നാരായണ ഗുരുവും സ്വര്‍ണ്ണമത്സ്യങ്ങളും
|എസ്. ഹരീഷിന്റെ 'മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ' എന്ന കഥയെക്കുറിച്ച്
ഡി.സി ബുക്‌സ് 2018 ല്‍ പുറത്തിറക്കിയ 'അപ്പന്‍' (എസ്. ഹരീഷ്)എന്ന സമാഹാരത്തില്‍ ഉള്‍പ്പെടുന്ന, കഥയാണ് 'മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ' എന്നത്. 2016 ഒക്ടോബറില്‍ പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ഈ കഥ ആദ്യമായി പ്രസിദ്ധീകരിച്ചത്. ഹരീഷിന്റെ മുഖചിത്രത്തോടെ കഥയുടെ ശീര്‍ഷകം വലുതായി കവറില്‍ എഴുതിയ നിലയിലായിരുന്നു ആ ലക്കം. സ്വാഭാവികമായും പിന്നീട് കഥ വിവാദമായി. അവാര്‍ഡും കിട്ടി. അതുപോലെ സ്വാഭാവികമായി പാഠപുസ്തകവുമായി. ഇത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബികോമിനും മലയാളം മെയിനിനും പഠിക്കാന്‍ വച്ചിട്ടുണ്ട്. 2018ല്‍ ഡി.സി ബുക്‌സ് പുറത്തിറക്കിയ 'അപ്പന്‍' എന്ന കഥാസമാഹാരത്തില്‍ നിന്നും ഡി.സി ബുക്‌സ് തന്നെ എടുത്തു പാഠപുസ്തകം നിര്‍മിച്ചിരിക്കുന്നു. കവര്‍ച്ചിത്രമാക്കാന്‍ തീരുമാനിക്കുന്ന കഥകളുടെ സ്വാഭാവിക പരിണാമമാണ് ഇതൊക്കെ. വായിച്ചതിന് ശേഷം വായനക്കാര്‍ നിര്‍മിക്കുന്നതല്ല പല കൃതികളുടെയും വിധി. മുന്‍കൂട്ടി നിര്‍മിക്കുന്ന ജാതകവശാല്‍ ഉണ്ടാക്കപ്പെടുന്നതാണ്
ഈ കഥയുടെ ശീര്‍ഷകം കുമാരനാശാന്‍ ശ്രീനാരായണ ഗുരുവിനെക്കുറിച്ചെഴുതിയ 'ഗുരു' എന്ന കവിതയില്‍ നിന്നും എടുത്തതാണ്. ഡി.സി ബുക്‌സ് തന്നെ പ്രസിദ്ധീകരിച്ച ആശാന്റെ സമ്പൂര്‍ണ കൃതികളിലെ 'വനമാല' എന്ന സമാഹാരത്തിലാണ് 'മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ' എന്ന പ്രയോഗമുള്ളത്. അന്യനു ഗുണം വരാനായി ആയുസ്സും ശരീരവും തപസ്സും വെടിയുന്നവനാണ് ഗുരു എന്ന ആശയമാണ് ഈ കവിതയില്‍ മുന്നോട്ടുവയ്ക്കുന്നത്. തപസ്സിലൂടെ നേടുന്ന മോക്ഷം, ദൈവപദം എന്നിവയുടെ സ്ഥാനം 'ഗുരു' എന്ന സങ്കല്പനത്തിന് നല്‍കുകയാണ് ഈ കവിതയില്‍. ഇഹലോക ജീവിതം പാപമാണെന്നും സ്‌നേഹബന്ധങ്ങള്‍ നമ്മെ കെട്ടിയിടുന്ന കയറാണെന്നും അതുപേക്ഷിക്കണമെന്നും മറ്റുമുള്ള പല നിലപാടുകളും ഇന്ത്യന്‍ ഈശ്വര സങ്കല്‍പത്തിലുണ്ട്. എന്നാല്‍, ജീവിത വ്യാമോഹങ്ങളെ അകറ്റുകയും സ്‌നേഹപാശം കൊണ്ട് ബന്ധിപ്പിക്കുകയും ചെയ്യുന്ന ഒരാള്‍ എന്ന നിലയിലാണ് ഗുരുവിനെ ഇവിടെ അവതരിപ്പിക്കുന്നത്. അതായത് ബന്ധവിമോചകനായ ദൈവത്തിന്റെ സ്ഥാനത്ത് സ്‌നേഹം കൊണ്ടു ബന്ധിപ്പിക്കുന്ന ഗുരുവിനെ കൊണ്ടു വരുന്നു. സ്‌നേഹമില്ലാത്ത