Art and Literature
പെണ്‍മ്യൂസിയ കാഴ്ചകള്‍;  സോണിയ റഫീക്കിന്റെ പെണ്‍കുട്ടികളുടെ വീട് - നോവല്‍ വായന
Click the Play button to hear this message in audio format
Art and Literature

പെണ്‍മ്യൂസിയ കാഴ്ചകള്‍; സോണിയ റഫീക്കിന്റെ 'പെണ്‍കുട്ടികളുടെ വീട്' - നോവല്‍ വായന

രമേഷ് പെരുമ്പിലാവ്
|
9 July 2022 7:29 AM GMT

വെറുതെ ഒരു നോവല്‍ ചമയ്ക്കുക മാത്രമല്ല സോണിയ റഫീക്ക് തന്റെ പുസ്തകത്തിലൂടെ ചെയ്യുന്നത്. എഴുത്തില്‍ ചരിത്രത്തെ കുഴിച്ചെടുക്കുന്നതോടൊപ്പം ഒരു സംസ്‌കാരത്തിന്റെ ശേഷിപ്പുകളും കണ്ടെടുക്കുന്നു. അവരുടെ ഭാഷ, വസ്ത്രം, ആഹാരം, തൊഴില്‍, കച്ചവടം, യാത്രകള്‍, ഭൂമിക തുടങ്ങിയ ഒട്ടുമിക്ക കാര്യങ്ങളും, പെണ്‍കുട്ടികളുടെ മേലുടുപ്പില്‍ മനോഹാരിതയ്ക്കായി പിടിപ്പിക്കുന്ന പവിഴമുത്തുകളായി തുന്നിചേര്‍ത്തിരിക്കുന്നത്വായനയില്‍ കണ്ടെത്താന്‍ കഴിയും.

മൂന്ന് മാസത്തിനുള്ളില്‍ നോവല്‍ തീര്‍ക്കണമെന്ന് ഞാന്‍ ദൃഢനിശ്ചയമെടുത്തു. എഴുത്ത് ഒരു തപസ്യയാക്കി മാറ്റി. എന്റെ പെണ്‍കുട്ടികള്‍ മനോഹരമായ വിരുന്നൊരുക്കി എന്നെ സ്വീകരിച്ചു. അവര്‍ നൃത്തം വെച്ചു. ഊദിന്റെ കമ്പികളില്‍ താളമിട്ടു. എന്നെ കോരിയെടുത്ത് ഊഞ്ഞാലാട്ടി. എഴുത്ത് പുരോഗമിക്കവേ വീട്ടിലെ ബുദ്ധപ്രതിമകളുടെ ഭാവമാറ്റം ശ്രദ്ധയില്‍പ്പെട്ടു.എല്ലാ ആത്മസംഘര്‍ഷങ്ങളിലും ശാന്തിയേകിയിരുന്നആ സ്വച്ഛരുപങ്ങള്‍ ഒരേ സ്വരത്തില്‍ എന്നോട് ചോദിച്ചു : 'വീട് എന്നേ ഉപേക്ഷിച്ചവന്‍ ഞാന്‍. വീണ്ടും എന്തിനെന്നെ നീ വീട്ടുതടങ്കലിലാക്കി'. 'ലോകം മറ്റൊരു വീടല്ലേ ?' മറുപടിയായി ബുദ്ധന്‍ ചിരിച്ചു.

'പ്രിയപ്പെട്ട ബുദ്ധാ, വീട് ഉപേക്ഷിക്കാന്‍ എളുപ്പമാണ്. തിരിച്ചുപിടിക്കുന്നതാണു ദുഷ്‌കരം '!

അതു കേട്ട് എന്റെ ബുദ്ധന്മാര്‍ നെടുവീര്‍പ്പിട്ടു, ഒപ്പം ഞാനും - സോണിയ റഫീക്ക്

1959 ജൂലായ് 10 രാത്രി പതിനൊന്ന് മണി, മറിയം ഉറങ്ങിയിട്ടില്ല. എട്ടുവര്‍ഷം മുമ്പ് ആകാശവും കടലും അത്യുഷ്ണത്താല്‍ വിങ്ങി നിന്ന ഇതുപോലൊരു രാത്രിയിലായിരുന്നു അവളുടെ ബാബ വീടുവിട്ടിറങ്ങി പോയത്. ചന്ദനത്തടിയില്‍ കടഞ്ഞെടുത്ത അലമാരയില്‍ നിന്ന് അവള്‍ ഒരു ചുവന്ന പട്ട് സഞ്ചി പറത്തെടുത്തു. ഷംസയും സൊരയ്യയും നല്ല ഉറക്കം. ഈ വീട് പണിതു കൊണ്ടിരുന്നപ്പോള്‍ അഹമദ് മന്‍സൂരി ബോംബെയില്‍ നിന്ന് കപ്പലില്‍ കയറ്റി കൊണ്ടുവന്ന അലമാരയാണിത്.

ദേരയിലെ ഗോള്‍ഡ് സൂക്കില്‍ വിമന്‍സ് മ്യൂസിയം എന്ന ഒരു ചൂണ്ടുപലകയുണ്ട്. പെണ്ണുങ്ങള്‍ക്കായി ഒരു മ്യൂസിയം. 1950 കളില്‍ പണിത ആ കെട്ടിടത്തെ അന്ന് പ്രദേശവാസികള്‍ വിളിച്ചിരുന്ന പേരാണ് 'ബൈത് അല്‍ ബനാത്.'


