Art and Literature
അന്‍പതാണ്ട് പൂര്‍ത്തിയാക്കുന്ന   ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിന്റെ കഥ
Click the Play button to hear this message in audio format
Art and Literature

അന്‍പതാണ്ട് പൂര്‍ത്തിയാക്കുന്ന ഒരു 'ബ്ലാക്ക് ആന്റ് വൈറ്റ്' ചിത്രത്തിന്റെ കഥ

ഹാസിഫ് നീലഗിരി
|
29 Jun 2022 2:10 PM GMT

കറുത്തവര്‍ഗക്കാരനായത് കൊണ്ട് മാത്രം ലൂയിസ്വില്ലിലെ ഒരു റെസ്റ്റോറന്റിലെ ഭക്ഷണം തനിക്ക് നിഷേധിച്ചപ്പോള്‍, 1960ല്‍ റോമില്‍ നടന്ന ഒളിമ്പിക്സില്‍ ലൈറ്റ് ഹെവിവെയ്റ്റ് ബോക്‌സിങ് വിഭാഗത്തില്‍ താന്‍ നേടിയ സ്വര്‍ണ്ണ മെഡല്‍ ഒഹിയോ നദിയിലേക്ക് വലിച്ചെറിഞ്ഞാണ് അലി അന്ന് പ്രതിഷേധിച്ചത്.

50 വര്‍ഷം മുന്‍പ്, കൃത്യമായിപ്പറഞ്ഞാല്‍ 1972ല്‍ ഹജ്ജിനായി ലോകത്തിന്റെ വിവിധ കോണുകളില്‍നിന്ന് മക്കയിലേക്ക് പുറപ്പെട്ട ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്കിടയില്‍നിന്ന് അത്യപൂര്‍വമായൊരു ചിത്രം ഒരു കാമറാമാന്റെ ഫ്രെയ്മില്‍ പതിഞ്ഞു. പിന്നീട് ആ 'ബ്ലാക്ക് ആന്റ് വൈറ്റ്' ചിത്രം അടിച്ചമര്‍ത്തപ്പെട്ടവന്റെയും നിറത്തിന്റെ പേരില്‍ സമൂഹം പുച്ഛിച്ച് തള്ളിയവന്റേയും വിജയത്തിന്റെയും പകരം വീട്ടലിന്റേയും പ്രതീകമായി മാറി.

ലോക ബോക്സിങ് റിങ്ങുകളില്‍ അജയ്യനായി നിറഞ്ഞുനിന്ന അമേരിക്കക്കാരനായ സാക്ഷാല്‍ മുഹമ്മദ് അലി, മറ്റെല്ലാ തീര്‍ഥാടകരേയും പോലെ ലളിതമായ വെള്ള കോട്ടണ്‍ വസ്ത്രമണിഞ്ഞ്, വെറും സാധാരണക്കാരനായി പരിശുദ്ധ കഅബയിലെ ഹജറുല്‍ അസ്വദിനെ ചുംബിക്കാന്‍ കുനിയുന്നതായിരുന്നു ആ ദൃശ്യം.


ലോകത്തിലെ ഏറ്റവും വലിയ ഹെവിവെയ്റ്റ് ബോക്‌സിങ് ചാമ്പ്യനായിരുന്നു മുഹമ്മദ് അലി. ഇസ്‌ലാമിലേക്ക് കടന്നു വന്നതും ലോകമുസ്‌ലിംകളുടെ ജീവിതാഭിലാഷമായ ഹജ്ജ് കര്‍മം നിര്‍വഹിച്ചതുമാണ് തന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യ നിമിഷങ്ങളായി പിന്നീട് ഓര്‍ത്തെടുത്തത്. അന്ന്, അലിയുടെ ആത്മീയ യാത്രയെ സംബന്ധിച്ച് ഒരുപാട് ചര്‍ച്ചകള്‍ ഉയര്‍ന്നുവരാന്‍ കാരണമായ ചിത്രം കൂടിയായിരുന്നു അത്.

