Art and Literature
ഇരുട്ടറയിലെ ഈയാം പാറ്റകള്‍
Click the Play button to hear this message in audio format
Art and Literature

ഇരുട്ടറയിലെ ഈയാം പാറ്റകള്‍

ഹുസ്‌ന റാഫി
|
6 July 2022 2:00 PM GMT

| കഥ

ഭൂമിക്കടിയില്‍ വെച്ചാണ് ഈയാം പാറ്റകള്‍ക്ക് ചിറക് മുളക്കുകയെന്ന് മുത്തശ്ശി പണ്ട് പറയുമായിരുന്നു. ഭൂമിക്കടിയിലെ ഈ ഇരുട്ടറയില്‍ നിന്ന് ഈയാം പാറ്റകളെ പോലെ ചിറകുമുളച്ച് പറക്കാനായെങ്കില്‍.

എത്രാമത്തെ ഇരുട്ടറയാണിത്. കേസും കോടതിയും ഒടുവിലുള്ള ഏകാന്തവാസവും കുറച്ചു കാലമായി ജീവിതത്തിന്റെ ഭാഗമാണ്. എന്നാലും ഭൂമിക്കടിയിലൊരു ഇരുട്ടറയും അതിനുള്ളിലെ അരണ്ട മഞ്ഞ വെളിച്ചവും ആദ്യത്തെ അനുഭവമാണ്. പൊലീസിന്റെ കണ്ണ് വെട്ടിച്ചുള്ള ഒളിച്ചുകളിയില്‍ ഒരിക്കല്‍ പിടിക്കപ്പെടും എന്നുറപ്പായിരുന്നു. പിടിക്കപ്പെടാന്‍ ഞാന്‍ ചെയ്ത തെറ്റെന്താണ്, മനസാക്ഷി വിറ്റ് ജീവിക്കാന്‍ അറിയില്ലായിരുന്നു. ചിരിച്ചു കൊണ്ട് ചതിക്കുന്നവരെ കാണാനൊരു തൃക്കണ്ണും ഇല്ലാതെപോയി.

ഞങ്ങള്‍ രണ്ട് മലയാളികള്‍ അടക്കം അഞ്ചു പേരാണീ ഇരുട്ടറയിലെ ഈയാം പാറ്റകള്‍ എന്നെപ്പോലെ; അവരും ചതിക്കപ്പെട്ടതാകം.

ചതിക്കപ്പെടാന്‍ എന്തെളുപ്പമാണ്, ഈ ലോകത്ത് നിസ്സാരമായി ചെയ്യാന്‍ കഴിയുന്ന ഒന്നുണ്ടെങ്കില്‍ അത് ചതിയാണ്.

എത്ര നിസ്സാരമായാണ് മനുഷ്യര്‍ പറഞ്ഞു പറ്റിക്കുന്നത്.ആരാണ് എന്നെ ചതിച്ചത്, പേരും മുഖവും ഓര്‍മയില്ലാത്ത ആരൊക്കെയോ എപ്പോഴൊക്കെയോ.. ഒടുവില്‍ കോടികളുടെ കടബാധ്യതയാണ് ഇവിടെയെത്തിച്ചത്. കേസും കോടതിയുമായി കഴിഞ്ഞ വര്‍ഷങ്ങള്‍, പിടിച്ചു നില്‍ക്കാന്‍ എന്തൊക്കെചെയ്തു, മുങ്ങിത്താഴ്ന്നപ്പോള്‍ ഒരു പുല്‍ക്കൊടിയെങ്കിലും അരികില്‍ ഉണ്ടായിരുന്നെങ്കില്‍ പിടിച്ച് കയറാമായിരുന്നു. നഷ്ടപ്പെട്ടതോരോന്നും കെട്ടിപ്പടുക്കാമായിരുന്നു.

കടം വീട്ടാന്‍ ഈ ജന്മം തികയാതെ വരും.

ഇതിനുള്ളില്‍ എപ്പോഴും ഉള്ള നേരിയ മഞ്ഞവെളിച്ചത്തില്‍ രാവും പകലും വ്യത്യാസമില്ല.

