തിരുശേഷിപ്പുകൾ
|ഷാജി ഹനീഫ് എഴുതിയ ഇസ്താൻബൂൾ യാത്രാനുഭവം അവസാനിക്കുന്നു
ടോപ്കാപ്പി മ്യൂസിയത്തിലാണ് മുസ്ലിം ലോകത്തിൽ പലരും ഏറെ ബഹുമാനിക്കുന്ന ഒത്തിരി പ്രവാചക തിരുശേഷിപ്പുകളുള്ളത്. പഴഞ്ചനായൊരു കെട്ടിടത്തിലാണ് മ്യൂസിയം.പടമെടുക്കൽ അനുവദനീയമല്ല. പ്രവാചകൻ തിരുനബിയുടേയും മകൾ ഫാത്വിമയുടേയും മരുമകൻ അലിയുടേയും വസ്ത്രങ്ങളും ആയുധങ്ങളിൽ ചിലതും അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.കൂട്ടത്തിൽ എന്നെയേറെ ആകർഷിച്ചത് തിരുകേശമായിരുന്നു .
യുദ്ധത്തിലൊരിക്കൽ പറിഞ്ഞുപോയ പല്ലിനൊപ്പം ഒരു താടിരോമവുമുണ്ടായിരുന്നത്രെ.ഇസ്ലാം മതവിശ്വാസികൾക്ക് തിരുശേഷിപ്പുകൾ വിശുദ്ധമായതിനാൽ അവയൊക്കെ പ്രവാചകന്റെ പ്രിയ നഗരമായ മദീനയിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഖിലാഫത്തിൻ്റെ കാലത്ത് അത് തുർക്കിയിലെ ഇസ്താംബൂളിലേക്കെത്തിച്ചു.അരക്കു കൊണ്ട് തീർത്ത ഒരു മുകുളത്തിൽ പറ്റിച്ചു നിർത്തിയ ആ താടിരോമം അതേ അവസ്ഥയിൽ തന്നെയാണവിടെ ഇപ്പോഴുമുള്ളത്. കേവലം ഒരിഞ്ച് നീളത്തിൽ പതിനാല് നൂറ്റാണ്ടിലേറെയായിട്ടും അത് വളർന്നിട്ടില്ല.ജൈവബന്ധം വേർപ്പെട്ടവയെല്ലാം അചേതനങ്ങളും നശ്വരങ്ങളുമാണ്.
കശ്മീരിലെ ഹസ്റത്ത് ബാൽ മസ്ജിദിലുമുണ്ട് ഇതുപോലൊരു തിരുശേഷിപ്പായ കേശം. ഒരിക്കലത് മോഷണം പോയി. അവിടയന്ന് കലാപമുണ്ടായപ്പോൾ ഗവർണറായ ജഗ്മോഹൻ എവിടെ നിന്നോ ഒപ്പിച്ചു കൊണ്ടുവന്ന മുടിയാണിപ്പോൾ ഹസ്രത്ത് ബാൽ പള്ളിയിലുള്ളത്. ദിവ്യാത്മാക്കളും പ്രവാചകരും പഠിപ്പിച്ച മാർഗ്ഗ നിർദ്ദേശങ്ങൾക്കാണ് പ്രാധാന്യം. അവരുടെ തിരുശേഷിപ്പുകൾക്കല്ല തിരുമൊഴികൾക്കാണ് പ്രാധാന്യം.
മാസങ്ങളെടുത്താലും തീരാത്ത കാഴ്ച്ചകളുപേക്ഷിച്ച് തിരിച്ച് പോരേണ്ട ദിനമായി. പലരും പറഞ്ഞു കേട്ട ഇസ്മിറും അമാസ്യയും ബൊസ്കാഡയും ഗൊറീമയും കാസും മർദിനും തലസ്ഥാനമായ അങ്കാറയും കാണാതെ ഞാൻ തിരിച്ച് പോകുന്നു.അഞ്ചാറ് മാസക്കാലമെങ്കിലും എൻ്റെ നാടായ മലബാറിനെ ഭരിച്ച ഖിലാഫത്തിൻ തലസ്ഥാന നഗരമായ ഇസ്താംബൂൾ എനിക്കുമേറെ ഇഷ്ടമായി.
മഞ്ഞുപെയ്യുന്ന നട്ടുച്ചയിൽ അഹ്മദ് ബൈരക്ത്യാറും താക്കെദ്ദീനും എന്നെ യാത്രയാക്കാൻ വന്നു.അവർ ഒരു കൂടനിറയെ തുർക്കിഷ് മധുരം കരുതിയിരുന്നു. എൻ്റെ കരങ്ങൾ ശൂന്യമായിരുന്നു.ഒരു ചെറുപൊതിയിൽ അഹമ്മദ് ബൈരക്ത്യാർ എനിക്ക് അഞ്ചാറ് തുളിപ്പ് കിഴങ്ങുകൾ തന്നു. തണുപ്പുള്ള ഇടത്ത് പാകിയാൽ മുളക്കുമെന്ന് കെട്ടിപ്പിടിക്കുമ്പോൾ ചെവിയിൽ പറഞ്ഞു.തിരികെയുള്ള യാത്ര നാട്ടിലേക്കായിരുന്നു.
കൂട്ടുകാർ തുർക്കി അനുഭവങ്ങളെക്കുറിച്ച് അറിയാനേറെ കൗതുക പ്പെട്ടെങ്കിലും എവിടെത്തുടങ്ങണം എന്തൊക്കെ പറയണം എന്ന ആശങ്കയിൽ ഞാനത് ഒരു പുഞ്ചിരിയിലൊതുക്കി.
കൃഷിക്കാരിയായ മൂത്ത പെങ്ങൾക്ക് തുലിപ്പ് വിത്തുകൾ നൽകി. പട്ടാമ്പിയിലെ അവളുടെ തോട്ടത്തിലത് സൂക്ഷ്മമായി പാകി പരിപാലിച്ചു. നാളേറെക്കഴിഞ്ഞ് അവ മുളച്ചെങ്കിലും അല്പം വളർന്ന് മുരടിച്ച് നിന്നു, പൂർണ്ണമാകാത്ത എൻ്റെ തുർക്കിയാത്രപോലെ.
( അവസാനിച്ചു )