Art and Literature
ഓര്‍മകളുടെ സെക്കന്റ് ബെല്ലടിക്കുന്ന ഷാജി ഹനീഫിന്റെ ഉസ്‌കൂള്‍ സ്മരണകള്‍
Click the Play button to hear this message in audio format
Art and Literature

ഓര്‍മകളുടെ സെക്കന്റ് ബെല്ലടിക്കുന്ന ഷാജി ഹനീഫിന്റെ ഉസ്‌കൂള്‍ സ്മരണകള്‍

രമേഷ് പെരുമ്പിലാവ്
|
2 July 2022 7:42 AM GMT

ആര്‍ഭാടവും ദാരിദ്ര്യവും ഉസ്‌കൂളില്‍ പലയിടത്തും എഴുത്തുകാരന്‍ അടിവരയിട്ട് എഴുതി വെയ്ക്കുന്നുണ്ട്. അതൊരുപക്ഷേ, കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള അടയാളപ്പെടുത്തലാകാം.

ക്ലാസ് മുറികളും കളിമുറ്റവും നഷ്ടമാകുന്ന കുരുന്നു ബാല്യങ്ങള്‍ക്ക് സമര്‍പ്പിച്ച പുസ്തകമാണ് ഷാജി ഹനീഫിന്റെ ഉസ്‌കൂള്‍ എന്ന വിദ്യാലയ സ്മരണകള്‍.

പി.പി.രാമചന്ദ്രന്‍ മാഷ് അവതാരികയുടെ അവസാന വരികളില്‍ ഇങ്ങനെ കുറിക്കുന്നു. ഭൂഗോളത്തിലെ പല പല രാജ്യങ്ങളില്‍ ചുറ്റി സഞ്ചരിക്കുമ്പോഴും ഷാജിയുടെ ഹൃദയം പൊന്നാനിയുടെ ഈ കളിമുറ്റത്ത് ഊന്നി നില്‍ക്കുന്നു. പെന്‍സില്‍മുന വ്യത്യസ്ത അകലത്തില്‍ വട്ടം വരക്കുമ്പോഴും കേന്ദ്ര ബിന്ദുവില്‍ നിന്ന് സൂചിക്കാല്‍ വ്യതിചലിക്കാത്ത കോംപസ്സിനെപ്പോലെ.

മാഷ് പറഞ്ഞത് ഷാജി ഹനീഫെന്ന ഓര്‍മയെഴുത്തുകാരനെ കുറിച്ചുള്ള കൃത്യമായ വിലയിരുത്തലാണ്. പൊക്കിള്‍ക്കൊടി അറ്റ് പോയെന്ന് കരുതി അമ്മയുടെ കരുതലിന് എന്തെങ്കിലും മാറ്റം ഉണ്ടാകുന്നുണ്ടോ, അവരുടെ ജീവിതകാലം മുഴുവന്‍? ഷാജിയും തന്റെ വിദ്യാലയവും തമ്മിലുള്ള ബന്ധം മക്കള്‍ക്ക് അമ്മയോടെന്ന വിധം ആഴത്തില്‍ വേരൂന്നിയതാണ്. അതങ്ങനെ തുടര്‍ന്നു കൊണ്ടേയിരിക്കും.


ഷാജിയുടെ മറ്റൊരു പ്രത്യേക എല്ലാവരേയും (അതില്‍ എതിര്‍ശബ്ദങ്ങളും അനിഷ്ടക്കാരും ഉണ്ടാകാം) കൂടെ നിര്‍ത്താനുള്ള നേതൃത്വപാടവമാണ്. അറ്റു പോയേക്കാവുന്ന കണ്ണികളെ കൂട്ടിയോജിപ്പിക്കുന്ന ആ ഒരു വൈഭവം ഈ പുസ്തകത്തിലുടനീളം കാണാം. ഓരോ വരി എഴുതുമ്പോഴും അച്ഛനേയും അമ്മയേയും ഗുരുക്കന്മാരേയും ഓര്‍ക്കുന്നുവെന്ന് കുറിക്കുന്നു ആമുഖം.

ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിടുന്ന മുത്തശ്ശി വിദ്യാലയത്തിലെ ആദ്യാക്ഷര മധുരത്തില്‍ ഷാജി ഹനീഫ് തന്റെ വിദ്യാലയ ഓര്‍മയ്ക്ക് സെക്കന്റ് ബല്ലടിക്കുന്നു.

ചൂടുള്ള ചായക്കൊപ്പം

കോരിയെടുത്ത് തിന്നുമ്പോള്‍

എപ്പോഴുമോര്‍ക്കും

ആദ്യമായ് ഉപ്പുമാവ്

വിളമ്പിയ മുണ്ടിയമ്മയെ

നട്ടുച്ചനേരം ടീച്ചറുടെ

അടുക്കളപ്പുറത്ത്

ചെമ്പു കുമ്പിളില്‍

സംഭാരം തന്ന ചിന്നമണി ചേച്ചിയെ.

ഷാജിയ്‌ക്കൊപ്പം വായനക്കാരും ചായയും ഉപ്പുമാവും സംഭാരവും രുചിക്കും.

സമ്പന്നര്‍ക്കും ജാതി മതങ്ങളുടെ ട്രസ്റ്റുകള്‍ക്കും വിദ്യാഭ്യാസം വീതം വെച്ചപ്പോള്‍ നഷ്ടമായത് ബഹുസ്വരതയുടെ വൈവിധ്യമാണ്. ചെരിപ്പിടാതെ തൊടിയിലും തോട്ടിലും നടന്ന് പുഴയിലും കുളത്തിലും നീരാടി, കാട്ടു കായ്കളും മാങ്ങയും തിന്ന്, തെച്ചിപ്പൂന്തേനും വാഴക്കൂമ്പിലെ തേനും നാട്ടുകിണറുകളിലെ വെള്ളവും കുടിച്ച ആഘോഷബാല്യം തന്ന പ്രതിരോധമാണ് ഇന്നത്തെ ഞങ്ങള്‍ എന്ന് 'നഷ്ടഗാന്ധാര'ത്തില്‍ ഗ്രന്ഥകാരന്‍ അഹങ്കരിക്കുകയോ, വര്‍ത്തമാനത്തെ കുറിച്ച് ആകുലപ്പെടുകയോ ചെയ്യുന്നു. അതേസമയം വിദ്യാഭ്യാസ രംഗത്തെ കച്ചവടവല്‍ക്കരണത്തെ നിശിതമായി വിമര്‍ശിക്കുന്നു.

നാല് പതിറ്റാണ്ടു മുമ്പു മറന്നുവച്ച മഷിത്തണ്ടിന്‍ തണുപ്പും, മുളങ്കൂമ്പാല്‍ മായ്ച്ച സ്‌ളേറ്റിന്‍ മണവും, മാറിപ്പോകാതിരിക്കാന്‍ പേര് കൊത്തിയ മാന്‍മാര്‍ക്ക് കുടത്തണലും ഇനിയും വേണമെന്ന് എഴുത്തിനെ മുന്നോട്ട് നയിച്ച കൂട്ടുകാരെ ഓര്‍ത്തെടുക്കുന്നു 'പെയ്‌തൊഴിയാതെ ' എന്ന അധ്യായം. ഒട്ടും കാല്പനികത കലര്‍ത്താത്ത എഴുത്തിലൂടെ.


വിശപ്പ് സഹിക്കാനാകാതെ ഒരു റൊട്ടി കട്ടതിനാല്‍ പിടിക്കപ്പെട്ട് ജയിലിലടക്കപ്പെടുകയും നിരന്തരമായ ജയില്‍ ചാട്ടത്താല്‍ ജയില്‍വാസം വര്‍ഷങ്ങള്‍ നീളുകയും ചെയ്ത ജീന്‍ വാല്‍ ജീന്‍ എന്ന ഒരാളെക്കുറിച്ച്, കഥ പറഞ്ഞു തന്ന പത്മനാഭന്‍ മാഷിന്റെ ചിത്രം വരച്ചിടുന്നു 'പാവങ്ങള്‍.' കാലങ്ങള്‍ക്കു ശേഷം പാരീസിലുള്ള വിക്ടര്‍ ഹ്യൂഗോയുടെ വീട്ടിലേക്ക് തീര്‍ത്ഥാടകനായി കയറിച്ചെന്നതും പത്മനാഭന്‍ മാഷിന്റെ ക്ലാസിലെ അന്നത്തെ കുട്ടി ഓര്‍ത്തെടുക്കുന്നു.

