Art and Literature
ഹന്നയുടെ പറുദീസ: മൂന്ന് വായനകള്‍
Click the Play button to hear this message in audio format
Art and Literature

ഹന്നയുടെ പറുദീസ: മൂന്ന് വായനകള്‍

Web Desk
|
24 Jun 2022 10:02 AM GMT

ഹന്ന മെഹ്തര്‍ എഴുതിയ 'പറുദീസ'-യാത്രാ പുസ്‌കത്തിന്റെ മൂന്ന് വായന. പടച്ചോന്റെ മറ്റൊരു മാജിക് - നഷീദ | നടന്നു തീര്‍ത്ത സ്വപ്‌നവഴികള്‍ - റാഷി | മഞ്ഞ് പോലെ ഒരു പെണ്‍കുട്ടി - സുനീസ

പടച്ചോന്റെ മറ്റൊരു മാജിക് - നഷീദ

ആയിരം പുസ്തകങ്ങള്‍ വായിക്കുന്നതിനേക്കാള്‍ നല്ലത് ഒരു യാത്ര ചെയ്യുന്നതാണ് എന്ന് കേട്ടിട്ടുണ്ട്. പക്ഷെ, ഒരു പുസ്തകത്തിലൂടെ ഏകദേശം ഇന്ത്യ കറങ്ങി വന്നതിന്റെ ഒരു ഫീല് കിട്ടിയതും, യാത്ര ചെയ്യാനുള്ള അമിതാവേശം തോന്നിപ്പിച്ചതുമൊക്കെ ഹന്നയുടെ പറുദീസ വായിക്കുമ്പോഴാണ്. എത്ര മനോഹരമായിട്ടാണ് ഓരോന്നിനെയും കുറിച്ച് എഴുതിയിരിക്കുന്നത്... പോവാനേറെ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളിലൂടെയൊക്കെ ഹന്ന എന്നെ കൊണ്ടുപോയി, അല്ല ഞാന്‍ വിളിക്കാതെ പോയി...


വട്ടവടയിലേക്ക് രണ്ട് പ്രാവശ്യം പോയി വന്ന ഹന്നയെ വായിച്ചപ്പോള്‍ ഞാനും അവിടെയായിരുന്നു.. ഗുണ്ടല്‍പേട്ടയിലേക്ക് സൂര്യകാന്തികളെ തേടി ഞാനുമുണ്ടായിരുന്നു, മസിനഗുടിയില്‍ നീലക്കുറിഞ്ഞി പൂത്തിട്ടും കാണാന്‍ പോകാത്ത എന്നെ കുറിച്ചോര്‍ത്തു സഹതപിക്കുന്നു.. എന്നാലും പറുദീസയില്‍ കേറിയിട്ട് ഞാന്‍ എല്ലാം കാണുന്നു.. മണാലിയിലെ തണുപ്പിലും, പഞ്ചാബിലെ കടുക് തോട്ടത്തിലും, അജ്മീറിലുമൊക്കെ ശെരിക്കും ഞാനുമുണ്ടായിരുന്നു...

അധികമൊന്നും വായിച്ചിട്ടില്ലെങ്കിലും വായിച്ചിട്ടുള്ള യാത്രനുഭവങ്ങളില്‍ നിന്ന് വ്യത്യസ്തമായി മടുപ്പ് വരാത്ത രീതിയില്‍ കഥ പറയുന്ന ഒരു കൂട്ടുകാരിയെ പോലെ കൗതുകങ്ങളെല്ലാം ഉള്‍കൊള്ളിച്ചു ലളിതമാക്കി തന്നിരിക്കുന്നു.. അതുകൊണ്ട് തന്നെയാവണം കാലങ്ങള്‍ക്കിപ്പുറം ഒരു പുസ്തകം മടുപ്പ് കൂടാതെ മുഴുവനായും വായിച്ചു തീര്‍ത്തത്..


