മുഖംമിനുക്കിയ ഹോണ്ട അമേസ് നിരത്തിൽ; വില 6.32 ലക്ഷം മുതൽ
|ഇ, എസ്, വിഎക്സ് എന്നിങ്ങനെ മൂന്ന് ട്രിം ലെവലിൽ വാഹനം ലഭ്യമാണ്
മുഖംമിനുക്കിയ ഹോണ്ടയുടെ കോമ്പാക്ട് സെഡാൻ അമേസ് നിരത്തിലെത്തി. 6.32 മുതൽ 11.15 ലക്ഷം രൂപ വരെയാണ് വിലവരുന്നത്. ഇ, എസ്, വിഎക്സ് എന്നിങ്ങനെ മൂന്ന് ട്രിം ലെവലിൽ വാഹനം ലഭ്യമാണ്. പെട്രോൾ, ഡീസൽ എഞ്ചിനുകളും അമേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഡീലർഷിപ്പുകളിൽ 21,000 രൂപക്കും ഓൺലൈനിൽ 5,000 രൂപ നൽകിയും ബുക്ക് ചെയ്യാം.
അമേസ് ഫേസ്ലിഫ്റ്റിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങൾ എക്സ്റ്റീരിയറിലാണുള്ളത്. പുതിയ ഫ്രണ്ട് ഗ്രിൽ നിലവിലുള്ളതിനേക്കാൾ കനംകുറഞ്ഞതാണ്. അധികമായി ക്രോം സ്ട്രിപ്പുകളും കൂട്ടിച്ചേർത്തിട്ടുണ്ട്. ബമ്പറിലെ ഫോഗ് ലാമ്പ് ഹൗസിങും പരിഷ്കരിച്ചു. കൂടാതെ പുതിയ ക്രോം ഗാർണിഷുകളും ലഭിക്കും. ഏറ്റവും പ്രധാനപ്പെട്ട എക്സ്റ്റീരിയർ അപ്ഡേറ്റ് ടോപ്-സ്പെക് വി.എക്സ് ട്രിമ്മിലാണുള്ളത്.
അകത്തെ ഡിസൈനും ലേഔട്ടും പഴയ മോഡലിന് സമാനമായി തുടരും. ഡാഷ്ബോർഡിലും സ്റ്റിയറിംഗ് വീലിലും പുതിയ സിൽവർ ആക്സൻറുകൾ ഉപയോഗിച്ചിട്ടുണ്ട്. കറുപ്പ്, ബീജ് ഇൻറീരിയർ തീമുകളാണ് നൽകിയിരിക്കുന്നത്. എഞ്ചിനും ഗിയർബോക്സ് ഓപ്ഷനുകളും പഴയതുപോലെ തുടരും. 90എച്ച്.പി, 110 എൻ.എം, 1.2-ലിറ്റർ െഎ വിടെക് പെട്രോൾ എഞ്ചിനാണ് വാഹനത്തിന്. ഇത് അഞ്ച്-സ്പീഡ് മാനുവൽ അല്ലെങ്കിൽ സി.വി.ടി ഓട്ടോമാറ്റിക് ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. 1.5 ലിറ്റർ ഡീസൽ യൂനിറ്റിൽ നിന്ന് 100 എച്ച്പി കരുത്തും 200 എൻഎം ടോർക്കും ലഭിക്കും.