Auto
ലിറ്ററിന് 26.68 കിലോമീറ്റർ; പുതിയ സെലേറിയോ അവതരിപ്പിച്ച് മാരുതി
Auto

ലിറ്ററിന് 26.68 കിലോമീറ്റർ; പുതിയ സെലേറിയോ അവതരിപ്പിച്ച് മാരുതി

Web Desk
|
10 Nov 2021 8:01 AM GMT

രാജ്യത്ത് ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള പെട്രോൾ കാറായി സെലേറിയോ

ഇക്കാലത്ത് നല്ല മൈലേജു കിട്ടുന്നൊരു കാർ ആരാണ് ആഗ്രഹിക്കാത്തത്? ഇന്ധനവില റോക്കറ്റു പോലെ കുതിച്ചുയരുന്ന കാലത്തിതാ, ലിറ്ററിന് 26.68 കിലോമീറ്റർ മൈലേജുള്ള പുതിയ സെലേറിയോ അവതരിപ്പിച്ച് മാരുതി. ലിറ്ററിന് ശരാശരി 20 കിലോമീറ്റർ ഇന്ധനക്ഷമത കിട്ടുന്ന എൻട്രി ലെവിൽ ഹാച്ച്ബാക്കുകൾക്ക് ഇടയിലേക്കാണ് മൈലേജിന്റെ ബലവുമായി, സെലേറിയോ മുഖം മിനുക്കിയെത്തുന്നത്.

11000 രൂപ ടോക്കൺ നൽകി കാറിന്റെ ബുക്കിങ് മാരുതി നേരത്തെ ആരംഭിച്ചിരുന്നു. 4.99 ലക്ഷം രൂപ മുതൽ 6.94 ലക്ഷം രൂപ വരെയാണ് വിവിധ വേരിയന്റുകളുടെ (എക്സ് ഷോറൂം) വില. എൽഎക്‌സ്‌ഐ എംടി വേരിയന്‍റിനാണ് 4.99 ലക്ഷം രൂപ. ഇസഡ്എക്‌സ്‌ഐ പ്ലസിന് 6.94 ലക്ഷവും.വിപണിയിൽ ഡാറ്റ്‌സൺ ഗോ, ഹുണ്ടായി സാൻഡ്രോ, റെണോൾട്ട് ക്വിഡ് എന്നിവയോടാണ് സെലേറിയോക്ക് മുട്ടാനുണ്ടാകുക. എൻട്രി ലെവൽ ഹാച്ച്ബാക്കുകളിൽ രാജ്യത്തെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് ഇതെന്ന് നിസ്സംശയം പറയാം. പെട്രോൾ-എജിഎസ് ട്രാൻസ്മിഷൻ ചോയ്‌സിൽ നെക്സറ്റ് ജനറേഷന്‍ കെ10 എഞ്ചിനാണ് കാറിന്റെ ശക്തി.


LXI MT, VXI MT, VXI AMT, ZXI MT, ZXI AMT, ZXI+MT, ZXI+AMT എന്നീ വേരിയന്റുകളിൽ സിലേറിയോ ലഭ്യമാണ്. പുഷ്ബട്ടൺ സ്റ്റാർട്ട്-സ്‌റ്റോപ്, ഹൈറ്റ് അഡ്ജസ്റ്റബ്ൾ ഡ്രൈവർ സീറ്റ്, സ്റ്റിയറിങ് മൗണ്ടഡ് കൺട്രോൾ, ഇലക്ട്രിക്കലി ഫോൾബ്ൾ ഒആർവിഎം, 15 ഇഞ്ച് അലോയ് വീൽ എന്നിങ്ങനെയാണ് സവിശേഷതകൾ. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, റിയർപാർക്കിങ് സെൻസറുകൾ എന്നിവയുമുണ്ട്.

ചുവപ്പ്, നീല നിറങ്ങളിലാണ് വാഹനം. കസ്റ്റമൈസേഷൻ ഓപ്ഷനുമുണ്ട്. പഴയ വാഹനത്തേക്കാൾ ഡോറുകൾക്ക് 48മില്ലിമീറ്റർ സ്‌പേസ് വർധിപ്പിച്ചു. പഴയ മോഡലിനേക്കാൾ 23 ശതമാനം അധികം ഇന്ധനക്ഷമതയാണ് കമ്പനിയുടെ വാഗ്ദാനം.


രൂപകൽപ്പനയിലും കമ്പനി കാര്യമായ പുതുമ വരുത്തിയിട്ടുണ്ട്. ഹണികോമ്പ് ഡിസൈനിൽ ഓവൽ ഷേപ്പിലുള്ള ഗ്രില്ല്, ക്രോമിയം ലൈൻ, പുതിയ ഹെഡ്‌ലാമ്പ്, ഫോഗ് ലാംപ്, ബ്ലാക്ക് ക്ലാഡിങ്ങ് നൽകിയുള്ള ബമ്പർ എന്നിവയാണ് വാഹനത്തിൽ മുൻവശം അലങ്കരിക്കുന്നത്. പിൻഭാഗം മുൻ മോഡലിനോട് സാമ്യമുണ്ടെങ്കിലും ടെയ്ൽലാമ്പ് പുതിയ ഡിസൈനിലാണ് ഒരുക്കിയിട്ടുള്ളത്.

2014ലെ ഓട്ടോ എക്‌സ്‌പോയിലാണ് സെലേറിയോ ആദ്യമായി മാരുതി അവതരിപ്പിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് നന്നായി വിൽക്കപ്പെടുകയും ചെയ്തു. വിപണിയൊന്ന് താഴ്ന്ന വേളയിലാണ് കാർ രൂപഭാവം നിരത്തിലെത്തുന്നത്.

Similar Posts