Art and Literature
കഥയിലെ കമ്പോളവും  കമ്പോളം നിര്‍മിക്കുന്ന കഥകളും
Click the Play button to hear this message in audio format
Art and Literature

കഥയിലെ കമ്പോളവും കമ്പോളം നിര്‍മിക്കുന്ന കഥകളും

ഡോ. ഷൂബ കെ.എസ്‌
|
23 Jun 2022 4:57 AM GMT

വിശ്വാസം, അതല്ലേ എല്ലാം എന്ന പരസ്യത്തില്‍ കാമുകനെ ഉപേക്ഷിച്ചു അച്ഛനിലേയ്ക്ക് ഓടി വരുന്ന മകളെ കാണാം. (അച്ഛനാണ് സ്വര്‍ണ്ണം വാങ്ങാന്‍ ശേഷിയുള്ള ആള്‍. പിതൃസ്‌നേഹം ജ്വല്ലറിക്ക് അവശ്യമാണ്) ആശ്രമ വിരുദ്ധമായ വികാരമാണ് പ്രേമം എന്നാണ് ശകുന്തള പറഞ്ഞതെങ്കില്‍ വ്യാവസായിക വിരുദ്ധമാണ് ഇന്നു പ്രണയം.

മൂന്ന് മേഖലകളാണ് ഇവിടെ ചര്‍ച്ചയ്ക്ക് എടുക്കുന്നത്. അതില്‍ ഒന്ന് കഥയിലെ കമ്പോളം എന്നുള്ളതാണ്. അതായത് ചെറുകഥയില്‍ അവതരിപ്പിക്കുന്ന കമ്പോളവും അതുമായി ബന്ധപ്പെട്ട പ്രമേയങ്ങളുമാണ് ഒന്നാമത്തേത്. രണ്ടാമത്ത പ്രമേയം കഥയുടെ കമ്പോളം എന്നതാണ്. വാണിജ്യ രംഗത്ത് ഏതു നിലകളിലാണ് കഥകളും കഥാകൃത്തുക്കളും സ്വീകാര്യരായിത്തീരുന്നതെന്നാണ് ഇവിടെയുള്ള പ്രശ്‌നം. മൂന്നാമത്തേതും ഏറ്റവും പ്രധാനവുമായ വിഷയം കമ്പോളം എപ്രകാരമാണ് കഥകള്‍ നിര്‍മിക്കുന്നത് അഥവാ രചനാപ്രക്രിയയില്‍ അത് എപ്രകാരമാണ് ഇടപെടുന്നത് എന്നതാണ്. നമ്മുടെ ജീവിതത്തെ ഏതു നിലയിലാണ് കമ്പോളം കഥയാക്കി രൂപപ്പെടുത്തുന്നത് എന്നതും ഇതിന്റെ ഭാഗമായി വിശകലനം ചെയ്യപ്പെടുന്നു.

കഥയിലെ കമ്പോളം

ഉത്തരാധുനികകാല കഥകളില്‍ ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്ന ഒന്നാണ് വിപണി അഥവാ കമ്പോളം. 'ശവവസ്ത്ര വില്‍പനക്കാരന്‍' എന്ന കഥ ഇതിന് ഉദാഹരണമായെടുക്കാവുന്നതാണ്. മരണമടഞ്ഞ വ്യക്തികളുടെ വസ്ത്രങ്ങള്‍ ശേഖരിച്ച് വില്‍പന നടത്തുന്നതാണ് ഇതിന്റെ പ്രമേയം. എന്‍. പ്രഭാകരന്റെ ബി.എം.പി എന്ന കഥ മറ്റൊരുദാഹരണമാണ്. തങ്ങളുടെ വീട്ടില്‍ നിന്നും കളവുപോയ ഒരു ഓട്ടുരുളി മറ്റൊരു രൂപത്തില്‍ പരസ്യ വാചകങ്ങളുടെ അകമ്പടിയോടെ വര്‍ണക്കടലാസില്‍ പൊതിഞ്ഞെത്തുമ്പോള്‍ അതില്‍ ആകൃഷ്ടരാവുന്ന ദമ്പതികളെയാണ് പ്രസ്തുത കഥ ചിത്രീകരിക്കുന്നത്. ഇത്തരം കഥകള്‍ ഉത്തരാധുനിക കാലത്തിന്റെ സൃഷ്ടി മാത്രമല്ല. 1930 കളില്‍ തന്നെ ഇത്തരം കഥകള്‍ പുറത്തുവന്നിരുന്നു. 1932 ല്‍ മംഗളോദയം മാസികയില്‍ പ്രസിദ്ധീകരിച്ചു വന്ന 'ലീലാവിലാസം' (രാമന്‍) എന്ന കഥയില്‍ കമ്പോളവ്യവസ്ഥ പ്രശ്‌നവല്‍കരിക്കപ്പെടുന്നുണ്ട്. ഈ കഥയിലെ നായകന്‍ മ്യൂസിയം വളപ്പിലൂടെ നടക്കുമ്പോള്‍ വര്‍ണക്കടലാസില്‍ പൊതിഞ്ഞ ഒരു പ്രണയലേഖനം വീണുകിട്ടുകയാണ്. അല്ലയോ കാര്‍വര്‍ണാ, താന്‍ ഉദ്ദേശിക്കുന്ന ആളാണെങ്കില്‍ താങ്കള്‍ ഒരു കറുത്ത ആളായിരിക്കും എന്നു പറഞ്ഞു കൊണ്ടാണ് കത്ത് തുടങ്ങുന്നത്. അങ്ങനെ താന്‍ ഉദ്ദേശിച്ചയാളാണെങ്കില്‍ ചാലാ കമ്പോളത്തിലെ 'ലീലാവിലാസം' എന്ന വീട്ടില്‍ വരണം. അയാള്‍ നോക്കുമ്പോള്‍ താന്‍ കറുത്തവനാണ് ഉദ്ദേശിക്കുന്നയാള്‍ താന്‍ തന്നെ. അങ്ങനെ അയാള്‍ അന്വേഷിച്ചന്വേഷിച്ച് ലീലാവിലാസത്തില്‍ എത്തുന്നു. അവിടെ അയാള്‍ കണ്ടുമുട്ടുന്നത് ഒരു മധ്യവയസ്‌കനെയാണ്. നായകന്‍ ലീലയെ അന്വേഷിക്കുമ്പോള്‍ ഇയാള്‍ മുറിക്കകത്തേക്ക് നടന്നു പോവുകയും ശേഷം അയാള്‍ കറുത്തവരെ വെളുപ്പിക്കും എന്നവകാശപ്പെടുന്ന ലീല എന്ന ലേപനവുമായി കടന്നുവരുന്നു. കമ്പോളതന്ത്രങ്ങളുടെ പരിഹാസ്യത അതിന്റെ മൂര്‍ധന്യത്തില്‍ അവതരിപ്പിക്കപ്പെടുകയാണ് ഇവിടെ. നമ്മുടെ സവിശേഷതകളെ കുറവുകളാക്കി മാറ്റുകയും അതിനെ മഹത്വവത്കരിച്ചും ന്യൂനീകരിച്ചും കമ്പോളം കടന്നു വരുന്നു. കമ്പോളം കറുത്തവനെ കാര്‍വര്‍ണ്ണനാക്കി സുഖിപ്പിക്കുകയും വെളുക്കാനുള്ള മരുന്നു ശുപാര്‍ശ ചെയ്യുകയും ചെയ്യും. നമ്മുടെ പുരാവൃത്തങ്ങളും ദൗര്‍ബല്യങ്ങളും ഉപയോഗിച്ചുകൊണ്ടാണ് കമ്പോളം കടന്നു വരുന്നത്. ഇത്തരം പ്രമേയങ്ങള്‍ നവോത്ഥാനകാലം മുതല്‍ ഉണ്ട് എന്നതാണ് ചൂണ്ടിക്കാട്ടുന്നത്.