അവസ്ഥയാണ്' നെടുമോഹനിദ്ര' എന്ന് 'ലീല'യില്‍ പറയുന്ന ഈ ആശയം ആശാന്റെ മിക്ക കൃതികളിലും കടന്നു വരുന്നുണ്ട്. മനുഷ്യബന്ധങ്ങളാണ്, സ്‌നേഹ ബന്ധങ്ങളാണ് പ്രധാനം എന്ന ബോധ്യം നാരായണഗുരുവിനും ആശാനുമുണ്ടായിരുന്നു. പഴയ ദൈവസങ്കല്‍പത്തോടുള്ള ഈ നിഷേധമാണ് ജാതിഭേദങ്ങള്‍ക്കെതിരായ നിലപാടായി സാമൂഹിക സമരങ്ങളായി കാണുന്നത്. നിലവിലെ ദൈവ സങ്കല്‍പത്തെ എതിര്‍ത്താണ് അരുവിപ്പുറം പ്രതിഷ്ഠ നടത്തുന്നത്. അതിനെ ധിക്കരിച്ചാണ് കണ്ണാടി പ്രതിഷ്ഠ നടത്തുന്നത്. അമ്പലങ്ങള്‍ക്കു പകരം ഗ്രന്ഥാലയങ്ങള്‍ മതി എന്നത് അതിന്റെയും നിഷേധമാണ്. അങ്ങനെ നിഷേധങ്ങളുടെ നിര്‍മാണം നടത്തുന്നയാളാണ് ഗുരു. ജാതിവാദങ്ങള്‍ക്കും മതപ്പോരുകള്‍ക്കും ഇടയില്‍ സ്ഥിരചിത്തതയോടെ മല പോലെ നിലകൊള്ളുന്ന ഗുരുവിനെ ആശാന്‍ കവിതയില്‍ കാണാം. ഇവിടെ ഹരീഷ് മോദസ്ഥിതനായി എന്നാണ് കഥാ ശീര്‍ഷകത്തില്‍ ഉപയോഗിക്കുന്നത്. കേരളീയ പൊതുബോധത്തില്‍ മലപോലെ വളര്‍ന്നു വരുന്നതോ നിലനില്‍ക്കുന്നതോ ആയ ജാതി ബോധത്തെ സംബോധന ചെയ്യുകയാണിവിടെ.
കേരളീയ സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന ജാതീയതയെ തുറന്നു കാണിക്കാനുള്ള ഒരു ശ്രമമാണ് പ്രത്യക്ഷത്തില്‍ ഹരീഷിന്റെ ഈ കഥ. നായര്‍-ഈഴവ വിഭാഗത്തിലുള്ള രണ്ടു പേരുടെ വിവാഹത്തെ അടിസ്ഥാനമാക്കിയാണ് ഇവിടെ ജാതിബോധത്തെ ചിത്രീകരിക്കുന്നത്. നായര്‍ ജാതിയില്‍പെട്ട അനൂപും ഈഴവ ജാതിയില്‍ ഉള്‍പ്പെടുന്ന പവിത്രയും തമ്മിലുള്ള വിവാഹ നിശ്ചയവും വിവാഹവുമാണ് ഈ കഥയില്‍ പ്രധാനമായും അവതരിപ്പിക്കുന്നത്. കല്യാണ നിശ്ചയ ദിവസത്തെ സംഭാഷണങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും ഈഴവ സ്വത്വത്തിനുമേല്‍ നായര്‍ സ്വത്വം ആധിപത്യവും അധിനിവേശവും നേടിയെടുക്കുന്നതായും വിവാഹശേഷവും അത് തുടരുന്നതുമാണ് പ്രസ്തുത കഥയുടെ പ്രമേയം. ഭക്ഷണം, വസ്ത്രം, ആഭരണങ്ങള്‍, ആചാരങ്ങള്‍, ഭാഷ ഇവയിലെല്ലാം ഈഴവ ജാതി സ്വത്വം നായര്‍ സ്വത്വത്തിന് വിധേയമാകാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. മിശ്രവിവാഹങ്ങളടക്കം നടക്കുന്ന വിധം സമൂഹം പുരോഗമിച്ചുവെങ്കിലും ജാത്യാധിപത്യം സാംസ്‌കാരികമായ തുടര്‍ച്ച കൈവരിക്കുന്നു എന്നാണ് കഥാകൃത്ത് പറയാന്‍ ശ്രമിക്കുന്നത്. ഈഴവ കുടുംബത്തിലെ നാരായണ ഗുരുവിന്റെ ചിത്രത്തിന്റെ സ്ഥാനത്ത് ചതുര്‍ബാഹുവായ ബ്രഹ്മാവിന്റെ ചിത്രം പുനഃപ്രതിഷ്ഠിക്കുന്ന നിലയിലേക്ക് ഈ സമ്മര്‍ദം വളരുന്നു. മാറ്റിവച്ച ഗുരുവിന്റെ ചിത്രം ദ്രവിക്കുന്നതും ചിത്രം