷ്യം. മറ്റേതൊരു വൈദ്യശാസ്ത്ര ശാഖയെക്കാളും സുസ്ഥിരവും പ്രകൃതി സൗഹാർദവുമായ ചികിത്സാ രീതി കൂടിയാണ് ഹോമിയോപ്പതി. ജീവിതശൈലി രോഗങ്ങൾ, പുതിയതരം പകർച്ചവ്യാധികൾ എന്നിവ ആരോഗ്യ രംഗത്തെ ബാധിക്കുന്ന ഇന്നത്തെ കാലത്ത് ബദൽ ചികിത്സാ രീതിയായ ഹോമിയോപ്പതിയുടെ സ്ഥാനം മുന്നിൽ തന്നെയാണ്.