Auto News
ആറര ലക്ഷത്തിന് വാങ്ങാം 35 കിലോമീറ്റർ മൈലേജുള്ള സിഎൻജി സെലാരിയോ
Auto News

ആറര ലക്ഷത്തിന് വാങ്ങാം 35 കിലോമീറ്റർ മൈലേജുള്ള സിഎൻജി സെലാരിയോ

Web Desk
|
18 Jan 2022 1:08 PM GMT

വിഎക്‌സ്‌ഐ ഗ്രേഡിലാണ് ഇപ്പോൾ സിഎൻജി വേരിയൻറ് ലഭിക്കുക. ഇതേ ഗ്രഡിലുള്ള പെട്രോൾ സെലാരിയോയേക്കാൾ 95,000 രൂപ സിഎൻജി വേരിയൻറിന് അധികം നൽകണം.

ആറര ലക്ഷം വിലയും 35.6 കിലോമീറ്റർ മൈലേജുമുള്ള മാരുതി സുസുകി സെലാരിയോ സിഎൻജി (കംപ്രസ്ഡ് നാച്ചറൽ ഗ്യാസ്) വേരിയൻറ് ലോഞ്ച് ചെയ്തു. 6.58 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില. വിഎക്‌സ്‌ഐ ഗ്രേഡിലാണ് ഇപ്പോൾ സിഎൻജി വേരിയൻറ് ലഭിക്കുക. ഇതേ ഗ്രേഡിലുള്ള പെട്രോൾ സെലാരിയോയേക്കാൾ 95,000 രൂപ സിഎൻജി വേരിയൻറിന് അധികം നൽകണം. മാരുതിയുടെ പ്രശസ്തമായ കെ-10 എഞ്ചിന്റെ പുതിയ തലമുറ പതിപ്പാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 1.0 ഡ്യുവൽ ജെറ്റ്, ഡ്യുവൽ വിവിറ്റി സാങ്കേതികവിദ്യയോട് കൂടിയ എഞ്ചിനെ അവർ വിളിക്കുന്നത് കെ10സി എന്നാണ്. സെലാരിയോയുടെ പെട്രോൾ വേരിയൻറിൽ 66 ബിഎച്ച്പി, 89 എൻഎം ടോർക് പവറാണുണ്ടായിരുന്നത്, എന്നാൽ സിഎൻജയിൽ 57 ബിഎച്ച്പിയും 82എൻഎം ടോർക്കുമാണുണ്ടാകുക. 5 സ്പീഡ് മാന്വൽ ട്രാൻസ്മിഷനുമാണ് വാഹനത്തിൽ സംവിധാനിക്കുക. 60 ലിറ്റർ സിഎൻജി ടാങ്ക് ഘടിപ്പിക്കും. ഒരു കിലോഗ്രാം സിഎൻജി ഉപയോഗിച്ച് 35.60 കിലോമീറ്റർ ഉപയോഗിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.



പെട്രോൾ, സിഎൻജി സെലാരിയോകൾക്കിടിയിൽ സിഎൻജി ബാഡ്ജിന്റെ വ്യത്യാസമാണ് പ്രത്യക്ഷത്തിലുണ്ടാകുക. എയർ കണ്ടീഷനിംഗ്, സെൻട്രൽ ലോക്കിംഗ്, ഫ്രണ്ട് ആൻഡ് റിയർ പവർ വിൻഡോകൾ, 60:40 സ്പ്ലിറ്റ് റിയർ സീറ്റ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന മിററുകൾ തുടങ്ങിയ VXi മോഡലിൽ ലഭ്യമായ സൗകര്യങ്ങൾ ഈ വാഹനത്തിലുമുണ്ടാകും. സുരക്ഷയുടെ കാര്യത്തിൽ, ഡ്യുവൽ എയർബാഗുകൾ, എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ, സ്റ്റാർട്ട്-സ്റ്റോപ്പ് ഐഡിൽ എന്നിവയും കാറിൽ ലഭ്യമാണ്. 6.09 മുതൽ 9.38 ലക്ഷം വരെ എക്‌സ് ഷോറൂം വിലയുള്ള ഹ്യൂണ്ടായ് സാൻട്രോ സിഎൻജി, വരാനിരിക്കുന്ന ടാറ്റാ ടിയാഗോ സിഎൻജി എന്നിവയാണ് സെലാരിയോ സിഎൻജിയുടെ എതിരാളികൾ.


