ലോകത്തെ ഏറ്റവും വലിയ വനിതാ ഫാക്ടറിയുമായി ഒല!
|ഫാക്ടറി സമ്പൂര്‍ണമായി പ്രവര്‍ത്തനസജ്ജമായാല്‍ 10,000ത്തോളം വനിതാ ജീവനക്കാരായിരിക്കും ഇവിടെ ജോലിയിലുണ്ടാകുക. ആഗോളതലത്തില്‍ തന്നെ സ്ത്രീകള്‍ മാത്രം ജോലി ചെയ്യുന്ന ഏക ഓട്ടോമോട്ടീവ് നിര്‍മാണശാലയുമാകുമിത്
സ്ത്രീകള്‍ മാത്രമായൊരു ഫാക്ടറി! ആലോചിക്കാനാകുന്നുണ്ടോ?! എന്നാല്‍, അങ്ങനെയൊരു വിപ്ലവത്തിനൊരുങ്ങുകയാണ് ഒല. തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറുമായി ഇന്ത്യന്‍ വിപണി കീഴടങ്ങാനൊരുങ്ങുന്നതിനു പിന്നാലെയാണ് വിപ്ലവകരമായ പ്രഖ്യാപനവും ഒല നടത്തിയിരിക്കുന്നത്.
ബംഗളൂരുവിലെ ഒല ഫ്യൂച്ചര്‍ ഫാക്ടറിയാണ് സമ്പൂര്‍ണമായി സ്ത്രീകള്‍ക്കു മാത്രമായി ഒരുങ്ങുന്നത്. ഒല ക്യാബ്‌സ് സഹസ്ഥാപകനും ഒല ഇലക്ട്രിക് വിഭാഗം ചെയര്‍മാനുമായ ഭവീഷ് അഗര്‍വാളാണ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഈ മാറ്റത്തിന്റെ ഭാഗമായുള്ള ആദ്യ ബാച്ചിനെ ഇതിനകം തന്നെ ഒല സ്വാഗതം ചെയ്തുകഴിഞ്ഞിട്ടുണ്ട്. ഫാക്ടറി സമ്പൂര്‍ണമായി പ്രവര്‍ത്തനസജ്ജമായാല്‍ 10,000ത്തോളം വനിതാ ജീവനക്കാരായിരിക്കും ഇവിടെ ജോലിയിലുണ്ടാകുക. ഇതോടെ ലോകത്തെ സ്ത്രീകള്‍ക്കു മാത്രമായുള്ള ഏറ്റവും വലിയ ഫാക്ടറിയാകും ഒല ഫ്യൂച്ചര്‍ ഫാക്ടറി. ആഗോളതലത്തില്‍ തന്നെ സ്ത്രീകള്‍ മാത്രം ജോലി ചെയ്യുന്ന ഏക ഓട്ടോമോട്ടീവ് നിര്‍മാണശാലയുമാകുമിത്.
പുതിയ പദ്ധതിയുടെ ഭാഗമായി വാഹന നിര്‍മാണരംഗത്ത് ആവശ്യമായ പരിശീലനങ്ങള്‍ ഒല സ്ത്രീ ജീവനക്കാര്‍ക്ക് നല്‍കിത്തുടങ്ങിയിട്ടുണ്ട്. ഭാവിയില്‍ ഫ്യൂച്ചര്‍ ഫാക്ടറിയിലൂടെ പുറത്തുവരുന്ന മുഴുവന്‍ വാഹനങ്ങളുടെയും നിര്‍മാണച്ചുമതലയിലേക്ക് സ്ത്രീകളെ ഉയര്‍ത്തുകയാണ് ലക്ഷ്യമിടുന്നതെന്ന് അഗര്‍വാള്‍ പറയുന്നു.
Aatmanirbhar Bharat requires Aatmanirbhar women!
— Bhavish Aggarwal (@bhash) September 13, 2021
Proud to share that the Ola Futurefactory will be run ENTIRELY by women, 10,000+ at full scale! It'll be the largest all-women factory in the world!!🙂
Met our first batch, inspiring to see their passion!https://t.co/ukO7aYI5Hh pic.twitter.com/7WSNmflKsd
തൊഴില്‍രംഗത്ത് സ്ത്രീ സമത്വം അനുവദിക്കുന്നത് ഇന്ത്യയുടെ ജിഡിപിയെ 27 ശതമാനം വരെ ഉയര്‍ത്താനിടയാക്കുമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നതെന്നാണ് അഗര്‍വാള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, ഇതിനുവേണ്ടി സജീവവും ബോധപൂര്‍വവുമായ ശ്രമങ്ങളുണ്ടാകണം. പ്രത്യേകിച്ചും സ്ത്രീസാന്നിധ്യം വെറും 12 ശതമാനം മാത്രമുള്ള നിര്‍മാണരംഗത്ത് ഇവരെ കൂടുതലായി എത്തിക്കാനായി കൂടുതല്‍ ശ്രദ്ധയുണ്ടാകണം. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ നിര്‍മാണകേന്ദ്രമാകണമെങ്കില്‍ തൊഴില്‍രംഗത്ത് സ്ത്രീകള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയും സ്ത്രീകളുടെ തൊഴില്‍ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുക പ്രഥമ പരിഗണനയാകേണ്ടതുണ്ടെന്നും അഗര്‍വാള്‍ പറയുന്നു.
നേരത്തെ സെപ്റ്റംബര്‍ എട്ടോടെ ഒല ഇലക്ട്രോണിക് സ്‌കൂട്ടറുകള്‍ വിപണിയിലെത്തിക്കാനായിരുന്നു ഒലയുടെ പദ്ധതി. എന്നാല്‍, ചില സാങ്കേതികപ്രശ്‌നങ്ങള്‍ നേരിട്ടതോടെ തിയതി കുറച്ചുകൂടി നീട്ടിയിരിക്കുകയാണ് കമ്പനി. സെപ്റ്റംബര്‍ 15ഓടെയാകും നേരത്തെ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് സ്‌കൂട്ടറുകള്‍ ലഭിക്കുക. ഒറ്റത്തവണയായി മുഴുവന്‍ പണമടച്ചും 2,999 മുതലുള്ള ഇഎംഐ പ്ലാനുകളിലൂടെ ഫിനാന്‍സ് വഴിയും സ്കൂട്ടര്‍ വാങ്ങാനാകും.