കഥയുടെ കമ്പോളം

എങ്ങനെയാണ് കമ്പോള സാഹചര്യത്തില്‍ എഴുത്തുകാരന്‍ നിര്‍മിക്കപ്പെടുന്നത് എന്നതാണ് മറ്റൊരു കാര്യം. കമ്പോളം ആവശ്യപ്പെടുന്നതായ ചില പ്രത്യേക പ്രമേയങ്ങളുണ്ട്. കച്ചവടക്കാര്‍ക്ക് ലാഭമായി മാറുന്ന, ഉപഭോക്താക്കളെ നിര്‍മിക്കുന്ന പ്രമേയങ്ങള്‍ അവതരിപ്പിക്കുന്നതുകൊണ്ടാണ് ചിലര്‍ കഥാകൃത്തുക്കളായി അറിയപ്പെടുന്നത്. നവോത്ഥാന പൂര്‍വ്വകാലത്തെ വംശീയതയെ പുനരുദ്ധരിച്ചു കൊണ്ടുവരുന്ന പ്രമേയങ്ങളാണ് പ്രശസ്ത കഥകള്‍ നിര്‍മിക്കുന്നത്. 'മോദസ്ഥിരനായ ങ്ങു വസിപ്പൂമല പോലെ ' എന്നിങ്ങനെയുള്ള കഥകള്‍ വായിക്കുമ്പോള്‍ ആണ് ഇപ്പോഴും ഈഴവര്‍ വെളുത്തുള്ളി കഴിക്കുന്നവരാണ് എന്നു മനസ്സിലാകുന്നത്. ഫോക്‌ലോര്‍ പഠനങ്ങളൊക്കെ ഇങ്ങനെയാണ്. ഫോക്‌ലോര്‍ പാഠപുസ്തകങ്ങളില്‍ ഈഴവര്‍ ഇപ്പോഴും പുട്ടുകഴിച്ചോണ്ടിരിക്കുകയാണ്. മുസ്‌ലിംകള്‍ ആകട്ടെ ബിരിയാണിയും. ഇതൊക്കെ ഭക്ഷണ വ്യവസായത്തിന് ആവശ്യമാണ്. ആദിവാസി ഭക്ഷണം നമുക്ക് ഫോക്‌ലോര്‍ ഫെസ്റ്റുകളില്‍ കഴിക്കാന്‍ കിട്ടും. ആദിവാസികള്‍ പട്ടിണിയിലാണെങ്കിലും. അങ്ങനെ സംസ്‌കാരം ഒരു ഉത്പന്നമായി മാറുന്നു. അതിനു സഹായിക്കുന്ന കഥകള്‍ പ്രശസ്തങ്ങളായി മാറുന്നു. കഥ വായിക്കപ്പെട്ടില്ലെങ്കിലും അതു വിവാദങ്ങളിലൂടെ പ്രശസ്തമാക്കപ്പെടുകയും ആവശ്യമില്ലെങ്കിലും വാങ്ങുകയും ഇഷ്ടപ്പെട്ടില്ലെങ്കിലും അതിനെക്കുറിച്ചു പഠിപ്പിക്കാനും സെമിനാര്‍ അവതരിപ്പിക്കാനും നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുന്നു. നവോത്ഥാനത്തെക്കുറിച്ചും നാരായണ ഗുരുവിനെക്കുറിച്ചും ഉള്ള കഥകള്‍ നവോത്ഥാനത്തിന്റെ വംശീയവത്കരണം ലക്ഷ്യമാക്കി ആഘോഷിക്കപ്പെടുന്നു.

