Art and Literature
വാഗണ്‍ ട്രാജഡി
Click the Play button to hear this message in audio format
Art and Literature

വാഗണ്‍ ട്രാജഡി

റസീന കെ.പി
|
21 Jun 2022 3:34 PM GMT

കവിത



കാടും മേടും പുഴയും കുത്തിനിറച്ച്

തെക്ക് നിന്നൊരു വാഗണ്‍ അതിവേഗപാതയിലൂടെ

കുതിച്ചു പാഞ്ഞു

ഇരുട്ടില്‍ ഒരു കൂട്ടം ആത്മാക്കള്‍ തലചായ്ക്കാനൊരിടം തേടി

ബോഗിയില്‍

തലങ്ങും വിലങ്ങും നടന്നു

ചീന്തിയെറിഞ്ഞ മേല്‍വിലാസങ്ങളിലേക്ക്

പാളം തെറ്റിയൊരു

നിലവിളി തെറിച്ചു വീണുചിതറി

മണ്ണ് മണക്കുന്ന

ആദിവാസി ഊരുകള്‍

കാട് കാക്കുന്ന കാട്ടുജീവികള്‍

അന്നം വിളമ്പുന്ന

നെല്‍പ്പാടങ്ങള്‍.. പ്രാണവായുവിനായി

ചുറ്റും പരതി

പാഞ്ഞു വന്ന വെള്ളിവരകള്‍

നെടുകെ ഛേദിച്ച

വീടും തൊടിയും..

അയല്‍വാസികളായ

ഫാത്തിമയും മരിയയും ലക്ഷ്മിയും ഒന്നിച്ചു കരഞ്ഞു

ജനിച്ച നാട്

വളര്‍ന്ന വീട്

പിതൃക്കള്‍ ഉറങ്ങുന്ന മണ്ണ്

ഉപേക്ഷിക്കപ്പേടേണ്ടവയെല്ലാം പരസ്പരം കെട്ടിപ്പിടിച്ചു കിടന്നു

മീനും മാനും മരംകൊത്തിയും മരണവെപ്രാളത്തില്‍

തല തല്ലിക്കരഞ്ഞു

ആവാസവ്യവസ്ഥക്ക്

മുകളില്‍ നാട്ടിയ

സര്‍വേക്കല്ലുകളില്‍ തട്ടി തീവണ്ടികള്‍ കിതച്ചു നിന്നു

നേരം തെറ്റിപ്പെയ്ത മഴ

വരണ്ടുണങ്ങിയ വേനല്‍

ഗതി മാറി വീശിയ കാറ്റ്

ചക്രവാതച്ചുഴികളില്‍

ഭൂമി രണ്ടായി പിളര്‍ന്നു

വടക്കെത്തിയ വേഗവണ്ടിയില്‍

ശ്വാസം മുട്ടിപ്പിടഞ്ഞ

ദൈവത്തിന്റെ സ്വന്തം നാട്

രക്തസാക്ഷിയുടെ പതാക പുതച്ചു

കണ്ണടച്ചു കിടന്നു.



Similar Posts