ഭീഷ്മ പർവ്വം; ആഖ്യാനത്തിലെ പാളിച്ചകളും തിരക്കാഴ്ച്ചകളിലെ മികവും
|സിനിമയുടെ കഥയിലും കഥാപാത്ര സൃഷ്ടിയിലുമുള്ള പോരായ്മകളെ മറികടക്കാൻ അമൽനീരദ് എന്ന സിനിമാട്ടോഗ്രാഫർ വിജയിച്ചു എന്നതാണ് ഭീഷ്മ പർവ്വത്തിന്റെ വിജയരഹസ്യം
ഭീഷ്മ പർവ്വം എന്ന സിനിമ തീയറ്ററുകളിൽ തരംഗമുയർത്തി ഓടിക്കൊണ്ടിരിക്കുന്ന കാലമാണിത്. സിനിമയെപ്പറ്റി വ്യത്യസ്തമായ പരികൽപ്പനകൾ നമ്മുക്കു മുന്നിൽ നിത്യവും വരുന്നുണ്ട്. ചിലർ സിനിമയെ വലിയരീതിയിൽ ആഘോഷിക്കുമ്പോൾ മറ്റു ചിലർ വിമർശനങ്ങളും ഉന്നയിക്കുന്നു. കോവിഡ് കാലത്തിനുശേഷം തീയറ്ററുകളിൽ ആളുകളെ എത്തിച്ചു എന്ന രീതിയിലും സിനിമ പ്രശംസിക്കപ്പെടുന്നുണ്ട്. സിനിമ വ്യവസായത്തിന് ഉണർവ്വുപകരാൻ ഈ അമൽനീരദ് സിനിമ സഹായിച്ചിട്ടുണ്ട്. എങ്കിലും കണ്ണുമടച്ച് പ്രശംസിക്കാൻ മാത്രം മികവുകളും വിമർശിച്ച് ഒതുക്കാൻ മാത്രം പോരായ്മകളും ഈ സിനിമക്കുണ്ടോ? പരിശോധിക്കാം ഭീഷ്മ പർവ്വത്തിലെ മികവും പോരായ്മകളും.
അഞ്ഞൂറ്റി കുടുംബവും മൈക്കിളപ്പയും
1980കളിലെ കൊച്ചിയാണ് ഭീഷ്മ പർവ്വത്തിന്റെ കഥാപരിസരം. അഞ്ഞൂറ്റി എന്ന കൂട്ടുകുടുംബത്തിലെ തലതൊട്ടപ്പനാണ് മൈക്കിൾ. പ്രായം കൊണ്ടല്ല കർമം കൊണ്ടാണ് അയാൾ കുടുംബം നിയന്ത്രിക്കുന്നത്. രണ്ട് ജ്യേഷ്ഠന്മാരുടെ അനുജനാണയാൾ. കുടുംബത്തിന്റെ ഭീഷ്മനാണ് പുതിയ തലമുറ മൈക്കിളപ്പ എന്നുവിളിക്കുന്ന മൈക്കിൾ. വലിയ ത്യാഗത്തിന്റെ ചരിത്രമുണ്ട് അയാൾക്ക്. കുടുംബത്തിലെ കാരണവരായ ജ്യേഷ്ഠനെ കൊന്നവരെ ഒറ്റക്ക് തീർത്തും പിന്നെ നീണ്ട ജയിൽവാസമനുഷ്ടിച്ചും വിവാഹം ഉപേക്ഷിച്ചുമാണ് മൈക്കിൾ മറ്റുള്ളവരുടെ മേൽ നിയന്ത്രണത്തിനുള്ള അധികാരം സ്വന്തമാക്കിയത്. കഥാപാത്ര സൃഷ്ടിയും പ്രത്യേകിച്ചൊരു പുതുമയും മൈക്കിളിലില്ല. കുടുംബത്തിനുവേണ്ടി ജയിലിൽ പോവുന്ന നായകൻ, തിരിച്ചെത്തിയിട്ടും അവിവാഹിതനായി തുടരുന്ന പരിത്യാഗി, ഇപ്പോഴും കാത്തിരിക്കുന്ന കാമുകി, ധൂർത്തന്മാരായ ബന്ധുക്കൾ, വിശ്വസ്തരും പിന്നീട് കൊല്ലപ്പെടുന്നവരുമായ മറ്റ് സമുദായത്തിലെ ജോലിക്കാർ എന്നിങ്ങനെ ആയിരമാവർത്തി സിനിമകളിൽ കണ്ടുപരിചയിച്ച നായകപ്രതിരൂപമാണ് മൈക്കിളിന്റേത്. സിനിമയുടെ വികാസത്തിനും വില്ലന്മാരുടെ ആവിർഭാവത്തിനും പോലും പുതുമയുള്ളൊരു രീതി വികസിപ്പിക്കാൻ അണിയറക്കാർക്ക് ആകുന്നില്ല. അസംതൃപ്തരായ ബന്ധുക്കളെ സഹായിക്കുന്ന കൗശലക്കാരനായ രാഷ്ട്രീയക്കാരൻമുതൽ വരത്തനായ വില്ലൻ വരെ സിനിമയിൽ വന്നുപോകുന്നുണ്ട്.