ജീവിച്ചിരിക്കുന്നു എന്നു നമ്മള്‍ കരുതുന്നവരുടെ സമ്പൂര്‍ണ്ണ കൃതികള്‍ പ്രസിദ്ധ പ്രസാധകര്‍ ഇറക്കുന്നു. എതിര്‍പ്പുകളെയും ചലനങ്ങളെയുമല്ല, പൂര്‍ണ്ണതകളെയും നിശ്ചലതകളെയുമാണ് കമ്പോളത്തിനു ആവശ്യം. കമ്പോള ആവശ്യത്തിന് ഉപകാരപ്പെടുന്നവര്‍ മാത്രം എഴുത്തുകാരായി അറിയപ്പെടുന്നു. എം. രാജീവ് കുമാറിന്റെ 'തിമിംഗലത്തിന്റെ ഇറച്ചി' എന്ന കഥയില്‍ ഒരു പുസ്തക വില്‍പനക്കാരനാണ് കേന്ദ്രകഥാപാത്രം. ഇയാള്‍ മീന്‍ വില്‍ക്കുന്ന ഒരാളെ വിളിച്ചു കൊണ്ടുവന്ന് പുസ്തകങ്ങള്‍ വില്‍ക്കാന്‍ നിയോഗിക്കുകയാണ്. അയാള്‍ പറയുന്ന ഒരു കാര്യമുണ്ട്, എഴുത്തുകാര്‍ ചത്ത മത്സ്യങ്ങളാണെന്നും അവയില്‍ ചില വ്യതിയാനങ്ങളുണ്ടായിരിക്കുമെന്നുമാണ്. ഉദാഹരണമായി ഒ.വി വിജയനും ജ്ഞാനപീഠം ലഭിച്ച എഴുത്തുകാരും നെയ്മീനുകളാണ്, അക്കാദമി അവാര്‍ഡ് ലഭിച്ച എഴുത്തുകാര്‍ ചെമ്മീനും പുരോഗമന കലാസാഹിത്യസംഘത്തിന്റെ വരുതിയിലുള്ള എഴുത്തുകാര്‍ നത്തോലികളാണെന്നുമാണ്. (നത്തോലികളാണ് പുതിയ കാലതീന്‍മേശയിലെ വിശിഷ്ട വിഭവം) ഇത്തരത്തില്‍ വിപണനം നടത്തുമ്പോള്‍ പോലും ഈ എഴുത്തുകാര്‍ പരാജയപ്പെടുകയാണ് ചെയ്യുന്നത്. മത്സരപ്പരീക്ഷകള്‍ക്കുള്ള പുസ്തകങ്ങള്‍, സമ്പൂര്‍ണ കൃതികള്‍ എന്നിവ വില്‍ക്കുന്നവരുടെ രംഗപ്രവേശമാണ് ഇവര്‍ക്ക് വിനയാകുന്നത്. പുസ്തകക്കച്ചവടക്കാരനായ വിശാലാക്ഷന്‍ പറയുന്നത് ഇത്തരം പുസ്തകങ്ങള്‍ തിമിംഗലങ്ങളാണ് എന്നാണ്. തിമിംഗലത്തിന്റെ ഇറച്ചി വില്‍ക്കാന്‍ പ്രത്യേക വൈഭവം വേണമെന്നാണ്. അതുകൊണ്ട് ഒരുമിച്ചു കടലിലേയ്ക്ക് പോകാം എന്നാണ് അയാള്‍ പറയുന്നത്. അങ്ങനെ പറഞ്ഞു കൊണ്ടാണ് കഥ അവസാനിക്കുന്നത്. വിപണിവത്കരിക്കപ്പെട്ട എഴുത്ത് എന്നതാണ് ഇവിടെ സംവേദനം ചെയ്യപ്പെടുന്ന കാര്യം.


കമ്പോളം നിര്‍മിക്കുന്ന കഥകള്‍

കമ്പോളത്തിനനുകൂലമായ ചെറുകഥകള്‍ ഉണ്ടാവുന്നു എന്നത് മാത്രമല്ല നമ്മുടെ ജീവിതത്തെത്തന്നെ വ്യവസായികള്‍ കഥയാക്കി മാറ്റുന്നു. പത്ര-ടെലിവിഷന്‍ വാര്‍ത്തകള്‍ നിര്‍മിക്കുന്ന സത്യങ്ങള്‍ കഥകളായി തീരുന്നു. ജീവിതത്തെ കഥയാക്കുകയും കല അതിനെ അനുകരിക്കുകയും ചെയ്യുന്ന സ്ഥിതിയാണ് ഇതോടെ സംജാതമാകുന്നത്. പണ്ട് സന്ധ്യ എന്ന ഒരു വീട്ടമ്മ തന്റെ വഴി തടയപ്പെട്ടതിന് പ്രകോപിതയാകുന്നു. അതു വാര്‍ത്തയാകുന്നു. ഒരു അമ്യൂസ്‌മെന്റ് പാര്‍ക്ക് വ്യവസായി അവര്‍ക്ക് സമ്മാനവും കൊടുക്കുന്നു. നമ്മുക്കറിയാം ഇന്നു ഒരു വീട്ടമ്മയോ വീട്ടച്ഛനോ പെട്ടെന്നു പൊട്ടിത്തെറിക്കുന്നതിന് കാരണങ്ങള്‍ ഉണ്ട്. വ്യവസായികള്‍ ജീവിതത്തെ ശ്വാസം മുട്ടിച്ചു കൊണ്ടിരിക്കുന്നു. യാത്രയ്ക്കും ചികിത്സയ്ക്കും പഠനത്തിനും താങ്ങാനാവാത്ത വിലക്കയറ്റം ഉണ്ടാകുന്നു. മനുഷ്യനൊഴിച്ചു ബാക്കിയെല്ലാത്തിനും വിലയേറുന്നു. രാഷ്ട്രീയക്കാര്‍ വ്യവസായികളുടെ ഇടനിലക്കാരായി മാറുന്നു. ഈ സന്ദര്‍ഭത്തില്‍ രാഷ്ട്രീയക്കാര്‍ക്കും വ്യവസായികള്‍ക്കും എതിരെ ആകേണ്ട പൊട്ടിത്തെറിയെ വ്യവസായികള്‍ സമ്മാനം കൊടുക്കുന്ന ഒരു റിയാലിറ്റി ഷോ പോലെ ടി.വിയില്‍ അവതരിപ്പിക്കുന്നു. യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത കഥയെയും കഥാനായികയെയും നമുക്ക് കിട്ടുന്നു. വ്യാവസായിക യാഥാര്‍ഥ്യത്തെ നിര്‍മിക്കുന്നു. ജീവിതത്തെ അനുകരിക്കുന്നതാണ് കല എന്നു പറയുമ്പോള്‍ ജീവിതം തന്നെ കഥയായി മാറുകയും ആ കഥയെ അനുകരിക്കുന്നത് കല എന്ന പേരില്‍ എത്തുകയും ചെയ്യുന്നു. മറ്റൊരു ഉദാഹരണം പറഞ്ഞാല്‍ ഒരു കര്‍ഷകാത്മഹത്യയുടെ കാര്യമെടുക്കുക. വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനാല്‍ ബാങ്ക് മാനേജരുടെ ഭാഗത്തുനിന്നുണ്ടായ സമ്മര്‍ദങ്ങളെത്തുടര്‍ന്ന് ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത പുറത്തുവരുന്നു. ആഗോളവല്‍കരണത്തിന്റെ ഫലമായുള്ള ലോകക്രമത്തിന്റെ പരിവര്‍ത്തനങ്ങളെയോ സംസ്ഥാന-ദേശീയ തലത്തിലെ കാര്‍ഷികനയങ്ങളിലെ അപര്യാപ്തതകളെയോ ആ വാര്‍ത്ത സ്പര്‍ശിക്കുന്നില്ല. എന്നാല്‍, ഇത്തരം വാര്‍ത്തകളുടെ വൈകാരികത കലര്‍ന്ന അനുകരണമാണ് മിക്കപ്പോഴും കഥകളില്‍ കടന്നുവരുന്നത്. രാഷ്ട്രീയ പ്രശ്‌നത്തെ വ്യക്തിപരമായ കണ്ണീര്‍ക്കഥയാക്കി ആഖ്യാനം ചെയ്യുന്നു. കഥ എഴുതുന്നവര്‍ ആ കഥയെ അനുകരിക്കുന്നു. 'കൊമാല' പോലുള്ള കഥകള്‍ ഇത്തരമൊരു ശ്രേണിയില്‍ പെടുന്നതാണ്.