ഗള്‍ഫ് കടലിടുക്കിലെ മുത്തുകളെ ഏറ്റവും ശ്രേഷ്ഠമായ ഒന്നായി ലോകം കണ്ടിരുന്ന കാലം. പവിഴക്കച്ചവടം പാടെ നശിച്ചപ്പോള്‍ തീരത്തെ ഒട്ടുമിക്ക കുടുംബങ്ങളും പട്ടിണിയിലായി, അപ്പോഴും അഹമദ് മന്‍സൂരി മറ്റു കച്ചവട സങ്കേതങ്ങള്‍ കണ്ടെത്തി, ആ കെട്ടകാലത്തെ അതിജീവിച്ചിരുന്നു. അതു കൊണ്ടു തന്നെ ചുറ്റുമുള്ളവര്‍ ഈന്തപ്പനയോല മെടഞ്ഞ ബരസ്തികളിലും മണ്ണും കക്കാത്തോടും കുഴച്ചു കെട്ടിപ്പൊക്കിയ കുടിലുകളിലും താമസിക്കുമ്പോള്‍ അയാള്‍ക്ക്തന്റെ പെണ്‍മക്കള്‍ക്കായി ബൈത് അല്‍ ബനാത് പോലെ കോണ്‍ക്രീറ്റില്‍ ഉറപ്പുള്ളൊരു വീടുവയ്ക്കാനായി.

അവിവാഹിതകളായ മൂന്ന് അറബ് സഹോദരികള്‍ വസിച്ചിരുന്ന ഈ വീടാണ് 2012-ല്‍ വിമന്‍സ് മ്യൂസിയം ആയി മാറിയത്. ബൈത് അല്‍ ബനാത് എന്നാല്‍ അറബിയില്‍ പെണ്‍കുട്ടികളുടെ വീട് എന്നാണ് അര്‍ഥം. (ബൈത്ത് എന്നാല്‍ വീടും ബനാത് എന്നാല്‍ പെണ്‍കുട്ടിയും)ഡി.സി നോവല്‍ പുരസ്‌കാരം നേടിയ സോണിയ റഫീക്കിന്റെ മൂന്നാമത്തെ നോവലിന്റെ പേരാണ്. പെണ്‍കുട്ടികളുടെ വീട്. എഴുപത് വര്‍ഷം പഴക്കമുള്ള ഒരു വീടും, അതിനുമെത്രയേ പഴക്കമുള്ള ഒരു സംസ്‌കാരവും, തന്റെ എഴുത്തിലൂടെ നോവല്‍ രൂപത്തില്‍ കണ്ടെടുക്കുകയാണ് ചരിത്രം വായിക്കാന്‍ ഇഷ്ടപ്പെടുന്ന എഴുത്തുകാരി ഈ കൃതിയിലൂടെ.


വെറുതെ ഒരു നോവല്‍ ചമയ്ക്കുക മാത്രമല്ല സോണിയ റഫീക്ക് തന്റെ പുസ്തകത്തിലൂടെ ചെയ്യുന്നത്. എഴുത്തില്‍ ചരിത്രത്തെ കുഴിച്ചെടുക്കുന്നതോടൊപ്പം ഒരു സംസ്‌കാരത്തിന്റെ ശേഷിപ്പുകളും കണ്ടെടുക്കുന്നു. അവരുടെ ഭാഷ, വസ്ത്രം, ആഹാരം, തൊഴില്‍, കച്ചവടം, യാത്രകള്‍, ഭൂമിക തുടങ്ങിയ ഒട്ടുമിക്ക കാര്യങ്ങളും, പെണ്‍കുട്ടികളുടെ മേലുടുപ്പില്‍ മനോഹാരിതയ്ക്കായി പിടിപ്പിക്കുന്ന പവിഴമുത്തുകളായി തുന്നിചേര്‍ത്തിരിക്കുന്നത്വായനയില്‍ കണ്ടെത്താന്‍ കഴിയും. ഒരു പക്ഷേ തദ്ദേശവാസികള്‍ പോലും ഇപ്പോള്‍ ഓര്‍ക്കുന്നില്ലാത്ത വാക്കുകളുടെ വന്‍ശേഖരമുണ്ട് ഈ നോവലിലുടനീളം.

അറബിക്കഥകളേക്കാള്‍ അത്ഭുതം നിറഞ്ഞ, 1950 കളിലെ എമിറാത്തി സ്ത്രീകളുടെ ജീവിതം ആവിഷ്‌കരിക്കുന്ന നോവലാണ് 'പെണ്‍കുട്ടികളുടെ വീട്'.ചരിത്രത്തിലെവിടെയും അടയാളപ്പെടുത്താത്ത മൂന്ന് സ്ത്രീജീവിതങ്ങളിലൂടെഅറബ് ദേശത്തിന്റെ അറിയാക്കഥകള്‍ സോണിയ പറയുന്നു. ആയിരത്തൊന്നു രാവുകളിലും അവസാനിക്കാത്ത എണ്ണമറ്റ കഥകളുണ്ട്, അറബ് നാട്ടിലെ പെണ്ണുങ്ങളുടെ നാവില്‍. കുട്ടികളെ ഉറക്കുവാനും, പിഴച്ചു പോകാന്‍ സാധ്യതയുള്ള ഭര്‍ത്താക്കന്മാരെയും ആണ്‍മക്കളെയും വരുതിയില്‍ നിര്‍ത്തുവാനും, ദുഷിച്ച കണ്ണുള്ളവരെ അകറ്റുവാനും, ആത്മ സംഘര്‍ഷങ്ങളെ നേരിടുവാനും, ഉള്ളിലെ ഭയങ്ങള്‍ ചാമ്പലാക്കുവാനും അവര്‍ അനവധി നാടന്‍ കഥകള്‍ മെനഞ്ഞിരുന്നു. രാവും പകലും അവര്‍ പറഞ്ഞുകൊണ്ടിരുന്ന കഥകളുടെ അത്ഭുതലോകമാണ് പെണ്‍കുട്ടികളുടെ വീട്.

