പാലക്കാട് ജില്ലാ സ്‌കൂള്‍ കായികമേള; ട്രാക്കിന്റെ അവസ്ഥയില്‍ വ്യാപക പരാതി
|പാലക്കാട് ജില്ലാ സ്‌കൂള്‍ കായികമേളയുടെ നടത്തിപ്പിനെതിരെ പരാതി. മഴക്കാലത്ത് ചെളി നിറഞ്ഞ ട്രാക്കില്‍ മത്സരങ്ങള്‍ നടത്തുന്നതിനെതിരെയാണ് കായിക താരങ്ങളും അധ്യാപകരും രംഗത്തു വന്നത്. ജില്ലയില്‍ മികച്ച സിന്തറ്റിക് ട്രാക്ക് ലഭ്യമായിട്ടും ചെളിയില്‍ മത്സരം നടത്താന്‍ തീരുമാനിച്ചത് അധികൃതരുടെ ഭാഗത്തുണ്ടായ വലിയ പിഴവാണെന്ന് കായികാധ്യാപകര്‍ കുറ്റപ്പെടുത്തി.
ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും മാറ്റുരക്കേണ്ട നിരവധി കായിക പ്രതിഭകള്‍ പങ്കെടുക്കുന്ന പാലക്കാട് ജില്ലാ സ്‌കൂള്‍ കായിക മേള കഴിഞ്ഞ ദിവസമാണ് മുട്ടിക്കുളങ്ങര എ.ആര്‍ ക്യാമ്പ് ഗ്രൗണ്ടില്‍ ആരംഭിച്ചത്. മഴ പെയ്ത് കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന ട്രാക്കില്‍ മത്സരിക്കേണ്ടി വന്നത് കായിക താരങ്ങളെ ബുദ്ധിമുട്ടിലാക്കി. അടുത്തു തന്നെ സിന്തറ്റിക്ക് ട്രാക്ക് ലഭ്യമാണെന്നിരിക്കെയാണ് മതിയായ സൗകര്യങ്ങളില്ലാത്ത ഗ്രൗണ്ടില്‍ കായിക മേള സംഘടിപ്പിച്ചത്.
പരാതിയും പ്രതിഷേധവും ഉയര്‍ന്നതിനെത്തുടര്‍ന്ന് ഏതാനും ഇനങ്ങള്‍ പിന്നീട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കിലേക്ക് മാറ്റുകയും ചെയ്തു.