വ്യക്തിപരമായ ദുരന്തകഥകളും രക്ഷാപ്രവര്‍ത്തനകഥകളുമാണ് മാധ്യമങ്ങളുടെ രീതി. കര്‍ഷകര്‍ മരിക്കാനിടയാകുന്ന നയങ്ങളെ എതിര്‍ക്കാതിരിക്കുകയും അനുകൂലിക്കുകയും അതു നടപ്പാക്കാന്‍ ആവേശം കൊള്ളുകയും ചെയ്യുന്ന പത്രങ്ങള്‍ തന്നെ പ്രസ്തുത നയങ്ങള്‍ കാരണം ആത്മഹത്യ ചെയ്ത കര്‍ഷകനെ കണ്ണീര്‍ കഥയാക്കും. ചിലപ്പോള്‍ ഒരു കര്‍ഷകന്റെ കുടുംബത്തിനു വേണ്ടി പണപ്പിരിവു നടത്തും. വ്യക്തിപരമായ മഹത്വവത്കരണമാണ് മാധ്യമങ്ങളുടെ രീതി. ഇതിനെ പ്രശ്‌നവത്കരിക്കുന്നു എന്ന നിലയിലാണ് 'കൊമാല ' തുടങ്ങുന്നത്. എന്നാല്‍, അവസാനിക്കുന്നത് വ്യക്തിപരമായ രക്ഷാപ്രവര്‍ത്തന കഥ പറഞ്ഞാണ്. മരിക്കാറായവന് വെള്ളം കൊടുക്കുന്ന കഥ. മാധ്യമത്തില്‍ത്തന്നെ രക്ഷപ്രാപിക്കുന്ന പ്രധാന കഥാപാത്രത്തെയും ഇതില്‍ കാണാം. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചയാള്‍ മാധ്യമ ചര്‍ച്ച കേള്‍ക്കുന്നതും അതില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നതും ചര്‍ച്ചയില്‍ കേട്ട പുസ്തകം വായിച്ച് കേരളം മരിച്ചവരുടെ സ്ഥലമാണെന്നു മനസ്സിലാക്കുന്നതും കഥയില്‍ കാണാം.( കഥാകൃത്തിന് പുസ്തകം വായിച്ചേ കേരളം മരിച്ചവരുടെ സ്ഥലമാണെന്നു അറിയാന്‍ കഴിയൂ. പക്ഷെ, മരിക്കാന്‍ പോകുന്ന കര്‍ഷകന് അതറിയാന്‍ പുസ്തകം വായിക്കണോ) ജീവിതത്തില്‍ നിന്നും അകന്നു മാറി മാധ്യമങ്ങളുണ്ടാക്കുന്ന കഥയില്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന മനോഭാവത്തെയാണ് ഈ കഥ വെളിപ്പെടുത്തത്. കഥ വിമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നതില്‍ തന്നെ മറിഞ്ഞു വീഴുന്നു. മാധ്യമ കഥാനിര്‍മിയുടെ അനുകരണമായി കഥ മാറുന്നു.


അതുപോലെ മാധ്യമങ്ങള്‍ നിര്‍മിക്കുന്ന മറ്റൊരു ഹൊറര്‍ കഥയാണ് ലൈംഗിക ഭീതി. മുല്ലപ്പെരിയാര്‍ ഇപ്പോ പൊട്ടും എന്നു പറഞ്ഞുണ്ടാക്കിയ പോലുള്ള മാധ്യമനിര്‍മിതഭീതി. ഒമ്പതു മാസം പ്രായമായ പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുന്നു, തൊണ്ണൂറു വയസ്സുള്ള സ്ത്രീ പീഡിപ്പിക്കപ്പെടുന്നു, പിതാവോ പിതൃതുല്യരോ പീഡിപ്പിക്കുന്നു ഇങ്ങനെയുള്ള മാധ്യമവാര്‍ത്തകള്‍ കാണാം. നമ്മുക്കറിയാം ശൈശവരതി എന്നത് ജന്മിത്ത സമൂഹത്തിന്റെ സവിശേഷതകളായിരുന്നു. ഏകാധിപത്യത്തിന്റെ രാഷ്ടീയ സംവിധാനം സൃഷ്ടിക്കുന്ന വൈകാരിക ബന്ധമാണ് ശൈശവ രതി. ആഗോളീകരണ കാലവും പുതിയതരം ഏകാധിപത്യത്തെയും ശൈശവ രതിയെയും നിര്‍മിക്കുന്നു. എന്നാല്‍, കാരണത്തെ സംബോധന ചെയ്യാതെ പീഡനപരമ്പരകള്‍ വന്‍ വാര്‍ത്തകളാക്കുമ്പോള്‍ അതു സ്ത്രീപുരുഷബന്ധത്തെ ഭീതിജനകമാക്കുന്നു. കാമ്പസിലെ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെയും മറിച്ചും ഭയക്കുന്ന അവസ്ഥ ഉണ്ടായി വരുന്നു. പെണ്‍ക്കുട്ടികള്‍ വിചാരിക്കുന്നത് തങ്ങളുടെ സ്വകാര്യ ഫോട്ടോകള്‍ ആണ്‍ സുഹൃത്ത് എടുത്ത് ഇന്റര്‍നെറ്റില്‍ ഇട്ട് കോടീശ്വരനാകും എന്നാണ്. എന്നാല്‍, അങ്ങനെയുള്ള കോടീശ്വരന്മാരെ ഒന്നും കാമ്പസില്‍ കണ്ടിട്ടില്ല. എങ്കിലും അങ്ങനെ വിശ്വസിക്കുന്നുണ്ട്. അങ്ങനെ സ്ത്രീ പുരുഷന്മാരെ അകറ്റി നിര്‍ത്തുന്ന പ്രവര്‍ത്തനം മാധ്യമങ്ങള്‍ ചെയ്യുന്നു. പണ്ട് പൗരോഹിത്യം ചെയ്തിരുന്ന കാര്യമാണത്. കാരണം, ആണും പെണ്ണും സ്‌നേഹം കൊണ്ട് ഒരുമിച്ചാല്‍ പുരോഹിതന്റെ ആവശ്യമില്ല. അതാണ് പൗരോഹിത്യം പ്രണയവും കാമവും നിരോധിക്കുന്നത്. മാധ്യമങ്ങള്‍ക്കും സ്‌നേഹത്തിനു പകരം അവ ഉത്പന്നങ്ങളായി മാറണം. കച്ചവടക്കാര്‍ക്ക് ലാഭം കിട്ടുന്ന സമ്മാനങ്ങളായി മാറണം. മീഡിയാ രതി മാത്രം മതി. അതിനാണ് ലൈംഗിക ഭീതി തുറന്നു വിടുന്നത്. അതിനു പറ്റിയ കഥകള്‍ നിര്‍മിക്കുന്നത്. നാട്ടിലെ ആള്‍ക്കാരെ ഭയക്കുമ്പോള്‍ ഓടി വീട്ടിലേയ്ക്ക് ഒളിക്കും. വിശ്വാസം അതല്ലേ എല്ലാം എന്ന പരസ്യത്തില്‍ കാമുകനെ ഉപേക്ഷിച്ചു അച്ഛനിലേയ്ക്ക് ഓടി വരുന്ന മകളെ കാണാം. (അച്ഛനാണ് സ്വര്‍ണ്ണം വാങ്ങാന്‍ ശേഷിയുള്ള ആള്‍. പിതൃസ്‌നേഹം ജ്വല്ലറിക്ക് അവശ്യമാണ്) ആശ്രമ വിരുദ്ധമായ വികാരമാണ് പ്രേമം എന്നാണ് ശകുന്തള പറഞ്ഞതെങ്കില്‍ വ്യാവസായിക വിരുദ്ധമാണ് ഇന്നു പ്രണയം. അതിനാണ് ലൈംഗിക ഭീതി പരത്തുന്നത്. സിനിമകളിലും ഇതാണ് കാണുന്നത്. 'ദൃശ്യം' പോലുള്ള സിനിമകള്‍ ഈ ലൈംഗിക ഭീതിയാണ് ഉപയോഗിക്കുന്നത്. കാമുകനിലേയ്ക്ക് പോകാതെ അച്ഛന്റെ ചിറകിനടിയിലേയ്ക്ക് മടങ്ങുന്ന മകളെ ഇതില്‍ കാണാം. തന്റെ നഗ്‌നത ക്യാമറയില്‍ പകര്‍ത്തിയ കാമുകനെ അടിച്ചു കൊല്ലുന്നു. ലൈംഗിക ദൃശ്യങ്ങള്‍ വിപണനം ചെയ്യുന്ന പിതാവ് (കേബിള്‍ ടി.വി ഓപ്പറേറ്ററായ മോഹന്‍ലാല്‍ കഥാപാത്രം) നായകനും അഭയസ്ഥലവുമായി മാറുന്നു. ലൈംഗിക ഭീതി ലൈംഗിക വിപണനത്തെ സഹായിക്കുന്നു.


