Auto News
സിഎൻജി മാരുതി സുസുകി സെലാരിയോ  അനൗദ്യോഗിക ബുക്കിങ് തുടങ്ങി; ലോഞ്ചിങ് ഉടൻ
Auto News

സിഎൻജി മാരുതി സുസുകി സെലാരിയോ അനൗദ്യോഗിക ബുക്കിങ് തുടങ്ങി; ലോഞ്ചിങ് ഉടൻ

Web Desk
|
16 Jan 2022 12:42 PM GMT

ചുരുങ്ങിയ ചെലവിൽ കാർ യാത്രക്ക് വഴിയൊരുക്കുന്ന സെലാരിയോ സിഎൻജി വാഹനം 11000 രൂപ നൽകി ഡീലർഷിപ്പുകളിൽ ബുക്ക് ചെയ്യമെന്ന് റിപ്പോർട്ട്

ഇന്ത്യയിൽ മാരുതി സുസുകി പുറത്തിറക്കുന്ന സെലാരിയോയുടെ സിഎൻജി (കംപ്രസ്ഡ് നാച്ചറൽ ഗ്യാസ്) വേരിയൻറിന്റെ അനൗദ്യോഗിക ബുക്കിങ് ലോഞ്ചിങിന് മുമ്പേ തുടങ്ങി. ടിഗോറിലും ടിയാഗോയിലും സിഎൻജി വേരിയൻറ് പുറത്തിറക്കാൻ ടാറ്റ മോട്ടോർസ് തീരുമാനിച്ചിരിക്കെയാണ് മാരുതിയും സിഎൻജിയിലോടുന്ന വാഹനം പുറത്തിറക്കുന്നത്. ഏറ്റവും ചുരുങ്ങിയ ചെലവിൽ കാർ യാത്രക്ക് വഴിയൊരുക്കുന്ന സെലാരിയോ സിഎൻജി വാഹനം 11000 രൂപ നൽകി ഡീലർഷിപ്പുകളിൽ ബുക്ക് ചെയ്യാമെന്ന്‌ കാർവാല റിപ്പോർട്ട് ചെയ്യുന്നു.

നവംബറിൽ പുറത്തിറക്കിയ ജനപ്രിയ ഹാച്ച്ബാക്ക് മോഡലിന്റെ അതേ സവിശേഷതകൾ തന്നെയാണ് സിഎൻജി സെലാരിയോക്കുണ്ടാകുക. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള പെട്രോൾ കാർ എന്ന വിശേഷണത്തോടെയാണ് മാരുതി സുസുക്കി സെലേറിയോ നവംബറിൽ വിപണിയിലിറങ്ങിയത്. മാരുതിയുടെ പ്രശസ്തമായ കെ-10 എഞ്ചിന്റെ പുതിയ തലമുറ പതിപ്പാണ് വാഹനത്തിന് കരുത്ത് പകർന്നത്. 1.0 ഡ്യുവൽ ജെറ്റ്, ഡ്യുവൽ വിവിറ്റി സാങ്കേതികവിദ്യയോട് കൂടിയ എഞ്ചിനെ അവർ വിളിക്കുന്നത് കെ10സി എന്നാണ്. സെലാരിയോയുടെ പെട്രോൾ വേരിയൻറിൽ 66 ബിഎച്ച്പി, 89 എൻഎം ടോർക് പവറാണുണ്ടായിരുന്നത്, എന്നാൽ സിഎൻജയിൽ ഇവ കുറഞ്ഞേക്കും.

