ഉറപ്പിച്ചു, ഇന്ത്യയിലേക്കില്ല; ഫോർഡിന്റെ ഗുജറാത്ത് പ്ലാന്റ് ടാറ്റയ്ക്ക് കൈമാറി
|വാഹന നിർമാണ പ്ലാന്റ്, ഇത് ഉൾപ്പെടുന്ന ഭൂമി, കെട്ടിടങ്ങൾ, യന്ത്രങ്ങൾ എന്നിവയ്ക്ക് പുറമെ, യോഗ്യരായ ജീവനക്കാരേയും ടാറ്റ മോട്ടോഴ്സ് ഏറ്റെടുക്കുമെന്ന് ധാരണാപത്രത്തിൽ പറയുന്നു.
ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിച്ച ഫോർഡിന്റെ ഗുജറാത്തിലെ സാനന്ദിലെ വാഹന നിർമാണ പ്ലാന്റ് ഏറ്റെടുക്കാൻ ടാറ്റ മോട്ടോഴ്സ്. പ്ലാന്റ് ഏറ്റെടുക്കുന്നതിന് ഗുജറാത്ത് സർക്കാരുമായി എംഒയു ഒപ്പിട്ടതായി ടാറ്റ മോട്ടോഴ്സ് അറിയിച്ചു. വാഹന നിർമാണ പ്ലാന്റ്, ഇത് ഉൾപ്പെടുന്ന ഭൂമി, കെട്ടിടങ്ങൾ, യന്ത്രങ്ങൾ എന്നിവയ്ക്ക് പുറമെ, യോഗ്യരായ ജീവനക്കാരേയും ടാറ്റ മോട്ടോഴ്സ് ഏറ്റെടുക്കുന്നതാണ് ധാരണാപത്രം.
ബ്രാൻഡിന്റെ അതിവേഗം വളരുന്ന ആവശ്യം നിറവേറ്റാൻ ഈ ഏറ്റെടുക്കൽ സഹായിക്കും. ഗുജറാത്ത് സർക്കാർ ഈ കരാറിനെ പിന്തുണയ്ക്കുകയും നികുതി ആനുകൂല്യങ്ങൾ ടാറ്റ മോട്ടോഴ്സിന് കാറുകളുടെ നിർമ്മാണത്തിനായി നൽകാനും തയ്യാറാണ്. ഏറ്റെടുക്കുന്നതിന് ടാറ്റ മോട്ടോഴ്സ് 100 മുതൽ 150 മില്യൺ ഡോളർ വരെ നൽകാനാണ് സാധ്യത.
കയറ്റുമതി വിപണിക്കായി ഫോർഡ് ഉപയോഗിക്കുന്ന എൻജിൻ പ്ലാന്റ് അല്ല, സാനന്ദിലെ വാഹന നിർമാണ കേന്ദ്രത്തിനാണ് കരാർ. ഫോർഡ് മോട്ടോഴ്സ് എൻജിൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ ഇന്ത്യയിൽ നിർമിക്കുന്നുണ്ടെങ്കിൽ അതിനായി കരാർ അടിസ്ഥാനത്തിൽ ടാറ്റ മോട്ടോഴ്സ് അതിനാവശ്യമായ സ്ഥലവും അനുബന്ധ കെട്ടിടങ്ങളും വിട്ടുനൽകിയേക്കും. ഫോർഡിന്റെ പ്ലാന്റ് ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ ഇവിടുത്തെ സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പുതിയ യന്ത്രസാമഗ്രികൾ എത്തിക്കുന്നതിനായി ടാറ്റ കൂടുതൽ നിക്ഷേപം നടത്തും. നിലവിൽ പ്രതിവർഷം മൂന്ന് ലക്ഷം യൂണിറ്റാണ് ഇവിടുത്തെ നിർമാണശേഷി. അത് ഭാവിയിൽ നാല് ലക്ഷമായി ഉയർത്തും. പരമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങൾക്കൊപ്പം ഇലക്ട്രിക് വാഹനങ്ങളും ഇവിടെ നിർമിക്കുമെന്നാണ് ടാറ്റ മോട്ടോഴ്സ് ഉറപ്പുനൽകിയിട്ടുള്ളത്.
കൂടുതൽ തൊഴിലവസരങ്ങളും ബിസിനസ്സ് അവസരങ്ങളും സൃഷ്ടിച്ചുകൊണ്ട് ഈ ധാരണാപത്രം സംസ്ഥാനത്തോടുള്ള തങ്ങളുടെ പ്രതിബദ്ധതയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര പറഞ്ഞു. ടാറ്റ മോട്ടോഴ്സ് നിർമ്മിച്ച പാസഞ്ചർ, ഇലക്ട്രിക് വാഹനങ്ങളോടുള്ള ഉപഭോക്തൃ മുൻഗണന വർദ്ധിച്ചുവരുന്നതിനാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി കമ്പനി വലിയ വളർച്ച കൈവരിച്ചു. ഭാവിയിലെ യാത്രാ, ഇലക്ട്രിക് വാഹന മേഖലയിൽ ടാറ്റയുടെ സ്ഥാനം കൂടുതൽ ഉറപ്പാക്കുകയാണ് ഈ നീക്കത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
തുടർച്ചയായി കനത്ത നഷ്ടം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കഴിഞ്ഞ വർഷമാണ് ഫോർഡ് ഇന്ത്യയിലെ നിർമാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കുന്നതായി പ്രഖ്യാപിച്ചത്. എന്നാൽ, കേന്ദ്ര സർക്കാരിന്റെ പി.എൽ.ഐ. സ്‌കീമിലൂടെ ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാൻ ഫോർഡ് വീണ്ടും ഇന്ത്യയിൽ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും പദ്ധതിയിൽ നിന്ന് പിൻവാങ്ങുന്നതായും ചില മോഡലുകൾ വിദേശത്ത് ഇറക്കുമതി ചെയ്യുന്നത് മാത്രമായിരിക്കും ഫോർഡിന്റെ ഇന്ത്യയിലെ സാന്നിധ്യമെന്ന് ഫോർഡ് അറിയിച്ചു.