ഇലക്ട്രിക് വാഹനരംഗത്ത് പുത്തൻ ചുവടുവെപ്പുമായി ടിഎക്സ് 9
|ഒറ്റ ചാർജിൽ 210 കിലോമീറ്റര്‍: ഇലക്ട്രിക് സ്കൂട്ടറില്‍ തന്നെ മികച്ച മെലേജുമായി FT450
ഇലക്ട്രിക് വാഹനരംഗത്ത് പുത്തൻ ചുവടുവെപ്പുമായി ടിഎക്സ്9. കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടറായ FT450 ന്റെ ലോഞ്ചും ലോഗോ പ്രകാശനവും ബാംഗ്ലൂർ താജ് ഹോട്ടലിൽ നടന്നു. ഇലക്ട്രിക് വാഹന രംഗത്തെ ടിംഎക്സ് 9ന്റെ ആദ്യ വാഹനത്തിന്റെ ഉദ്ഘാടനം കമ്പനി ചെയർമാൻ സുനിൽ നടേശനും സിഇഒ അഖിൽരാജും നിർവഹിച്ചു.
പ്രതിവർഷം 1,20,000ത്തോളം വാഹനങ്ങൾ വിപണിയിൽ ഇറക്കുമെന്നും ഇതിനായി ബാംഗ്ലൂരിൽ ഗോകുലം ഗ്രൂപ്പുമായി ചേർന്ന് അഞ്ച് ലക്ഷം സ്ക്വയർ ഫീറ്റിൽ ഫാക്ടറി ആരംഭിക്കുമെന്നും കമ്പനി ചെയര്മാന് സുനില്‍ നടേശന് അറിയിച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 3500 ഓളം തൊഴിലവസരങ്ങളും 5 വർഷം കൊണ്ട് 12000തൊഴിൽ അവസരങ്ങളും ടിംഎക്സ് 9, ഇന്ത്യയിൽ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇലക്ട്രിക് വാഹന രംഗത്തെ ടിഎക്സ് 9ന്റെ ഈ ഉദ്യമം ഇന്ത്യൻ വാഹന വിപണിയിൽ പുതിയ ചുവടുവെപ്പാകുമെന്നും വരുംകാല വാഹനവിപണി ഇലക്ട്രിക് വാഹനത്തിന് വഴിമാറുമെന്നും സിഇഒ അഖിൽരാജും പറഞ്ഞു.
സൗത്ത് ഏഷ്യയിൽ 2030 കോടിയുടെ ഇൻവെസ്റ്റ്മെന്റിലൂടെ 7.6 ശതമാനം ഏഷ്യൻ മാർക്കറ്റാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. ഒറ്റ ചാർജിൽ 210 കിലോമീറ്ററാണ് വാഹനത്തിന്റെ മൈലേജ്. വൈദ്യുത സ്കൂട്ടർ വിഭാഗത്തിലെ തന്നെ ഏറ്റവും മികച്ച മൈലേജോടെ പുറത്തിറക്കുന്ന വാഹനത്തിന്റെ മൂന്ന് വേരിയന്റുകളാണ് അടുത്ത മൂന്ന് മാസത്തിനുള്ളിൽ വിപണിയിൽ എത്തിക്കാൻ കമ്പനി ശ്രമിക്കുന്നത്. ഇതിനു പുറമേ രാജ്യമൊട്ടാകെ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള തയാറെടുപ്പുകളും കമ്പനി നടത്തുന്നുണ്ട്.