മൂന്നു നേരം പൊലീസുകാര്‍ കൊണ്ടുവരുന്ന ഭക്ഷണപ്പൊതിയാണ് സമയം അറിയാനുള്ള ഏക മാര്‍ഗം.

കുബ്ബൂസും കറിയും എത്തുമ്പോള്‍ ഊഹിക്കും, നേരം ഇരുണ്ടിട്ടുണ്ടാകും.

'രാവും പകലുമൊക്കെ സ്വപ്നങ്ങള്‍ ഉള്ളവര്‍ക്കല്ലേ റോയ്, ഉണര്‍ന്നിട്ട് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തവര്‍ക്ക്, ഉറക്കത്തില്‍ കാണാന്‍ ചന്തമുള്ളൊരു കിനാവിന്റെ പൊട്ടെങ്കിലും ഇല്ലാത്തവര്‍ക്ക്, സൂര്യന്‍ ഉദിക്കുന്നതും അസ്തമിക്കുന്നതും ഒരുപോലെ തന്നെ.'

ചന്ദ്രേട്ടന്‍ പറയും.

ഞാനപ്പോള്‍ മറന്നുപോയൊരു ചിരി ചുണ്ടില്‍ വരുത്തന്‍ പാടുപെടും.

ലോകമെപ്പോഴും നേടുന്നവന്റെ കൂടെയാണ്, അവിടെ നഷ്ടപ്പെട്ടവന്‍ വിഴുപ്പാണ്.

പതിവ് പോലെ 'ഗ്ലസ്സസ്' എഴുതുന്നുണ്ട്. എരിവും പുളിയും പറ്റിപ്പിടിച്ച മഞ്ഞച്ച ചട്ടയില്‍ എന്താകും ഇത്രമാത്രം എഴുതാനുണ്ടാകുക.

ഇരുട്ടറയില്‍ നിന്ന് ഹൃദയം കൊണ്ട് പ്രിയേ... അതെങ്ങനെയാകും റഷ്യന്‍ ഭാഷയില്‍ എഴുതുക.

ഫുഡ് കൊണ്ടുവരുന്ന പൊലീസുകാരനെ അവന്‍ കാത്തിരിക്കുന്നത് കാണുമ്പോള്‍ കൗതുകം തോന്നും.

ഫുഡ് കണ്ടെയ്‌നര്‍ മൂടിവെക്കുന്ന ഈ കടലാസില്‍ പൂക്കുന്ന പ്രണയം കാണുമ്പോള്‍ പണ്ടേതോ കഥയില്‍ വായിച്ച റഷ്യന്‍ സുന്ദരിയെ ഞാന്‍ ഓര്‍ക്കും.

ഓരോ ദിവസവും അവന്‍ എഴുതുന്നു,

റിമാന്റ് കഴിയുമ്പോള്‍ കോടതി വിധിക്കുന്ന ശിക്ഷ എത്രയാകുമെന്ന് എല്ലാവരെയും പോലെ അവനും ധാരണയില്ല.

കൂട്ടത്തില്‍ ആദ്യം പുറത്തിറങ്ങുന്നവന്റെ കയ്യില്‍ ഈ എഴുത്തുകള്‍ കൊടുത്തയക്കാനാണ്.

റിമാന്റ് കാലാവധി കഴിഞ്ഞ് ജയിലില്‍ എത്തിയാല്‍ ഫോണ്‍ വിളിക്കാന്‍ എന്നെങ്കിലും അളന്നു മുറിച്ച സമയം അനുവദിക്കുമായിരിക്കും.

അപ്പോള്‍ അപ്പുറവും ഇപ്പുറവുമുള്ള മൗനം ഭേദിച്ചു ശബ്ദം പുറത്ത് വരുമ്പോഴേക്കും അനുവദിച്ച സമയം കഴിയുമെന്ന ഗ്ലസ്സസിന്റെ ദീര്‍ഘ വീക്ഷണമാണ് ഈ എഴുത്തുകള്‍ക്ക് കാരണം. വെളുത്ത റോസാപൂക്കളുമായി അവനെ കാത്തിരിക്കുന്നൊരു സുന്ദരിയെ ഒരു ക്യാന്‍വാസില്‍ പകര്‍ത്താന്‍ എനിക്ക് തോന്നി.