വിമന്‍സ് മ്യൂസിയമെന്ന ചരിത്രസ്മാരകത്തെ ക്യാന്‍വാസാക്കി തന്റെ ഭാവനയെ ഒരു മാജിക്ക് റിയലിസത്തിന്റെ തലത്തിലൂടെ കടത്തിവിടുന്നക്രാഫ്റ്റ് രൂപപ്പെടുത്തിയാണ് പെണ്‍കുട്ടികളുടെ വീട് പണിതെടുത്തിരിക്കുന്നത്.


വിശ്വാസത്തിന്റെയും ഭ്രമകല്‍പനയുടേയും നേരിയ നൂലിഴയിലൂടെ സഞ്ചരിക്കുന്ന നാസിയ ഹസ്സന്‍ എന്ന പ്രവാസി പെണ്‍കുട്ടി, താന്‍ കണ്ട ബയ്ത് അല്‍ ബനാത് എന്ന സ്മാരകത്തിലെ മൂന്ന് പെണ്‍ ജീവിതങ്ങളിലേക്ക് അറിയാതെ ഇറങ്ങി ചെല്ലുന്നു. അതെല്ലെങ്കില്‍ അവരില്‍ ഒരാളായി താദാത്മ്യപ്പെടുന്നു. അവളിലപ്പോള്‍ അവരെക്കുറിച്ച് കഥകള്‍, അവള്‍ പോലുമറിയാതെ രൂപപ്പെട്ടു വരുന്നു. മ്യൂസിയത്തില്‍ മറ്റാര്‍ക്കും കാണാന്‍ കഴിയാത്ത കാഴ്ചകള്‍ അവള്‍ മാത്രം കാണുന്നു. താനൊരിക്കല്‍ ഇവിടെ ജീവിച്ചിരുന്നുവെന്ന സങ്കല്‍പത്തില്‍ അവളിലേക്ക് മൂന്ന് പെണ്‍കുട്ടികളുടെ ജീവിതം മറ നീക്കി പുറത്തു വരുന്നു.

പതിനഞ്ചാമത്തെ വയസ്സില്‍ 'ആപ് ജൈസാ കോയി മേരി സിന്ദഗി മേ.... എന്ന ഹിറ്റ് ഗാനത്തിലൂടെ പ്രശസ്തയായ പാക്കിസ്ഥാനി ഗായികയെ, ഏറെ ഇഷ്ടപ്പെടുന്ന റുഖിയ അമ്മായിയാണ് നാസിയ ഹസ്സന്‍ എന്ന പേര് ഇട്ടതെന്ന്, തനിക്ക് ആരാണ് ഈ പേര് നല്‍കിയതെന്ന് സോളമന്‍ ചോദിക്കുമ്പോള്‍, നാസിയ പറയുന്നുണ്ട്. ആ പേര് പോലെ തന്നെ അവളില്‍ എന്തൊക്കെയോ പ്രത്യേകതകളും അയാള്‍ കണ്ടെത്തുന്നുണ്ട്, കഥയുടെ മൂന്നാട്ടുള്ള പ്രയാണത്തില്‍.

എഴുത്ത് ഒട്ടും വശമില്ലാത്ത ഞാന്‍ പുസ്തകത്തെയല്ല, പുസ്തകങ്ങള്‍ എന്നെയാണു വായിക്കാറ് എന്ന് പറയുന്ന, ഓരോ പേജ് മറിയുമ്പോഴും കഥാപാത്രങ്ങള്‍ക്കും കഥാകാരനും മുന്നില്‍ ഞാന്‍ വെളിപ്പെട്ടുകൊണ്ടേയിരിക്കും എന്ന് വിചാരപ്പെടുന്ന ഒടുവില്‍, സ്വകാര്യത നഷ്ടമായിത്തുടങ്ങുമ്പോള്‍ മെല്ലെ പുസ്തകം അടച്ചുവയ്ക്കുന്നു. മുന്നൂറു താളുകളില്‍ വിടരുന്നൊരു നോവല്‍ വായിച്ചാല്‍ അതിനുള്ളില്‍ എത്രായിരം കണ്ണുകളാവും എന്നെ ചുറ്റിയലയുക എന്ന് ആകുലപ്പെടുന്ന നാസിയയെ തേടി ഒരു പുസ്തകം കൊറിയറായി വരുന്നിടത്താണ് ഈ നോവലിന്റെ തുടക്കം. ആ നോവല്‍ അവള്‍ പോലുമറിയാതെ, അവള്‍ തന്നെ എഴുതിയെന്നതാണ് മറ്റൊരു മാജിക്ക്. മ്യൂസിയത്തിലേക്ക് അവളെ എത്തിക്കുന്ന സിനിമാക്കാരന്‍ സോളമന്‍ സിറിയക്കാണ് അവളിലേക്ക് പ്രണയത്തോടൊപ്പം എഴുത്തിന്റെ മുത്തു ചിപ്പിയും തുറന്നു വെയ്ക്കുന്നത്.

നോവലിനുള്ളില്‍ മറ്റൊരു കഥ പറയുന്ന രീതിയാണ് പെണ്‍കുട്ടികളുടെ വീട് എന്ന നോവല്‍ വികസിക്കുന്നത്. 1950കളിലെ കഥ പറയുന്ന നോവലില്‍ വര്‍ത്തമാനകാലവും കടന്നു വരുന്നുണ്ട്.

