വെള്ളംകളി | ആര്യവേപ്പും മാമ്പൂവും | കാറ്റ്
|മൂന്നു കവിതകള്‍
വെള്ളംകളി
1. വെളളവും കരയും
കടല്‍
പുഴ
കുളം
കിണര്‍
മഴ......
പാത്രത്തിലാകുവോളം
വെള്ളത്തിന്
എത്രയെത്ര അഗാധമായ പേരുകള്‍!
അപ്പോള്‍ ഈ കരകള്‍
രാജ്യാതിര്‍ത്തികളില്‍
കെട്ടിയിടപ്പെടുന്നതിനും മുന്‍പ്
എത്ര വിശാലമായിരുന്നിരിക്കണം?
2. പച്ചവെള്ളം
ജീവന് നിലനിര്‍ത്താന്‍
ഒഴിച്ചുകൂടെങ്കിലും
കുപ്പിയിലാണെങ്കില്‍ കുപ്പിയില്‍
കുടത്തിലാണെങ്കില്‍ കുടത്തിലെന്ന
പച്ചവെള്ളം പോലുള്ള
നിലപാടില്ലായ്മകളെ
പച്ചക്കു പടികടത്തിയാല്‍
സുതാര്യതയുടെ
കൊടിയഴകും കൊണ്ടീരേഴു-
ലോകം താണ്ടാം
3. പ്രളയം
ഓരോ തുള്ളിയിലും ജീവന്റെ പ്രളയം;
കവിയാതെ കാത്താല്‍
വാദി പ്രതിയാകില്ല.
ആര്യവേപ്പും മാമ്പൂവും
അച്ഛന്,
പൂത്ത ആര്യവേപ്പു പോലെ
അകന്നു നിന്നാല്‍ കയ്ക്കുകയും
അടുത്താല്‍ മാത്രം
ആസ്വദിക്കാനൊക്കുകയും ചെയ്യുന്ന
നറുമണം പേറുന്ന വന്മരം.
മാമ്പൂ മണക്കുന്ന അമ്മ,
എറിഞ്ഞ കമ്പുകള്‍
ചില്ലകളിലേറ്റുവാങ്ങി
മാമ്പഴം മാത്രം തന്ന കനിവ്.
കാറ്റ്
കാറ്റ്
ആരും കാണാതെ സഞ്ചരിക്കുന്നു.
ഇടക്കല്പം പൊടിപടലങ്ങളുയര്‍ത്തി
കരിയിലകള്‍ക്കു ചിറകു തുന്നി
വൃക്ഷ ശിഖരങ്ങളില്‍ തലയാട്ടി
അതു സാന്നിധ്യമറിയിക്കുന്നു.
കാറ്റു തുഴഞ്ഞല്ലോ
കടലു കടക്കുന്നു
ദേശാടനം ചെയ്യുന്ന പക്ഷികള്‍
കാറ്റ് ആരും കാണാതെ
പ്രപഞ്ചത്തിനു ജീവനും കൊണ്ടോടുന്നു.
എന്തും
നേരില്‍ കണ്ടാലേ വിശ്വസിക്കൂ
എന്ന മനുഷ്യ ദുശ്ശാഠ്യങ്ങളെ
അതു കാറ്റില്‍ പറത്തുന്നു.