കളർപെൻസിൽ
|| കവിത
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വരുമ്പോൾ
കൂർപ്പിച്ച കളർപെൻസിലുകൾ വാരിപ്പിടിച്ചു
സൂര്യൻ
ബസിൻ ജനാലയ്ക്കൽ ഉറങ്ങുന്ന
എന്റെ കണ്ണിൽ കുത്തും
റെറ്റിന വലിച്ചിട്ടു വരയ്ക്കാൻ തുടങ്ങും
തലങ്ങും വിലങ്ങും ചീറുന്ന കുറുമ്പൻ വരകളിൽ
ഒരു പാലം തെളിയും
സിംഹം കിണറ്റിലേക്കെന്ന പോലെ
അവിടുന്നെത്തി നോക്കിയാൽ പുഴയില്ല
പാലത്തിനു താഴെ വേറൊരു പാലം
അതിനും താഴെ
കറുത്ത കാനൽപ്പുഴറോഡ്
കുന്തമുനപോലുയരുന്ന നഗരക്കെട്ടിടങ്ങൾ
കുത്തിവരകൾക്കിടയിൽ
എല്ലുന്തിയ നെഞ്ചിൻകൂടുകൾ
നേർത്ത മിടിപ്പുകൾ
ആദിത്യാ,
ഒരു പുഴക്കുളിരു വരയ്ക്ക്,
കണ്ണ് പുകയുന്നു
ഇരുവശത്തും പീലി നിവർത്തുന്ന തെങ്ങിനെ,
നീ ഒളിച്ചും പാത്തും വരുന്ന മലയിടുക്കുകളെ
ഇല്ല
ഒളിച്ചു കളിക്കാവുന്ന മലകളെ ഞാൻ കാണാറേയില്ല
കുളിമുറിയിൽ നിന്നുടുക്കാതെ വരുമ്പോലെ
പാഞ്ഞൊരു വരത്താണ്
പിന്നെ
പുഴയോ
കുളിരോ
അതെങ്ങനിരിക്കും?
തിരശീലവലിച്ചിട്ട്
രാത്രിയുടെ
ചായ-ചമയങ്ങളറ്റ
ഗൃഹാതുരതയിൽ
പഴയൊരു പാട്ടുവന്നെന്റെ
കണ്ണ് തുന്നുന്നു
പൊതിഞ്ഞു കെട്ടിയവർ
അടുത്ത് വന്നിരിക്കുന്നു
കളഞ്ഞു പോയ
കുളിരു കൊണ്ട് ചേർന്നിരിക്കുന്നു
മണ്ണിനടിയിൽ ഇപ്പഴും പുഴയുണ്ടെന്നു,
കുഴിച്ചു മൂടിയ കുന്നുകളുണ്ടെന്നു
ഉടൽ മുറിഞ്ഞ വേരിലും
ഊഞ്ഞാലാടാമെന്നു
കൊതിപ്പിക്കുന്നു!