ഒറ്റച്ചാർജിൽ 1000 കിലോ മീറ്റർ ഓടി; ഗിന്നസ് റെക്കോർഡുമായി ഇലക്ട്രിക് ട്രക്ക്
|ലോകത്ത് ഒരു ഇലക്ട്രിക് ട്രക്ക് ഒറ്റച്ചാർജിൽ ഓടിയ ഏറ്റവും കൂടുതൽ ദൂരമാണിത്
ഒറ്റച്ചാർജിൽ 1099 കിലോ മീറ്റർ ഓടി മികവ് തെളിയിച്ച് ഗിന്നസ് റെക്കോർഡുമായി ഇലക്ട്രിക് ട്രക്ക്. ലോകത്ത് ഒരു ഇലക്ട്രിക് ട്രക്ക് ഒറ്റച്ചാർജിൽ ഓടിയ ഏറ്റവും കൂടുതൽ ദൂരമാണിത്.
എക്സ്പ്രസ് ആൻഡ് പാക്കേജ് സർവിസ് ദാതാക്കളായ സ്വിറ്റ്സർലാൻഡിലെ ഡി.പി.ഡി, ഇ ട്രക്ക് ബ്രാൻഡായ ഫുട്ടൂരിക്കം, ടയർ നിർമാതാക്കളായ കോണ്ടിനെൻറൽ എന്നിവയുടെ സംയുക്ത പരിശ്രമമാണ് ട്രക്ക് ലോക റെക്കോർഡ് നേടിയതിന് പിറകിൽ.
ടെസ്റ്റ് സെൻററിലെ ഓവൽ ട്രാക്കിൽ രണ്ടു ഡ്രൈവർമാർ നാലര മണിക്കൂർ ഷിഫ്റ്റിൽ 392 ലാപ്പുകൾ ഓടിച്ചാണ് ലോക റെക്കോർഡിട്ടത്. മണിക്കൂറിൽ 50 കിലോ മീറ്റർ സ്പീഡിലായിരുന്നു ഓട്ടം. മൊത്തം ദൂരം പിന്നിടാൻ ആകെ 23 മണിക്കൂറാണായത്.
ആറു മാസമായി ഡി.പി.ഡി പ്രാദേശികമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ട്രക്കാണിതെന്നും 300 കിലോമീറ്റർ പ്രശ്നങ്ങളൊന്നുമില്ലാതെ പ്രതിദിനം ഇവ ഓടിക്കാനാകുമെന്നും ഡി.പി.ഡി ഇന്നവേഷൻസ് ഡയറക്ടർ മാർക് ഫ്രാങ്ക് പറഞ്ഞു.
സ്വിറ്റ്സർലാൻഡിലെ ഡി.പി.ഡിക്ക് വോൾവോ എഫ്.എച്ച് വാഹനമാണ് ഇലക്ട്രിക്കായി മാറ്റിയത്, 19 ടൺ ഭാരമുള്ള വാഹനം 680 ബി.എച്ച്.പി എൻജിൻ ശേഷിയും 680 കെ.ഡബ്യൂ.എച്ച് ഇന്ധനശേഷിയുമുള്ളതാണെന്നും യൂറോപ്പിലെ ഏറ്റവും മികച്ച ട്രക്ക് ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നതെന്നും ഫുട്ടൂരിയം ബ്രാൻഡ് ഇ ട്രക്കുകളും ഉൽപ്പന്നങ്ങളും പുറത്തിറക്കുന്ന ഡിസൈൻവെർക്ക് പ്രാഡക്ട്സ് സി.ഇ.ഒ അഡ്രിയാൻ മെല്ലിംഗർ പറഞ്ഞു.