വായനക്കാര്‍ക്കൊപ്പം നാസിയ ഹസ്സന്‍ എന്ന പ്രധാന കഥാപാത്രം നോവല്‍ വായിക്കുന്നുണ്ട്.

നാസിയയുടെ ചിന്ത: 'ബൈത് അല്‍ ബനാത് വായിക്കും തോറും സോളമന്‍ എന്നെ സന്നിവേശിച്ചു കൊണ്ടിരുന്നു. വരുണ്‍ പറഞ്ഞു ഞാനാകെ മാറിപ്പോയെന്ന്. പഴയതുപോലെ സംസാരിക്കാറില്ല, അടുക്കളയില്‍ കയറുന്നില്ല, പത്രം പോലും വായിക്കുന്നില്ല. എത്രയും വേഗം നോവല്‍ വായിച്ചു തീര്‍ത്ത് നോര്‍മല്‍ ആവാനാണ് അവനെന്നെ ഉപദേശിക്കാറ് '


നാസിയ മറ്റൊരിക്കല്‍ വിചാരപ്പെടുന്നത് ഇവ്വിധമാണ്: മറിയം, സൊരയ്യ, ഷംസ എന്ന മൂന്ന് എമിറാത്തി പെണ്ണുങ്ങളെ ഞാന്‍ അറിയും. ബൈത് അല്‍ ബനാത്തില്‍ ഞാന്‍ പോയിട്ടുമുണ്ട്. അവരവിടെ ജീവിച്ചിരുന്നപ്പോള്‍ അല്ല, അതൊരു മ്യൂസിയം ആയി മാറിയതിനു ശേഷം. 2017ല്‍ ഞാന്‍ അതിനുള്ളിലേക്ക് പ്രവേശിക്കുമ്പോള്‍, വര്‍ഷങ്ങള്‍ക്കു മുന്‍പ് അവിടെ പാര്‍ത്തിരുന്ന മൂന്ന് പെണ്ണുങ്ങളുടെ ചിരിയും തേങ്ങലും പിണക്കവും എല്ലാം ആ ചുമരുകളില്‍ നിന്ന് നീരാവിയായി ഉയര്‍ന്ന് എന്നെ വന്നു മൂടി. അവരുടെ ഒരു ചിത്രം പോലും അവിടെ ഉണ്ടായിരുന്നില്ലെങ്കിലും അവര്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളില്‍ നിന്ന് ഞാന്‍ മൂന്നു പേര്‍ക്കും രൂപം നല്‍കി. അവര്‍ കൊണ്ടതും കൊടുത്തതുമായ സ്‌നേഹത്തിന്റെ കണക്കുകള്‍ ഞാന്‍ കൃത്യമായി മനസ്സില്‍ കുറിച്ചിട്ടു. എന്നെക്കാള്‍ നന്നായി മറ്റാര്‍ക്കും അറിയാനാവില്ലെന്ന് അന്നെന്നെ അവിടേക്കു കൊണ്ടുപോയവന്‍ തറപ്പിച്ചു പറഞ്ഞിരുന്നു.

വായന പുരോഗമിക്കുന്തോറും നാസിയയുടെ ചിന്തകള്‍ ഇങ്ങനെയൊക്കെ മാറി മറിയുന്നുണ്ട്. എനിക്ക് ഒരിക്കല്‍ കൂടി ബൈത് അല്‍ ബാനാത്തിലേക്ക് പോകണമെന്ന് ആഗ്രഹം തോന്നുന്നു. ഒറ്റയ്ക്കു പോകുമ്പോള്‍ ആ മൂന്ന് പെണ്ണുങ്ങളും എന്നെ എങ്ങനെ സ്വീകരിക്കുമെന്ന് അറിയാല്ലോ! മ്യൂസിയം ഡയറക്ടര്‍ നജഹ് മഹര്‍ അവിടെയുണ്ടെങ്കില്‍ അവരെ ഈ നോവല്‍ കാണിക്കുകയും വേണം. പക്ഷേ, മലയാളത്തിലുള്ള മറിയത്തെയും ഷംസയെയും സൊരയ്യെയും അവര്‍ക്കു മനസ്സിലാകില്ലല്ലോ എന്തൊരു കഷ്ടമാണ്! ലോകത്തിനു മൊത്തം ഒരൊറ്റ ഭാഷ മതിയായിരുന്നു. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും മനുഷ്യനുമുള്ളതുപോലെ ഏക ഭാഷ.

ഇത്തരത്തില്‍ നോവല്‍ വായനയില്‍ തന്റെ ഓര്‍മകളെ കൂടി സന്നിവേഷിപ്പിച്ച് വിഭ്രാത്മകമായി ജീവിക്കുന്ന നാസിയ ഹസ്സന്റെയും കൂട്ടുകാരി സാന്ദ്രയുടേയും അവളുടെ കൂട്ടുകാരന്‍ വരുണിന്റെയും പിന്നെ നാസിയയുടെ സോളമന്റേയും സമദിന്റേയും റുഖിയാമിയുടേയും മറ്റു ചിലരുടേയും കഥ കൂടിയാണ് പെണ്‍കുട്ടികളുടെ വീട്.