അമൽനീരദ് എന്ന വിഷ്വലൈസർ
സിനിമയുടെ കഥയിലും കഥാപാത്ര സൃഷ്ടിയിലുമുള്ള പോരായ്മകളെ മറികടക്കാൻ അമൽനീരദ് എന്ന സിനിമാട്ടോഗ്രാഫർ വിജയിച്ചു എന്നതാണ് ഭീക്ഷ്മ പർവ്വത്തിന്റെ വിജയരഹസ്യം. തന്റെ ആദ്യ സിനിമയായ ബിഗ് ബിയിലൂടെ സിനിമ എന്ന ദൃശ്യരൂപത്തെ അതിന്റെ മൂർത്ത രൂപത്തിൽ പകർത്താൻ ശേഷിയുള്ള ടെക്നീഷ്യനാണ് താനെന്ന് അമൽ തെളിയിച്ചിട്ടുണ്ട്. അതേ ക്രാഫ്റ്റ്മാൻഷിപ്പാണ് സിനിമയെ തീയറ്ററുകളിൽ രക്ഷപ്പെടുത്തുന്നത്. ലോകത്തിറങ്ങിയ പ്രമുഖ ഗ്യാങ്സ്റ്റർ സിനിമകളുടെയെല്ലാം ഛായ നമ്മുക്ക് ഭീഷ്മ പർവ്വത്തിൽ കാണാം. അന്യഭാഷാ സിനിമകളിൽ കാണുമ്പോൾ നാം പരിഹസിക്കുന്ന അതേ അതിഭാവുകത്വം നിറഞ്ഞ കഥാസന്ദർഭങ്ങളാണ് ഭീഷ്മയിലുമുള്ളത്. പത്തോ മുപ്പതോ വില്ലന്മാരെ ഇടിച്ചിട്ടശേഷവും കുറഞ്ഞ പരിക്കുകളുമായി രക്ഷപ്പെടുന്ന നായകനെയൊക്കെ നാമെത്രയോ കണ്ടതാണ്. ചിലപ്പോളെങ്കിലും അത്തരം സിനിമകളെ നാം കൂവിത്തോൽപ്പിച്ചിട്ടുമുണ്ട്. എന്നാൽ, ഭീഷ്മ പർവ്വത്തിൽ ഇത്തരം രംഗങ്ങളെത്തുമ്പോൾ കാണികൾ ക്ഷമയോടെ കണ്ടിരിക്കുന്നത് അമൽ നീരദ് എന്ന വിഷ്വലൈസർ ഉണ്ടാക്കിയെടുത്ത ആംബിയൻസ് കൊണ്ടാണ്. സ്ലോമോഷനുകളും ലോ ആംഗിൾ ഷോട്ടുകളും കൊണ്ട് സമൃദ്ധമാണ് സിനിമ. ഒപ്പം കാതടപ്പിക്കുന്ന ശബ്ദവും മഴയും ഇരുളും വെളിച്ചവുമൊക്കെ സിനിമയിൽ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. ഈ ബഹളങ്ങൾക്കിടയിൽ പ്രേക്ഷകനെ കുരുക്കിയിടുന്നിടത്താണ് ഭീഷ്മ പർവ്വം വിജയിക്കുന്നത്.
