Auto News
കേരളത്തിൽ വിവാദമായ എസ്.യു.വി, തമിഴ്‌നാട്ടിൽ മുഖ്യന്‍റെ സുരക്ഷാ വാഹനം
Auto News

കേരളത്തിൽ വിവാദമായ എസ്.യു.വി, തമിഴ്‌നാട്ടിൽ മുഖ്യന്‍റെ സുരക്ഷാ വാഹനം

Web Desk
|
18 Nov 2021 8:21 AM GMT

വെള്ളയും കറുപ്പും നിറത്തിലുള്ള ഡിഫൻഡർ 5 ഡോർ പതിപ്പാണ് സ്റ്റാലിന്‍ സ്വന്തമാക്കിയിരിക്കുന്നത്

കേരളത്തില്‍ കൊടുമ്പിരികൊണ്ട ഒരു വിവാദത്തിലെ സുപ്രധാന ഘടകമായിരുന്നു ലോകത്തിലെ ഏറ്റവും മികച്ച എസ്​.യു.വികളിലൊന്നായ​ ലാൻഡ്​റോവർ ഡിഫൻഡർ. നടന്‍ ജോജു ജോര്‍ജിന്‍റെ ഉടമസ്ഥതയിലുള്ള വാഹനം യൂത്ത്​​ കോൺഗ്രസ് പ്രവര്‍ത്തകര്‍ നടുറോഡിലിട്ട് തകര്‍ത്തുകളഞ്ഞതോടെയാണ് ഡിഫന്‍ഡര്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഇപ്പോഴിതാ വീണ്ടും ചര്‍ച്ചയാവുകയാണ് ഈ പഹയന്‍. ഇത്തവണ വിവാദമായല്ല, തമിഴ്നാട് മുഖ്യന്‍ എം.കെ സ്റ്റാലിന്‍റെ സുരക്ഷാ വാഹനമായാണ് രംഗപ്ര‍വേശം.


ദക്ഷിണേന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയക്കാരിൽ ഒരാളും നിലപാടുകൾകൊണ്ട്​ വ്യത്യസ്​തനുമായ സ്റ്റാലിൻ തെരഞ്ഞെടുത്തതോടെ ലാൻഡ്​റോവറിന്‍റെ പ്രൗഢി ഒന്നുകൂടി വര്‍ധിച്ചു. വെള്ള നിറത്തോട്​ ഏറെ ആഭിമുഖ്യമുള്ള സ്​റ്റാലിൻ, ത​ന്‍റെ പാർട്ടിയുടെ നിറങ്ങളിൽ ഒന്നായ കറുപ്പുംകൂടി​ ചേർത്ത്​ ഇരട്ട നിറമുള്ള ഡിഫൻഡർ 5 ഡോർ പതിപ്പാണ് സ്വന്തമാക്കിയിരിക്കുന്നത്.

ചെന്നൈയിലെ റോഡിലൂടെ വാഹനവ്യൂഹത്തി​നൊപ്പം ഡിഫൻഡറിൽ പോകുന്ന തമിഴ്​നാട്​ മുഖ്യമന്ത്രിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഡിഫൻഡർ ഓടിക്കുന്ന സ്റ്റാലിനേയും അടുത്തിടെ വീഡിയോകളിൽ കണ്ടിരുന്നു.


കന്യാകുമാരി നിയോജക മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗവും പ്രമുഖ വ്യവസായിയുമായ വിജയ് വസന്തും അടുത്തിടെ ഡിഫൻഡർ വാങ്ങിയിരുന്നു. ചുവപ്പ് നിറത്തിലുള്ള ഡിഫൻഡർ 110 ആയിരുന്നു​ അദ്ദേഹം തെരഞ്ഞെടുത്തത്.


2020 ഒക്​ടോബർ 15നാണ്​​ പുതുതലമുറ ഡിഫൻഡറിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 69.99 ലക്ഷം (എക്സ്-ഷോറൂം, ഇന്ത്യ) ആണ്​ കുറഞ്ഞ വേരിയന്‍റിന്‍റെ വില. ഉയർന്ന വകഭേദത്തിന്​ ഒരു കോടിയിലധികം വിലവരും. ​2.0 ലിറ്റർ, നാല് സിലിണ്ടർ, ബി.എസ്. 6 പെട്രോൾ എഞ്ചിൻ മാത്രമാണ് ഇന്ത്യയിലെ ഡിഫൻഡറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്​. 292 ബി.എച്ച്.പി കരുത്തും 400 എൻ.എം ടോർക്കുമാണ് വാഹനം ഉത്​പാദിപ്പിക്കുന്നത്​.

Similar Posts