എന്റെ ജീവിതത്തില്‍ ഒരുപാട് നല്ല നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, തന്റെ ഹജ്ജ് കര്‍മത്തിനിടെ അറഫയില്‍ നില്‍ക്കുമ്പോള്‍ തനിക്കു ലഭിച്ച വികാരങ്ങളായിരുന്നു ഏറ്റവും സവിശേഷമായതെന്നാണ് സൗദി പത്രമായ അല്‍ മദീനയോട് മുഹമ്മദ് അലി 1989ല്‍ പങ്കുവച്ചത്. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ ഒരുമിച്ച് അവരുടെ പാപങ്ങള്‍ പൊറുക്കാനും അനുഗ്രഹങ്ങള്‍ക്കുമായി ഏക ദൈവത്തോട് പ്രാര്‍ഥിച്ചപ്പോള്‍, വിവരണാതീതമായ ആത്മീയ നിര്‍വൃതിയാണ് തനിക്ക് ലഭിച്ചതെന്നും അന്ന് മുഹമ്മദ് അലി പറയുകയുണ്ടായി.

മാറ്റങ്ങള്‍ തുടങ്ങിയ കൗമാരം

അമേരിക്കയിലെ കേന്റക്കിയിലുള്ള ലുയിസ് വില്ലിയില്‍ 1942 ജനുവരി 17ന് ഒരു ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച്, കാഷ്യസ് മാര്‍സെല്ലസ് ക്ലേ ജൂനിയര്‍ എന്ന പേരില്‍ മാമോദീസ സ്വീകരിച്ചയാളായിരുന്നു അലി. കൗമാരത്തില്‍ അമ്മയാണ് അലിയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത്. അമ്മയുടെ കൈപിടിച്ച്, ലൂയിസ് വില്ലിലുള്ള കിങ് സോളമന്‍ മിഷനറി ബാപ്റ്റിസ്റ്റ് പള്ളിയിലേക്ക് കുഞ്ഞു ക്ലേയും പതിവായി ആരാധനയ്ക്കായി എത്തിയിരുന്നു.

കൗമാരപ്രായത്തില്‍ തന്നെ അദ്ദേഹത്തിന്റെ മതപരമായ വീക്ഷണങ്ങളില്‍ മാറ്റങ്ങള്‍ സംഭവിച്ചു തുടങ്ങിയിരുന്നു. തെക്കന്‍ യുഎസിലെ തന്റെ വളര്‍ച്ചാകാലഘട്ടത്തില്‍ അദ്ദേഹം അനുഭവിച്ച വംശീയ വെറിയുടെയും വേര്‍തിരിവിന്റെയും അനന്തരഫലമായാണ് അലി മതപരമായി മാറിച്ചിന്തിച്ചു തുടങ്ങിയത്.


തന്റെ 16ാം വയസ്സില്‍, യു.എസിലെ മത-രാഷ്ട്രീയ ഗ്രൂപ്പായ നേഷന്‍ ഓഫ് ഇസ്‌ലാം പ്രസിദ്ധീകരിച്ച ഒരു പത്രത്തിലെ കാര്‍ട്ടൂണ്‍ ആണ് അദ്ദേഹത്തെ മതപരമായി സ്വാധീനിച്ചത്. വിശ്വാസത്തിന്റെ പേരില്‍ ഒരു കറുത്ത മുസ്‌ലിം അടിമയെ വെള്ളക്കാരനായ മേലധികാരി മര്‍ദിക്കുന്നതായിരുന്നു കാര്‍ട്ടൂണ്‍ ചിത്രത്തിന്റെ ഇതിവൃത്തം. എന്നെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചത് ഒരു കാര്‍ട്ടൂണായിരുന്നുവെന്ന് അലി പിന്നീട് തന്റെ രണ്ടാം ഭാര്യ ഖലീലയ്ക്ക് എഴുതിയ ഒരു സന്ദേശത്തില്‍ പറയുന്നുണ്ട്. നാലുതവണയാണ് അലി വിവാഹിതനായത്. ഏഴു പെണ്‍മക്കളും രണ്ട് ആണ്‍മക്കളുമുള്ള അലിയുടെ ആദ്യ വിവാഹം 1964 ആഗസ്റ്റ് 14നായിരുന്നു. ഒരു ബാര്‍ജീവനക്കാരിയായിരുന്ന സോന്‍ജി രോയി ആയിരുന്നു ആദ്യ ഭാര്യ. എന്നാല്‍, ഈ ബന്ധം അധികകാലം നിലനിന്നില്ല. 1966 ജനുവരിയില്‍ ആ ബന്ധം വേര്‍പിരിഞ്ഞു. അലിയുടെ മകള്‍ ലൈല അലിയും ബോക്സിങ് ചാമ്പ്യനാണ്.

