Aero
Air india
Aero

ഡൽഹിയിൽ എയർ ഇന്ത്യ വിമാനത്തിനുള്ളിൽ വെടിയുണ്ടകൾ; കണ്ടെത്തിയത് ശുചീകരണത്തിനിടെ

Web Desk
|
2 Nov 2024 8:26 AM GMT

ദുബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ഇന്ത്യ(എഐ916) വിമാനത്തിനുള്ളില്‍ നിന്നാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്.

ന്യൂഡല്‍ഹി: വ്യാജ ബോംബ് ഭീഷണികള്‍ക്ക് പിന്നാലെ വിമാനത്തിനുള്ളില്‍ നിന്ന് വെടിയുണ്ട കണ്ടെത്തിയതും അധികൃതരെ കുഴപ്പിക്കുന്നു. ദുബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ഇന്ത്യ(എഐ916) വിമാനത്തിനുള്ളില്‍ നിന്നാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്.

ഒക്ടോബർ 27ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തറിയുന്നത്. ദുബൈയില്‍ നിന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ ഇറങ്ങിയതായിരുന്നു വിമാനം. യാത്രക്കാരെല്ലാം പോയ ശേഷം, ശുചീകരിക്കുന്നതിനിടെയാണ് സീറ്റിന്റെ പോക്കറ്റില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തുന്നത്. സുരക്ഷ ഉദ്യോഗസ്ഥരെയെല്ലാം ഞെട്ടിച്ച് സംഭവം പിന്നാലെ പരാതിയായി എത്തുകയും ചെയ്തു. എയര്‍ ഇന്ത്യ അധികൃതരാണ് ഡല്‍ഹി എയര്‍പോര്‍ട്ട് പൊലീസില്‍ പരാതി നല്‍കിയത്.

എവിടെയാണ് വീഴ്ച സംഭവിച്ചത് എന്നാണ് അധികൃതര്‍ പരിശോധിക്കുന്നത്. യാത്രക്കാരില്‍ ആരെങ്കിലുമാണോ, അതോ മറ്റാരെങ്കിലും വെടിയുണ്ടകളുമായി കയറിയോ എന്നാണ് നോക്കുന്നത്. വെടിയുണ്ട ശ്രദ്ധയില്‍പെട്ടതിന് പിന്നാലെ വിമാനം അരിച്ചുപെറുക്കിയെങ്കിലും സംശയകരമായ മറ്റു വസ്തുക്കളൊന്നും കണ്ടെത്താനായില്ല. അതേസമയം പൊലീസ് ഇപ്പോഴും ഈ കേസിന് പിന്നാലെയുണ്ട്. വെടിയുണ്ടകൾ കണ്ടെത്തിയ സീറ്റിന് പരിസരത്തെ യാത്രക്കാരുടെ വിവരം ശേഖരിച്ചിട്ടുണ്ട്.

അതേസമയം, സുരക്ഷാ പ്രോട്ടോക്കോളുകളിലെ പാളിച്ചകളെക്കുറിച്ചും നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. പുറപ്പെടുന്നതിന് മുൻപ് ശക്തമായ പരിശോധനയാണ് വിമാനത്താവളങ്ങളില്‍ നടക്കുക. എക്സ്റേ പരിശോധനയും ബാഗേജ് പരിശോധനയും ഉൾപ്പെടെ നടത്തിയ ശേഷവും വിമാനത്തിനുള്ളിൽ തിരകൾ എങ്ങനെ എത്തി എന്നതാണ് അധികൃതരെ കുഴപ്പിക്കുന്നത്.

ഒക്ടോബറില്‍ നിരവധി തവണയാണ് എയർ ഇന്ത്യ വിമാനത്തിന് ഭീഷണി നേരിട്ടിരുന്നത്. 32ലധികം വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി നേരിട്ടത് എന്നാണ് എയർ ഇന്ത്യ വിശദമാക്കുന്നത്. അതിനിടിയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തുന്നത്.

ഒക്‌ടോബർ 30ന് ഡൽഹിയിൽ നിന്ന് ഇൻഡോർ വഴി മുംബൈയിലേക്കുള്ള എയർ ഇന്ത്യയുടെ വിമാനത്തിൽ ബോംബ് വെച്ചതായുള്ള സന്ദേശം സോഷ്യൽ മീഡിയില്‍ പോസ്റ്റ് ചെയ്തിരുന്നു. പരിശോധനകള്‍ക്ക് പിന്നാലെ ഭീഷണി, വ്യാജമാണെന്ന് തെളിഞ്ഞു.

Related Tags :
Similar Posts