വിമന്‍സ് മ്യൂസിയത്തിന്റെ സ്ഥാപകയായ എമറാത്തി സ്ത്രീ, ഡോക്ടര്‍ നജഫ് മഹര്‍, നാസിയയോട് വിമന്‍സ് മ്യൂസിയത്തെ കുറിച്ച് ഇങ്ങനെ പറയുന്നുണ്ട്: ഗോള്‍ഡ് സൂക്കിലായിരുന്നു എന്റെ വീട്. കടലിലൂടെ ലോകം വരുന്നതും പോകുന്നതും കണ്ടു ഞാന്‍ വളര്‍ന്നു. മീന്‍ പിടിക്കുന്നതും മുത്തുവാരുന്നതും ചരക്കുകളിറക്കുന്നതും പല ദേശത്തു നിന്നു ആളുകള്‍ വന്നിറങ്ങുന്നതും ദിവസേനയുള്ള കാഴ്ച. കടലാണ് ജീവന്‍, ജലമാണ് ജീവന്റെ ഉത്ഭവമെന്ന് ചെറുപ്പത്തിലെ മനസ്സിലാക്കി: ദുബായുടെ കാതലായ ഈ പ്രദേശത്ത് ജീവിക്കാനുളള ഭാഗ്യമെനിക്കുണ്ടായി. തെരുവിലൂടെ നടന്നുപോകുമ്പോള്‍ അനുഭവപ്പെടുന്ന പലതരം ആഹാരത്തിന്റെ ഗന്ധം, സുഗന്ധദ്രവ്യങ്ങളുടെ പരിമളം, പല നാട്ടുകാര്‍ വ്യത്യസ്ത ഉച്ചാരണങ്ങളില്‍ അറബി സംസാരിക്കുന്ന ശബ്ദം, എല്ലാം അനുഭവിക്കാന്‍ കഴിഞ്ഞു. ദുബായിയുടെ ആത്മാവ് ഇവിടെയാണ്. ഇവിടെ നിന്നാണ് എല്ലാം തുടങ്ങിയത്. പുതിയ തലമുറയെ അവരുടെ പൂര്‍വികരുടെ ജീവിതം കാണിച്ചു കൊടുക്കുവാന്‍ ആണ് ഞാന്‍ ഈ മ്യൂസിയം തുടങ്ങിയത്. ഒരു രാജ്യത്തെ ജനങ്ങളുടെ ഉറവിടമെന്തെന്ന് അറിയാതെ ഒരാള്‍ എങ്ങനെ അവിടവുമായി ആത്മാവ് പങ്കുവെയ്ക്കും.

തന്റെ ഇഷ്ടക്കാരനായ യാക്കൂബിനെ നഷ്ടപ്പെടുമ്പോള്‍ ഷംസ ചിന്തിക്കുന്നതിലൂടെ മരുഭൂമിയുടെ ആകപ്പാടെയുള്ള ഒരു ആവാസവ്യവസ്ഥ വരച്ചിടുന്നത് എത്ര മനോഹരമായിട്ടാണ് എഴുത്തുകാരിയെന്ന് പറയാതിരിക്കാനാവില്ല. അസാധാരണമായ നിരീക്ഷണങ്ങളാണവ.

ഷംസ മൂകയായി. അവളോര്‍ത്തു മരുഭൂമിയിലെ ഏതെങ്കിലുമൊരു വൃക്ഷമായാല്‍ മതിയായിരുന്നു. നീണ്ട വേരുകള്‍ മണലിന്‍ അഗാധതയിലേക്കു പടര്‍ത്തി വെള്ളം വലിച്ചെടുക്കുവാന്‍ കഴിവുള്ള ഒരു മരു വൃക്ഷം. മഴയില്ലാതെ പതിറ്റാണ്ടുകള്‍ പച്ചയായി തുടരാനുള്ള നിശ്ചയദാര്‍ഢ്യമുള്ളൊരു മരം.

വൃക്ഷമായില്ലെങ്കിലും വേണ്ടില്ല മെഴുമെഴുത്ത ശരീരവുമായി മണലില്‍ മുങ്ങി നീന്തുന്നൊരു മണല്‍ മത്സ്യം ആയാലും മതി. ആരുടേയും കണ്ണുവെട്ടിച്ച് മണലില്‍ മുങ്ങാങ്കുഴിയിട്ട് ജീവിക്കാനുള്ള കഴിവ് അതിനുണ്ടല്ലോ.

മണലില്‍ ആഴ്ന്നു പോകാത്ത രോമാവൃതമായ ലോല നഖ പാദമുള്ള മണല്‍ പൂച്ച ആയി ജനിച്ചിരുന്നെങ്കിലോ? അതുക്കള്‍ക്കു പകല്‍ മുഴുവന്‍ ഏതെങ്കിലും ഭൂഗര്‍ഭമടയില്‍ കിടന്നുറങ്ങി രാത്രിയാകുമ്പോള്‍ ആരും കാണാതെ ഇര തേടി ഇറങ്ങാമല്ലോ.

അല്ലെങ്കില്‍ വാദികളിലെ ചെറിയ പൊട്ടക്കുളങ്ങളില്‍ കാണുന്ന മീനുകള്‍ ആയാലും മതി. അവരുടെ ആ ചെറിയ ജലജയില്‍ മഴ കഴിയുമ്പോള്‍ വെള്ളം വറ്റും, അവ ചത്തുപോകും: എങ്കിലും ഒരു ശരത് കാലം മനോഹരമായി ജീവിച്ചതിന്റെ സംതൃപ്തി ഉണ്ടാകുമല്ലോ.

ശത്രുക്കളെ കാണുമ്പോള്‍ സ്വന്തം ശരീരത്തില്‍ മണല്‍ കോരിയിട്ട് അപ്രത്യക്ഷമാകുന്ന മരുഭൂമിയിലെ അഗമ അരണകള്‍ ആയാലും അവള്‍ക്ക് അതിലേറെ സന്തോഷം. തന്നെക്കാള്‍ എത്രയോ അനുഗ്രഹീതരാണ് മരുഭൂമിയിലെ ഓരോ ചെറുജീവിയും എന്നോര്‍ത്ത് അവള്‍ക്ക് സങ്കടം വന്നു.