ഗ്ലസ്സസും ഞാനും ചന്ദ്രേട്ടനും ഒരുപോലെ ചതിക്കപ്പെട്ടവരാണ്. ബിസിനസ് തകര്‍ന്ന് കോടികള്‍ കടം വന്നവര്‍, തിരിച്ചടക്കാന്‍ മാര്‍ഗമില്ലാതെ യു.എ.ഇയിലെ പല ജയിലുകളിലും ഉറക്കമില്ലാത്ത രാത്രികളറിഞ്ഞവര്‍.

കുബ്ബൂസും കറിയും എത്തിയാല്‍ 'താരീക്ക്' അന്നത്തെ അവസാന നമസ്‌കാരം നിര്‍വഹിക്കും.

കൃത്യമായി നിസ്‌ക്കരിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ എപ്പോഴും ഉരുവിടുന്ന താരീക്ക്, പിന്നെ എന്തിനാണ് അവന്‍ വിശ്വസിക്കുന്ന മതത്തിന് എതിരെ അങ്ങനൊരു പുസ്തകം എഴുതിയത്.

ഇസ്‌ലാം മത വിശ്വാസം ഉള്ള ഒരു രാജ്യത്ത്, അങ്ങനൊരു പുസ്തകം എഴുതാന്‍ ഇവന് ധൈര്യം വന്നതാണ് അത്ഭുതം.

ഒരു ദിവസം അവനോട് ചോദിച്ചു.

'ഞാന്‍ ശക്തമായി എന്റെ മതത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ ആണ്. അള്ളാഹു പറഞ്ഞതല്ലാതെ മനുഷ്യര്‍ അവരുടെ സൗകര്യത്തിന് മതത്തിനെ കൂട്ടുപിടിച്ചു ഉണ്ടാക്കിയ അന്ധവിശ്വാസങ്ങള്‍ക്ക് എതിരെയാണ് ഞാന്‍ എഴുതിയത്.

അതിലെനിക്കിന്നും കുറ്റബോധമില്ല.

എന്റെ നിലപാടില്‍ ഞാന്‍ ഉറച്ചു നില്‍ക്കും. എന്റെ എഴുത്തുകള്‍ എന്തായിരുന്നെന്ന് വ്യക്തമാക്കാനുള്ള അവസരം എനിക്കുണ്ടാകും. അന്ന് എന്റെ നിരപരാതിത്വം തെളിയിക്കപ്പെടും. ഞാന്‍ ഈ രാജ്യത്തിന്റെ നിയമ വ്യവസ്ഥയില്‍ വിശ്വസിക്കുന്നു.

താരീക്കിന്റെ വാക്കുകള്‍ ഉറച്ചതായിരുന്നു. മുപ്പത് വയസ്സുള്ള താരീക്ക് ഫലസ്തീനിയാണ്. ഒരു വയസ്സുള്ളൊരു കുഞ്ഞുണ്ട്.

'ഏത് നിമിഷവും മരണം പ്രതീക്ഷിക്കുന്ന ഒരു ജനതയാണ് ഫലസ്തീനികള്‍, ഉറക്കത്തില്‍ പോലും ആക്രമിക്കപ്പെടാം എന്ന ബോധ്യമുള്ളവര്‍. ചെറുപ്പം മുതലേ എന്തും നേരിടാനുള്ളൊരു മനസ്സ് ഓരോ ഫലസ്തീനിയും ആര്‍ജിക്കുന്നുണ്ട്.

അത്‌കൊണ്ട് തന്നെ എനിക്കെന്ത് സംഭവിച്ചാലും അത് താങ്ങാനുള്ള ശക്തി അവളുടെ മനസ്സിനുണ്ടാകും.'

കുടുംബത്തെക്കുറിച്ച് താരീക്കിന് പറയാനുള്ളത് അത്രമാത്രം.