അലി എന്ന ക്ലേയുടെ കൗമാരം ചൂടുപിടിക്കുന്ന കാലത്ത് അമേരിക്കയില്‍ വര്‍ണ വിവേചനം അതിന്റെ മൂര്‍ത്തീഭാവം പൂണ്ടിരുന്നു. കറുത്തവര്‍ക്കും വെളുത്തവര്‍ക്കും ഹോട്ടലുകള്‍ പോലും വെവ്വേറെയായിരുന്നു. പാര്‍ക്കുകളിലും പള്ളികളിലും തുടങ്ങി ദൈനം ദിന ജീവിതത്തിലെ സര്‍വ മേഖലകളിലും വര്‍ണത്തിന്റെ പേരിലുള്ള അസമത്വം കൊടികുത്തി വാഴുകയായിരുന്നു. അന്ന് അമേരിക്കയില്‍ എല്ലായിടത്തും സാധാരണയായി കണ്ടുവന്ന 'വെള്ളക്കാര്‍ക്ക് മാത്രം' എന്ന് കുറിച്ച ബോര്‍ഡുകള്‍ പോലും അലിയുടെ മനസ്സിനെ വല്ലാതെ സ്വാധീനിച്ചു. കറുത്ത വര്‍ഗക്കാരായ എല്ലാ കുട്ടികളിലുമെന്ന പോലെ ക്ലേയുടെ മനസ്സിലും വര്‍ണ വിവേചനം തുന്നിച്ചേര്‍ക്കാനാവാത്ത മുറിവുകളാണ് സൃഷ്ടിച്ചത്. ലോക പോരാട്ടവേദികളിലെ തന്റെ മികവിന് കരുത്ത് പകര്‍ന്നതും ഈ ദുരനുഭവങ്ങള്‍ തന്നെയായിരുന്നു.

കറുത്തവര്‍ഗക്കാരനായത് കൊണ്ട് മാത്രം ലൂയിസ്വില്ലിലെ ഒരു റെസ്റ്റോറന്റിലെ ഭക്ഷണം തനിക്ക് നിഷേധിച്ചപ്പോള്‍, 1960ല്‍ റോമില്‍ നടന്ന ഒളിമ്പിക്സില്‍ ലൈറ്റ് ഹെവിവെയ്റ്റ് ബോക്‌സിങ് വിഭാഗത്തില്‍ താന്‍ നേടിയ സ്വര്‍ണ്ണ മെഡല്‍ ഒഹിയോ നദിയിലേക്ക് വലിച്ചെറിഞ്ഞാണ് അലി അന്ന് പ്രതിഷേധിച്ചത്. ആ നിമിഷം മുതലാണ് താന്‍ ഇസ്‌ലാം മതവിശ്വാസിയായി മാറിയതെന്ന് പിന്നീടൊരിക്കല്‍ അലി വെളിപ്പെടുത്തി.