വിറ്റോ കോർലിയോണിയുടെ ഭൂതം
അമൽ നീരദ് എന്ന സംവിധായകൻ എന്നും അനുഭവിച്ച പ്രശ്നം സ്വതന്ത്ര ആഖ്യാനങ്ങളുടേതാണ്. കോപ്പിയടിയുടെ പ്രേതം ഒരിക്കലും അമലിനെ വിട്ടുപോയിരുന്നില്ല. ബിഗ് ബി മുതൽ തുടങ്ങിയതാണത്. ലോകത്തിലെ മോഡേൻ ഗ്യാങ്സ്റ്റർ സിനിമകളുടെ മാതാവ് എന്നാണ് ഗോഡ്ഫാദർ സീരീസ് അറിയപ്പെടുന്നത്. വിറ്റോ കോർലിയോണിയും കുടുംബവും ലോക സിനിമയുടെ തറവാട്ടുമുറ്റത്തേക്ക് കസേര പിടിച്ചിട്ട് ഇരുപ്പുറപ്പിച്ചിട്ട് അരനൂറ്റാണ്ട് തികയുകയാണ്. 1972 മാർച്ച് 15നാണ് "ദി ഗോഡ്ഫാദർ' എന്ന സിനിമ പുറത്തിറങ്ങുന്നത്. പിന്നീടിറങ്ങിയ എല്ലാ ഗ്യാങ്സ്റ്റർ സിനിമകളിലും ഗോഡ്ഫാദറിന്റെ സ്വാധീനം കാണാം. ഇന്ത്യക്കാരുടെ ഗോഡ്ഫാദർ എന്നുവിശേഷിപ്പിക്കാവുന്ന നായകൻ മുതൽ അവസാനം മലയാളത്തിലിറങ്ങിയ മാലിക് വരെ ഇതിൽനിന്ന് ഭിന്നമല്ല. ഭീഷ്മ പർവ്വത്തിലെത്തുമ്പോൾ സ്വാധീനം കുറച്ചുകൂടി നേരിട്ടാകുന്നു. ബി.ജി.എം മുതൽ സിനിമ തുടങ്ങുമ്പോഴുള്ള ആഘോഷ സീക്വൻസ് വരെ ഏറിയോ കുറഞ്ഞോ ഗോഡ്ഫാദറിന്റെ അനുകരണമാണ്. പുരാണത്തിലെ ഭീഷ്മർ വിറ്റോ കോർലിയോണിയായി കോട്ടിട്ടുവന്നാൽ മൈക്കിളായി മാറും. പക്ഷെ കാമ്പുള്ള കഥയോ ഭദ്രമായ തിരക്കഥയോ ഒന്നുമില്ലാത്തതിനാൽ ഗോഡ്ഫാദറിന്റെ വികലമായ അനുകരണമായേ ഭീഷ്മ പർവ്വത്തെ കാണാൻ സാധിക്കുകയുള്ളൂ.
ത്രസിപ്പിച്ചോ ആ മാസ് സീനുകൾ?
മാസ് എന്ന് പ്രേക്ഷകർ വിളിക്കുന്ന ഒരു പ്രതിഭാസമുണ്ട് സിനിമയിൽ. മാസുകൾ രണ്ടുതരത്തിലാണ് സിനിമയിൽ നിർമിച്ചെടുക്കുന്നത്. കഥാപാത്ര വർണനയും അതിനൊത്ത ദൃശ്യങ്ങളുമാണ് അതിന്റെ കാതൽ. മലയാള സിനിമ കണ്ട ഏറ്റവും വലിയ മാസ് ഇൻട്രോ ബിഗ് ബിയിലെ ബിലാൽ ജോൺ കുരിശിങ്കലിന്റേതാണ്. അമൽ നീരദ് തന്നെയാണ് ആ സീക്വൻസ് കോറിയോഗ്രാഫ് ചെയ്തെടുത്തിട്ടുള്ളത്. ക്രാഫ്റ്റ്മാൻഷിപ്പിന്റെ ഉന്നതതലം നമുക്കവിടെ കാണാം. ഇത്തരമൊരു സീൻപോലും ഭീഷ്മ പർവ്വത്തിൽ ഇല്ല. വിറ്റോ കോർലിയോണിയെ അനുകരിച്ച് നാട്ടുകാരുടെ പരാതി കേൾക്കുന്ന