യാത്രകളിൽ അർജുൻ അശോകന് പുതിയ കൂട്ടാളി; വെര്‍ട്യൂസ് സ്വന്തമാക്കി നടന് അര്ജുന് അശോകന്
|ഫോക്സ്വാഗൻ ഇന്ത്യ 2.0 പ്രോജക്ടിന് കീഴിൽ ടിഗ്വാൻ എസ്യുവിക്ക് ശേഷം കമ്പനി പുറത്തിറക്കുന്ന രണ്ടാമത്തെ മോഡലാണ് വെര്‍ട്യൂസ്.
ഫോക്സ്വാഗണിന്റെ ഏറ്റവും പുതിയ മോഡൽ മിഡ്സൈസ് സെഡാനായ വെര്‍ട്യൂസ് ജിടി പ്ലസ് ആണ് മലയാളത്തിന്റെ യുവ താരം അർജുൻ അശോകൻ തന്റെ ഗാരേജിലെത്തിച്ചിരിക്കുന്നത്. കാറിന്റെ ചിത്രങ്ങൾ അർജുൻ അശോക് തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കെവെച്ചത്. 17.19 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില.
ഫോക്സ്വാഗൺ കാറുകളുടെ ഏറ്റവും വലിയ സവിശേഷത അതിന്റെ കംഫർട്ട് തന്നെയാണ്. കാറിനുള്ളിലെ യാത്ര എളുപ്പവും ലളിതവുമാക്കുന്നതിന് ധാരാളം സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന വാഹനം. പുതിയ ഫോക്സ്വാഗൺ വെര്‍ട്യൂസും വ്യത്യസ്തമല്ല 1.5 ലിറ്റർ TSI EVO എഞ്ചിനാണ് കരുത്തേകുന്നത്. ഈ യൂണിറ്റ് 148 bhp കരുത്തും 250 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്ന നാല് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാണുള്ളത്.
ക്രോമിയം സ്ട്രിപ്പ് ബോര്‍ഡര്‍ ഒരുക്കുന്ന വീതി കുറഞ്ഞ ഗ്രില്ല്, എല്‍.ഇ.ഡി. ഹെഡ്ലാമ്പും ഡി.ആര്.എല്ലും, പെര്‍ഫോമെന്‍സ് പതിപ്പിന്റെ ഗ്രില്ലിലെ ജി.ടി. ബാഡ്ജിങ്ങ്, മസ്കുലര്‍ ഭാവമുള്ള ബമ്പര്‍, വലിയ എയര്‍ഡാം, എല്‍.ഇ.ഡി. ഫോഗ്ലാമ്പ്, 16 ഇഞ്ച് വലിപ്പമുള്ള അലോയി വീല്‍, ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍, എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ്, ക്രോമിയം ലൈനുകളുള്ള റിയര്‍ ബമ്പര്‍ എന്നിവയാണ് ഈ വാഹനത്തെ അലങ്കരിക്കുന്നത്.
4561 എം.എം. നീളം, 1752 എം.എം. വീതി, 1507 എം.എം. ഉയരം, 2651 എം.എം. ആണ് വീല്‍ബേസ്, 179 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിങ്ങനെയാണ് ഈ വാഹനത്തിന്റെ അളവുകള്‍. ഇരട്ട നിറങ്ങളിലാണ് വെര്‍ട്യൂസിന്റെ അകത്തളം ഒരുങ്ങിയിരിക്കുന്നത്. പെര്‍ഫോമെന്‍സ് പതിപ്പില്‍ ചെറി റെഡ് പെയിന്റ് സ്കീമും നല്‍കിയിട്ടുണ്ട്. 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, ഫ്ളാറ്റ് ബോട്ടം സ്റ്റിയറിങ്ങ് വീല്‍ എന്നിവ അകത്തളത്തെയും ആകര്‍ഷകമാക്കും.
ജർമൻ കാർ നിർമാതക്കൾ ഈ മാസമാണ് വെര്‍ട്യൂസ് ഇന്ത്യയിൽ അവതരിപ്പിച്ചത്.നേരത്തെ വിപണിയിൽ ഉണ്ടായിരുന്ന വെന്റോയ്ക്ക് പകരമായിട്ടാണ് ഈ മോഡലിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഫോക്സ്വാഗൻ ഇന്ത്യ 2.0 പ്രോജക്ടിന് കീഴിൽ ടിഗ്വാൻ എസ്യുവിക്ക് ശേഷം കമ്പനി പുറത്തിറക്കുന്ന രണ്ടാമത്തെ മോഡലാണ് വെര്‍ട്യൂസ്. കഴിഞ്ഞ മാർച്ചിൽ ആഗോള വിപണിയിൽ എത്തിയ മോഡലിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യയിൽ നിന്ന് 25 രാജ്യങ്ങളിലേക്കാണ് വിർട്ടസ് കയറ്റി അയക്കുന്നത്. സ്കോഡ സ്ലാവിയയ്ക്ക് സമാനമായ MQB AO IN പ്ലാറ്റ്ഫേിൽ തന്നെയാണ് വെര്‍ട്യൂസ് എത്തുന്നത്.