യുദ്ധവിരുദ്ധ നായകന്‍

അമേരിക്ക വിയറ്റ്‌നാമിനെതിരെ യുദ്ധത്തിനിറങ്ങിയപ്പോള്‍, 1967 ഏപ്രില്‍ 28ന് നടന്ന നിര്‍ബന്ധിത പട്ടാള റിക്രൂട്ട്‌മെന്റെ് ക്യാമ്പില്‍വെച്ച് അലിയുടെ പേര് വിളിക്കുകയുണ്ടായി. എന്നാല്‍, സ്വന്തം സഹോദരങ്ങളായ മനുഷ്യരെയോ, കറുത്തവരേയോ, പാവങ്ങളേയോ, വിശക്കുന്നവരേയോ വന്‍ശക്തരായ അമേരിക്കക്ക് വേണ്ടി വെടിവെച്ചു കൊല്ലാന്‍ തന്റെ മനസ്സാക്ഷി അനുവദിക്കുന്നില്ലെന്ന് പറഞ്ഞ അലി പട്ടാള സേവനം ചെയ്യാന്‍ തയാറായില്ല. ഇത് അമേരിക്കയുടെ രാഷ്ട്രീയ-കായിക രംഗത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.

'ഞാന്‍ എന്തിനു വേണ്ടി അവരെ വെടിവെച്ചു വീഴ്ത്തണം..? അവരെന്നെ നീഗ്രോ എന്നു വിളിച്ചിട്ടില്ല, എന്നോട് ക്രൂരമായി പെരുമാറിയിട്ടില്ല. ജപ്പാനികളോ, വിയറ്റനാമികളോ അല്ല, മറിച്ച് വെള്ളക്കാര്‍ തന്നെയാണ് എന്റെ ശത്രുക്കള്‍. എന്റെ സ്വാതന്ത്ര്യത്തിനും നീതിക്കും, സമത്വത്തിനും നിങ്ങളെതിരാണ്. എന്റെ വിശ്വാസങ്ങള്‍ക്ക് വേണ്ടി ഇവിടെ അമേരിക്കയില്‍ നിങ്ങള്‍ക്ക് നില കൊള്ളാനാവുന്നില്ല. പക്ഷെ, ലോകത്ത് മറ്റെവിടെയെങ്കിലും പോയി ഞാന്‍ മെഡല്‍ വാങ്ങണമെന്ന് നിങ്ങളാഗ്രഹിക്കുന്നു' ഇതെല്ലാമാണ് അന്ന് മുഹമ്മദ് അലി എടുത്ത നിലപാടുകള്‍.


നിര്‍ബന്ധിത പട്ടാള സേവനം ചെയ്യാതിരുന്നതോടെ അലിയുടെ ചാമ്പ്യന്‍ പട്ടങ്ങളെല്ലാം അമേരിക്ക തിരിച്ചെടുക്കുകയും അഞ്ച് വര്‍ഷത്തെ തടവിനും 10,000 ഡോളര്‍ പിഴയും വിധിച്ചു. തുടര്‍ന്ന് കോടതിയുടെ മുന്‍പാകെ നല്‍കിയ അപ്പീലിന്മേല്‍ സ്വതന്ത്രനാക്കപ്പെട്ട മുഹമ്മദലി പിന്നീടുള്ള കാലഘട്ടം കോളജ് കാമ്പസ്സുകളില്‍ യുദ്ധവിരുദ്ധ പ്രചാരണങ്ങളുമായി ശ്രദ്ധേയമായി. വര്‍ണവിവേചനത്തിനും അനീതിക്കുമെതിരെയുള്ള അലിയുടെ പോരാട്ടങ്ങള്‍ക്ക് ഇത് കൂടുതല്‍ കരുത്ത് പകര്‍ന്നു. മാര്‍ട്ടിന്‍ ലൂഥര്‍ കിങിനെപ്പോലുള്ള ക്രിസ്ത്യന്‍ പൗരാവകാശ പ്രവര്‍ത്തകര്‍ക്കെതിരായ, തരംതിരിവുകളെയും അലി ശക്തമായി എതിര്‍ത്തിരുന്നു. സ്വയം സഹായമാണ് നിലനില്‍പിനായി കറുത്തവര്‍ഗക്കാര്‍ക്ക് മുന്നിലുള്ള ഏക പോംവഴിയെന്ന് അലി പറയുമായിരുന്നു.