സെലാരിയോ, ബലേനോ, സ്വിഫ്റ്റ് കാറുകളുടെ സി.എൻ.ജി വേരിയൻറുകളാണ് രാജ്യത്തെ സുപ്രധാന കാർനിർമാതാക്കളായ മാരുതി സുസുകി ഇന്ത്യ പുറത്തിറക്കുന്നത്. പ്രകൃതി സൗഹൃദപരമായ സി.എൻ.ജി ഉപയോഗിച്ച് ഓടിക്കാവുന്ന തരത്തിൽ മാരുതി സുസുകി സ്വിഫ്റ്റ്, ബലേനോ, വിറ്റാര ബ്രെസ്സ, എക്സ് എൽ 6, എസ് ക്രോസ് എന്നിവയാണ് തദ്ദേശീയ കമ്പനിയായ മാരുതി നിർമിക്കുന്നത്. പെട്രോൾ, ഡീസൽ വിലവർധനവും ഡീസൽ കാറുകളുടെ വിൽപ്പന കുറഞ്ഞതും തീരുമാനത്തിന് പിറകിലുണ്ട്. നിലവിൽ സി.എൻ.ജി ഉപയോഗിച്ചുള്ള വാഹനവിപണയിലെ 85 ശതമാനവും മാരുതിയുടേതാണ്. 2020 -21 സാമ്പത്തിക വർഷത്തിൽ കമ്പനി 1.62 ലക്ഷം വാഹനങ്ങളാണ് വിറ്റിരിക്കുന്നത്. അടുത്ത വർഷം വിൽപ്പന ഇരട്ടിയാക്കാനാണ് കമ്പനിയുടെ പദ്ധതി. മൂന്നു ലക്ഷം സി.എൻ.ജി വാഹനങ്ങൾ വിൽക്കണമെന്ന് കരുതുന്ന കമ്പനി ഉൽപ്പന്നങ്ങളുടെ നിരയിലും കൂടുതൽ വൈവിധ്യം കൊണ്ടുവരും.

''നിലവിൽ പുറത്തിറക്കുന്ന 15 മോഡലുകളിൽ ഏഴെണ്ണത്തിലാണ് സി.എൻ.ജി സൗകര്യം. മറ്റു മോഡലുകളിൽ കൂടി സൗകര്യം കൊണ്ടുവരാനാണ് നമ്മുടെ പരിശ്രമം'' മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സിനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. നിലവിൽ മാരുതി സുസുകിയുടെ ആൾട്ടോ, എക്കോ, എസ് പ്രസ്സോ, വാഗൺആർ, ടൂർസ്, സൂപ്പർ കാരി മോഡലുകളിലാണ് സി.എൻ.ജി സൗകര്യം ലഭ്യമായിട്ടുള്ളത്. കമ്പനി തന്നെ സി.എൻ.ജി സൗകര്യം ലഭ്യമാക്കുന്നത് സുരക്ഷിതവും ചെലവു കുറഞ്ഞതുമാണെന്നും എന്നാൽ ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും ശ്രീവാസ്തവ വ്യക്തമാക്കി. ഇന്ത്യൻ ഉപഭോക്താക്കൾ ഉപയോഗത്തിൽ വരുന്ന ചിലവുകളെ കുറിച്ച് കൂടുതൽ ശ്രദ്ധാലുക്കളാണെന്നും അതുകൊണ്ട് സി.എൻ.ജി വാഹനങ്ങൾക്ക് ഏറെ ആവശ്യക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാജ്യത്തുടനീളം സി.എൻ.ജി സൗകര്യമേർപ്പെടുത്തുന്ന കേന്ദ്രങ്ങൾ തുടങ്ങാനും കമ്പനിക്ക് പദ്ധതിയുണ്ട്. നിലവിൽ 293 നഗരങ്ങളിൽ സി.എൻ.ജി ലഭ്യമാണ്. അതുതന്നെ ഒരു വർഷം കൊണ്ട് ഇരട്ടിയായതാണ്. 2022 ഓടെ 330 നഗരങ്ങളിൽ സി.എൻ.ജി ലഭ്യമാകും. 3,300 സി.എൻ.ജി ഫില്ലിംഗ് സ്റ്റേഷനുകളാണ് രാജ്യത്തുള്ളത്. 2025 ഓടെ ഇവ മൂന്നു മടങ്ങാകും.