ജാഗരൂക

ഈ ലൈംഗിക ഭീതി രണ്ടു കഥകള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നു നോക്കാം. പ്രിയ എ.എസ്സിന്റെ 'ജാഗരൂക' എന്ന കഥ ഈയവസരത്തില്‍ ഓര്‍ക്കാവുന്ന ഒന്നാണ്. കഥയുടെ പേര് സൂചിപ്പിക്കുന്നതുപോലെ മാധ്യമ ഭീതിയില്‍ നിന്നും ഉളവായ പീഡന ഭീതിയില്‍ ജാഗരൂകയായിരിക്കണം എന്നതാണ് പ്രമേയം. വിദേശത്തു നിന്നും നാട്ടിലെത്തുന്ന ഒരു ഉപരി/മധ്യവര്‍ഗയുവതി നാട്ടില്‍ കാണുന്നത് ഭീതിയുടെ ലോകമാണ്. നേരത്തെ പറഞ്ഞ പോലുള്ള പീഡന പരമ്പരകള്‍ കാണുന്നു. നാടോടി സ്ത്രീ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെ. അപ്പോള്‍ മധ്യവര്‍ഗ യുവതിക്ക് ഭീതി ഉണ്ടാകുന്നു. നാടോടി സ്ത്രീകള്‍ മാത്രമാണ് പീഡിപ്പിക്കപ്പെടുന്നതെങ്കില്‍ കുഴപ്പമില്ല, ഭയപ്പെടേണ്ട കാര്യമില്ല. മധ്യ വര്‍ഗ സ്ത്രീകളും പീഡിപ്പിക്കപ്പെടുന്നതാണ് ഭീതി കാരണം. വല്യമ്മയും വല്യച്ഛനുമെല്ലാം ഈ സ്ത്രീയെ എല്ലാറ്റിലും നിന്നും വിലക്കുന്നു. പഴയ കാലമല്ല, പഴയ കാലത്തു നല്ല നല്ല പദങ്ങള്‍ ഉണ്ടായിരുന്നു. നീലാകാശം, കളിയൂഞ്ഞാല്‍ ഇങ്ങനെയൊക്കെയുള്ള പദങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല, ബലാല്‍സംഗം, ബലാല്‍ക്കാരം ജീവച്ഛവം തുടങ്ങിയ പദങ്ങളൊക്കെയുള്ള കാലമാണ്. അതു കൊണ്ടു നീ ജാഗരൂകയായിരിക്കണം. വല്യച്ഛന്‍ ആണുങ്ങളോട് സംസാരിക്കരുത് എന്നു പറയുന്നു. വല്യമ്മ പറയുന്നു, നീ ഇങ്ങനെയുള്ള ഡ്രസ്സ് ഇടരുത്. ബസില്‍ പോകുമ്പോള്‍ ഒരാള്‍ അവളെ ചാരി നില്‍ക്കുന്നു. അപ്പോള്‍, തന്നെ മനഃപൂര്‍വം ചാരി നില്‍ക്കുന്നതാവുമോ അഥവാ ഇനി അല്ലാതിരിക്കുമോ എന്നു ആലോചിക്കുന്നു. വിലക്കുകളുടെയും ആശങ്കകളുടെയും ലോകമാണ്. തുടര്‍ന്നു അവള്‍ വിദേശത്തേക്ക് അച്ഛനുമമ്മയും ഉള്ള ഇടത്തേക്ക് മടങ്ങാന്‍ ഒരുങ്ങുന്നു. അപ്പോള്‍ അവള്‍ ആലോചിക്കുന്നു ' താന്‍ വിമാനത്തില്‍ അവിടെ ഇറങ്ങും. അപ്പോള്‍ എല്ലാരും വന്നു ആലിംഗനം ചെയ്യും. അച്ഛനും ആലിംഗനം ചെയ്യും. അപ്പോള്‍ തന്റെ ശരീരം ആഗ്രഹിച്ചാവുമോ അച്ഛന്‍ ആലിംഗനം ചെയ്യുന്നതു എന്നു ആലോചിക്കുന്നു. ഏറ്റവും ഒടുവില്‍ പറയുന്നുണ്ട്, ചെറുപ്പക്കാരാ എന്റെ പേരറിയണ്ടേ എന്റെ പേരാണ് ജാഗരൂക. മാധ്യമങ്ങള്‍ നിര്‍മിക്കുന്ന ഭീതിയെ ചെറിയ അളവില്‍ വിമര്‍ശിക്കുന്ന കൃതിയാണ് ഈ കഥ എന്നു വേണമെങ്കില്‍ പറയാം. എന്നാല്‍, മാധ്യമ വ്യവസായികള്‍ പരത്തുന്ന ഭീതിയെ അതേപടി പകര്‍ത്തുകയാണ് പ്രിയ എ എസ്സിന്റെ കഥ എന്നു മനസ്സിലാകുന്നു. ഈ കഥയിലെ പെണ്‍കുട്ടിയ്ക്ക് ഒരു പ്രണയമുണ്ടെങ്കിലോ എന്തെങ്കിലും ജോലിയില്‍ ഏര്‍പ്പെടുന്നവളാണെങ്കിലോ. ഇനി ഒരു വനിതാ കണ്ടക്ടര്‍ ആണെങ്കിലോ. എന്നെ ചാരി നില്‍ക്കുന്നത് പീഡിനമാണോ എന്നു ആശങ്കിക്കാന്‍ അവര്‍ക്ക് സമയമില്ല. ഒരു പണിയുമില്ലാത്ത, ഒരു പ്രണയവുമില്ലാത്ത മധ്യവര്‍ഗ-ഉപരിവര്‍ഗ്ഗ സ്ത്രീക്ക് മാത്രമേ ഈ അസ്തിത്വ പ്രശ്‌നമുള്ളു. മാധ്യമനിര്‍മിത ഭീതിക്കു പുറമേ ഉള്ള ജീവിത യാഥാര്‍ഥ്യം കഥയിലില്ല. മാധ്യമ നിര്‍മിത യാഥാര്‍ഥ്യമേയുള്ളൂ എന്നു ബോദ്രിലാദിനെ പോലുള്ളവര്‍ നിരീക്ഷിക്കുന്നുണ്ടല്ലോ. കയറാണെങ്കിലും പാമ്പ് പോലെ ഭീതിപ്പെടുത്തുന്ന മിഥ്യാ ലോകത്തെക്കുറിച്ച് ശങ്കരാചാര്യരൊക്കെ പറഞ്ഞു. 