കോളേജ് ലൈല കോളടിച്ചു എന്ന മൈലാഞ്ചിയിലെ ഗാനം റേഡിയോ പാട്ടിനൊപ്പം പാടി പഠിയ്ക്കാന്‍ ശ്രമിച്ച ആറാം ക്ലാസിലെ യുവജനോത്സവ കാലം 'ഓര്‍മച്ചെപ്പിലെ നഷ്ട തട്ടകങ്ങള്‍ ' എന്ന ശീര്‍ഷകത്തില്‍ കുറിക്കുന്നത് ഷാജിയിലെ പൂവണിയാതെ പോയ പാട്ടുകാരന്റെ സ്വപ്നങ്ങളാണ്.

പുസ്തകത്തിലുടനീളം ഒരു ഗായകനായി തീരാന്‍ കഴിയാത പോയ നിരാശ പ്രകടമാണ്.

സ്‌കൂളിലെ പരിപാടികളില്‍ വളയണ്ടിയര്‍മാരാകുകയും നാട്ടിലെ ആഘോഷങ്ങളില്‍ ഘോഷയാത്രയ്‌ക്കൊപ്പം പരേഡ് നടത്തുകയും ചെയ്യുന്ന സ്‌കൗട്ടിനെ ഭയഭക്തി ബഹുമാനത്തോടെ നോക്കിക്കാണുന്നു 'ആദ്യത്തെ കാക്കിക്കൗതുക'ത്തില്‍. സ്‌കൗട്ടിന്റെ നാഥന്‍ ബാലന്‍ മാഷും ഏഴിലെ സ്വര്‍ഗത്തില്‍ കാത്തിരുന്ന രവീന്ദ്രന്‍ മാഷും ഈ അധ്യായത്തിലുണ്ട്.

എന്തേ മാഷും മറ്റ് അധ്യാപകരും ഞങ്ങളോട് അകല്‍ച്ച കാട്ടിയതെന്ന് ചോദിക്കുന്നുണ്ട്, സ്‌കൂള്‍ സംഗമത്തില്‍ കുട്ടികള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം. ഭാസ്‌കരന്‍ മാഷ് അതിന് പറയുന്ന മറുപടി: 'നിങ്ങളുടെ അതി ബഹുമാനമാണ് ഞങ്ങളെ നിങ്ങളില്‍ നിന്ന് അകറ്റിയതെന്നായിരുന്നു.' 'ഗുരുക്കന്മാര്‍ പൊറുത്തു തന്ന ചില കുരുത്തക്കേടുകള്‍ ' എന്ന ഈ ഭാഗത്തില്‍ അധ്യാപകരുമായി സെല്‍ഫിയെടുക്കാന്‍ തക്ക അകല്‍ച്ച കുറഞ്ഞ ന്യൂജന്‍ കുട്ടികളെ കുറിച്ചുള്ള പ്രതീക്ഷ പങ്കുവെയ്ക്കുന്നു.

ജൂണിലെ ഇരുള്‍ മൂടുന്ന മഴക്കാലവും മഴവെള്ളത്തിലെ കാലുകളുടെ പടക്കം പൊട്ടിക്കലും, മഞ്ഞത്തവളകളുടെ കഴുത്തിലെ ബലൂണ്‍ വീര്‍പ്പിക്കലും ജൂലൈ മാസത്തിലെ വാല്‍മാക്രികളും നെറ്റത്ത് തിളങ്ങുന്ന നക്ഷത്ര ശോഭയുള്ള പൂച്ചൂടികളും തുടങ്ങിയ ഒട്ടേറെ കൗതുകക്കാഴ്ചകള്‍ ഒരുക്കി വെച്ചിട്ടുണ്ട് 'എട്ടിലെ അഷ്ടകൗതുക'ങ്ങളില്‍.