സെലാരിയോ സിഎൻജി വേരിയൻറിന്റെ അനൗദ്യോഗിക ബുക്കിങ് ലോഞ്ചിങിന് മുമ്പേ തുടങ്ങിയിരുന്നു. ടിഗോറിലും ടിയാഗോയിലും സിഎൻജി വേരിയൻറ് പുറത്തിറക്കാൻ ടാറ്റ മോട്ടോർസ് തീരുമാനിച്ചിരിക്കെയാണ് മാരുതിയും സിഎൻജിയിലോടുന്ന വാഹനം പുറത്തിറക്കിയത്. സെലാരിയോ സിഎൻജി 11000 രൂപ നൽകി ഡീലർഷിപ്പുകളിൽ ബുക്ക് ചെയ്യാമെന്ന് കാർവാല റിപ്പോർട്ട് ചെയ്തിരുന്നു.

നവംബറിൽ പുറത്തിറക്കിയ ജനപ്രിയ ഹാച്ച്ബാക്ക് മോഡലിന്റെ അതേ സവിശേഷതകൾ തന്നെയാണ് സിഎൻജി സെലാരിയോക്കുള്ളത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള പെട്രോൾ കാർ എന്ന വിശേഷണത്തോടെയാണ് മാരുതി സുസുക്കി സെലേറിയോ നവംബറിൽ വിപണിയിലിറങ്ങിയത്. സെലാരിയോക്കൊപ്പം ബലേനോ, സ്വിഫ്റ്റ് കാറുകളുടെ സി.എൻ.ജി വേരിയൻറുകളാണ് രാജ്യത്തെ സുപ്രധാന കാർനിർമാതാക്കളായ മാരുതി സുസുകി ഇന്ത്യ പുറത്തിറക്കുന്നത്. പ്രകൃതി സൗഹൃദപരമായ സി.എൻ.ജി ഉപയോഗിച്ച് ഓടിക്കാവുന്ന തരത്തിൽ മാരുതി സുസുകി സ്വിഫ്റ്റ്, ബലേനോ, വിറ്റാര ബ്രെസ്സ, എക്‌സ് എൽ 6, എസ് ക്രോസ് എന്നിവയാണ് തദ്ദേശീയ കമ്പനിയായ മാരുതി നിർമിക്കുന്നത്. പെട്രോൾ, ഡീസൽ വിലവർധനവും ഡീസൽ കാറുകളുടെ വിൽപ്പന കുറഞ്ഞതും തീരുമാനത്തിന് പിറകിലുണ്ട്.

നിലവിൽ സി.എൻ.ജി ഉപയോഗിച്ചുള്ള വാഹനവിപണയിലെ 85 ശതമാനവും മാരുതിയുടേതാണ്. 2020 -21 സാമ്പത്തിക വർഷത്തിൽ കമ്പനി 1.62 ലക്ഷം വാഹനങ്ങളാണ് വിറ്റിരിക്കുന്നത്. അടുത്ത വർഷം വിൽപ്പന ഇരട്ടിയാക്കാനാണ് കമ്പനിയുടെ പദ്ധതി. മൂന്നു ലക്ഷം സി.എൻ.ജി വാഹനങ്ങൾ വിൽക്കണമെന്ന് കരുതുന്ന കമ്പനി ഉൽപ്പന്നങ്ങളുടെ നിരയിലും കൂടുതൽ വൈവിധ്യം കൊണ്ടുവരികയാണ്.

Maruti Suzuki has launched the Cellario CNG (Compressed Natural Gas) variant with a mileage of 35.6 km and a price tag of Rs 6.5 lakh.

Similar Posts