'സാങ്കേതിക വിദ്യാ യാഥാര്‍ഥ്യമേ ഉള്ളൂ എന്നതാണ് പുതിയ കാലത്തെ നീതി. ഇത്തരം മാധ്യമ യാഥാര്‍ഥ്യത്തില്‍ നിന്നും വ്യത്യസ്തമായി എഴുത്തു മാറണമെങ്കില്‍ കുറേ കൂടി ആഴത്തിലുള്ള ജീവിതം കാണണം. പ്രഖ്യാത കഥകളില്‍ അതുണ്ടാവില്ല. കുറേക്കൂടി മെച്ചപ്പെട്ട എഴുത്തുകാരിലേക്ക്, കുട്ടികളുടെ മനസ്സിലേക്ക് പോണം.


പ്രജിഷ എന്ന വിദ്യാര്‍ഥിയുടെ കഥ നോക്കാം. മലയാളം മാസികയില്‍ ഒരു മത്സരത്തിന്റെ ഭാഗമായി വന്നതാണിത്. ഒരേ പ്രമേയം എങ്ങനെ വ്യത്യസ്തമായി അവതരിപ്പിക്കുന്നു എന്നും അന്വേഷിക്കാവുന്നത്.

'കന്യം'എന്ന കഥ: പ്ലസ് ടുവിന് പഠിക്കുന്ന റാഹേലിന് ഒരു പ്രണയമുണ്ട്. ആ പ്രണയത്തെ നാലു പേരാണ് എതിര്‍ക്കുന്നത്. മരിച്ചു പോയ കൂട്ടുകാരി, ആഗ്‌നസ്. പ്രണയിച്ച് ഗര്‍ഭിണിയായി ആത്മഹത്യ ചെയ്ത അഗ്‌നസ് നിരന്തരം പറയുന്നു പ്രണയത്തില്‍ നിന്നും അകലാന്‍. തനിക്കും ഇതു തന്നെയാണു സംഭവിച്ചതെന്നു അവള്‍ ആവര്‍ത്തിക്കുന്നു. അതിനാല്‍ നബീലിനെ ഒരിയ്ക്കലും സ്‌നേഹിക്കരുത്, മരിച്ചെങ്കിലും ആഗ്‌നസ് അവളെ ഉപദേശിക്കുന്നു. രണ്ടാമത്, തനിക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കിയിട്ടുള്ള പിതാവാണ്. ഇത് കാലം ശരിയല്ല നീ ആഗ്‌നസിനെ അനുസരിക്കണം. മറ്റൊരു എതിര്‍പ്പ് അമ്മയില്‍ നിന്നാണ്. അമ്മ പക്ഷെ പറയുകയല്ല, അമ്മ കുട്ടിക്കാലം മുതല്‍ കൗമാര പ്രായം വരെ എഴുതി വച്ച ഡയറി ഉണ്ട്. പ്രായപൂര്‍ത്തി ആയതു മുതല്‍ ഉള്ള കാര്യങ്ങള്‍ അതിലുണ്ട്. 'പിഴക്കാത്തവളുടെ തെരഞ്ഞെടുത്ത ഡയറിക്കുറിപ്പുകള്‍ അഥവാ, വിശുദ്ധ മാതാവിന്റെ ചരിത്രം 'എന്ന പേരിലാണ് അമ്മയുടെ ഡയറിക്കുറിപ്പ്. ഇനിയുള്ള നാലാമത്തെ പ്രതിബന്ധം സ്‌കൂള്‍ ആണ്. സ്‌കൂള്‍ എല്ലാവര്‍ഷവും പ്രൈസ് കൊടുക്കും. പിഴച്ചു പോകാതിരിക്കാന്‍ വേണ്ടി നല്ല പെണ്‍കുട്ടിയ്ക്ക് കൊടുക്കുന്ന അവാര്‍ഡാണ് അത്. കഴിഞ്ഞ വര്‍ഷം കൊടുക്കാന്‍ കണ്ടു വച്ചിരുന്ന ആഗ്‌നസ് ആത്മഹത്യ ചെയ്തു. ഈ വര്‍ഷമത് കൊടുക്കാനിരിക്കുന്നത് റാഹേലിനാണ്. ഇതെല്ലാമായിട്ടും റാഹേലും നബീലും തമ്മില്‍ ഫോണിലൂടെ പ്രണയവും ശരീരവും പങ്കിട്ടു കൊണ്ടിരുന്നു. ഫോണിലൂടെ ചുംബിച്ചാലും നേരിട്ട് ചെയ്യരുത് എന്നു പ്രണിയിച്ചു മരിച്ച കൂട്ടുകാരി പറഞ്ഞുകൊണ്ടിരുന്നു. പിതാവ് ഉത്കണ്ഠാകുലനായിരുന്നു. അയാള്‍ എല്ലാ സ്വാതന്ത്ര്യവും അവള്‍ക്ക് കൊടുത്തിരുന്നു. എന്നാല്‍, ഭീതി അയാളെയും പിടികൂടിയിരുന്നു. അഗ്‌നസിന്റെ വിധിയാണ് അയാളെ ഭയപ്പെടുത്തിയത്. പുറത്തു കാറ്റു വീശുന്ന ഒരു രാത്രിയില്‍ മഴ പയ്യെ ചാറിത്തുടങ്ങുന്ന ഒരു രാത്രിയില്‍ റാഹേലിന്റെ അപ്പന്‍ ഇങ്ങനെ ചോദിച്ചു:

