Auto News
മനസ്സ് വായിക്കുന്ന കാര്‍! ; വിപണിയില്‍ വിപ്ലവം തീര്‍ക്കാന്‍  മേഴ്‌സിഡസ്-ബെന്‍സ്
Auto News

'മനസ്സ് വായിക്കുന്ന' കാര്‍! ; വിപണിയില്‍ വിപ്ലവം തീര്‍ക്കാന്‍ മേഴ്‌സിഡസ്-ബെന്‍സ്

Web Desk
|
7 Sep 2021 8:02 AM GMT

പുതിയ കാര്‍ വാഹനലോകത്തെ ഞെട്ടിക്കുന്നതായിരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം

സ്റ്റിയറിങ്ങില്‍ കൈവക്കാതെ സെന്‍സറിങ്ങിന്റെ സഹായത്തോടെ സ്വയം നിര്‍ദേശങ്ങള്‍ നല്‍കി സഞ്ചരിക്കുന്ന കാറുകള്‍ പല കമ്പനികളും ഇതിനോടകം തന്നെ പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ മനുഷ്യന്റെ 'മനസ്സ് വായിക്കുന്ന' കാര്‍ എന്ന ആശയവുമായി മുന്നോട്ട് വന്നിരിക്കുകയാണ് മേഴ്‌സിഡസ്- ബെന്‍സ്. കമ്പനിയുടെ ഇ-കാര്‍ വിഭാഗത്തിലാണ് പുതിയ കാര്‍ എത്തുന്നത്.

മ്യൂണിച്ചില്‍ നടന്ന ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയിലാണ് പുതിയ കാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടത്. ബ്രെയിന്‍ - കമ്പ്യൂട്ടര്‍ ഇന്റര്‍ഫേയ്‌സിന്റെ സഹായത്തോടെ കാറിന്റെ ഡാഷ്‌ബോര്‍ഡ് മനുഷ്യന്റെ ചിന്തകള്‍ ഒപ്പിയെടുക്കും. പിന്നീട് സഞ്ചരിക്കാനുള്ള നിര്‍ദേശങ്ങള്‍ കാറിന് നല്‍കും, ഇങ്ങനെയാണ് കാറിന്റെ പ്രവര്‍ത്തനം.

ഉപഭോക്താവിന്റെ ചിന്തകളോട് പ്രതികരിക്കുന്ന രീതിയിലാണ് കാറിന്റെ പ്രവര്‍ത്തനങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. അതോടൊപ്പം മനുഷ്യന്റെ ചിന്തകളെ റെക്കോര്‍ഡ് ചെയ്യാനും കാറിന് സാധിക്കും.

കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ ഒട്ടനവധി ലൈറ്റുകള്‍ ഉണ്ടാകും. ഇവയെല്ലാം ഓരോ നിര്‍ദേശങ്ങളാണ്. ഉപഭോക്താവ് ആ നിര്‍ദേശത്തില്‍ ഫോക്കസ് ചെയ്യുമ്പോള്‍ അത് പ്രവര്‍ത്തിക്കും. അപകടങ്ങള്‍ കുറയ്ക്കുന്നതിനാണ് പ്രധാനമായും ഈ സംവിധാനം എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പുതിയ കാര്‍ വാഹനലോകത്തെ ഞെട്ടിക്കുന്നതായിരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.കാറിന്റെ വിലയെ കുറിച്ചുള്ള കാര്യങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.

Related Tags :
Similar Posts