നിലനിന്ന പഴയ ഓടിട്ട വീട് പൊളിച്ചു മാറ്റാന്‍ ആലോചിക്കുന്നതും അവതരിപ്പിച്ചുകൊണ്ടാണ് കഥ അവസാനിക്കുന്നത്. കേരളീയരുടെ ജാതി ബോധവും ഒരു ജാതി സ്വത്വത്തിനു മേല്‍ മറ്റൊരു ജാതി സ്വത്വത്തിന്റെ ആധിപത്യവുമാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഭക്ഷണം, വസ്ത്രം, ആഭരണം, ഭാഷ ഇവയില്‍ സംഭവിക്കുന്ന നായര്‍ വത്കരണമാണ് ( ഈഴവ ജാതി സ്വത്വത്തിനു മേല്‍ ) കഥാകൃത്ത് ഒരു പ്രശ്‌നമായി അവതരിപ്പിക്കുന്നത്
ഭക്ഷണം
വിവാഹ നിശ്ചയ ദിവസത്തെ പാചകത്തില്‍ പവിത്രയുടെ അമ്മ അവിയലിലും പുളിശ്ശേരിയിലും വെളുത്തുള്ളി ചേര്‍ത്തില്ല എന്ന് കഥയില്‍ പറയുന്നു. ഈഴവര്‍ വെളുത്തുള്ളി ചേര്‍ക്കും നായര്‍ ജാതിക്കാര്‍ വെളുത്തുള്ളി ചേര്‍ക്കില്ല അതിനാല്‍ നായരുമായി തന്മയീഭവിക്കാനായി വിധേയപ്പെടുന്ന പ്രവൃത്തിയാണ് പവിത്രയുടെ അമ്മയുടേത് എന്നു ധ്വനി. പുതിയ തലമുറയിലെ പലര്‍ക്കും അറിയുക പോലുമില്ലാത്ത ഒന്നാണ് ഈഴവര്‍ വെളുത്തുള്ളി ഉപയോഗിക്കും നായര്‍ അത് ചേര്‍ക്കില്ല എന്നത്. ഇന്ന് നിലനില്‍ക്കുക പോലും ചെയ്യാത്ത തരം ജാതി ശീലങ്ങളാണ് വാസ്തവത്തില്‍ ഇതിലൂടെ ഉയര്‍ത്തിക്കൊണ്ടു വരുന്നത്. ഭക്ഷണം ഇന്ന് വ്യവസായവുമായാണ് ബന്ധപ്പെട്ടുകിടക്കുന്നത്. അവര്‍ണ്ണ ഭക്ഷണവും സവര്‍ണ്ണ ഭക്ഷണവുമെല്ലാം ഇന്ന് ഏതു ഭക്ഷണ ശാലയില്‍ നിന്നും ലഭിക്കും. ദലിത് പഠനങ്ങള്‍ എന്ന രീതിയിലും ഫോക്‌ലോര്‍ പഠനങ്ങള്‍ എന്ന രീതിയിലും ഭക്ഷണത്തിലെ ജാതിസ്വത്വം കൃത്രിമമായി ഉന്നയിക്കപ്പെടുന്നുണ്ട്.
വസ്ത്രം
ഭക്ഷണത്തിലേതെന്നതു പോലെ വസ്ത്രത്തിന്റെ കാര്യത്തിലുള്ള വിധേയപ്പെടലുകള്‍ എന്ന നിലയിലും ചിലത് അവതരിപ്പിക്കപ്പെടുന്നുണ്ട്. പവിത്ര തിരഞ്ഞെടുത്ത ഇളം മഞ്ഞ നിറത്തിലുള്ള ഷോള്‍ അമ്മ എടുത്തു മാറ്റുന്നതായി കഥയില്‍ കാണാം. ഈഴവ സ്വത്വത്തിന്റെ അടയാളമാണ് മഞ്ഞ എന്നും അമ്മ നായര്‍ സ്വത്വത്തിന് കീഴ്‌പ്പെടുന്നു എന്നും വ്യംഗ്യം. മഞ്ഞ എന്ന നിറം ഇക്കാലത്തും ഈഴവ സ്വത്വവുമായി ചേര്‍ന്നു നില്‍ക്കുന്നു എന്ന യുക്തിരഹിതമായ ചിത്രമാണ് ഇവിടെ അവതരിപ്പിക്കുന്നത്.
ആഭരണം
ആഭരണത്തിന്റെ കാര്യത്തിലും ഇതേ നില തുടരുന്നു. കല്യാണത്തിന് ഓം എന്നെഴുതിയ വലിയ താലി വേണ്ടെന്നും ചെറിയ പ്ലെയ്ന്‍ താലി മതിയെന്നും അനൂപിന്റെ അമ്മ പറയുമ്പോള്‍ തന്റെ താലി സാരിക്കുള്ളില്‍ മറഞ്ഞിരിക്കുന്നു എന്ന് ഉറപ്പു വരുത്തുന്ന പവിത്രയുടെ അമ്മയെയാണ് കാണുന്നത്. ഇവിടെ നായര്‍ ആഭരണസ്വത്വത്തിന് ഈഴവര്‍ വഴങ്ങുന്നു എന്നാണ് വിവക്ഷ.