വായിക്കാനൊരുപാടിഷ്ടമുള്ള എനിക്ക് വായിക്കുന്നത് ഏറ്റവും വലിയ മടിയായിട്ട് കുറച്ചു നാളായി.. കഴിഞ്ഞ കൊല്ലത്തില്‍ മനസ്സിരുത്തി മുഴുവനായിട്ട് വായിച്ചൊരു പുസ്തകമെങ്കിലും ഉണ്ടോന്ന് സ്വയം ചോദിച്ച എന്നോട് ഇല്ല എന്നായിരുന്നു മറുപടി, അതില്‍ നിന്ന് ഇക്കൊല്ലം ഒരു പുസ്തകമെങ്കിലും അറിഞ്ഞ് വായിക്കണമെന്ന് മനസ്സിലുറപ്പിച്ചു... അങ്ങനെ ആദ്യ പുസ്തകം തിന്ന് തീര്‍ത്തു.. ഇന്‍ശാ അല്ലാഹ് പടച്ചോന്റെ ദുനിയാവ് വിശാലമായി കാണാന്‍ ഒരിക്കല്‍ ഇറങ്ങണം.. അതുവരെ ചുറ്റുമുള്ളതിന്റെ വിശാലത കണ്ടുകൊണ്ടിരിക്കുന്നു...

സ്‌നേഹം ഹന്ന. ഇങ്ങളൊരു മാജിക്കാണ്... പടച്ചോന്റെ മറ്റൊരു മാജിക്..

നടന്നു തീര്‍ത്ത സ്വപ്‌നവഴികള്‍ - റാഷി

ഹന്നയുടെ പറുദീസ മുഴുവനും ഒറ്റയിരിപ്പിന് വായിച്ചു തീര്‍ത്തപ്പോള്‍ ബഹുമാനത്തേക്കാള്‍ ഉപരി എഴുത്തുകാരിയോട് അസൂയയാണ് തോന്നിയത്.. എന്റെ സ്വപ്നങ്ങളില്‍ ഉണ്ടായിരുന്ന ഞാന്‍ നടക്കാന്‍ ആഗ്രഹിച്ച വഴികളിലൂടോക്കെയും നടന്നു തീര്‍ത്ത യാത്രകളോട്, ചരിത്രസ്മാരകങ്ങളെയും കാലാവസ്ഥയെയും അവിടുള്ള ആളുകളെയും മികച്ചരീതിയില്‍ വര്‍ണിച്ചതിനോട്, പതിനെട്ടാം വയസ്സില്‍ കൂട്ടുകാരോടൊപ്പം യാത്രപോകാന്‍ സ്വന്തം മാല വിറ്റ ഉള്‍ക്കരുത്തിനോട് ഒപ്പം യാത്രയോടുള്ള അടങ്ങാത്ത പ്രണയത്തോടും...

സഞ്ചരിച്ച ദൂരത്തേക്കാളേറെ ഹന്ന യാത്രകള്‍ക്ക് പകര്‍ന്നുനല്‍കിയ ആത്മാവിനെ ഈ എഴുത്തിലൂടെ കാണാം. എത്രമനോഹരമായാണ് യാത്ര നടത്തിയിരിക്കുന്നത്. യാത്രകളെ ഒന്നുകൂടെ പ്രണയിക്കാനും സ്വപ്നം കാണാനും സ്വപ്നത്തിലേക്കെത്താന്‍ ഒന്നും ഒരു തടസ്സമല്ലെന്നും കാണിച്ചു തന്ന ഈ പുസ്തകത്തിന് നന്ദി. കേവലം ഒരു യാത്രവിവരണത്തെക്കാള്‍ ഉപരി കാഴ്ചകള്‍ക്കപ്പുറം സാംസ്‌കാരിക ശേഷിപ്പുകള്‍ക്കും ചരിത്ര സത്യങ്ങള്‍ക്കും ചെറിയ തോതില്‍ മതപരവും താത്വികവുമായ ചിന്തശകലങ്ങള്‍ക്കും സ്ഥാനം നല്‍കിയ ലളിതമായ രീതിയിലുള്ള അവതരണം.