'നരേന്ദര്‍' മഹാരാഷ്ട്രക്കാരന്‍ ആണ്, അവന്‍ ചെയ്ത തെറ്റ് എന്താണ്. ആര്‍ക്കും അറിയില്ല. ഇന്ത്യക്കാരന്‍ ആണെന്ന് തന്നെ അറിഞ്ഞത് വൈകിയാണ്.

അവനാരോടും സംസാരിക്കാറില്ല. ഭക്ഷണം കഴിക്കലും കുറവാണ്. അവന്റെ കണ്ണുകളില്‍ വല്ലാത്തൊരു പകയുണ്ട്. ഇടക്കൊക്കെ ചുമരില്‍ തൊഴിക്കുന്നത് കാണാം. ചിലപ്പോള്‍ അവന്റെ കൈത്തണ്ടയില്‍ കടിക്കും ചോരപൊടിയുവോളം.

ആരും അവനോടൊന്നും ചോദിക്കാറില്ല. അവന്‍ അവന്റേതായ ലോകത്ത് ജീവിക്കുന്നു.

ചന്ദ്രേട്ടന്‍ എപ്പോഴും

അദ്ദേഹത്തിനനുവദിച്ച ബ്ലാങ്കറ്റില്‍ ചുരുണ്ടു കൂടും.

പൂര്‍ത്തിയാകാത്ത, പേക്കിനാവില്‍ പാതി വഴിയില്‍ മുറിഞ്ഞുപോയ എത്രയോ നഷ്ട്ടപ്പെട്ട ഉറക്കങ്ങളുണ്ട്.

ഉറങ്ങണം. ഉറങ്ങിത്തീര്‍ക്കണം.

ഉറങ്ങാന്‍ കഴിയുന്നവരാണ് ഈ ലോകത്ത് ഏറ്റവും വലിയ ഭാഗ്യവാന്മാര്‍.'

വെളിച്ചം കാണാന്‍ കൊതിയില്ലാത്തത് ചന്ദ്രേട്ടന് മാത്രമാണ്.

'എനിക്കിപ്പോള്‍ ഇരുട്ടാണി ഷ്ടം, ഈ ഇരുട്ടില്‍ നിന്നൊരു മോചനം ഞാന്‍ ആഗ്രഹിക്കുന്നില്ല, വെളിച്ചത്തില്‍ എന്നെ ക്കാത്തിരിക്കാന്‍ ആരാണുള്ളത്.

എനിക്കീ ഇരുട്ടറയില്‍ സമാധാനമാണ്, ആരെയും ഒന്നിനെയും പേടിക്കേണ്ട.

മൂന്ന് നേരം വയറു നിറച്ച് ഭക്ഷണമുണ്ട്.

പുറത്തിറങ്ങിയാല്‍ ഒരു നേരത്തെ ഭക്ഷണത്തിന് യാചിക്കണം.

കാത്തിരിക്കാന്‍ ആരെങ്കിലും ഒക്കെ ഉണ്ടാകുക എന്നതല്ലേ, ഭൂമിയിലെ വിലപ്പെട്ട സമ്പാദ്യം റോയ്,

അങ്ങനെ നോക്കുമ്പോള്‍ നീയീ ഭൂമിയിലെ സമ്പന്നരില്‍ ഒരാളാണ്.'

കോടതിയില്‍ ഹാജരാക്കേണ്ട ദിവസം അടുക്കുന്തോറും ഭയം ശരീരത്തിന്റെ മുക്കാല്‍ ഭാഗവും കാര്‍ന്നു തിന്നിരുന്നു. ഇടത്തെ നെഞ്ചില്‍ അവളിരിക്കുന്നിടം മാത്രം ഭയമെത്തിയിട്ടില്ല.

അവളെ കണ്ടുമുട്ടാനെടുക്കുന്ന ദിവസങ്ങളുടെ കണക്കുക്കൂട്ടലുകള്‍ക്ക് മാത്രമേ അതിലിടമൊള്ളൂ.

