റേസിങ് സ്കൂട്ടര്‍ എയറോക്സ് 155 പുറത്തിറക്കി യമഹ; പ്രത്യേകതകള്‍ അറിയാം
|റേസിങ് ബ്ലൂ, ഗ്രേ വെര്‍മിലിയന്‍ എന്നീ നിറങ്ങളിലാണ് യമഹ, സ്കൂട്ടര്‍ അവതരിപ്പിച്ചിരിക്കുന്നത്.
യമഹയുടെ ആദ്യ മാക്സി സ്കൂട്ടര്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. പേരിന് സ്കൂട്ടറാണെങ്കിലും സ്പോര്‍ട്സ് ബൈക്കിന്റെയും സ്കൂട്ടറിന്റെയും സവിശേഷമായ സംയോജനമാണ് എയറോക്സ് 155. കണ്ടാല്‍ ബൈക്കാണോ എന്ന് സംശയം തോന്നുന്ന രൂപം. മുന്‍വശത്തെ 26 എംഎം ടെലിസ്കോപ്പിക് സസ്പെന്‍ഷനും പിന്നിലെ ഡ്യുവല്‍ സ്പ്രിങ്ങുകളുമാണ് ഇതിന് സഹായിക്കുന്നത്. സ്പോർട്സ് ബൈക്ക് ഓടിക്കുന്ന അനുഭവം തന്നെയാണ് എയറോക്സ് 155 സമ്മാനിക്കുന്നത്.
155 സിസി ലിക്വിഡ് ബ്ലൂ കോര്‍ എഞ്ചിനാണ് സ്കൂട്ടറില്‍. യമഹയുടെ തന്നെ റേസിങ് ബൈക്കായ R15 എഞ്ചിന് അനുസൃതമായാണ് വികസിപ്പിച്ചിരിക്കുന്നത്. ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിനായി സ്റ്റാര്‍ട്ട് ആന്‍ഡ് സ്റ്റോപ്പ് ബട്ടനുകളുടെ സവിശേഷതയുമുണ്ട്. മുന്‍വശത്ത് 110 എംഎം, പിന്നില്‍ 140 എംഎം ട്യൂബ് ലെസ് ടയറുകളുമാണ് നല്‍കിയിരിക്കുന്നത്. ഡിസ്ക് ബ്രേക്ക് ഓപ്ഷനുമുണ്ട്. സീറ്റിനടിയില്‍ 24.5 ലിറ്റര്‍ സ്റ്റോറേജ് സൗകര്യമാണ് മറ്റൊരു പ്രത്യേകത. 5.5 ലിറ്റര്‍ കപ്പാസിറ്റിയുള്ള പെട്രോള്‍ ടാങ്കില്‍ പുറത്ത് നിന്നും പെട്രോള്‍ നിറയ്ക്കാം. 5.8 ഇഞ്ച് എല്‍ഇഡി സ്ക്രീന്‍, ബ്ലൂടൂത്ത് കണക്ടിവിറ്റി, എല്‍ഇഡി ലൈറ്റും വാഹനത്തിന്റെ സവിശേഷതയാണ്.
റേസിങ് ബ്ലൂ, ഗ്രേ വെര്‍മിലിയന്‍ എന്നീ രണ്ട് നിറങ്ങളിലാണ് യമഹ, സ്കൂട്ടര്‍ അവതരിപ്പിച്ചിരിക്കുന്നത്. 1.29 ലക്ഷം രൂപയാണ് വില. ഇന്ത്യയിലെ പ്രീമിയം സ്കൂട്ടറുകള്‍ക്കിടയില്‍ എയറോക്സ് 155 വ്യത്യസ്തമായ ഇടം കണ്ടെത്തുമെന്നാണ് കമ്പനിയുടെ അവകാശവാദം.