Aero
കുടുംബത്തോടൊപ്പം ഒന്നര മണിക്കൂർ ചെക്കിൻ കൗണ്ടറിൽ നിർത്തി, മോശമായി പെരുമാറി; വിസ്താര എയർലൈൻസിനെതിരെ ഇർഫാൻ പത്താൻ
Aero

''കുടുംബത്തോടൊപ്പം ഒന്നര മണിക്കൂർ ചെക്കിൻ കൗണ്ടറിൽ നിർത്തി, മോശമായി പെരുമാറി''; വിസ്താര എയർലൈൻസിനെതിരെ ഇർഫാൻ പത്താൻ

Web Desk
|
25 Aug 2022 9:40 AM GMT

ശനിയാഴ്ച ആരംഭിക്കുന്ന ഏഷ്യാ കപ്പിനായി ഭാര്യയ്ക്കും എട്ടു മാസവും അഞ്ചു വയസും പ്രായമുള്ള കുട്ടികൾക്കുമൊപ്പം ദുബൈയിലേക്ക് തിരിച്ചതായിരുന്നു ഇർഫാൻ പത്താന്‍

മുംബൈ: വിസ്താര എയർലൈൻസിൽനിന്ന് നേരിട്ട മോശം അനുഭവം വെളിപ്പെടുത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ. കഴിഞ്ഞ ദിവസം മുംബൈയിൽനിന്ന് ദുബൈയിലേക്ക് കുടുംബത്തോടൊപ്പം യാത്രചെയ്യാനെത്തിയപ്പോഴായിരുന്നു ഗ്രൗണ്ട് സ്റ്റാഫിൽനിന്ന് മോശം പെരുമാറ്റമുണ്ടായതെന്ന് താരം വെളിപ്പെടുത്തി. നേരത്തെ ബുക് ചെയ്ത ഹയർക്ലാസ് ടിക്കറ്റ് തരംതാഴ്ത്തുകയും തനിക്കും ഒപ്പമുണ്ടായിരുന്നുവർക്കും എതിരെ മോശമായി പെരുമാറുകയും ചെയ്തതായി താരം വെളിപ്പെടുത്തി.

ട്വിറ്ററിലാണ് വിസ്താരയെ ടാഗ് ചെയ്ത് ഇർഫാൻ ദുനരുഭവം പങ്കുവച്ചത്. ''ഇന്ന് വിസ്താരയുടെ യുകെ-201 വിമാനത്തിൽ മുംബൈയിൽനിന്ന് ദുബൈയിലേക്ക് തിരിക്കുന്ന വഴിക്ക് ചെക്കിൻ കൗണ്ടറിൽ വളരെ മോശം അനുഭവമുണ്ടായി. ഞാൻ നേരത്തെ ബുക്ക് ചെയ്ത് കൺഫേം ആയ ടിക്കറ്റ് വിസ്താര മനപ്പൂർവം തരംതാഴ്ത്തി. ഇക്കാര്യത്തിൽ ഒരു തീരുമാനമാകാൻ ഒന്നര മണിക്കൂർ കൗണ്ടറിൽ കാത്തുനിൽക്കേണ്ടിവന്നു. എനിക്കൊപ്പം ഭാര്യയും എട്ടു മാസവും അഞ്ചു വയസും പ്രായമുള്ള കുട്ടികളുമെല്ലാം കൂടെയുണ്ടായിരുന്നു. അവർക്കെല്ലാം ഈ ദുരനുഭവം നേരിടേണ്ടിവന്നു.''-ഇർഫാൻ ട്വിറ്ററിൽ കുറിച്ചു.

ഗ്രൗണ്ട് സ്റ്റാഫ് അപമര്യാദയായി പെരുമാറുകയും പലതരം ഒഴികഴിവുകൾ പറഞ്ഞുകൊണ്ടിരിക്കുകയുമായിരുന്നുവെന്നും താരം തുടർന്നു. ഇതേ അനുഭവം വേറെയും ആളുകൾക്കുണ്ടായി. എന്തുകൊണ്ടാണ് അവർ ടിക്കറ്റ് ചെറിയ വിലക്ക് വിറ്റുകളഞ്ഞതെന്നും ഇത് മാനേജ്‌മെന്റ് എങ്ങനെ അംഗീകരിച്ചുവെന്നും മനസിലാകുന്നില്ല. ഇത്തരമൊരു അനുഭവം മറ്റാർക്കും ഇല്ലാതിരിക്കാൻ നടന്ന സംഭവങ്ങളിൽ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായ നടപടിയെടുക്കണമെന്ന് അപേക്ഷിക്കുകയാണെന്നും ഇർഫാൻ കൂട്ടിച്ചേർത്തു.

താരത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര രംഗത്തെത്തി. നിങ്ങളിൽനിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് ഇതെന്ന് വിസ്താരയെ ടാഗ് ചെയ്ത് ആകാശ് ചോപ്ര കുറിച്ചു. സംഭവത്തിൽ വലിയ പ്രതിഷേധം ഉയർന്നതോടെ വിസ്താര ഇർഫാന്റെ ട്വീറ്റിന് പ്രതികരണം നൽകിയിട്ടുണ്ട്. ഇത്തരം അനുഭവമുണ്ടായതിൽ ഏറെ ആശങ്കയുണ്ടെന്നും സംഭവം എത്രയും പ്രാമുഖ്യത്തോടെ അന്വേഷിക്കുന്നുണ്ടെന്നും വിസ്താര പ്രതികരിച്ചു.

ഏഷ്യാ കപ്പ് മത്സരങ്ങൾക്കായാണ് ഇർഫാൻ ദുബൈയിലേക്ക് തിരിച്ചത്. ശനിയാഴ്ച ആരംഭിക്കുന്ന ടൂർണമെന്റിൽ കമന്റേറ്ററാണ് താരം. ശ്രീലങ്ക-അഫ്ഗാനിസ്താൻ മത്സരത്തോടെ തുടങ്ങുന്ന ടൂർണമെന്റ് സെപ്റ്റംബർ 11 വരെ നീണ്ടുനിൽക്കും. ഞായറാഴ്ച പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Summary: Irfan Pathan hits out at Vistara airlines for 'rude behavior' and 'bad experience'

Similar Posts