Auto News
ആസ്​റ്റർ എന്ന് അവതരിപ്പിക്കും?, ഉത്തരവുമായി എം.ജി
Auto News

ആസ്​റ്റർ എന്ന് അവതരിപ്പിക്കും?, ഉത്തരവുമായി എം.ജി

Web Desk
|
11 Sep 2021 4:31 PM GMT

ഇവി മോഡലായ ഇസഡ്​.എസിന്റെ പെട്രോൾ പവർ പതിപ്പാണ് ആസ്​റ്റർ

മിനി എസ്​.യു.വിയായ എം.ജി ആസ്​റ്റർ പുറത്തിറക്കുന്ന തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 15നാണ് വാഹനം ഔദ്യോഗികമായി അവതരിപ്പിക്കുക. ഒക്ടോബറിൽ വിപണിയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ്​ നിർമാണം പൂർത്തിയായ വാഹനം അവതരിപ്പിക്കുന്നത്​. ഇവി മോഡലായ ഇസഡ്​.എസിന്റെ പെട്രോൾ പവർ പതിപ്പാണ് ആസ്​റ്റർ.

ഹെക്​ടറിന് താഴെയായിട്ടായിരിക്കും എം.ജി ഇന്ത്യൻ നിരയിൽ ആസ്​റ്റർ സ്ഥാനം പിടിക്കുക. 4.3 മീറ്റർ നീളമുള്ള ആസ്​റ്റർ, ഹെക്ടറിനേക്കാൾ (4.6 മീറ്റർ ദൈർഘ്യം) വലുപ്പത്തിൽ ചെറുതായിരിക്കും. നിലവിലെ സെഗ്‌മെന്റ്​ ലീഡറായ ഹ്യുണ്ടായ് ക്രെറ്റയായിരിക്കും ആസ്​റ്ററിന്റെ പ്രധാന എതിരാളി. ഇവി മോഡലിനെ അപേക്ഷിച്ച് നിരവധി ഡിസൈൻ മാറ്റങ്ങളും വാഹനത്തിന്​ ഉണ്ടാകും.

രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുമായിട്ടായിരിക്കും വാഹനം നിരത്തിലെത്തുക. ആസ്​റ്ററിൽ വ്യക്തിഗത എഐ അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അസിസ്​റ്റ്​ ഉണ്ടായിരിക്കുമെന്ന്​​ എം.ജി നേരത്തേ അറിയിച്ചിരുന്നു​. ഇതോടൊപ്പം ലെവൽ ടു അഡാസ്​ സംവിധാനവും ഉൾ​പ്പെടുത്തും. ഇവ രണ്ടും സെഗ്​മെൻറ്​-ഫസ്റ്റ് ഫീച്ചറുകളായിരിക്കും. അമേരിക്കൻ കമ്പനിയായ 'സ്റ്റാർ ഡിസൈൻ' രൂപകൽപന ചെയ്​ത വ്യക്തിഗത എ.ഐ അസിസ്റ്റന്റുമായി വരുന്ന ആദ്യത്തെ ആഗോള എംജി മോഡലായിരിക്കും ആസ്​റ്റർ.

മനുഷ്യരെപ്പോലെ ആശയവിനിമയം നടത്താൻ ശേഷിയുള്ള റോബോട്ട്​, വിക്കിപീഡിയ വഴി നാം ചോദിക്കുന്ന വിഷയത്തെക്കുറിച്ച്​ വിശദമായ വിവരങ്ങൾ നൽകും. കാറിൽ ആളുകളുമായി ഇടപഴകുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്​തിരിക്കുന്നത്. ബ്ലോക്ക്‌ചെയിൻ, മെഷീൻ ലേണിങ്​, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തുടങ്ങിയ സാങ്കേതികവിദ്യകളെ സംയോജിപ്പിക്കുന്ന കാർ-എ-പ്ലാറ്റ്‌ഫോം (CAAP) സോഫ്റ്റ്‌വെയർ കൺസെപ്റ്റ് ലഭിക്കുന്ന ആദ്യ കാറായിരിക്കും ആസ്റ്റർ.

വാഹനത്തിന് 10-16 ലക്ഷം രൂപയാണ്​ വില പ്രതീക്ഷിക്കുന്നത്​. ആസ്റ്റർ എസ്‌യുവി 120 എച്ച്പി, 150 എൻഎം, 1.5 ലിറ്റർ നാച്ചുറലി ആസ്​പിറേറ്റഡ് പെട്രോൾ എഞ്ചിനുമായിട്ടായിരിക്കും വിപണിയിൽ എത്തുക. കൂടാതെ, 163 എച്ച്പി, 230 എൻഎം, 1.3 ലിറ്റർ ടർബോ-പെട്രോൾ എൻജിനും ഉണ്ടാകും.

Related Tags :
Similar Posts