ഭാഷ
ഭാഷയുടെ കാര്യത്തിലും ഇത്തരം അധിനിവേശങ്ങള്‍ ഉള്ളതായി കഥ അവതരിപ്പിക്കുന്നുണ്ട്. നായികയുടെ വലിയമ്മ 'ചോറു തിന്നാന്‍' എത്രപേര്‍ കാണും എന്ന് ചോദിക്കുമ്പോള്‍ 'തിന്നുക' എന്നതിനു പകരം 'ഉണ്ണുക' എന്ന് ഉപയോഗിക്കണമെന്നാണ് നായികയുടെ അമ്മ പറയുന്നത്. അതുപോലെ പപ്പടം 'കച്ചാന്‍' ഞാനും കൂടാം എന്ന് നായകന്റെ അമ്മ പറയുമ്പോള്‍ പവിത്രയുടെ അമ്മ പപ്പടം 'വറുക്കുക' എന്ന പദം ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. ചോറു തിന്നുക, പപ്പടം വറുക്കുക എന്നിവ ഈഴവ ഭാഷാഭേദങ്ങള്‍ ആണെന്നും ചോറുണ്ണുക, പപ്പടം കാച്ചുക തുടങ്ങിയവ നായര്‍ ഭാഷാഭേദങ്ങള്‍ ആണെന്നും ഭാഷയുടെ ദലിത് സ്വത്വത്തിനു മേല്‍ ഭാഷയുടെ സവര്‍ണ്ണസ്വത്വം കടന്നു കയറുന്നതായും എഴുത്തുകാരന്‍ ധ്വനിപ്പിക്കുന്നു. ഇത് പഴയ തലമുറയില്‍ മാത്രം നിലനില്‍ക്കുന്ന ഒന്നല്ലെന്നും പുതിയ തലമുറയിലും തുടരുന്നതാണെന്നും കൂടി കഥാകൃത്ത് ധരിപ്പിക്കുന്നു. വിവാഹ ശേഷം ടൂറിനു പോകുമ്പോള്‍ 'ആനേനെ കണ്ടു' എന്ന് പറയുന്ന പവിത്രയെ 'ആനയെ കണ്ടു' എന്ന് തിരുത്തുന്ന അനൂപ് ഇതിന് ഉദാഹരണമാണ്. ആനേനെ എന്നത് ഈഴവരുടെ ഉച്ചാരണം ആണെന്നും ആനയെ എന്നത് നായര്‍ ഉച്ചാരണമാണെന്നും കഥ പഠിപ്പിക്കുന്നു. ജാതി മാത്രമല്ല, കാലം, ദേശം, പ്രായം, വിദ്യാഭ്യാസം തുടങ്ങി അനേകം കാര്യങ്ങള്‍ ഭാഷാഭേദത്തെ സ്വാധീനിക്കുന്നു എന്ന വസ്തുത നിലനില്‍ക്കെയാണ് ഭാഷയെ ജാതി സ്വത്വത്തില്‍ മാത്രം ഊന്നി നിര്‍ത്തുന്ന കാലഹരണപ്പെട്ട അവതരണം ഉണ്ടാകുന്നത്.
വ്യക്തികള്‍, കഥാപാത്രങ്ങള്‍, സ്ഥലങ്ങള്‍
കഥയില്‍ ഭക്ഷണം, വസ്ത്രം, ആഭരണം, ഭാഷ തുടങ്ങിയ സാംസ്‌കാരിക ഘടകങ്ങള്‍ എല്ലാം ജാതിസ്വത്വത്തിന്റെ അടയാളമായിത്തീരുന്നു. സംസ്‌കാരത്തെക്കുറിച്ച് പഠിച്ചിട്ടുള്ള റെയ്മണ്ട് വില്യംസിനെ പോലുള്ളവര്‍ സംസ്‌കാരം ഇങ്ങനെ നിശ്ചലമായതല്ല ചലനാത്മകവും ചേര്‍ച്ചകളും വിച്ഛേദങ്ങളും നിറഞ്ഞതാണെന്നും നിരീക്ഷിച്ചിട്ടുണ്ട്. വ്യക്തികളുടെ അവതരണവും കഥയില്‍ ജാതി സ്വത്വവാദപരമാണ്.