തലയില്‍ രണ്ടു കൊമ്പുള്ള ഉഗ്രവിഷം ചീറ്റുന്ന അണലികളുണ്ട് മണല്‍കാടുകളില്‍. ശരീരത്തിന്റെ രണ്ടേ രണ്ട് ബിന്ദുക്കള്‍ മാത്രം ചുടു മണലില്‍ സ്പര്‍ശിക്കത്തക്ക രീതിയില്‍ ചെരിഞ്ഞു ചെരിഞ്ഞ് വേഗത്തില്‍ ഇഴയാന്നുള്ള കെല്‍പുണ്ടതിന്. താന്‍ അതൊന്നുമായി ജനിച്ചില്ലല്ലോ.

ഈ രണ്ട് കാലുകള്‍ കൊണ്ട്, ഇഷ്ടമുള്ളവനരികില്‍ ഓടിയെത്താനുള്ള കഴിവു പോലും പടച്ചവന്‍ നല്‍കിയില്ല. ഈ രണ്ടു കണ്ണുകള്‍ക്ക് അവന്‍ താണ്ടിയ ദൂരമെത്രയെന്ന് അളന്നെടുക്കാനാവുന്നില്ല. അവന്റെ ഗന്ധം പിന്തുടര്‍ന്നെത്തുവാനുള്ള കഴിവ് തന്റെ നാസികയ്ക്കില്ല. ശരീരത്തിന്റെ ഇരട്ടി നീളത്തില്‍ നാവു നീട്ടി ഇരയെ പിടിക്കുന്ന മരുഭൂമിയിലെ ഓന്തുകളെപ്പോല്‍കൈകള്‍ നീട്ടി അവനെ എത്തിപ്പിടിക്കാനും ആവതില്ല. അവള്‍ ഏങ്ങിയേങ്ങി കരഞ്ഞു.


യൂറോപ്പിലെ റാണിമാരെയും ഫ്രാന്‍സിലെ യൂജിന്‍ രാജ്ഞിയേയും ഇംഗ്ലണ്ടിലെ വിക്ടോറിയ രാജ്ഞിയേയും ആകര്‍ഷിച്ച മുത്തുകളെകുറിച്ച് ഷംസയും നാടു കാണാനും ഫോട്ടോയെടുക്കാനും വന്ന വില്യമിന്റെ ഉമ്മയായ ഇംഗ്ലീഷ്‌കാരി റോസയും സംസാരിക്കുന്നത് വായിച്ചാല്‍ എഴുത്തുകാരിക്കൊപ്പം വായനക്കാരും ആ കച്ചവടത്തിന്റെ നിശബ്ദ സാക്ഷികളാകും. അതാണ് എഴുതിന്റെ മാന്ത്രികത.

'ഉമ്മ് വില്യം മുത്തു കച്ചവടം ചെയ്യുന്ന തവ്വാഷുമാരുടെ വീടുകളില്‍ പോയിട്ടുണ്ടോ നല്ല രസമാണ്. '

'ഞാന്‍ പടങ്ങളെടുക്കാന്‍ പോയിട്ടുണ്ട് ഷംസാ, അവര്‍ തൂവെള്ള കന്തൂറ ധരിച്ച് ഇന്ത്യക്കാരായ ബ്രോക്കര്‍മാര്‍ക്കൊപ്പം നിലത്തിരിക്കും. നടുവിലായി നല്ല മിനുമിനുപ്പുള്ള ചുവന്ന തുണി വിരിച്ചിട്ടുണ്ടാവും. അതുപോലൊരു ചുവപ്പ് തുണി അവരുടെ തലയിലും മൂടിയിട്ടുണ്ടാവും. ഒരു പിടി മുത്തുവാരി നിലത്തെ ചുവന്ന തുണിയില്‍ ഇടും. എന്നിട്ട് തരം തിരിക്കലാണ് അടുത്ത പണി. പിന്നെ വില പേശും. എന്നെ അതിശയിപ്പിച്ചതെന്തെന്നോ, മറ്റു കച്ചവടങ്ങള്‍ പോലെ വില തീര്‍പ്പാക്കാനുള്ള ഒച്ചപ്പാടും ബഹളവും ഒന്നും അവിടെ ഉണ്ടായില്ല എന്നതാണ് ഷംസാ. അവര്‍ വില പേശിയത് കൈകള്‍ കൊണ്ടുള്ള ആംഗ് ഭാഷയിലാണ്. പൂര്‍ണ്ണ നിശബ്ദതയില്‍ വിലയെ സംബന്ധിക്കുന്ന രഹസ്യ സ്വഭാവം അതിഭീകരമായി അവര്‍ കാത്തു സൂക്ഷിക്കുന്നു. ആകെ കേള്‍ക്കുന്ന ശബ്ദം മുത്തുകള്‍ ശുര്‍ എന്ന് വീഴുന്നതും അവ തുണിയില്‍ ഉരുളുമ്പോള്‍ ഉണ്ടാകുന്ന ചെറിയ സീല്‍ക്കാരങ്ങളും മാത്രം. '

അത്തരത്തില്‍ മരുഭൂമിയിലെ ചെറിയ കാഴ്ചകള്‍ പോലും പലപ്പോഴായി വിവരിക്കുന്നുണ്ട് നോവലില്‍.

അറിയാത്തവരുടെ ചോദ്യങ്ങള്‍ക്ക് മറുപടികളായി അവ ഇങ്ങനെ കൗതുകത്തോടെ വായിച്ചെടുക്കാം നമുക്ക്.

