ബസ്സുമായി കൂട്ടിയിടിച്ച് വിമാനത്തിന് കേടുപാടുകൾ; അഞ്ചു പേർക്ക് പരിക്ക്
|വിമാനത്തിന്റെ മുൻഭാഗത്തിനും കീഴ്ഭാഗത്തിനും സാരമായ കേടുപാടുകൾ പറ്റിയെങ്കിലും അപകടം എയർപോർട്ടിന്റെ പ്രവർത്തനങ്ങളെ ബാധിച്ചില്ല
ലോസ് ഏഞ്ചൽസ്: പാർക്കിങ് ഏരിയയിലേക്ക് കൊണ്ടുപോവുന്നതിനിടെ ഷട്ടിൽ ബസ്സുമായി കൂട്ടിയിടിച്ച് യാത്രാവിമാനത്തിന് കേടുപാടുകൾ. വെള്ളിയാഴ്ച രാത്രി അമേരിക്കയിലെ ലോസ് ഏഞ്ചൽസ് വിമാനത്താവളത്തിലാണ് എയർബസ് എ321 വിമാനം ഉൾപ്പെട്ട അപകടമുണ്ടായത്. സംഭവത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റെങ്കിലും സാരമുള്ളതല്ല.
പ്രാദേശിക സമയം രാത്രി പത്തുമണിയോടെ എയർപോർട്ട് ടെർമിനലിന്റെ തെക്കുഭാഗത്തുവെച്ചാണ്, യാത്രക്കാരെ ഇറക്കിയ ശേഷം ടാക്‌സി വേയിലൂടെ പാർക്കിങ് ഏരിയയിലേക്ക് കൊണ്ടുപോവുകയായിരുന്ന അമേരിക്കൻ എയർലൈൻസിന്റെ വിമാനം ഷട്ടിൽ ബസ്സുമായി കൂട്ടിയിടിച്ചത്.
വിമാനവും ബസ്സും കുറഞ്ഞ വേഗതയിലായതിനാൽ ആളപായമുണ്ടായില്ല. ബസ്സിന്റെയും വിമാനം വലിച്ചുകൊണ്ടുപോയ 'ടഗ്' വാഗനത്തിന്റെയും ഡ്രൈവർമാരടക്കം പരിക്കേറ്റ നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടക്കുമ്പോൾ വിമാനത്തിലുണ്ടായിരുന്ന ഏക ജോലിക്കാരന് സംഭവസ്ഥലത്തു തന്നെ ചികിത്സ നൽകി വിട്ടയച്ചു.
ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ മുൻഭാഗത്തിനും കീഴ്ഭാഗത്തിനും സാരമായ കേടുപാടുകൾ പറ്റി. അപകടം എയർപോർട്ടിന്റെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.