നായികയുടെ പിതാവ് പല്ലുതേച്ചു കഴിഞ്ഞ് ബ്രഷ് അരയില്‍തിരുകി വയ്ക്കുന്നത് കാണുമ്പോള്‍ പനകയറ്റക്കാരന്‍ കുഞ്ഞപ്പനെ ഓര്‍മ വന്നു എന്നാണ് നായകന്റെ പിതാവ് പറയുന്നത്. ഏതു പ്രവൃത്തികളേയും ജാതിചിഹ്നങ്ങളായി മനസ്സിലാക്കുന്ന തരം മനോനിലയാണ് ഈ കഥയിലെ കഥാപാത്രങ്ങള്‍ക്കുള്ളത്. കഥയുടെ ഒടുവിലായി പ്രത്യക്ഷപ്പെടുന്ന വര്‍ക്കലയില്‍ നിന്ന് ഗുരുവായൂരേക്കുള്ള യാത്ര ഈഴവതയില്‍ നിന്ന് നായര്‍ സ്വത്വത്തിലേക്കുള്ള പലായനത്തെ സൂചിപ്പിക്കുന്നതാണ്. സ്ഥലങ്ങളെത്തന്നെ ജാതിയുമായി ചേര്‍ത്തു വായിക്കുകയാണ് ഇതിലൂടെ. നാരായണ ഗുരുവിനെ ഈഴവരുടെ ഗുരുവെന്ന നിലയിലും ദൈവമെന്ന നിലയിലും അവതരിപ്പിക്കുന്നു. പവിത്രയുടെ അമ്മയെപ്പോലെ നായര്‍ വിധേയ ഈഴവ അധമ ബോധമുണ്ടായിരുന്ന ഒരാളാക്കി നാരായണ ഗുരുവിനെ വികലീകരിക്കുന്നു.
വരന്റെ അച്ചാച്ചനായ കരുണാകന്റെ കുട്ടിക്കാലത്തെ ഒരു സംഭവം കഥയില്‍ വിവരിക്കുന്നുണ്ട്. കരുണാകരന്‍ മീന്‍ കൂട്ടിയെന്നും ഇതറിഞ്ഞ നാരായണഗുരു കളിയാക്കിയതിനെത്തുടര്‍ന്ന് അയാള്‍ മത്സ്യമാംസാദികള്‍ വര്‍ജിച്ചുവെന്നും കഥയില്‍ പറയുന്നുണ്ട്. ഈഴവര്‍ മത്സ്യ-മാംസ ഭക്ഷണം ധാരാളമായി ഉപയോഗിക്കുന്നു എന്ന സൂചനയാണ് ഇത് നല്‍കുന്നത്. ദഹനാവസ്ഥ, വൃത്തി, തൊഴില്‍പരമായി വന്നുചേരുന്ന ദുശ്ശീലങ്ങള്‍ എന്നിവയെ ഇല്ലാതാക്കാനാണ് മദ്യ-മാംസ വര്‍ജനം പോലുള്ള ആഹ്വാനങ്ങള്‍ നാരാരണഗുരു നടത്തുന്നതെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രങ്ങളില്‍ വ്യക്തമാണെന്നിരിക്കെയാണിത്. ഇതേ കരുണാകരന്‍ പിന്നീട് കള്ളുഷാപ്പ് നടത്തിയതായും അവിടെ ഇറച്ചിയും മീനും വിളമ്പിയതായും കഥയില്‍ തുടര്‍ന്ന് പറയുന്നു. ഈഴവര്‍ക്കിടയില്‍ ഗുരു നടത്തിയത് നിര്‍ബന്ധിതമായ സവര്‍ണ്ണവല്‍കരണമാണ് എന്ന വിവക്ഷയാണ് കഥാകൃത്ത് നല്‍കുന്നത്. വിവേകാനന്ദന്‍ മാംസം ഭക്ഷിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് പറഞ്ഞതും നാരായണഗുരു മറിച്ച് പറഞ്ഞതും അതത് സാംസ്‌കാരിക പശ്ചാത്തലങ്ങളില്‍ പരിശോധിക്കപ്പെടേണ്ടവയാണ്. ഭക്ഷണമെന്ന സാംസ്‌കാരിക ഘടകത്തെ മറ്റെല്ലാമെന്ന പോലെ ജാതിസ്വത്വത്തില്‍ നിന്നും സ്വതന്ത്രമാക്കുകയാണിവര്‍ ചെയ്തത്. വിവേകാനന്ദന്‍ നായര്‍സ്വത്വത്തെ ഈഴവ സ്വത്വത്തിന് അടിമപ്പെടുത്തുകയോ നാരായണ ഗുരു ഈഴവ സ്വത്വത്തെ നായര്‍ സ്വത്വത്തിനു അടിമപ്പെടുത്തുകയോ അല്ല ചെയ്തത്. മറിച്ച് സംസ്‌കാരത്തെ ജാതിസ്വത്വത്തില്‍ നിന്നും സ്വതന്ത്രമാക്കുകയാണിവര്‍ ചെയ്തത്. അതാണ് നവോത്ഥാന പ്രവര്‍ത്തനവും സര്‍ഗ്ഗാത്മക പ്രവര്‍ത്തനവും.