'റാഹേല്‍ നിനക്ക് ലോകത്തിന്റെ കഥ പറഞ്ഞു തന്നതാരാണ്?'

'എന്തു ചോദ്യമാണപ്പ? അപ്പന്റെ മടിയിലുരുന്നല്ലേ ഞാന്‍ ബൈബിള്‍ കേള്‍ക്കാറ്. അപ്പനല്ലേ എന്നെ ബൈബിള്‍ വായിക്കാന്‍ പഠിപ്പിച്ചത്.'

'എങ്കില്‍ കുറച്ചു വീഞ്ഞു തരൂ

എനിക്കിന്ന് എല്ലാം മറന്നുറങ്ങണം '

മഴയുടെ ശക്തി കൂടുമ്പോള്‍ അപ്പന്‍ പതുക്കെ ജനലരികില്‍ നിന്നും തിരിഞ്ഞു. ആ ശരീരം മെലിഞ്ഞു ശോഷിച്ചിരുന്നു. കവിളില്‍ സമൃദ്ധമല്ലാത്ത ചെമ്പിച്ച കുറ്റി രോമങ്ങള്‍. ശരീരം നിറയെ ചോരപ്പാടുകള്‍.

'റാഹേല്‍ നീ ഇതുവരെ പുരുഷനെ മുഴുവനായി കണ്ടിട്ടുണ്ടോ?

അപ്പന്റെ മുഖം ചുവന്നിരുന്നു.

ലോകത്തിന്റെ ഏറ്റവും പുതിയ നിയമം അജ്ഞതയാണ് മനുഷ്യരെ വഴിപിഴപ്പിക്കുന്നത് എന്നാണ്. അപ്പന്‍ പുഞ്ചിരിച്ചു കൊണ്ട് പതുക്കെ ഉടുത്തിരുന്ന മുണ്ട് അഴിച്ചുമാറ്റി.

ഒറ്റത്തവണയേ നോക്കിയുള്ളൂ. പിതാവിന്റെ പാദങ്ങളില്‍ മുട്ടിപ്പായി വീണുപോയി. നെഞ്ചില്‍ നിന്നും ചോരയൊഴുകുന്ന രൂപത്തില്‍ അപ്പന്‍. തുടര്‍ന്നു Dear Nabeel Now I am not a girl എന്നു മെസ്സേജ് ചെയ്ത് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. നിര്‍ത്താത്ത കരഘോഷങ്ങള്‍ക്കിടയില്‍ രാഷ്ട്രപതിയില്‍ നിന്നും പിഴക്കാത്ത പെണ്‍കുട്ടിക്കുള്ള എന്‍ഡോവ്‌മെന്റ് ഏറ്റുവാങ്ങുന്ന റാഹേലിന്റെ ദൃശ്യത്തോടെ കഥ അവസാനിക്കുന്നു.


ജാഗരൂകയായി, സ്ത്രീ പുരുഷ ബന്ധത്തില്‍ ഭീതി പൂണ്ട്, മാധ്യമ ലൈംഗികതയില്‍ അഭയം തേടുമ്പോള്‍ സ്ത്രീ മനസ്സിലും പുരുഷമനസ്സിലും ഉണ്ടാകുന്ന ചോരപ്പാടുകള്‍ ഈ കഥയില്‍ കാണാം. മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന പ്രണയ ഭീതിക്കഥകള്‍ക്കുള്ളിലെ പ്രണയ ദുരന്തവും പ്രണയത്തിന്റെ അഭാവങ്ങളും പിതൃ ലൈംഗികതയും ഒക്കെ ഈ കഥയില്‍ കാണാം. നമ്മുടെ കരഘോഷങ്ങള്‍ക്കും വിജയങ്ങള്‍ക്കും ഉള്ളിലെ ദുരന്തങ്ങളെ അവതരിപ്പിക്കുന്നു. എല്ലാം തുറന്നു കാട്ടുന്ന, എല്ലാ സ്വകാര്യവിവരങ്ങളും വില്‍പനയ്ക്ക് വയ്ക്കുന്ന വിവരസാങ്കേതികവിദ്യാകാലം സൃഷ്ടിക്കുന്ന ദുരന്തങ്ങളാണ് കഥയിലുള്ളത്. ലൈംഗികതയുടെ വിലക്കില്‍ നിന്നാണ് അമ്മ, അച്ഛന്‍, സഹോദരന്‍ തുടങ്ങിയവ രൂപപ്പെടുന്നത്. വിവര സാങ്കേതിക വിദ്യയുടെ പുതികാലവേദം വിലക്കുകളെ വിലക്കുക്കുകയും എന്നാല്‍, പ്രണയ ലൈംഗികതയെ അസാധുവാക്കുകയും ചെയ്യുന്നു. ഇത് പിതൃ ലൈംഗികതയിലേയ്ക്കും പ്രണയ ദുരന്തത്തിലേയ്ക്കും കൊണ്ടു പോകുന്നു. അതായത് ഈ കഥ മാധ്യമം നിര്‍മിക്കുന്ന കഥകളുടെ ഉള്ളിലെ വ്യക്തിയുടെ നിലവിളികളും ദുരന്തങ്ങളും ആവിഷ്‌കരിക്കുകയും അതിന്റെ കാരണങ്ങളെ സംബോധന ചെയ്യുകയും ചെയ്യുന്നു.

