Aero
Air India Express
Aero

'കാളവണ്ടിയിൽ കയറിയാലും ഇനി എയർ ഇന്ത്യയിലേക്ക് ഇല്ല': ദുരിതം പങ്കുവെച്ച് യാത്രക്കാരൻ, ക്ഷമാപണവുമായി കമ്പനി

Web Desk
|
26 Jun 2024 6:37 AM GMT

''നിശ്ചയിച്ചതിലും രണ്ട് മണിക്കൂറിലേറെ വൈകിയാണ് വിമാനം പുറപ്പെട്ടത്. സീറ്റിലാകട്ടെ അഴുക്കും കറയും, ഇനി ഞാൻ കയറില്ല''

ന്യൂഡൽഹി: എയർ ഇന്ത്യ എക്‌സ്പ്രസിലെ ദുരവസ്ഥ പങ്കുവെച്ച് പൂനെ ആസ്ഥാനമായുള്ള എഴുത്തുകാരന്‍ ആദിത്യ കൊണ്ടാവർ. ജൂൺ 24ന് ബംഗളൂരുവിൽ നിന്നും പൂനെയിലേക്ക് നടത്തിയ യാത്രയാണ് കൊണ്ടാവറിനെ മടുപ്പിച്ചത്. ഇനി കാളവണ്ടിയിൽ കയറി യാത്ര ചെയ്താലും എയർ ഇന്ത്യ എക്‌സ്പ്രസിൽ കയറില്ലെന്നാണ് അദ്ദേഹം എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കിയത്.

യാത്രയിലുടനീളം നിരവധി പ്രശ്‌നങ്ങളോടാണ് ഏറ്റുമുട്ടിയതെന്നും അദ്ദേഹം പറയുന്നു. ഇരട്ടി പണം കൊടുത്താലും ഇനി മറ്റൊരു വിമാനത്തിലെ യാത്ര ചെയ്യൂ എന്നും അദ്ദേഹം വ്യക്തമാക്കി.

''രാത്രി 9.50നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ രണ്ട് മണിക്കൂറിലേറെ വൈകി 12.20നാണ് വിമാനം പുറപ്പെട്ടത്. സീറ്റിലാകട്ടെ അഴുക്കും കറയും. ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു. കഷ്ടപ്പെട്ടാണ് യാത്ര ചെയ്തത്. വീട് എത്തിയപ്പോൾ പുലർച്ചെ മൂന്ന് മണിയായിരുന്നു''- കൊണ്ടാവർ പറഞ്ഞു.

''ഇന്നലെ രാത്രി വളരെ വിലപ്പെട്ടൊരു പാഠം പഠിപ്പിച്ചതിന് നന്ദി, എല്ലാ ഗൗരവത്തോടെയും ഞാന്‍ പറയട്ടെ, എന്റെ ജീവിതത്തിൽ ഇനിയൊരിക്കലും ഞാൻ എയർ ഇന്ത്യ എക്‌സ്പ്രസിലോ എയർ ഇന്ത്യയിലോ യാത്ര ചെയ്യില്ല. ഇരട്ടി പണം മുടക്കേണ്ടി വന്നാലും സമയക്രമം പാലിക്കുന്ന മറ്റൊരു വിമാനത്തിലെ യാത്ര ചെയ്യൂ, കാളവണ്ടി എടുക്കേണ്ടി വന്നാലും നിങ്ങളുടെ എയര്‍ലൈനില്‍‌ ഇനി യാത്ര ചെയ്യില്ല''- ഇങ്ങനെ പോകുന്നു കൊണ്ടാവറിന്റെ കുറിപ്പ്.

''ടാറ്റ ഗ്രൂപ്പിനോടും അവരുടെ നേതാക്കളോടും എനിക്ക് വലിയ ബഹുമാനമുണ്ട്, അവരിൽ നിന്ന് ഞാൻ എപ്പോഴും പൂർണത പ്രതീക്ഷിക്കുന്നു, സത്യസന്ധമായി പറഞ്ഞാൽ ഇതൊരു ദുരന്തമയി''- ഇങ്ങനെ പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്. സംഭവം വാര്‍ത്തയായതോടെ ക്ഷമാപണവുമായി എയര്‍ ഇന്ത്യ രംഗത്ത് എത്തി. വേഗത്തില്‍ പരിഹരിക്കാനാവത്തൊരു സാഹചര്യത്താലാണ് ബംഗളൂരു-പൂനെ വിമാനം അന്ന് വൈകിയതെന്നും ഇനി സംഭവിക്കാതെ നോക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

'' ഹായ്, ആദിത്യ! നിങ്ങളുടെ ഫ്ലൈറ്റ് താമസിച്ചതിലുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ഞങ്ങളുടെ നിയന്ത്രണത്തിന് അതീതമായ കാരണങ്ങളാലായിരുന്നു വിമാനം വൈകിയത്. നിങ്ങള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ഞങ്ങള്‍ പരിശോധിക്കുകയും പരിഹരിക്കുകയും ചെയ്യും''- ഇങ്ങനെയായിരുന്നു എയര്‍ ഇന്ത്യയുടെ കുറിപ്പ്. ഞങ്ങളുടെ അതിഥികൾക്ക് ഇത്തരമൊരു അനുഭവം ഉണ്ടാകണമെന്ന് ഞങ്ങൾ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും ഇതൊരു ഒറ്റപ്പെട്ട സംഭവമായി കണക്കാക്കി, ഭാവിയിൽ മികച്ച രീതിയിൽ സേവിക്കാൻ ഞങ്ങൾക്ക് അവസരം നൽകണമെന്നും മറ്റൊരു കുറിപ്പില്‍ എയര്‍ ഇന്ത്യ വ്യക്തമാക്കി.

അതേസമയം, എയർ ഇന്ത്യ എക്‌സ്പ്രസുമായി ബന്ധപ്പെട്ട് ദുരനുഭവങ്ങള്‍ പങ്കുവെച്ച് നിരവധി പേർ രംഗത്ത് എത്തി. നന്നാകുന്ന ലക്ഷണമൊന്നും കാണുന്നില്ലെന്നായിരുന്നു ഒരാള്‍ കുറിച്ചത്. എയര്‍ ഇന്ത്യയെ ഏറ്റെടുത്തതിന് ശേഷം കാര്യങ്ങള്‍ കൂടുതൽ വഷളായിട്ടുണ്ട്. നേരത്തെ നഷ്ടം മാത്രമായിരുന്നു. ഇപ്പോൾ സേവനം തന്നെ നിലവാരമില്ലാത്തതായി- അയാള്‍ വ്യക്തമാക്കി.

Related Tags :
Similar Posts