'നിന്റെ ശിക്ഷ കൂടെ എനിക്ക് ഏറ്റുവാങ്ങാന്‍ പറ്റിയെങ്കില്‍ എത്ര നന്നായിരുന്നു.

ഭൂമിയിലെ ഒന്നിനും എന്നെ വേണ്ട, മരണത്തിനും.' ചന്ദ്രേട്ടന്‍ ഉറക്കെ ചിരിക്കും.

ഇതിനുള്ളില്‍ ചിരി മറക്കാത്ത ഒരേ ഒരാള്‍ അയാളാകാം.

ഗ്ലസ്സസിനു കൊടുത്ത പേനയിലെ മഷി തീരാനായിരിക്കുന്നു. അതോര്‍ത്ത് അവന് ആവലാതിയുണ്ട്. പേനയിലെ അവസാന തുള്ളി മഷിയും വറ്റ് ഒട്ടിപ്പിടിച്ച കടലാസ്സിലേക്ക് പകര്‍ത്തിയ രാത്രി ഗ്ലസ്സസ് ആസ്വസ്ഥനായിരുന്നു.

ഇതിനുള്ളില്‍ അകപ്പെട്ടപ്പോള്‍ ആകെ ഉണ്ടായിരുന്നത് പാന്റിന്റെ പോക്കറ്റിലെ പേനയായിരുന്നു.

ഒരു പേന കൂടി ഗ്ലസ്സസിനു കൊടുക്കാന്‍ ആയിരുന്നെങ്കില്‍.

കണ്‍പോളകളെ ഉറക്കം ഉപേക്ഷിച്ചു പോയിട്ട് എത്ര ദിവസമായെന്ന് അന്ന് രാത്രിയും ഞാന്‍ വെറുതെ ഓര്‍ത്തു.

ഗ്ലസ്സസിന്റെ ഞരക്കമാണ് ചിന്തകള്‍ക്ക് കടിഞ്ഞാണിട്ടത്.

'എന്ത് പറ്റി ഗ്ലസ്സസ്.'

അയാള്‍ക്ക് ശബ്ദിക്കാന്‍ പറ്റുന്നില്ല

മുറിയിലെ മഞ്ഞവെളിച്ചം ഒന്ന് അണഞ്ഞ് വീണ്ടും കത്തി.

ഒച്ചയും ബഹളവും കേട്ട് പൊലീസുകാര്‍ വന്നു. അവര്‍ അപ്പോള്‍ തന്നെ ഗ്ലസ്സസിനെ കൊണ്ടുപോയി.

തുടര്‍ച്ചയായി അഞ്ചു ദിവസം ഞാന്‍ ഗ്ലസ്സസിന് വേണ്ടി വറ്റുകള്‍ ഒട്ടിപ്പിടിച്ച, മല്ലിയും മുളകും മണക്കുന്ന കടലാസുകള്‍ എടുത്ത് വച്ചു.

അവന്റെ തലയിണക്കടിയില്‍ ഒളിപ്പിച്ചു വച്ചിരുന്ന എഴുത്തുകള്‍ അവനു വേണ്ടി സൂക്ഷിച്ചു.

'അവന്‍ മരിച്ചിട്ടുണ്ടാകും'

ചന്ദ്രേട്ടന്‍ നിസ്സംഗതയോടെ പറഞ്ഞു.

'അവനു മരിക്കാനാകില്ല. അവന്‍ വരും.'

രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ ഒരു പൊലീസുകാരന്‍ പറഞ്ഞു, അന്ന് കൊണ്ടുപോയി രണ്ട് ദിവസത്തിനു ശേഷം അവന്‍ മരിച്ചത്രെ.

ഞാനാ എഴുത്തുകള്‍ മുറുകെപ്പിടിച്ചു.

ഓരോ പേജിനടിയിലും ഒരു നമ്പര്‍ അവന്‍ എഴുതിയിരുന്നത് ശ്രദ്ധിക്കുന്നത് അപ്പോഴാണ്.