ഉമ്മ് വില്യം പേടിക്കണ്ട, അത് ഒന്നും ചെയ്യില്ല, അബു ജല്ല വണ്ടുകളാണ്. ഒട്ടകച്ചാണകം ഉരുട്ടി അതിന്റെ ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങള്‍ക്കായി ശേഖരിക്കുന്നതാണ്. മണലില്‍ കുഴിച്ച് ഈ ഉണ്ടകളെല്ലാം അതിനുള്ളില്‍ നിധിപോലെ കാത്തു വയ്ക്കും. എന്നിട്ട് അതിലേക്കു മുട്ടകളിടും. കുഞ്ഞു വിരിയുമ്പോ അതുങ്ങള്‍ക്ക് തിന്നാനുള്ളതാ ഈ ഉരുട്ടിമറിക്കുന്നത്.

മരുഭൂമിയില്‍ ജിന്നുകള്‍ ഉണ്ടോ ഷംസാ?

'തീയും ഉപ്പും ഇരുമ്പും ഖുറാനും ഉള്ളിടത്ത് ജിന്നുകള്‍ അടുക്കില്ല ഉമ്മ് വില്യം.'


'ഞാന്‍ വില്യത്തിനെ പ്രസവിച്ചത് ഇന്ത്യയിലാണ്, അവിടെ കല്‍ക്കത്തയില്‍ ഞങ്ങള്‍ താമസിച്ചിരുന്ന വീടിന്റെ അടുക്കള ഭാഗത്ത് കാക്കയും പൂച്ചയും എലിയും എന്നു വേണ്ട എത്രയെത്ര ജീവികളാണ് തീറ്റ തേടി വരിക, ഇവിടൊരു ഉറുമ്പിനെപ്പോലും കാണാനില്ലല്ലോ. '

ചോട്ടാ കിശന്‍: 'മേം സാഹിബ് കളയാന്‍ മിച്ചഭക്ഷണം ഉള്ളിടത്താണ് പങ്കുപറ്റുകാര്‍ വരുന്നത്. മരുഭൂമിയില്‍ ആവശ്യത്തിനുള്ള ആഹാരം തന്നെ കഷ്ടിയല്ലേ, ഇവിടെ എല്ലാ ജന്തുക്കളും ജനനം മുതല്‍ മരണംവരെ വിധിക്കപ്പെട്ട ഇരകളെ മാത്രമേ ദക്ഷിക്കൂ. അന്യ രുചികള്‍ തേടുവാന്‍ അവര്‍ക്കു സാധ്യതകള്‍ ഇല്ല.'

സാഫി മീന്‍ ആണ് മറിയം ചോറിനൊപ്പം തയ്യാറാക്കിയിരിക്കുന്നത്. നഫീസ ജദ്ദയ്ക്ക് ഏറെ ഇഷ്ടമുള്ള മത്സ്യം. സെപ്തംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ ജൈവിക സമ്പത്ത് ഏറെയുള്ള, ഉപ്പുരസം കുറഞ്ഞ വെള്ളം ഇന്ത്യാ മഹാസമുദ്രത്തില്‍ നിന്ന് ഹോര്‍മുസ് കടലിടുക്ക് വഴി റാസ് അല്‍ ഖൈമ തീരത്തു കൂടെ ദേരയിലെ ജലത്തില്‍ ലയിക്കും. നല്ല രുചിയുള്ള അയിലയും ചൂരയും കൊഴുവയും എല്ലാം ദേരയിലേക്ക് ഒഴുകിയെത്തുന്ന സമയമാണത്.

അവിടെ ഒരു വിവാഹത്തിന്റെ ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു. ചെറുക്കന്റെ വീട്ടില്‍ നിന്നും പെണ്ണിന്റെ വീട്ടിലെ വിരുന്നുകാര്‍ക്കായി മിര്‍വാ ചെണ്ടകളുമായി പാട്ടുകാരും ഖലീജി നൃത്തം കളിക്കുന്ന പെണ്‍കുട്ടികളും ബസ്തകിയയിലേക്ക് നടന്നു പോകുന്നു. ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന വിവാഹചടങ്ങില്‍ ഓരോ ദിവസവും വധു സ്വര്‍ണ്ണ ചിത്രപ്പണികള്‍ ചെയ്ത പല നിറത്തിലെ വസ്ത്രങ്ങളാവും ധരിക്കുക.

എമറാത്തി പെണ്‍കുട്ടികളുടെ കഥ പറയുന്നതിനോടൊപ്പം പല രാജ്യക്കാരുടേയും ജീവിതചിത്രങ്ങള്‍ തെളിഞ്ഞു കാണാം. അതോടൊപ്പം ഇന്ത്യക്കാരും ഈ നോവലില്‍ ഒരു പ്രധാന ഘടകമായി തീരുന്നുണ്ട്. ഇന്ത്യന്‍ രൂപയാണ് അക്കാലത്ത് ഇവിടെ വിനിമയം ചെയ്യപ്പെട്ടിരുന്നത്. ഇന്ത്യയില്‍ നിന്നും നിരന്തരം ചരക്കുമായി വരുന്ന കപ്പലുകലുകളും സ്വര്‍ണ്ണ കള്ളക്കടത്തും, ഇന്ത്യക്കാരായ കച്ചവടക്കാരുടെ ആധ്യപത്യവും കഥാഗതിയെ മുന്നോട്ട് നയിക്കുന്നുണ്ട്.

