ഹിമദാസ് വീട്ടുകാരെ അറിയിക്കാതിരുന്ന ‘അന്താരാഷ്ട്ര രഹസ്യം’
|തന്‍റെ ജീവിതത്തില്‍ ഇതുവരെ നടന്ന ഏറ്റവും വലിയ മത്സരങ്ങളിലൊന്നിനെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞിരുന്നില്ലെന്നാണ് ഹിമദാസ് വെളിപ്പെടുത്തിയത്.
ഇന്ത്യന്‍ അത്‌ലറ്റ്‌സിലെ പുത്തന്‍ താരമായി മാറിയ ഹിമ ദാസ് കഴിഞ്ഞ ദിവസമാണ് ആ രഹസ്യം വെളിപ്പെടുത്തിയത്. ഫിന്‍ലണ്ടിലെ അണ്ടര്‍ 20 ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ പോകുമ്പോള്‍ സ്വന്തം വീട്ടുകാരോട് അന്താരാഷ്ട്ര വേദിയിലേക്കാണ് പോകുന്നതെന്ന് പറഞ്ഞിരുന്നില്ല. ഫിന്‍ലണ്ടില്‍ നിന്നും ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ട്രാക്കില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡും സ്വന്തമാക്കിയാണ് ഹിമ ദാസ് നാട്ടിലേക്ക് തിരിച്ചെത്തിയത്.
അസമിലെ നാഗോണ്‍ ഗ്രാമത്തിലെ കര്‍ഷക ദമ്പതികളുടെ അഞ്ചുമക്കളില്‍ ഇളയവളാണ് ഹിമ ദാസ്. അണ്ടര്‍ 20 ലോക അത്‌ലറ്റിക് മീറ്റില്‍ 400 മീറ്ററില്‍ പിന്നില്‍ നിന്ന് ഓടിക്കയറിയാണ് ഹിമദാസ് ഒന്നാമതെത്തിയത്. മത്സരത്തിന്റെ അവസാന നൂറ് മീറ്ററിലേക്ക് കടക്കുമ്പോള്‍ നാലാം സ്ഥാനത്തായിരുന്നു. പിന്നീട് കുതിച്ചു പാഞ്ഞ ഹിമ ദാസ് 51.46 സെക്കന്റുകൊണ്ടാണ് ഓട്ടം പൂര്‍ത്തിയാക്കിയത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ജീവിതത്തില്‍ ഇതുവരെ നടന്ന ഏറ്റവും വലിയ മത്സരങ്ങളിലൊന്നിനെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞിരുന്നില്ലെന്നാണ് ഹിമദാസ് വെളിപ്പെടുത്തിയത്. 'എന്റെ വീട്ടുകാരോട് അത്ര വലിയ ടൂര്‍ണ്ണമെന്റാണിതെന്ന് പറഞ്ഞിരുന്നില്ല. ചെറിയ മത്സരമെന്നാണ് പറഞ്ഞിരുന്നത്. എന്റെ ഓട്ടം വീട്ടുകാര്‍ ടിവിയില്‍ കണ്ടിരുന്നു. മത്സരശേഷം റൂമില്‍ തിരിച്ചെത്തി പിതാവിനെ വിളിച്ചു. ഞാനിവിടെ ലോകചാമ്പ്യനായപ്പോള്‍ നിങ്ങള്‍ കിടന്നുറങ്ങുകയാണോയെന്നാണ് ഫോണിലൂടെ ചോദിച്ചത്. അപ്പോള്‍ രാവിലെ കാണാമെന്നായിരുന്നു പിതാവിന്റെ മറുപടി' ഹിമ ദാസ് ഓര്‍ത്തെടുക്കുന്നു.
ഫിന്‍ലാന്‍ഡിലെ അത്ഭുത പ്രകടനത്തിന് ശേഷം മൂന്ന് മെഡലുകള്‍ കൂടി ഹിമ ദാസ് നേടിയിട്ടുണ്ട്. അതില്‍ ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ്ണനേട്ടവും ഉള്‍പ്പെടും. തന്റെ വളര്‍ച്ചക്കൊപ്പം ജന്മഗ്രാമത്തിലേക്ക് നല്ല റോഡുകളും വൈദ്യുതിയുമെക്കെ എത്തിയതില്‍ സന്തോഷിക്കുന്ന ഹിമ ദാസ് ഭാവിയില്‍ തനിക്ക് മറികടക്കാന്‍ വെല്ലുവിളികള്‍ ഏറെയുണ്ടാകുമെന്നുതന്നെ പ്രതീക്ഷിക്കുന്നു.