രണ്ടാം ഇന്നിങ്സ് വൈ.എസ്.ആർ കോൺഗ്രസില്; അംബാട്ടി റായുഡു രാഷ്ട്രീയത്തിലേക്ക്, തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും
|ചെന്നൈ സൂപ്പർ കിങ്സിന് അഞ്ചാം ഐ.പി.എൽ കിരീടം സമ്മാനിച്ചാണ് റായുഡു സജീവ ക്രിക്കറ്റിൽനിന്ന് പടിയിറങ്ങിയത്
അമരാവതി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അംബാട്ടി റായുഡു രാഷ്ട്രീയത്തിലേക്ക്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ആന്ധ്രപ്രദേശിൽനിന്ന് മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയിൽ അംഗത്വമെടുക്കാനാണ് നീക്കമെന്ന് 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്തു.
ആന്ധ്രയിലെ ഗുണ്ടൂർ സ്വദേശിയാണ് അംബാട്ടി റായുഡു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും വൈ.എസ്.ആർ.സി.പി തലവനുമായ വൈ.എസ് ജഗൻമോഹൻ റെഡ്ഡിയുമായി അടുത്തിടെ റായുഡു കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് രാഷ്ട്രീയത്തിലേക്കു കടക്കുന്നതായുള്ള സൂചന താരം നൽകിയത്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്ന യുവാക്കൾക്ക് വലിയ പ്രചോദനമാണ് ജഗൻമോഹൻ റെഡ്ഡിയെന്നാണ് റായുഡു പ്രതികരിച്ചത്. ഒരു മേഖലയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനു പകരം സംസ്ഥാനത്തിന്റെ മുഴുവൻ ഭാഗങ്ങളിലേക്കുമുള്ള വികസനമെത്തിക്കാനുള്ള ദൗത്യത്തിനാണ് അദ്ദേഹം നേതൃത്വം നൽകുന്നതെന്നും റായുഡു കൂട്ടിച്ചേർത്തു.
റായുഡുവിനെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ ജഗൻമോഹൻ പദ്ധതിയിടുന്നതായി പാർട്ടി വൃത്തങ്ങളും അറിയിച്ചിട്ടുണ്ട്. എന്നാൽ, ലോക്സഭയിലേക്കാണോ നിയമസഭയിലേക്കാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നിയമസഭയിലേക്കാണെങ്കിൽ സ്വന്തം മണ്ഡലമായ ഗുണ്ടൂർ വെസ്റ്റിൽനിന്ന് മത്സരിപ്പിക്കാനാണ് നീക്കം നടക്കുന്നത്. കൃഷ്ണ, പൊന്നൂർ മണ്ഡലങ്ങൾക്കും സാധ്യത കൽപിക്കപ്പെടുന്നുണ്ട്. ലോക്സഭയിലേക്കാണെങ്കിൽ മച്ചിലിപട്ടണത്തുനിന്നായിരിക്കും ജനവിധി തേടുകയെന്നും പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
വൈ.എസ്.ആർ.സി.പിയുടെ വി. ബാലസോറിയാണ് നിലവിൽ മച്ചിലിപട്ടണം ലോക്സഭാ അംഗം. പൊന്നൂരും പാർട്ടി സിറ്റിങ് സീറ്റാണ്. കെ.വി റോസയ്യയാണ് ഇവിടത്തെ എം.എൽ.എ. നേരത്തെ ടി.ഡി.പി ബാനറിൽ മത്സരിച്ച് വൈ.എസ്.ആർ കോൺഗ്രസിലേക്ക് കൂടുമാറിയ മഡ്ഡലി ഗിരിധർ ആണ് ഗുണ്ടൂർ വെസ്റ്റിൽ നിലവിലെ എം.എൽ.എ.
ഇത്തവണത്തെ ഐ.പി.എല്ലോടെയാണ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കുന്നതായി റായുഡു പ്രഖ്യാപിച്ചത്. ചെന്നൈ സൂപ്പർ കിങ്സിന് കിരീടം സമ്മാനിച്ചാണ് താരത്തിന്റെ പടിയിറക്കം. അതേസമയം, യു.എസ് ടി20 ലീഗായ എം.എൽ.സിയിലെ സി.എസ്.കെ ഉടമസ്ഥതയിലുള്ള ടീമായ ടെക്സാസ് സൂപ്പർ കിങ്സിൽ താരം കളിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്.
Summary: Former India cricketer Ambati Rayudu to join YSRCP, may contest Lok Sabha polls from Andhra Pradesh