മഞ്ഞ് പോലെ ഒരു പെണ്‍കുട്ടി - സുനീസ

രണ്ട് ദിവസം മുന്‍പ് ബാംഗ്ലൂരിലെ എന്റെ അഡ്രസിലേക്ക് ഒരു മലയാളം പുസ്തകം വന്നു. അതും തപാലില്‍. എന്റെ ഒരു ദിവസത്തെ മൂഡ് മുഴുവന്‍ സന്തോഷം ഉള്ളതാക്കാന്‍ അത് മാത്രം മതിയായിരുന്നു. നമ്മുടെ ഒക്കെ സ്വപ്നങ്ങളുടെ വില നമുക്ക് മാത്രമേ മനസ്സിലാവു എന്ന ഒരു quote ആണ് പറുദീസ വായിച്ചപ്പോള്‍ എനിക്ക് ഓര്‍മ വന്നത്. ശരിക്കും ഒരു അടിപൊളി പെണ്ണെഴുത്ത്. വായിച്ചാല്‍ വായിച്ച് കൊണ്ടേ ഇരിക്കാന്‍ തോന്നുന്ന എഴുത്ത്. വായിച്ച് കഴിയുമ്പോള്‍ നമ്മള്‍ ഇവിടെയൊക്കെ പോയി വന്നത് പോലെ ഉള്ള തോന്നല്‍. പെട്ടെന്ന് അടുത്ത യാത്ര പോവണം എന്നാണ് ഈ ബുക്ക് വായിച്ചപ്പോള്‍ എനിക്ക് തോന്നിയത്. അത്രയ്ക്കും Inspire ചെയ്യാന്‍ പറ്റുന്ന യാത്രാവിവരണം.

ഒരു പെണ്ണിന് എത്ര ദൂരം വേണമെങ്കിലും പോകാന്‍ അവളുടെ ധൈര്യം മാത്രം മതി. പെണ്ണ് തുനിഞ്ഞ് ഇറങ്ങിയാല്‍ ഈ ലോകം മുഴുവന്‍ തന്നെ കാണാന്‍ പറ്റും. ഹന്നയെ പോലെ തന്നെ ഒരു മിഡില്‍ ക്ലാസ്സ് മുസ്ലിം കുടുംബത്തില്‍ വളര്‍ന്നത് കൊണ്ട് എന്തൊക്കെ ബുദ്ധിമുട്ടുകള്‍ ഉണ്ടാവും എന്ന് എനിക്ക് നല്ലപോലെ മനസ്സിലാക്കാന്‍ കഴിയും. ഇതേ പോലെയുള്ള രചനകള്‍ മനസ്സിന് നല്‍കുന്ന സന്തോഷങ്ങള്‍ ചെറുതല്ല. വാക്കുകള്‍ക്ക് ഒരു സമൂഹത്തെ തന്നെ മാറ്റി മറിക്കാന്‍ ഉള്ള കഴിവ് ഉണ്ടല്ലോ. പൊട്ടക്കിണറ്റിലെ തവളകളെ പോലെ ജീവിക്കാതെ ഒരുപാട് യാത്രകള്‍ പോവുക. മനുഷ്യരെ കാണുക.


ജീവിതത്തെ പറ്റിയുള്ള ഒരുപാട് തോന്നലുകള്‍ തെറ്റാണെന്ന് മനസ്സിലാക്കാന്‍ യാത്രകള്‍ക്ക് വലിയ പങ്കുണ്ട്.

ഈ ഇടക്ക് വായിച്ചതിലും വെച്ച് ഏറ്റവും നല്ല ഒരു പുസ്തകം. എല്ലാവരും വായിച്ച് ഇരിക്കേണ്ട ഒരു പുസ്തകം. ഒരുപാട് ഇഷ്ടമായ ഒരു പെണ്ണെഴുത്ത്. അതിലുപരി കഥാകരിയെ ഒരുപാട് ഇഷ്ടപ്പെട്ടു, അവരുടെ ജീവിതം അതിലേറെ ഇഷ്ടമായി. മഞ്ഞ് പോലെ ഒരു പെണ്‍കുട്ടി എന്നപോലെ.



Similar Posts