മൈക്കിളിലൂടെയാണ് നായക കഥാപാത്രം ഇവിടെ ഇതൾവിരിയുന്നത്. അതിനെ മൂർത്തരൂപത്തിലെത്തിക്കാൻ അണിയറക്കാർക്ക് കഴിഞ്ഞോ എന്ന് സംശയമാണ്. പിന്നീടുള്ള സംഘട്ടനങ്ങളെല്ലാം കെട്ടുകാഴ്ച്ച സ്വഭാവത്തിലുള്ളതാണെന്നതാണ് വാസ്തവം. നായകനെ നേരിടാൻ തയ്യാറാക്കി നിർത്തിയിരിക്കുന്ന ആളുകളുടെ ഇടയിലേക്ക് ഇറങ്ങി നടത്തുന്ന സ്റ്റണ്ടുകളാണ് ഭീഷ്മയിലുള്ളത്. മാസിന്റെ അടുത്തതലം ഡയലോഗാണ്. കെ.ജി.എഫ് ആണ് അടുത്ത കാലത്തിറങ്ങിയ മാസ് ഡയലോഗ് മാസ്റ്റർപീസ്. ബിഗ് ബിയിൽ പ്രതിഭാധനനായ എഴുത്തുകാരൻ ഉണ്ണി ആർ എഴുതിയ ഡയലോഗുകൾ സിനിമക്ക് വലിയ മുതൽക്കൂട്ടായിരുന്നു. നാം ഇന്നും അതോർക്കുന്നതും അതുകൊണ്ടാണ്. ഭീക്ഷമയിൽ ഓർത്തിരിക്കാവുന്ന ഇത്തരം ഒറ്റ ഡയലോഗ് പോലുമില്ല. "അച്ഛനേയും മോനേയും കൊന്നുവെന്ന ചീത്തപ്പേര് വേണമെന്നില്ലായിരുന്നു' ഉള്ളതിൽ മെച്ചം. പിന്നീട് പറയുന്ന ബി.ജി.എം പോലുള്ള സംഗതികൾ ഒരു സിനിമയിലെ മാസിന് അനിവാര്യമൊന്നുമല്ല. നിശ്ശബ്ദതയാണ് ലോകത്തെ ഏറ്റവും പവർഫുളായ ബി.ജി.എം. ലോകത്തെ നല്ല മാസ് സിനിമകളിൽ പലതിനും ബി.ജി.എം പോലുമേ ഇല്ല. അല്ലെങ്കിലും മാസ് ബി.ജി.എം എന്നാൽ പെരുമ്പറക്കടിക്കുന്ന ശബ്ദം പോലെയാണെന്നത് വികല വിശകലനമാണ്.
സിനിമയുടെ രാഷ്ട്രീയം
ഭീഷ്മ പർവ്വം ഒരു രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്നുണ്ട്. കീഴാള അനുകൂലവും മനുഷ്യപ്പറ്റുള്ളതുമാണത്. ദലിതുകൾ, ന്യൂനപക്ഷങ്ങൾ, തുടങ്ങി അരികുവത്കരിക്കപ്പെട്ട മനുഷ്യരോടുള്ള അനുഭാവം സിനിമയിൽ കാണാം. പ്രണയിച്ചു പോയതിനാൽ മാത്രം കൊല്ലപ്പെട്ട കെവിനെ അനുസ്മരിച്ചാണ് സിനിമ തുടങ്ങുന്നത്. അവസാനിക്കുന്നതാകട്ടെ ആറടി മണ്ണിനായി പോരാടിയ കുരുന്നുകളിലും. സിനിമയുടെ ടൈറ്റിൽ കാർഡും അനീതി അനുഭവിച്ച മനുഷ്യർക്കായാണ് നീക്കിവച്ചിരിക്കുന്നത്. തന്റെ സിനിമകളിൽ മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം പറയുന്നത് അമൽ ഇവിടേയും തുടരുന്നുണ്ട്.