ടാറ്റയും കളത്തിലേക്ക്; സിഎൻജി വിപണിയിൽ മത്സരം കടുക്കുന്നു

ഇന്ത്യയിൽ മാരുതിയും ഹ്യുണ്ടായിയുമാണ് നിലവിൽ സിഎൻജി കാറുകളുടെ നിർമാണത്തിലും വിൽപ്പനയിലും മുന്നിൽ നിൽക്കുന്നത്. ഇപ്പോൾ ടാറ്റയും സിഎൻജി വാഹനങ്ങൾ പുറത്തിറക്കുകയാണ്. അവരുടെ എൻട്രി ലെവൽ ഹാച്ച് ബാക്കായ ടിയാഗോയിലും സെഡാൻ മോഡലായ ടിഗോറിലുമാണ് ടാറ്റ സിഎൻജി വേരിയന്റ് പുറത്തിറക്കുന്നത്. നിലവിലെ ടിയാഗോ, ടിഗോർ മോഡലുകളുടെ എക്സറ്റീരിയർ, ഇന്റീരിയർ ഡിസൈനുകളിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് സിഎൻജി വേരിയന്റുകളും പുറത്തിറങ്ങുക. എഞ്ചിനിലേക്ക് വന്നാൽ നിലവിൽ ഉപയോഗിക്കുന്ന 86 ബിഎച്ച്പി പവറും, 113 എൻഎം ടോർക്കുമുള്ള 1.2 ലിറ്റർ മൂന്ന് സിലിണ്ടർ റെവട്രോൺ പെട്രോൾ എഞ്ചിൻ തന്നെയായിരിക്കും ഉപയോഗിക്കുക. എന്നിരുന്നാലും സിഎൻജി വേരിയന്റുകൾക്ക് സ്വാഭാവികമായിട്ടുള്ള പവർ നഷ്ടം ഇവയ്ക്കുണ്ടാകും.

ഈ മാസം തന്നെ സിഎൻജി വേരിയന്റുകൾ പുറത്തിറങ്ങുമെന്നാണ് സൂചന. നിലവിൽ ഇരു മോഡലുകളുടെയും വിൽപ്പന ആരംഭിച്ചിട്ടുണ്ട്. വില കമ്പനി പുറത്തുവിട്ടിലെങ്കിലും ആറര ലക്ഷത്തിനും ഏഴു ലക്ഷത്തിനുമിടയിലാണ് ഇരു മോഡലുകൾക്കും വില പ്രതീക്ഷിക്കുന്നത്. കുറഞ്ഞ പരിപാലനചെലവ്, പരിസ്ഥിതി സൗഹൃദം ഇതൊക്കെയാണ് സിഎൻജിയുടെ പ്രധാന ഗുണങ്ങളായി പരിഗണിക്കുന്നത്. നിലവിൽ ചില കാർ നിർമാണ കമ്പനികൾ ഫാക്ടറി ഫിറ്റഡായി തന്നെ സിഎൻജി മോഡലുകൾ പുറത്തിറക്കുന്നുണ്ട്. അത് കൂടാതെ സിഎൻജി കിറ്റ് ഉപയോഗിച്ച് നിലവിലെ പെട്രോൾ കാറുകൾ സിഎൻജിയിലേക്ക് മാറ്റാനും സാധിക്കും. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും സിഎൻജി ഇന്ത്യക്കാർക്ക് അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടിട്ടില്ല. അതിന് ചില കാരണങ്ങളുണ്ട്.

കൂടിയ വില പെട്രോൾ, ഡീസൽ വേരിയന്റുകളേക്കാൾ വില കൂടുതലാണ് സിഎൻജി വേരിയന്റിന്. ഓൾട്ടോയുടെ പെട്രോൾ വേരിയന്റിനേക്കാൾ ഒരു ലക്ഷത്തിനടുത്ത് അധികം സിഎൻജിക്ക് അധികം നൽകണം. പുറത്ത് നിന്ന് സിഎൻജി കിറ്റ് വാങ്ങിയാലും അതിന് അധിക വില നൽകണം. ഫിറ്റിങ് ചാർജ് വേറെയും നൽകണം. സിഎൻജി പമ്പുകളുടെ ലഭ്യതക്കുറവ് സിഎൻജി ഉപഭോക്താക്കൾ നിലവിൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം സിഎൻജി പമ്പുകളുടെ ലഭ്യതക്കുറവ്. മിക്കവാറും ഒരു ജില്ലയിൽ ഒന്നോ രണ്ടോ സിഎൻജി പമ്പുകൾ മാത്രമേ ഉണ്ടാകൂ. ഒരു സിഎൻജി പമ്പു പോലും ലഭ്യമല്ലാത്ത ജില്ലകളുമുണ്ട്. പെട്രോൾ പോലെ ഇടക്കിടെ ഇന്ധനം നിറക്കേണ്ടങ്കിലും സിഎൻജി വാഹനങ്ങളുടെ എണ്ണം കൂടുന്നത് കൊണ്ട് തന്നെ പമ്പുകളിൽ തിരക്കും വർധിക്കുന്നുണ്ട്.

