എന്തുകൊണ്ട് ഇന്ത്യയിൽ ഇത്രയും ഇരുചക്ര വാഹനങ്ങൾ? ആനന്ദ് മഹീന്ദ്രയ്ക്കുണ്ട് ഉത്തരം
|ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതല്‍ ഇരുചക്ര വാഹനങ്ങൾ നിർമിക്കപ്പെടുന്ന രാജ്യമാകാനുള്ള കാരണം രസകരമായൊരു ട്വീറ്റിലൂടെയാണ് ആനന്ദ് മഹീന്ദ്ര വ്യക്തമാക്കിയിരിക്കുന്നത്
ലോകത്ത് ഏറ്റവും കൂടുതൽ ടൂ വീലർ വാഹനങ്ങൾ ഉൽപാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയിൽ മാത്രം എന്തുകൊണ്ട് ഇരുചക്ര വാഹനങ്ങൾ ഇത്രയും ജനപ്രിയമാകുന്നുവെന്നത് എപ്പോഴും ഒരു കൗതുകമാണ്. എന്നാൽ, പ്രമുഖ വ്യവസായിയും രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളായ മഹീന്ദ്രയുടെ തലവനുമായ ആനന്ദ് മഹീന്ദ്ര ഇപ്പോൾ അതിനൊരു ഉത്തരം കണ്ടെത്തിയിരിക്കുകയാണ്. രസകരമായൊരു ചിത്രം പങ്കുവച്ചാണ് ഇക്കാര്യം അദ്ദേഹം വിവരിക്കുന്നത്.
ഭാര്യയ്‌ക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുന്ന ഒരാളുടെ ചിത്രമാണ് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിലെ ഏറ്റവും കൗതുകകരമായ കാര്യം ബൈക്കിൽ കയറ്റിവച്ചിരിക്കുന്ന സാധനങ്ങളാണ്. കസേരയുടെ രണ്ട് വലിയ അട്ടിയും നിരവധി കെട്ട് പായകളും ബൈക്കിൽ അനായാസം അടുക്കിവച്ചാണ് ഇയാളുടെ ബൈക്ക് സവാരി.
ചിത്രം പങ്കുവച്ച് ആനന്ദ് മഹീന്ദ്ര പങ്കുവച്ച് ട്വീറ്റ് ഇങ്ങനെയാണ്: ''ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതൽ ബൈക്ക് ഉൽപാദിപ്പിക്കാൻ കാരണം എന്താണെന്ന് ഇപ്പോൾ നിങ്ങൾക്കു മനസിലായിക്കാണും. ഒരു ചക്രത്തിന്റെ ഓരോ ഇഞ്ചിലും എത്ര വലിയ ചരക്ക് കൊണ്ടുപോകാമെന്ന് നമ്മൾക്ക് അറിയാം. നമ്മൾ അങ്ങനെയാണ്...''
ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിന് വലിയ പ്രതികരണവും ലഭിക്കുന്നുണ്ട്. ട്വീറ്റ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ അരലക്ഷത്തിലേറെ പേർ കുറിപ്പ് ലൈക്ക് ചെയ്തിട്ടുണ്ട്. ആയിരക്കണക്കിനു പേർ ട്വീറ്റ് പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
Summary: Anand Mahindra explains "why India makes most two-wheelers in the world"