എൻ.സി.പി പിളർത്തി മറുകണ്ടം ചാടി അജിത് പവാര്‍; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അധികാരമേറ്റു
|29 എൻ.സി.പി എം.എൽ.എമാർ അജിത് പവാറിനൊപ്പമുണ്ടെന്നും റിപ്പോർട്ടുണ്ട്
മുംബൈ: മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയനാടകം. പ്രധാന പ്രതിപക്ഷ കക്ഷിയായ എൻ.സി.പി പിളർന്നു. പ്രതിപക്ഷ നേതാവ് അജിത് പവാറിന്റെ നേതൃത്വത്തിൽ നിരവധി എൻ.സി.പി എം.എൽ.എമാർ മറുകണ്ടം ചാടി. പിന്നാലെ പവാര്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയും ചെയ്തു.
അജിത് പവാറിനൊപ്പം ഒന്‍പത് എന്‍.സി.പി എം.എല്‍.എമാരും മന്ത്രിസഭയിലെത്തുമെന്നാണ് വിവരം. പാര്‍ട്ടി തലവന്‍ ശരദ് പവാറിന്‍റെ വിശ്വസ്തരടക്കം കൂറുമാറിയ കൂട്ടത്തിലുണ്ട്. 29 എൻ.സി.പി എം.എൽ.എമാർ അജിത് പവാറിനൊപ്പമുണ്ടെന്നും റിപ്പോർട്ടുണ്ട്.
പ്രതിപക്ഷസ്ഥാനം ഒഴിയുമെന്ന് അജിത് പവാർ സൂചന നൽകി ദിവസങ്ങൾക്കകമാണ് മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയനാടകം അരങ്ങേറുന്നത്. ഇന്നു രാവിലെ മുംബൈയിലെ അജിത് പവാറിന്റെ വസതിയിൽ എൻ.സി.പി എം.എൽ.എമാർ യോഗം ചേർന്നിരുന്നു. പാർട്ടി വർക്കിങ് പ്രസിഡന്റ് സുപ്രിയ സൂലെയും മുതിർന്ന നേതാവ് ഛഗൻ ഭുജ്പാലും യോഗത്തിൽ സംബന്ധിച്ചിരുന്നു. സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീലിന്റെ അഭാവത്തിലായിരുന്നു യോഗം.
എന്നാൽ, യോഗത്തെക്കുറിച്ച് വിവരമില്ലെന്നാണ് എൻ.സി.പി തലവൻ ശരദ് പവാർ പ്രതികരിച്ചത്. എന്തിനാണ് യോഗം വിളിച്ചതെന്ന് അറിയില്ലെന്നും ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
Summary: Ajit Pawar joins NDA govt in Maharashtra, takes oath as Deputy CM