ഓര്‍മയിലെ തെളിനീരായി, ബട്ടണില്ലാത്ത മേല്‍ക്കുപ്പായവും ഒരു രണ്ടാം മുണ്ടും കണ്ണിലും കരളിലും നിറയെ സ്‌നേഹവുമുള്ള ഇഷ്ടക്കാരനായ മാമനാണ് കുട്ടികള്‍ക്ക് നാണുവേട്ടന്‍. തുടക്കം മുതല്‍ ഒടുക്കം വരെ തോട്ടക്കാരനെന്ന തസ്തികയില്‍ എല്ലാ ജോലികളും ചെയ്ത് ജീവിച്ച നാണുവേട്ടന്‍ നട്ട പൂവാകയുടെ തണല്‍ പീതപുഷ്പങ്ങള്‍ പൊഴിച്ച് ഗേറ്റിനടുത്ത് ഇന്നുമുണ്ട് എന്ന് പറയുമ്പോള്‍ വായനക്കാരനില്‍ എന്തിനെന്നറിയാതെ ഒരു സങ്കടം വന്ന് നിറയും. ഓര്‍മയില്‍ അവരും ഒരു രാമേട്ടനെ, നാണു വേട്ടനെ അല്ലെങ്കില്‍ മറ്റൊരു മാമനെ തിരയും.

പറങ്കിമാങ്ങയുടെ എസ്സന്‍സൊഴിച്ച വെള്ളം കൊണ്ടുവന്ന് തന്നു. പക്ഷേ, ടീച്ചറത് ഇളക്കാന്‍ മറന്നിരുന്നു. വെള്ളമായിരിക്കും എന്ന് കരുതി കുടിച്ച് തീരുമ്പോള്‍ അടിയില്‍ അലിയാതെ കിടന്ന പഴച്ചാറിന്റെ ഇരട്ടി മധുരം, പഴയ ഓര്‍മകളുടെ ഒരു ലഹരിയായി ഞങ്ങള്‍ നുകര്‍ന്നു. വരുമിനിയും പഴയ ശിഷ്യന്മാര്‍ എന്ന പ്രതീക്ഷയില്‍ ഒരു ജഗ്ഗ് പഴച്ചാര്‍ അപ്പോഴും ടീച്ചറുടെ കയ്യിലുണ്ടായിരുന്നു. 'കളിതമാശകളുടെ ക്ലാസ് മുറികള്‍ 'ഓര്‍മകളുടെ മധുരത്തെ കണ്ടെടുക്കുന്ന വിധം ഇങ്ങനെയൊക്കെയാണ്. ടീച്ചര്‍മാര്‍ പഠിപ്പിച്ചതിന്റെ അടിത്തട്ടില്‍ ഇരട്ടി മധുരമായിരുന്നുവെന്ന് കുട്ടികള്‍ക്ക് മനസ്സിലാകാന്‍ പിന്നെയും എത്ര കാലം കഴിയണമെന്ന തിരിച്ചറിവ് ഓര്‍മക്കാരന്‍ പറയാതെ പറഞ്ഞു വെയ്ക്കുന്നു.

പൗര്‍ണമി തിയേറ്ററില്‍ കുട്ടികള്‍ക്കായി സ്‌കൂളിന്റെ ധനശേഖരണാര്‍ഥം നാണിയമ്മ എന്ന സിനിമ പ്രദര്‍ശിപ്പിച്ചതും ഗ്രന്ഥകാരനും കൂട്ടുകാരും പൈസ കൊടുക്കാതെ സിനിമ കണ്ടതും അത് പിടിക്കപ്പെട്ടതും ഒമ്പതിലെ സൗമ്യയായ ചന്ദ്രിക ടീച്ചര്‍ താക്കീത് ചെയ്യുന്നതുമൊക്കെ വിഷയമാവുന്നുണ്ട്. 'മാവിന്‍ ചുവട്ടിലെ അസംബ്ലിയില്‍.' കുട്ടികളെ ശിക്ഷിക്കേണ്ടത് വേദനിപ്പിച്ചല്ല, സ്‌നേഹത്താല്‍ അവരുടെ കണ്ണ് നിറയിപ്പിച്ചാണെന് ചന്ദ്രികടീച്ചര്‍ മാതൃകയാവുന്നു.