ലോകകിരീടം തിരിച്ചു പിടിച്ച് ആത്മീയ യാത്ര

തന്റെ ഇസ്‌ലാമിലേക്കുള്ള വരവ് പരസ്യാമായതോടെയാണ് മുഹമ്മദ് അലിയെന്ന പേര് സ്വീകരിച്ചത്. അമേരിക്കയിലെ അക്കാലത്തെ മുസ്‌ലിം നേതാവായ ഏലിയാ മുഹമ്മദിനോടുള്ള ആദരവ് പ്രകടിപ്പിച്ച് ആദ്യനാമവും, മുഹമ്മദ് നബിയുടെ മരുമകനായ അലിയുടെ പേരും ചേര്‍ത്താണ് മുഹമ്മദ് അലി എന്ന ആ വിഖ്യാത നാമത്തിന് രൂപം നല്‍കിയത്.

1972ല്‍ ജനുവരിയിലാണ് ഹജ്ജ് നിര്‍വഹിക്കാനായി അലി മക്കയിലെത്തുന്നത്. അന്ന് സൗദി അറേബ്യയിലെ രാജകുടുംബാംഗങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ലോകമെമ്പാടുമെന്ന പോലെ മുസ്‌ലിം, അറബ് രാജ്യങ്ങളിലും ഇപ്പോഴും അലിക്ക് വലിയ ആരാധക പിന്തുണയാണുള്ളത്. അന്ന് മദീനയിലെത്തി മുഹമ്മദ് നബിയുടെ ഖബറിടം സന്ദര്‍ശിച്ചതോടെ, ഒരു വര്‍ഷം മുമ്പ് തന്നെ തോല്‍പ്പിച്ച ജോ ഫ്രേസിയറിനെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന ആത്മവിശ്വാസം തനിക്ക് ലഭിച്ചതായി അലി വെളിപ്പെടുത്തിയിരുന്നു.


1974ല്‍ ബോക്സിങ് റിങ്ങില്‍ ഫ്രേസിയറിനെ ഇടിച്ചിട്ട അലി, 'റംബിള്‍ ഇന്‍ ദി ജംഗിള്‍' എന്ന പേരില്‍ പ്രശ്സ്തമായ മത്സരത്തില്‍ ജോര്‍ജ്ജ് ഫോര്‍മാനില്‍നിന്ന് തന്റെ ലോക കിരീടം തിരിച്ചുപിടിക്കുകയും ചെയ്തു.


പാര്‍ക്കിന്‍സണ്‍സ് ബാധിതനായിരുന്നു അലി, തന്റെ അവസാന കാലഘട്ടത്തില്‍ സുന്നി-സൂഫിസത്തില്‍ താന്‍ ആകൃഷ്ടനയെന്ന് വ്യക്തമാക്കിയിരുന്നു. തന്റെ വിശ്വാസങ്ങള്‍ക്ക് പുറത്ത്, എല്ലാ വിശ്വാസങ്ങളോടും കൂടുതല്‍ സഹിഷ്ണുതയോടെ വര്‍ത്തിക്കാനും യുദ്ധത്തില്‍നിന്നു പോലും ഒഴിഞ്ഞുമാറാനും കരുത്തനായ ഈ പോരാളിക്ക് സാധിച്ചു. ഇന്നും നിലനില്‍ക്കുന്ന 'വംശവെറിയുടെ കുത്തക മുതലാളിമാരായ വെള്ളക്കാരെ' 'നീലക്കണ്ണുകളുള്ള, സുന്ദരമായ മുടിയുള്ള പിശാച്ചുക്കള്‍' എന്നാണ് മുഹമ്മദ് അലി അന്ന് വിശേഷിപ്പിച്ചത്. സെപ്റ്റിക് ഷോക്ക് സംഭവിച്ച് 2016 ജൂണ്‍ മൂന്നിനാണ് 74കാരനായ മുഹമ്മദ് അലി മരണത്തിന് കീഴടങ്ങിയത്.

Similar Posts