കുറഞ്ഞ സ്റ്റോറേജ് സ്‌പേസ് സിഎൻജി കിറ്റ് സ്ഥാപിക്കുന്നത് കാറുകളുടെ ബൂട്ടിലാണ്. വലിയ ടാങ്കായത് കൊണ്ട് തന്നെ ബൂട്ട് സ്‌പേസിന്റെ വലിയ ഭാഗം തന്നെ സിഎൻജി അപഹരിക്കും. പ്രത്യേകിച്ചും ബൂട്ട് സ്‌പേസ് കുറഞ്ഞ ഹാച്ച് ബാക്കുകളിൽ ഇന്ന് നന്നായി ബാധിക്കും. പെർഫോർമൻസിലുണ്ടാകുന്ന കുറവ് സിഎൻജി പരിസ്ഥിതി സൗഹൃദമാണെങ്കിലും പെർഫോർമൻസിന്റെ കാര്യം വരുമ്പോൾ ചില വിട്ടുവീഴ്ചകൾക്ക് നമ്മൾ തയാറാകണം. പെർഫോമൻസിൽ വലിയ മാറ്റം പെട്ടെന്ന് മനസിലാകിലെങ്കിലും 3-4 വർഷത്തിനുള്ളിൽ സിഎൻജി വാഹനങ്ങളുടെ പെർഫോർമൻസിൽ കുറവ് വരാറുണ്ട്. പെട്രോൾ കാറുകളേക്കാൾ ആക്‌സിലേറഷനിലെ കുറവ് ശ്രദ്ധിച്ചാൽ തന്നെ അത് മനസിലാകും. ഓരോ വർഷവും സിഎൻജി കാറുകളുടെ പെർഫോമൻസ് 10 ശതമാനം കുറയുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സിഎൻജി കിറ്റ് വാഹനത്തിന്റെ ഭാരം കൂട്ടുന്നതും പ്രകടനത്തെ ബാധിക്കും. എൻജിൻ ഇഞ്ചക്ടർ പ്രശ്‌നങ്ങൾ കാറുകളുടെ മിക്ക എഞ്ചിൻ ഭാഗങ്ങൾക്കും കൃത്യമായ ലൂബ്രിക്കേഷൻ നൽകേണ്ടതുണ്ട്. എഞ്ചിൻ ഓയിലിനെ കൂടാതെ പെട്രോൾ/ഡീസൽ എന്നിവയും ചില ഭാഗങ്ങളുടെ ലൂബ്രിക്കന്റായി വർത്തിക്കാറുണ്ട്. അതിൽ പ്രധാനിയാണ് ഫ്യൂയർ ഇഞ്ചക്ടർ. സിഎൻജി ഗ്യാസായതു കൊണ്ട് തന്നെ ലൂബ്രിക്കേഷൻ ലഭിക്കില്ല. അത് ഇഞ്ചക്ടർ ഡ്രൈയാകാൻ ഇടയാക്കും. ലോങ് റണ്ണിൽ അത് എഞ്ചിനിൽ വലിയ പ്രശ്‌നങ്ങളുണ്ടാക്കും. അതുകൊണ്ട്് തന്നെ സിഎൻജി വാഹനങ്ങൾക്ക് കൂടുതൽ കൃത്യമായ സർവീസ് ആവശ്യമാണ്.

Unofficial bookings for the CNG (Compressed Natural Gas) variant of the Celario launched by Maruti Suzuki in India have begun ahead of launch.

Similar Posts