ആളും ആരവങ്ങളുമൊഴിഞ്ഞ അരങ്ങില്‍ ചിതറിയ കുറേ വളപ്പൊട്ടുകളും അടര്‍ന്നുവീണ ചായങ്ങളും ആഘോഷ ദിനങ്ങളുടെ ബാക്കിപത്രമായി കുറച്ചു നാളുകള്‍ കൂടി അവിടെ അവശേഷിക്കും. കുട്ടിക്കാലത്തിന്റെ വര്‍ണ്ണ വിസ്മയങ്ങള്‍ തീര്‍ക്കുന്ന സ്‌കൂള്‍ കലാമാമാങ്കത്തെ ഓര്‍ത്തെടുക്കുന്നു യുവജനോത്സവങ്ങള്‍ എന്ന തലക്കെട്ടില്‍. കലാമത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഇഷ്ടപ്പെടുന്ന ഷാജിയിലെ കുട്ടി പലപ്പോഴും തഴയപ്പെടുന്നത് കാണാം. എന്നാല്‍, ഷാജിയതിനെ വളരെ ലാഘവത്തോടെ സ്വീകരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.

സ്‌കൂളിലെ കായിക മത്സരങ്ങളെ പ്രതിപാദിച്ച് ഓര്‍ത്തെടുക്കുന്ന കാര്യങ്ങളാണ് 'ക്രാഫ്റ്റും കായികോത്സവങ്ങളും' എന്ന ഭാഗം. തൃക്കാവ് സ്‌കുളിലെ ലീഡറായ ജുനൈദും, മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ കവിതകളെഴുതിക്കൂട്ടിയ അസ്‌നയുമൊക്കെ ഈ അധ്യായത്തില്‍ കടന്നു വരുന്നണ്ട്. ലക്ഷ്മി എന്ന പേരില്‍ പൊന്നാനിയില്‍ ഒരു തിയേറ്റര്‍ വരുന്നതും, മോഹന്‍ലാലിനേക്കാള്‍ പ്രശസ്തനായ ശങ്കര്‍ ഉദ്ഘാടനം ചെയ്തതുമൊക്കെ ഓര്‍മിക്കുമ്പോള്‍ പൊന്നാനിയിലെ തിയറ്ററുകളുടെ ചരിത്രം കൂടി രേഖപ്പെടുത്തുന്നു.


സയന്‍സ് ടാലന്റ് ടെസ്റ്റിനെക്കുറിച്ച് പറഞ്ഞ അധ്യായമാണ് 'സിനിമായാത്ര' സ്‌കൂളില്‍ നിന്നും ജില്ലാതല മത്സരം നടക്കുന്ന തിരുരിലേക്ക് പോകുന്നതും മത്സരശേഷം മമ്മൂട്ടി, ശോഭന അഭിനയിച്ച ബാലു മഹേന്ദ്ര സിനിമയായ യാത്ര കാണാന്‍ പോകുന്നതുമൊക്കെയാണ് പ്രതിപാദ്യവിഷയം. മറ്റെന്തിനേക്കാളും സിനിമ കാണല്‍ ഹരമായ കൗമാരകാലത്തെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട് സിനിമായാത്രയില്‍.

അധ്യാപകര്‍ ചെവിയില്‍ നുള്ളുന്നത്, നാമിനി കേള്‍ക്കേണ്ടത് നന്മകളാണെന്നും, ഉള്ളംകൈയില്‍ ചൂരലിനാല്‍ അടിക്കുന്നത് ശുദ്ധമായ കരങ്ങളോടെയാവണം നാം ജീവിക്കേണ്ടത് എന്ന പാഠവുമാണെന്ന് ഒരു പുതിയ അറിവാണ്. നളിനി ടീച്ചറിന്റെ പഠിപ്പിക്കലിനെ കൂട്ടികള്‍ അടയാളപ്പെടുത്തുന്നത് ഈ വരികളിലൂടെയാണ്. എം.ടി കഥകളിലെ ഓപ്പയുടെ മകളായ നളിനി ടീച്ചറെ കുറിച്ചും അവരുടെ കൂടല്ലൂരിനെ കുറിച്ചും പറയുന്നു, 'വിട പറയലിന്റെ ആദ്യ നാളുകളില്‍.'

