റാസൽഖൈമ-കോഴിക്കോട് സർവീസിനു തുടക്കമിട്ട് എയർ അറേബ്യ
|മലബാറിലേക്കുള്ള യാത്രാപ്രശ്നങ്ങൾക്ക് നേരിയ പരിഹാരമാകും റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള പുതിയ സർവീസ്
ദുബൈ: യു.എ.ഇയിലെ റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്ക് എയർ അറേബ്യ വിമാനങ്ങൾ സർവീസ് തുടങ്ങി. ആഴ്ചയിൽ മൂന്ന് വിമാനങ്ങളാണ് കോഴിക്കോട്ടേക്ക് പറക്കുക. റാസൽഖൈമയിൽ നിന്ന് ഇന്ത്യയിലേക്ക് അഞ്ച് വിമാനങ്ങൾക്ക് കൂടി അനുമതി ലഭിച്ചിട്ടുണ്ടെന്ന് എയർ അറേബ്യ സി.ഇ.ഒ ആദിൽ അബ്ദുല്ല അലി മീഡിയവണിനോട് പറഞ്ഞു.
റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ അറേബ്യയുടെ ആദ്യവിമാനത്തിൽ തന്നെ നിറയെ യാത്രക്കാരുണ്ടായിരുന്നു. ആദ്യ വിമാനത്തിലെ യാത്രക്കാരെ ബോർഡിങ് പാസിനൊപ്പം പൂക്കൾ നൽകിയാണ് വരവേറ്റത്. റാസൽഖൈമ ഏവിയേഷൻ അതോറിറ്റി ചെയർമാൻ എഞ്ചിനീയർ സാലിം ബിൻ സുൽത്താൻ ആൽഖാസിമി, ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ, എയർ അറേബ്യ സി.ഇ.ഒ ആദിൽ അബ്ദുല്ല അലി എന്നിവർ ചേർന്ന് കേക്ക് മുറിച്ച് ആദ്യ സർവീസ് ഉദ്ഘാടനം ചെയ്തു. റാസൽഖൈമയിൽ നിന്ന് കൂടുതൽ വിമാനങ്ങൾ ഉടൻ ഇന്ത്യയിലേക്കുണ്ടാകുമെന്ന് ആദിൽ അബ്ദുല്ല അലി പറഞ്ഞു.
റാസൽഖൈമയിൽ ആദ്യമായി പങ്കെടുക്കുന്ന ചടങ്ങ് സ്വന്തം നാട്ടിലേക്ക് വിമാന സർവീസ് ആരംഭിക്കുന്നതായതിന്റെ ആഹ്ളാദം മലയാളിയായ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ പങ്കുവെച്ചു. റാസൽഖൈമ-കോഴിക്കോട് വിമാന സർവീസിന് മികച്ച പ്രതികരണമാണ് യാത്രക്കാരിൽ നിന്ന് ലഭിക്കുന്നതെന്ന് എയർ അറേബ്യ ജി.എസ്.എയായ കോസ്മോ ട്രാവൽസ് സി.ഇ.ഒ ജമാൽ അബ്ദുന്നാസർ പറഞ്ഞു.
ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്ക് എയർ അറേബ്യ സർവീസ് നടത്തുക. ബുധൻ, വെള്ളി ദിവസങ്ങളിൽ ഉച്ചക്ക് 2.55ന് വിമാനം പുറപ്പെടും. രാത്രി 8.10ന് കോഴിക്കോടെത്തും. 8.50ന് തിരിച്ചുപറന്ന് യു.എ.ഇ സമയം രാത്രി 11.25 ന് റാസൽഖൈമയിലെത്തും. ഞായറാഴ്ചകളിൽ രാവിലെ 10.55ന് പുറപ്പെടുന്ന വിമാനം വൈകുന്നേരം 4.10ന് കോഴിക്കോട് ഇറങ്ങും. 4.50ന് തിരിച്ചുപറക്കും. രാത്രി 7.25ന് റാസൽഖൈമയിലെത്തും.
Summary: Air Arabia launches first direct flight from Ras Al Khaimah to Kozhikode city in Kerala state