രണ്ടു കൊക്കുള്ള പക്ഷി

മാധ്യമങ്ങള്‍ നിര്‍മിക്കുന്ന കഥയും ചെറുകഥയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചു ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. പഴങ്കഥയില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല എന്നും ചോദ്യങ്ങള്‍ക്ക് ഉത്തരമുള്ളവയാണ് ചെറുകഥയെന്നുമുള്ള നിലപാട് എം.പി പോള്‍ ഉദ്ധരിക്കുന്നുണ്ട്. 'പണ്ട് പണ്ട് ഒരു രാജാവുണ്ടായിരുന്നു, രാജാവ് മരിച്ചപ്പോള്‍ മകന്‍ രാജാവായി...' എങ്ങനെ മരിച്ചു എന്ന ചോദ്യം കഥയിലില്ല. കഥയില്‍ ചോദ്യമില്ല എന്നു പറയാറുണ്ടല്ലോ. പഴങ്കഥയിലും മാധ്യമ നിര്‍മിത കഥയിലും ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. മിത്തുകളുടെ സ്വഭാവമാണ് മാധ്യമ വാര്‍ത്തകള്‍ക്കുള്ളത്. അവയ്ക്കുള്ളിലെ യാഥാര്‍ഥ്യങ്ങള്‍ കൊണ്ടുവരുമ്പോള്‍ ആണ് അവ ചെറുകഥയായി മാറുന്നത്.

പഞ്ചതന്ത്രം കഥ, ഒരു വ്യവസായി പണം ഉണ്ടാക്കാന്‍ പോകുമ്പോള്‍ പിന്നില്‍ ഉപേക്ഷിക്കപ്പെട്ട പരുക്കേറ്റ ഒരു മൃഗത്തിന്റെ കഥയാണ്. അഥവാ പിന്നിലുപേക്ഷിക്കുന്ന കാട്ടിലെ ജീവിതത്തിന്റെ ആഖ്യാനമാണ്. കഥയുടെ ഒടുക്കം രണ്ടുകൊക്കുള്ള ഒരു പക്ഷിയുടെ കഥ പറയുന്നുണ്ട്. ഒരു തലയ്ക്ക് ഒരിക്കല്‍ അമൃത് കിട്ടി. അപ്പോള്‍ മറ്റേ തല തനിക്കും താ ഈ രുചിയുള്ള ഭക്ഷണം എന്നു പറഞ്ഞു. അപ്പോള്‍ അമൃത് തിന്നുന്ന തല പറഞ്ഞത്, തിന്നുന്നത് ഞാനാണെങ്കിലും നിന്റെയും വയറ്റിലേക്കല്ലേ പോകുന്നത് എന്നാണ്. മാധ്യമ വ്യവസായികള്‍ ഉണ്ടാക്കുന്ന സ്റ്റോറികളുടെ സ്വഭാവം ഇതാണ്. മാധ്യമങ്ങള്‍ നിര്‍മിക്കുന്ന സത്യങ്ങളുടെ സ്വഭാവം ഇതാണ്. ജനങ്ങളുടെ വയറ് നിറയ്ക്കാനാണ് ഞങ്ങള്‍ അമൃത് കഴിക്കുന്നത് എന്നാണ് മാധ്യമങ്ങളുടെ നിലപാട്. ഹാര്‍ബര്‍ മുതലാളിക്ക് ചരക്ക് നീക്കാനാണ് പാലങ്ങളും റോഡുകളും വികസിക്കുന്നതെങ്കിലും ജനങ്ങള്‍ക്ക് വേണ്ടി അവരുടെ കണ്ണും വയറും നിറയാനാണ് എന്നു കഥകള്‍ എഴുതും. എല്ലാ ദുരന്തങ്ങളും സൗഭാഗ്യങ്ങളായും ആരോ അമ്യത് ഭക്ഷിക്കുമ്പോള്‍ നമ്മുടെ വയറും നിറയുമല്ലോ എന്ന ആശ്വാസങ്ങളായും ആണ് എത്തുന്നത്. ഇത്തരം മാധ്യമ നിര്‍മിത കഥാനിര്‍മിതികളെ തകര്‍ക്കുമ്പോഴാണ് മികച്ച കഥകള്‍ ഉണ്ടാകുന്നത്.


പഞ്ചതന്ത്രം കഥയിലെ രണ്ടു കൊക്കുള്ള പക്ഷിയ്ക്ക് അമൃത് കിട്ടിയ കഥയാണല്ലോ പറഞ്ഞത്. മറ്റൊരിയ്ക്കല്‍ വിഷം കിട്ടി. അമൃത് ഒറ്റയ്ക്ക് തിന്ന തല പറഞ്ഞു അയ്യോ കഴിക്കല്ലേ അതു വിഷമാണ് മരിച്ചു പോകും. അപ്പോള്‍ രണ്ടാമത്തെ തല പറഞ്ഞു, നീ അമൃത് കഴിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് കേട്ടില്ല. നിന്റെ തലയാണ് അമൃത് കഴിക്കുന്നതെങ്കിലും എന്റെ വയറ്റിലാണ് പോകുന്നത് എന്നു നീ പറഞ്ഞു. ഇത് ഞാന്‍ എന്റെ തല കൊണ്ട് എന്റെ വയറ്റിലേയ്ക്ക് കഴിച്ചോളാം. അമൃത് കഴിച്ച ഒന്നാം തലയുടെ കഥ പറയുകയാണ് മാധ്യമങ്ങളും അവര്‍ വാഴ്ത്തുന്ന കഥാകൃത്തുക്കളും. വിഷം കഴിച്ച് അമൃത് കഴിച്ചവനെ കൊല്ലുന്ന, ദുരന്തത്തിന്റെയും അതിജീവനത്തിന്റെയും കഥ പറയുമ്പോള്‍ മാത്രമേ അതു ചെറു കഥയായി മാറുന്നുള്ളൂ.

Similar Posts