പുസ്തകത്താളുകള്‍ മറിയുംതോറും സ്‌കൂള്‍ ജീവിതത്തിന്റെ ഒടുവിലെ അധ്യായത്തിലേക്കടുത്തു കൊണ്ടിരുന്നതിന്റെ നൊമ്പരത്തെ കുറിച്ചാണ് 'പത്തില്‍ തുടരുന്ന പതുമക'ളില്‍ പറയുന്നത്.

അണക്കെട്ടും ഉദ്യാനവും നടന്നു കണ്ടു. കാനായിയുടെ തുണിയില്ലാത്ത യക്ഷി പ്രതിമ കണ്ട് പെണ്‍കുട്ടികള്‍ വാ പൊത്തിച്ചിരിച്ചു. ആരുടെ കയ്യിലും അന്ന് ക്യാമറ ഉണ്ടായിരുന്നില്ല. കയ്യിലുള്ള പത്ത് രൂപ കൊണ്ട് ചില കൗതുകങ്ങള്‍ വാങ്ങിച്ചു. പനിനീര്‍ പൂവിന്റെ ആകൃതിയും നിറവുമുള്ള ഒരു കാശ് കുടുക്കയായിരുന്നു അതില്‍ പ്രധാനം. ആ യാത്ര തീരുന്നതിന് മുമ്പേ വീണുടയുന്നുണ്ട് ആശിച്ച് വാങ്ങിയ ആ കാശ് കുടുക്കയും എന്ന് 'വിനോദയാത്രകളുടെ ' എന്ന ഒന്നാം യാത്രയില്‍. രണ്ടാമത്തെ യാത്ര തേക്കടിയിലേക്കായിരുന്നു. വിനോദം മാത്രമല്ല വിജ്ഞാനവും യാത്രാലക്ഷ്യമാവുന്നുണ്ട് ആ യാത്രയില്‍. തേയിലകള്‍ ചായപ്പൊടിയാകുന്നതിന്റെ വിവിധ ഘട്ടങ്ങള്‍ കുട്ടികള്‍ കാണുന്നതിനെ കുറിച്ചും, തേയിയെ മലയാളികള്‍ ചായയാക്കിയതും അറബികള്‍ ശായ് ആക്കിയതും ഈ അദ്ധ്യായത്തില്‍ വായിക്കാം.



'ഓര്‍മകളുണര്‍ത്തുന്ന ഓട്ടോഗ്രാഫുകള്‍ '

ഫെബ്രുവരിയില്‍ തന്നെ പത്തിലെ ഭൂരിഭാഗവും ഓട്ടോഗ്രാഫിനുള്ള നീണ്ട ചെറിയ പുസ്തകം വാങ്ങും. സാമ്പത്തിക സ്ഥിതിയനുസരിച്ച് അതിന്റെ മൊഞ്ചും ചേലും വ്യത്യസ്തമായിരിക്കും. ഞാനൊരു കൂട്ടുകാരിയുടെ ഓട്ടോഗ്രാഫിലെഴുതിയത് ചക്കക്കുരു ചുട്ടു തിന്നുമ്പോള്‍ എന്നെയും ഓര്‍ക്കണേ എന്നായിരുന്നു..

ഓട്ടോഗ്രഫിന് ശേഷം പിന്നെ സ്‌കൂള്‍ ഇല്ല. വായന ഇവിടെ അവസാനിക്കുകയാണ്. കൂട്ട ബെല്ലടി കേള്‍ക്കാം, പുറത്തേയ്ക്ക് ഓടുന്ന കുട്ടികളെ കാണാം.