കുളിച്ചല്ലേയില്‍ നിന്നും കുളിക്കല്ലേയിലേയ്ക്ക്
ജാതീയത തീവ്രമായിരുന്ന കാലത്ത് ഈഴവ സ്ത്രീകള്‍ മുട്ടിനു താഴെ നില്‍ക്കുന്ന വസ്ത്രം ധരിക്കുന്നത് ജാതി നിയമങ്ങള്‍ക്ക് വിരുദ്ധമായിരുന്നു. അതേസമയം നായര്‍ സ്ത്രീകള്‍ മുട്ടിനു താഴെ വരെ വരുന്ന അച്ചിപ്പുടവയാണ് ഉടുത്തിരുന്നു. വസ്ത്രധാരണത്തിലെ മാറ്റങ്ങള്‍ വലിയ കലാപങ്ങള്‍ ഒരു കാലത്ത് ഉണ്ടാക്കി. അത്തരത്തില്‍ ജാതി ശക്തമായിരുന്ന കാലത്ത് പോലും ജാതി സ്വത്വത്തെ അനുകൂലിക്കുന്ന കഥകള്‍ അല്ല പിറന്നത്. അഥവാ, ആ കാലത്ത് അങ്ങനെ പിറക്കില്ല. ഫാഷന്‍ വ്യവസായവും ഭക്ഷണ വ്യവസായവും ഏതു ജാതി സ്വത്വത്തെയും കച്ചവടാനുകൂലമായി പ്രോത്സാഹിപ്പിക്കുന്ന സമകാലത്തേ ഇത്തരം ആഖ്യാനങ്ങള്‍ ഉണ്ടാവുകയും കവര്‍ച്ചിത്രമാകുകയും സമ്മാനിതമാകുകയും പാഠപുസ്തകമാകുകയും ചെയ്യുകയുള്ളൂ. നവോത്ഥാന കാലത്ത് ബഷീറിന്റെ 'ന്റുപ്പൂപ്പാക്കരൊനേണ്ടാര്‍ന്നു' എന്ന കൃതിയില്‍ കുഞ്ഞുപ്പാത്തുമ്മയുടെ ഭാഷാസ്വത്വം തിരുത്തപ്പെടുന്നതു കാണാം. 'കുളിച്ചല്ലേ '
എന്നതിന്റെ ജാതിസ്വത്വം നഷ്ടപ്പെട്ട് കുളിക്കല്ലേ ആയി തിരുത്തപ്പെടുന്നതാണ് നവോത്ഥാനം. കുളുകുളു ലുല്ലുലു തുടങ്ങിയ തുടങ്ങിയ ഭാഷാ പ്രയോഗം കൊണ്ട് പരിഷ്‌കൃതമാനകഭാഷാ സ്വത്വവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. നവോത്ഥാന കാലസ്വത്വം എല്ലാവിധ സ്വത്വങ്ങളെയും ചോദ്യം ചെയ്യുന്ന പ്രക്രിയയാണ്. അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ശിവന്റെ സ്വത്വം തിരുത്തപ്പെടുന്നു. തുടര്‍ന്ന് നിരന്തരമായ നിഷേധം കാണാം. അറ തിരിച്ചുള്ള സ്വത്വങ്ങളുടെ തിരോധാനം തന്നെയാണ് വാസ്തവത്തില്‍ നവോത്ഥാനം.
സാമ്പാറ് പൊടിയും സംസ്‌കാര വ്യവസായവും
വ്യാവസായിക കാലത്ത് വാണിജ്യത്തിന് അനുകൂലമായ രീതിയില്‍ ജാതിസ്വത്വങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരുന്ന രീതി പ്രബലമാണ്. ബ്രഹ്മിണ്‍ സാമ്പാറ് കറി പൗഡറിന്റെ പരസ്യം ഉദാഹരണം. ബ്രാഹ്മണര്‍ ഉണ്ടാക്കുകയോ വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുന്ന ഒന്നല്ല ബ്രാഹ്മിണ്‍ സാമ്പാറ് പൊടി. ജാതി വ്യവസ്ഥ ഉണ്ടാകണമെന്നോ ബ്രാഹ്മണര്‍ മാത്രമേ ഉത്പന്നം വാങ്ങാവു എന്നോ ഉദ്ദേശിക്കുന്നില്ല. ബ്രാഹ്മണന്‍ എന്ന പ്രതീതിസംസ്‌കാരത്തെ വിപണനം ചെയ്യുക മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ. മനുഷ്യര്‍ സ്വന്തമായി കറി വയ്ക്കുന്നവരാകരുത്, കറി പൗഡര്‍ ഉപയോഗിക്കുന്ന ഇച്ഛയില്ലാത്ത ഉപഭോക്താക്കള്‍ ആക്കണമെന്നേ നിര്‍ബന്ധമുള്ളൂ. ഇവിടെ പറഞ്ഞ കഥയില്‍ ഉയര്‍ത്തിക്കൊണ്ടു വരുന്ന പ്രതീതി സംസ്‌കാരത്തിനും അതാണ് ലക്ഷ്യം. മാമുക്കോയയെ കേന്ദ്രമാക്കുന്ന ബിരിയാണി അരിയുടെ പരസ്യം നോക്കൂ. മാമുക്കോയ മലയാളിയെ സംബന്ധിച്ച് അതുല്യനായ ഒരു നടനാണ്. എന്നാല്‍, അദ്ദേഹത്തെ ഒരു പ്രത്യേക വിഭാഗത്തിന്റെ പ്രതിനിധിയായി ഉപയോഗപ്പെടുത്തുകയാണ് കമ്പോളം ചെയ്യുന്നത്. ജാതിയെ ഇന്നില്ലാത്ത രീതിയില്‍ ഉപരിപ്ലവമായി ഉയര്‍ത്തിക്കൊണ്ടു വരുന്ന ഇത്തരം പരസ്യങ്ങളും കഥകളും ജാതി സംഘടനകളും ഫലത്തില്‍ ജനതയെ ഉപഭോക്താവാക്കി ചുരുക്കിയെടുക്കുന്നു. ഇച്ഛയും വ്യക്തിത്വവും മറവ് ചെയ്യുന്നു.
