ജിസിസിയിലേക്ക് ജപ്പാനീസ് കാറുകൾ ആദ്യമായി എത്തിച്ചത് ഒരു മലയാളിയാണ്; മലയാള സിനിമാ ബന്ധമുള്ള ഒരാൾ! - അക്കഥ പറഞ്ഞ് അഞ്ജലി മേനോന്‍
|ഇദ്ദേഹം തന്നെയാണ് കേരളത്തിലെ ഒന്നാംകിട മാരുതി ഡീലർഷിപ്പായ ഇൻഡസ് മോട്ടോഴ്‌സിന് തുടക്കം കുറിച്ചത്
ജി.സി.സി രാഷ്ട്രങ്ങളിൽ ജലവിതരണം കഴുതപ്പുറത്ത് നടത്തിയ കാലത്ത് അങ്ങോട്ട് ആദ്യമായി ജപ്പാനീസ് കാറുകളെത്തിച്ച ആൾ മലയാളിയാണ് എന്ന് എത്ര പേർക്കറിയാം? ഡാട്‌സൺ നായർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ടിഎം നായർ ആയിരുന്നു അറേബ്യൻ മരുഭൂമിയിൽ യാത്രാ വിപ്ലവത്തിന് തുടക്കം കുറിച്ച മലയാളി. നായർ തന്നെയാണ് കേരളത്തിലെ ഒന്നാംകിട മാരുതി ഡീലർഷിപ്പായ ഇൻഡസ് മോട്ടോഴ്‌സിന് തുടക്കം കുറിച്ചതും. നായർക്ക് മലയാള സിനിമാ ലോകവുമായും ഒരു ബന്ധമുണ്ട്, സംവിധായിക അഞ്ജലി മേനോന്റെ അച്ഛനാണ് ടിഎം നായർ.
സ്മാർട്ട് ഡ്രൈവ് മാഗസിനിൽ എഴുതിയ ലേഖനത്തിലാണ് അഞ്ജലി മേനോൻ അച്ഛനെ കുറിച്ചും അറേബ്യയിലെ കാർ ബിസിനസിനെ കുറിച്ചും വിശദമായി മനസ്സു തുറക്കുന്നത്. 2018 സെപ്തംബറിൽ പ്രസിദ്ധീകരിച്ച ലേഖനം മാഗസിന്റെ പത്താം വാർഷിക വേളയിൽ ഈയിടെ പുനഃപ്രസിദ്ധീകരിച്ചിരുന്നു.
തന്റെ വാഹനഭ്രമത്തെ കുറിച്ച് അഞ്ജലി എഴുതുന്നത് ഇങ്ങനെ;
"എന്റെ കുടുംബത്തിലെ ഏതാണ്ടെല്ലാവരും തന്നെ വാഹനഭ്രമക്കാരാണ്. ആ ഭ്രമത്തിനു തുടക്കമിട്ടതാകട്ടെ അച്ഛൻ ടി എം നായരും. 1959ൽ അദ്ദേഹം ദുബായിൽ എത്തുന്ന സമയത്ത് വളരെ കുറച്ചു വാഹനങ്ങളെ അവിടെ ഉണ്ടായിരുന്നുള്ളു. ഒട്ടുമിക്കതും ബ്രിട്ടീഷ് അല്ലെങ്കിൽ ജർമ്മൻ മേക്ക് ആയിരുന്നു. ജി സി സി രാജ്യങ്ങളിൽ ജലവിതരണം കഴുതപ്പുറത്ത് നടത്തിയിരുന്ന കാലമായിരുന്നു അതെന്ന് ഓർക്കണം! അന്ന് അൽ ഒവായ്സ് കമ്പനിയിൽ സഹജീവനക്കാരായിരുന്നു എന്റെ അച്ഛനും സുഹൃത്തായ അബ്ദുള്ള ഹസ്സൻ റോസ്റ്റമണിയും. അവർ വരാനിരിക്കുന്ന എണ്ണ തരംഗത്തിന്റെ സാധ്യതകൾ മുൻകൂട്ടി മനസ്സിലാക്കി. മിഡിൽഈസ്റ്റിൽ വൈകാതെ തന്നെ വാഹനവിപണി സജീവമാകുമെന്നും