കാലത്തിന്റെ സൂക്ഷ്മമായ പുനർ നിർമാണം
നന്നായി റിസർച് ചെയ്ത് എടുത്ത സിനിമയാണ് ഭീഷ്മ പർവ്വം. സിനിമക്കായി സാമാന്യം മികവുള്ള മുന്നൊരുക്കങ്ങൾ അണിറയക്കാർ നടത്തിയിട്ടുണ്ട്. സിനിമയിൽ ഉപയോഗിക്കാൻ ആയിരക്കണക്കിന് പ്രോപ്പുകളും തയ്യാറാക്കിയിട്ടുമുണ്ട്. വാഹനങ്ങൾ, ഉപകരണങ്ങൾ, ഡ്രസ്സുകൾ, ഇലക്ട്രിക് സാധനങ്ങൾ അങ്ങിനെ 1980 കളിലെ നിരവധിയായ വസ്തുക്കൾ സിനിമയിലുണ്ട്. ഇത് സിനിമക്ക് മികവ് നൽകുന്നുമുണ്ട്. ഒപ്പം കാലത്തിനനുസരിച്ചുള്ള സാംസ്കാരിക ചിഹ്നങ്ങളും പ്രത്യേകതകളാണ്. 13 എ.ഡി പോലുള്ള മ്യൂസിക് ബാൻഡുകളെ സിനിമ സ്മരിക്കുന്നു. ടെർമിനേറ്റർ പോലുള്ള സിനിമകളുടെ റഫറൻസ് ഒക്കെ ഉദാഹരണമാണ്. എന്നാൽ, ഈ പ്രോപ്പുകളെ എടുത്തു കാണിക്കാനുള്ള ത്വര സിനിമയിലുണ്ടെന്ന് പറയാതിരിക്കാനാവില്ല. ഞങ്ങളിതൊക്കെ ഉപയോഗിക്കുന്നുണ്ടെന്ന് വിളിച്ചു പറയാൻ സിനിമ ശ്രമിക്കുന്നുണ്ട്. അതിനായി മിക്ക രംഗങ്ങളിലും ഇവ വേണ്ടാത്തവിധം പ്രദർശിപ്പിക്കുന്നുമുണ്ട്. ചില സീനുകളൊക്കെ തുടങ്ങുന്നതും ഇത്തരം പ്രോപ്പുകളിൽ നിന്നാണ്.
വ്യക്തിത്വമുള്ള കഥാപാത്രങ്ങൾ
കഥയും കഥാപാത്ര സൃഷ്ടിയുമൊക്കെ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാണെന്നതുപോലെയാണെങ്കിലും വന്നുപോകുന്ന മുഴുവൻ മനുഷ്യരേയും അടയാളപ്പെടുത്താൻ സിനിമ ശ്രദ്ധിച്ചിട്ടുണ്ട്. മൈക്കിളപ്പൻ മുതൽ പോളിന്റെ കാമുകിവരെ ഇങ്ങിനെ കൃത്യമായി പ്രേക്ഷകരിൽ അടയാളപ്പെടുത്തപ്പെടുന്നുണ്ട്. സിനിമയിൽ സൂക്ഷ്മമായി ചെയ്താൽമാത്രം സാധ്യമാകുന്ന കാര്യമാണിത്. ഓരോ കഥാപാത്രങ്ങൾക്കും കൃത്യമായ ലക്ഷ്യങ്ങൾ നൽകിയതും ആകർഷകമാണ്. സിനിമയിലെ മികച്ച പ്രകടനങ്ങളിലൊന്ന് ഷൈൻടോം ചാക്കോയുടെ പീറ്റർ എന്ന കഥാപാത്രത്തിന്റേതാണ്. നേരത്തേ ഒരുപാടുതവണ ചെയ്തതരത്തിലുള്ളതാണെങ്കിലും പീറ്ററിനെ രൂപത്തിലും ഭാവത്തിലും ഒറിജിനലാക്കാൻ ഷൈനിനായി. മമ്മൂട്ടി എന്ന നടനേക്കാൾ, താര ശരീരമാണ് ഭീക്ഷ്മയിൽ ഉപയോഗിച്ചിരിക്കുന്നത്. എങ്കിലും തന്റെ സ്വതസിദ്ധമായ പ്രയത്നംകൊണ്ട് മൈക്കിളിനെ അദ്ദേഹം വേറിട്ടുനിർത്തുന്നുണ്ട്. കർക്കശക്കാരനും ഒപ്പം കരുണയുള്ളവനുമാണ് മൈക്കിൾ. പക്ഷെ, ആ കഥാപാത്രം സിനിമയിൽ ഒരിടത്തും വികാസക്ഷമമല്ല എന്ന പ്രശ്നമുണ്ട്. സൗബിന്റെ അജാസും കുറച്ചുകൂടി വികാസക്ഷമതയുള്ള കഥാപാത്രമായിരുന്നു. നീതീകരിക്കാവുന്ന ഒരു ഭൂതകാലം ആ കഥാപാത്രത്തിനുണ്ടായിരുന്നെങ്കിൽ സിനിമ പിന്നേയും ആകർഷകമാകുമായിരുന്നു.