ജാതി സംഘടകള്‍ വിദ്യാഭ്യാസ വ്യവസായത്തിനും മദ്യവ്യവസായത്തിനുമാണ് ജാതിയെ ഉപയോഗിക്കുന്നത്. പണമാണ് അവിടെ പ്രധാനം. ജാതിയെ കറിപൗഡര്‍ പരസ്യത്തില്‍ എന്നപോലെ ഉപയോഗിക്കുന്നു എന്നു മാത്രം. മദ്യവ്യവസായത്തിന് നാരായണഗുരുവിനെ ഈഴവ സ്വത്വവാദദൈവമാക്കുന്ന സംഘടന തന്നെ കൂടുതല്‍ വ്യാവസായികമെച്ചത്തിന് സവര്‍ണ്ണ ഫാസിസത്തെ കൂട്ടുപിടിക്കും. ബിരിയാണിയും ആദിവാസി ഭക്ഷണവും ബ്രാഹ്മിണ്‍ സമ്പാറ് പൊടിയും ഒരു കൂട്ടര്‍ തന്നെ വില്‍ക്കും. ലാഭമല്ലാതെ മറ്റൊരു ജാതിയും സ്ഥായിയായി ഇല്ല. ഇത്തരം ജാതി സംഘടനകളുടെയും വ്യാവസായിക സംരംഭങ്ങളുടെയും രാഷ്ട്രീയമാണ് ഈഴവ സ്വത്വവാദത്തിന്റെയും സവര്‍ണ്ണവത്കരണത്തിന്റെയും പ്രതീകമായി നാരായണ ഗുരുവിനെയും മറ്റ് വ്യക്തികളെയും അവതരിപ്പിക്കുന്ന ഇവിടെ പറഞ്ഞ കഥയ്ക്കുള്ളത്. ജാതി സ്വത്വവിവാദങ്ങള്‍ കഥയ്ക്ക് മുന്‍പേ പിറവിയെടുക്കുന്നത് ഇത്തരം ആശയങ്ങളുടെ പ്രചരണത്തിനാണ്. ജാതി മതസ്വത്വ വിവാദങ്ങളാണ് ഇന്ന് എഴുത്തുകാരെ സൃഷ്ടിക്കുന്നത് എന്നു വന്നിരിക്കുന്നു. 'മീശ ' എന്ന ഹരീഷിന്റെ നോവലും അങ്ങനെ ഉപയോഗിക്കപ്പെട്ടു. മീശ മാതൃഭൂമിയിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടാല്‍ സവര്‍ണ്ണ ഫാസിസ്റ്റുകള്‍ ആക്രമിക്കും എന്ന പ്രതീതി ഉണ്ടാക്കി. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചപ്പോള്‍ ആരാലും ആക്രമിക്കപ്പെട്ടില്ല. വിവാദ സാധ്യതയും അതിലൂടെ ഉരുത്തിരിയുന്ന കച്ചവട സാധ്യതകളും എഴുത്തുകാരെയും പ്രസാധകരെയും ഒരുപോലെ പ്രലോഭിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഒരു ഉപഭോക്തൃ സമൂഹത്തിന്റെ ദയനീയതയാണ് ഇത്തരം ആഖ്യാനങ്ങള്‍ എന്നും അനുബന്ധമായി പറയാം.