ഈ എഴുത്തുകളുടെ അവകാശി ഒളിഞ്ഞിരിക്കുന്ന അക്കങ്ങള്‍. പുത്തിറങ്ങുന്നൊരു ദിവസമുണ്ടെങ്കില്‍ ഈ അക്ഷരങ്ങളുടെ അവകാശിയെ കണ്ടെത്തണം.

അവന്റെ ബ്ലാങ്കറ്റ് ചന്ദ്രേട്ടന്‍ എടുത്തു. അന്നാദ്യമായി എനിക്കയാളോട് ദേഷ്യം തോന്നി. അനുഭവങ്ങള്‍ അയാളെ ഹൃദയശൂന്യന്‍ ആക്കിയിരിക്കുന്നു.

'എന്താണെന്നറിയില്ല, ശരീരത്തിനു വല്ലാത്തൊരു തണുപ്പാണിപ്പോള്‍.'

ഗ്ലസ്സസിന്റെ ബ്ലാങ്കറ്റും മുകളില്‍ അയാളുടെ ബ്ലാങ്കറ്റും വലിച്ചിട്ടു കിടക്കുന്നതിനിടയില്‍ അയാള്‍ പറഞ്ഞു.

ശരീരം വിറക്കുകയാണെപ്പോഴും, അയാള്‍ ആരോടെന്നില്ലാതെ പിറുപിറുത്തു.

ഗ്ലസ്സസിന്റെ മരണം മനസ്സിനെ മരവിപ്പിച്ചിരിക്കുന്നു. അത് വരെ ഉണ്ടായിരുന്ന നാട് കാണാനുള്ള അടങ്ങാത്ത തൃഷ്ണ ഉള്ളിലെവിടെയോ ഉറഞ്ഞു പോയിരിക്കുന്നു.

വെറും മരവിപ്പ് മാത്രമാണിപ്പോള്‍.

*********


നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരന്‍ പറഞ്ഞു.

ചിലപ്പോള്‍ ശിക്ഷിക്കുമായിരിക്കും. അല്ലെങ്കില്‍ ഒരു പുരുഷായുസ്സിന്റെ പകുതിയും ജീവിച്ചു തീര്‍ത്ത ഈ മണലാരണ്യങ്ങളിലെ അവസാന ദിവസമാകും നാളെ.

നാട്ടിലേക്കയക്കുമെന്ന് എന്റെ ഉള്ളിലിരുന്ന് ആരോ പറഞ്ഞു.

ആരോ അല്ല, അവളാണ്.

ഈ ഇരുട്ടറയോട്, രാവും പകലും തിരിച്ചറിയാത്ത ഇവിടത്തെ മഞ്ഞവെളിച്ചത്തിനോട്, താരീക്കിന്റെ ആത്മവിശ്വാസത്തോട്, ചന്ദ്രേട്ടന്റെ നിസ്സംഗതയോട് നരേന്ദ്രന്റെ മൗനത്തിനോട്, എന്റെ ഗ്ലസ്സസിന്റെ ആത്മാവിനോട്, ഞാനും ഗ്ലസ്സസ് ഹൃദയം കൊണ്ടെഴുതിയ അക്ഷരങ്ങളും യാത്ര ചോദിക്കാന്‍ ഇനി മണിക്കൂറുകളെ ബാക്കിയൊള്ളൂ.

ചന്ദ്രേട്ടന്റ കൂര്‍ക്കം വലി കേള്‍ക്കാം, നേരിയ മഞ്ഞവെളിച്ചത്തില്‍ നരേന്ദര്‍ എന്നെ നോക്കി ചിരിക്കുന്നതെനിക്ക് കാണാം, അല്ല ചിരിച്ചെന്ന് ഞാന്‍ സങ്കല്‍പ്പിച്ചു. കണ്‍ പോളകള്‍ക്ക് വല്ലാത്തൊരു ഭാരമനുവപ്പെടുന്നു. ഉറങ്ങിയില്ലെങ്കിലും ഞാനൊരു കിനാവ് കാണുന്നു, കിനാവില്‍ നനുത്ത മഞ്ഞ കര്‍ണികാരങ്ങള്‍ പൂത്തുലയുന്നു.


ഹുസ്‌ന റാഫി

Similar Posts