കവി പി.പി രാമചന്ദ്രനോടൊപ്പം ഷാജി ഹനീഫ്‌


എഴുപതുകളിലെ കുട്ടികള്‍ക്കൊക്കെയും ഇത് തന്റേതും തന്റേതുമെന്ന് തോന്നുന്ന വിധമൊരു സ്‌കൂള്‍ ഓര്‍മകളാണ് പങ്കുവെയ്ക്കാനുണ്ടാവുക. ഷാജി ഹനീഫിന്റെ ഉസ്‌കൂള്‍ വായനയും ആ വിധം തന്നെയാണ് ഞാനും വായിച്ചു പോയത്.

അമ്പത് പൈസ കൊടുത്ത് കാണിച്ച, മിനിമോള്‍ എന്ന സിനിമ, നീളമുള്ള ക്ലാസുമുറികള്‍ വലിയ ഹാളാക്കിയാണ് അന്ന് സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചത്.. കൊടുക്കാന്‍ പൈസ ഇല്ലാത്തതിനാല്‍ അപ്പുറത്തെ പറമ്പിലെ ശീമക്കൊന്നയുടെ കൊമ്പിലിരുന്ന് ഇരുട്ടാവാന്‍ മറച്ച തട്ടികയ്ക്കും ഓടിനുമിടയിലൂടെ എന്തൊക്കെയോ കണ്ടെന്ന് വരുത്തിയത് ഓര്‍ക്കുന്നു. അടുത്തത് ഗാന്ധി സിനിമ - ഒരു രൂപ കൊടുക്കണം സൈന ടാക്കീസിലാണ് പ്രദര്‍ശനം. കാശില്ലാതെ അതും മുടങ്ങി. അപ്പോള്‍ പിന്നെ വിനോദയാത്രകളുടെ കാര്യം പറയേണ്ടല്ലോ? ഇങ്ങനെയൊക്കെയാണ് ഉസ്‌കൂള്‍ പലര്‍ക്കും അവരുടേതായി തോന്നുന്നത്.

ആര്‍ഭാടവും ദാരിദ്ര്യവും ഉസ്‌കൂളില്‍ പലയിടത്തും എഴുത്തുകാരന്‍ അടിവരയിട്ട് എഴുതി വെയ്ക്കുന്നുണ്ട്. അതൊരുപക്ഷേ, കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള അടയാളപ്പെടുത്തലാകാം.

അനുഭവങ്ങളും ഓര്‍മകളും കാലത്തിന്റെ മുദ്രകളായിത്തീരുന്ന ജീവിതത്തിലൂടെയാണ് നമ്മള്‍ മുന്നോട്ട് സഞ്ചരിക്കുന്നത്. അനുഭവങ്ങളുടെ സൂക്ഷ്മമായ ഓരോ ഇടങ്ങളിലും മനുഷ്യര്‍ ജീവിച്ച കാലത്തിന്റെ അടയാളങ്ങള്‍ കാണാമെന്ന് പുസ്തകത്തിന്റെ അവസാന താളുകളില്‍ ഇ.കെ ദിനേശന്റെ വരികള്‍ വായിക്കാം.



ഇടശ്ശേരി സ്‌കൂള്‍മുറ്റത്ത് പഴയ സഹപാഠികള്‍ക്കൊപ്പം


വാല്‍ക്കഷ്ണം: വിമര്‍ശനം

160 പേജുള്ള ഉസ്‌കൂള്‍ വലിച്ചു നീട്ടിയ ഒരു പുസ്തകമായി എനിക്ക് തോന്നിയെന്നതാണ് എന്റെ കുറ്റം കണ്ടെത്തല്‍. അതിന്റെ ആവര്‍ത്തന വിരസത ഷാജിയുടെ കൂട്ടുകാരല്ലാത്ത, കൂടെ പഠിച്ചവരല്ലാത്ത വായനക്കാരെ മുന്നോട്ട് താളുകള്‍ മറിക്കാന്‍ മടി തോന്നിപ്പിക്കും.


രമേഷ് പെരുമ്പിലാവ്


Similar Posts