വിന്‍ഡോസ് തകരാര്‍: നെടുമ്പാശ്ശേരിയില്‍ നിന്ന് അഞ്ച് വിമാനങ്ങള്‍ റദ്ദാക്കി
|പ്രതിസന്ധി പരിഹരിക്കാന്‍ സമയമെടുക്കുമെന്നാണ് ക്രൗഡ്‌സ്‌ട്രൈക് സി.ഇ.ഒ ജോര്‍ജ് കുട്‌സ് പറഞ്ഞത്
കൊച്ചി: മൈക്രോസോഫ്റ്റ് വിന്‍ഡോസ് തകരാരിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍നിന്നുള്ള അഞ്ച് വിമാനങ്ങള്‍ റദ്ദാക്കി. മുംബൈ, ഭുവനേശ്വര്‍, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള ഇന്‍ഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയത്. വിന്‍ഡോസില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇന്ത്യയില്‍ വ്യോമയാന മേഖലയിലുണ്ടായ പ്രതിസന്ധി തുടരുകയാണ്. 200ലധികം വിമാനങ്ങളാണു കഴിഞ്ഞ മണിക്കൂറുകളില്‍ റദ്ദാക്കിയത്.
വിദേശരാജ്യങ്ങളില്‍നിന്ന് ഡല്‍ഹി വഴി കേരളത്തിലേക്കുള്ള യാത്രക്കാരും ഡല്‍ഹി ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. കംപ്യൂട്ടറുകള്‍ ഷട്ട്ഡൗണ്‍ ആയതോടെ വിമാനത്താവളത്തിലെ ചെക്കിങ് ഉള്‍പ്പെടെ തടസപ്പെടുകയായിരുന്നു. മാന്വല്‍ രീതിയിലാണ് പലയിടത്തും ഇപ്പോള്‍ ചെക്കിങ് നടക്കുന്നത്. സ്പൈസ് ജെറ്റ്, ആകാശ എയര്‍, വിസ്താര എയര്‍, ഇന്‍ഡിഗോ സര്‍വീസുകളെല്ലാം പ്രതിസന്ധിയിലായിട്ടുണ്ട്. ബാങ്കിങ് മേഖലയെയും സ്റ്റോക്ക് എക്സ്ചേഞ്ചിനെയും വിന്‍ഡോസ് തകരാര്‍ സാരമായി ബാധിച്ചു.
ഇന്നലെ പുലര്‍ച്ചെയാണ് ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത് എന്ന വിളിപ്പേരുള്ള എറര്‍ മെസേജ് കംപ്യൂട്ടറുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. സാധാരണഗതിയില്‍ വന്‍കിട കമ്പനികള്‍ മാത്രം ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസ്. വിന്‍ഡോസ് ഉപയോഗിക്കുന്ന വ്യക്തിഗത കംപ്യൂട്ടറുകളെ പ്രശ്‌നം ബാധിച്ചിട്ടില്ല. പ്രതിസന്ധി പരിഹരിക്കാന്‍ സമയമെടുക്കുമെന്നാണ് ക്രൗഡ്‌സ്‌ട്രൈക് സി.ഇ.ഒ ജോര്‍ജ് കുട്‌സ് പറഞ്ഞത്.
Summary: Five flights from Nedumbassery airport canceled due to Microsoft Windows outage