കരയുള്ള മുണ്ടും സ്വര്‍ണ്ണമത്സ്യങ്ങളും
കഥയില്‍, അക്വേറിയത്തിലെ സ്വര്‍ണ്ണമത്സ്യങ്ങളെ ചൂണ്ടി ഒന്നു രണ്ടു ചെമ്പല്ലിമീനുകളെ ഇട്ടാല്‍ പച്ചയും കറുപ്പും ചേരുന്ന ഭംഗിയുണ്ടാകുമെന്ന് നായര്‍ ജാതിക്കാരന്‍ പറയുമ്പോള്‍ ഈഴവന്റെ തൊണ്ടയില്‍ കൂടി എന്തോ അന്നനാളം മുറിച്ച് താഴെക്കിറങ്ങുന്നതായി തോന്നുന്നു. സ്വര്‍ണ്ണമത്സ്യങ്ങളായിത്തീര്‍ന്ന് കച്ചവട വസ്തുവും കാഴ്ചവസ്തുവും ആകുന്നതിലെ ഞെട്ടലും പിടച്ചിലുമാണ് ഉണ്ടാകേണ്ടത്. പക്ഷെ. ജാതിസ്വത്വം നഷ്ടപ്പെടുന്നതാണ് കഥയിലെ ദുഃഖം. അതായത് കച്ചവട വസ്തുവായിത്തീരുന്നു എന്ന വ്യാവസായിക യാഥാര്‍ഥ്യത്തെ മറച്ചു പിടിക്കാന്‍ ജാതി സ്വത്വ ദുഃഖം ഉപയോഗപ്പെടുന്നു എന്നര്‍ഥം.
ഈഴവ പെണ്‍കുടുംബത്തിന്റെ പദവിയും പണവുമായിരിക്കാം ചില്ലറ അതൃപ്തികളോടെ ഈ നായര്‍ -ഈഴവ ബന്ധം സാധ്യമാക്കിയത്. അല്ലെങ്കില്‍ അവരുടെ പ്രണയമായിരിക്കാം. രണ്ടു സാധ്യതകളും കഥ മറച്ചു പിടിക്കുന്നു. ഈഴവപ്പെണ്ണിന്റെ ഇളയച്ഛന്‍ പണം കൊണ്ടു താഴെയാണെങ്കിലും കരയുള്ള മുണ്ട് വാങ്ങിക്കൊടുത്ത് അയാളെ വൃത്തിയുള്ളവനാക്കി എന്നു കഥയില്‍ ഉണ്ട്. പണപരമായ അപകര്‍ഷത സവര്‍ണ്ണവത്കരണം കൊണ്ടു പരിഹരിക്കുന്നു എന്നാണ് ഉദ്ദേശിക്കുന്നത്. ഇന്ന് സവര്‍ണ്ണവത്കരണവും പണം കൊണ്ടാണ് സാധിക്കുന്നത് എന്ന യാഥാര്‍ഥ്യം മറവ് ചെയ്യപ്പെടുന്നു. അതുപോലെ നായരായ ഉണ്ണി മാമന്‍ ഒത്തിരി ഹൗസ് ബോട്ടുകളുടെ ഉടമയായ ഈഴവന്‍ പവിത്രനുമായി എളുപ്പം ചങ്ങാത്തത്തിലായി എന്നു പറയുന്നുണ്ട്. പണം കൊണ്ടു പരിഹരിക്കാവുന്ന ജാതി സ്വത്വവാദമേ ഉള്ളൂ എന്നു അറിയാതെ വെളിപ്പെട്ടു പോകുകയാണ്. ബന്ധങ്ങളെ നിര്‍മിക്കുന്നതിനു പിന്നിലുള്ള പ്രണയം, ധനം തുടങ്ങിയ ധനാത്മകവും ഋണാത്മകവുമായ തലങ്ങളെയൊക്കെ കഥ ഒഴിവാക്കിയെടുക്കുന്നു. എന്നിട്ട് വ്യക്തികളെ ജാതി ശരീരമാക്കി അവതരിപ്പിക്കുന്നു. പണത്തിന് വേണ്ടി ജാതി സംഘടനകള്‍ ഉറക്കെ പറയുന്ന കാര്യങ്ങള്‍ ധ്വനി രൂപത്തില്‍ പറയുമ്പോള്‍ ഇത്തരം കഥകള്‍ ഉണ്ടാകുന്നു. ഇതിലെ വ്യംഗ്യം മനസിലാക്കുന്നവര്‍ ആണ് അധ്യാപകര്‍, വിമര്‍ശകര്‍ വിദ്യാര്‍ഥികള്‍ എന്നു വരുന്നു. എന്നാല്‍, ധ്വനിക്കുള്ളില്‍ ഇല്ലാതെ പോകുന്നതു കണ്ടെത്തുമ്പോള്‍ മാത്രമേ സ്വര്‍ണ്ണമത്സ്യങ്ങള്‍ സമുദ്രത്തെ അറിയുകയുള്ളൂ.
(പകര്‍ത്തിയെഴുത്ത്: സനല്‍ ഹരിദാസ് )