1850 മുതല്‍ ഇന്ത്യയില്‍ നിന്ന് ഈ കടല്‍ത്തീരത്തു വന്ന് താമസമാക്കിയ പണമിടപാടുകാരന്‍ കിശന്‍ലാലയുടെ കൊച്ചുമകന്‍ ചോട്ടാ കിശന്‍ ഈ നോവലില്‍ ഒരു പ്രധാന കഥാപാത്രമാണ്. പല കച്ചവടങ്ങളും നടത്തി കടം വന്ന് കയറിയ അയാള്‍ അവസാനം എത്തിപ്പെടുന്നത്, എമറാത്തി സ്ത്രീകളില്‍ രണ്ടാമത്തവളായ സൊരയ്യയുടെ ടാക്‌സി ഓടിക്കുന്ന ജോലിക്കാരനായിട്ടാണ്.

നല്ലൊരു റോഡ് പോലും ഇല്ലാത്ത അക്കാലത്തെ ദുബായ് വഴികളെ കുറിച്ച് ചോട്ടാ കിശന്റെ പരാതി ഇപ്രകാരമാണ്: 'ബോംബേയിലെ അപ്പോളൊ റോഡ് ഒന്ന് കാണണം! ഈ കച്ചറ നാട്ടില്‍ ഒരു കാലത്തും അങ്ങനെയുള്ള റോഡുകള്‍ വരാനേ പോകുന്നില്ല' സൊരയ്യയോട് ഒരടുപ്പം സൂക്ഷിക്കുന്ന ചോട്ടാ കിശന്‍ പിന്നീട് വലിയ ഒരപകടത്തില്‍ ചെന്ന് ചാടുന്നുണ്ട്.

ഒരു മ്യൂസിയത്തിന്റെ കാഴ്ചയില്‍ നിന്ന്, മറ്റൊരു കാലത്തെ കണ്ടെടുത്ത് തന്റെ ഭാവനയിലേക്ക് വിളക്കിച്ചേര്‍ത്ത്നോവല്‍ ആയി അവതരിപ്പിക്കുന്നതില്‍ സോണിയ റഫീക്കിന്റെ എഫര്‍ട്ട് പ്രശംസനീയമാണ്.

അറബ് സ്ത്രീകളുടെ കുടംബ ജീവിതത്തെ ആവിഷ്‌ക്കരിക്കുമ്പോള്‍, ആണ്‍ അധികാരത്തിന്റെ മേല്‍ക്കോയ്മ കുടുംബത്തിനകത്തും കമ്പോളത്തിലും ആ നാളുകളിലും എങ്ങനെയായിരുന്നുവെന്ന് എഴുത്തുകാരി വരച്ചിടുന്നുണ്ട്.


വാല്‍ക്കഷ്ണം: വിമര്‍ശനം

മൂന്ന് പെണ്‍കുട്ടികളില്‍ ഏറ്റവും ഇളയവളായ ഷംസ നോവലിലുടനീളം, ആയിരത്തൊന്ന് രാവുകളിലെ കഥകള്‍പോലെപറയുന്ന കഥകളില്‍ ചിലതെല്ലാം വായനയെ മടുപ്പിക്കുന്നുവെന്ന് പറയേണ്ടി വരും. എന്നാല്‍, ചില കഥകള്‍ നോവലിലേയ്ക്ക് തിരിച്ചെത്തും വിധം കണ്ണി ചേര്‍ന്ന് പോകുന്നുമുണ്ട്. നോവല്‍ അവസാനിപ്പിച്ചത് ഒരു ചെറുകഥയുടെ ട്വിസ്റ്റ് പോലെ അപൂര്‍ണ്ണമായി എന്ന് ചിലര്‍ക്കെങ്കിലും തോന്നാം. വായനക്കാരെ ഒട്ടും പരിഗണിക്കാത്ത ഒരവസാനമാണ് നോവലിന്റേത്.

മനസ്സിനെ സ്പര്‍ശിക്കുന്ന രംഗങ്ങളില്‍ കണ്ണു നിറയുന്ന ഒരു സാധാരണ വായനക്കാരനാണ് ഞാന്‍. ഹെര്‍ബേറിയം എന്ന പുസ്തകത്തിന്റെ വായനയില്‍ പലവട്ടം എന്റെ കണ്ണു നിറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. എന്നാല്‍, പെണ്‍കുട്ടികളുടെ വീട് എന്നെ ആ രീതിയില്‍ ഒട്ടും സ്പര്‍ശിച്ചില്ല എന്ന് ഖേദത്തോടെ പറയട്ടെ.

നോവലിലെ നായിക നാസിയ 'ഹസ്സന്റെ സ്വഭാവസവിശേഷതകള്‍ വായനക്കാരെ സ്വാധീനിക്കാന്‍ കഴിയാത്ത തക്കവണ്ണം വരണ്ടതായി തോന്നി. അവരുടെ ദാമ്പത്യ ജീവിതത്തെ കുറിച്ചാെക്കെ പറയുന്ന ഭാഗങ്ങള്‍ വായനയില്‍ കല്ലു കടിയായി തോന്നാം.

മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഒരു കൃതി എന്ന നിലയില്‍ അല്ല, ഭാവനയുടെ വിശാലമായ ആകാശത്തില്‍ ചരിത്രത്തെ ഏറെ സൂക്ഷ്മതയോടെ പറത്തി വിടുന്ന എഴുത്ത് എന്ന വിധം വേണം പെണ്‍കുട്ടികളുടെ വീടിനെ വായിച്ചെടുക്കാന്‍. ഇത് ഞാന്‍ എന്ന വായനക്കാരന്റെ മാത്രം അഭിപ്രായമാണ്. മറ്റൊരു വായനക്കാരന്‍ മറ്റൊരു രീതിയിലാവാം പെണ്‍കുട്ടികളുടെ വീട്ടില്‍ വസിക്കുന്നത്.



Similar Posts