വാഹനങ്ങളുടെ വലിയ വിപണിയായി അവിടം മാറുമെന്നും അച്ഛന് ബോധ്യപ്പെട്ടു. ഇത് അദ്ദേഹം റോസ്റ്റമണിയേയും ബോധ്യപ്പെടുത്തി. അതേതുടർന്ന് റോസ്റ്റമണി തന്റെ ജോലി രാജിവച്ച് പുതിയൊരു ബിസിനസിന് തുടക്കം കുറിക്കുകയും അച്ഛന് അദ്ദേഹത്തിന്റെ സംഘത്തിലെ പ്രധാനിയുടെ സ്ഥാനം നൽകുകയും ചെയ്തു. സ്റ്റാർട്ട്അപ്പ് കമ്പനികളുടെ വളർച്ചാസാധ്യതയെപ്പറ്റി ജീവിതാന്ത്യം വരെ ഉറച്ചുവിശ്വസിച്ചിരുന്ന അച്ഛൻ ആവേശത്തോടെ ആ തൊഴിൽ ഏറ്റെടുത്തു. ആ കമ്പനിക്ക് അറേബ്യൻ ഓട്ടോമൊബൈൽസ് എന്ന് പേരിടുകയും ചെയ്തു. തുടർന്ന് പ്രമുഖ ജാപ്പനീസ് കമ്പനിയായ നിസ്സാനുമായി അച്ഛൻ ബന്ധപ്പെടുകയും യു എ ഇയിൽ ഡാട്സൺ കാറുകൾ വിൽക്കാനുള്ള ഏജൻസി പ്രാതിനിധ്യം കമ്പനിയ്ക്കായി നേടിയെടുക്കുകയും ചെയ്തു. മിഡിൽ ഈസ്റ്റിലേക്ക് ആദ്യമായി ജാപ്പനീസ് നിർമ്മിത കാറുകൾ എത്തുന്നത് അങ്ങനെയാണ്."
അക്കാലത്ത് അച്ഛൻ ഇടയ്ക്കിടെ ജപ്പാനിൽ പോകുമായിരുന്നുവെന്നും അവിടെ നിന്നയച്ച പോസ്റ്റ് കാർഡുകൾ താൻ നിധി പോലെ സൂക്ഷിക്കുന്നുണ്ടെന്നും അവർ പറയുന്നു. കോഴിക്കോട് ആസ്ഥാനമായി ഇൻഡസ് മോട്ടോഴ്‌സ് ഉണ്ടായ കഥയും അവർ പങ്കുവച്ചു.
"അച്ഛൻ ഇടയ്ക്കിടെ ജപ്പാനിലേക്ക് പോകുകയും അവിടെ മാസങ്ങളോളം തങ്ങുകയും ചെയ്യുമായിരുന്നു. അദ്ദേഹം അക്കാലത്ത് ടോക്കിയോവിൽ നിന്നുമയച്ച പോസ്റ്റ് കാർഡുകൾ ഇന്നും ഒരു നിധി പോലെ ഞാൻ സൂക്ഷിക്കുന്നുണ്ട്. എൺപതുകളിൽ ജപ്പാനിൽ വച്ച് അദ്ദേഹം നടത്തിയ ചില കൂടിക്കാഴ്ചകൾക്കിടയിൽ വാഹനഭീമനായ സുസുക്കി ഇന്ത്യയിൽ സഞ്ജയ് ഗാന്ധിയുമായി ചേർന്ന് ചെലവു കുറഞ്ഞ ഒരു ഇൻഡോ ജാപ്പനീസ് മോഡൽ കാർ നിർമ്മിക്കാനൊരുങ്ങുകയാണെന്ന് മനസ്സിലാക്കി. ഈ സാധ്യത അദ്ദേഹത്തെ ആവേശഭരിതനാക്കിയെന്നു മാത്രമല്ല ജി സി സി മാതൃകയുടെ വിജയം ഇന്ത്യയിലും അനായാസേനെ ആവർത്തിക്കാനാകുമെന്ന് കണക്കു കൂട്ടുകയും ചെയ്തു. അപ്പോഴാണ് ഇന്ത്യയിൽ ഒരു വാഹനകമ്പനി ആരംഭിക്കാൻ അദ്ദേഹം പദ്ധതിയിടുന്നത്. തന്റെ ദീർഘകാല സുഹൃത്തായ ഹാജി പി എ ഇബ്രാഹിമുമായി ചേർന്ന് കേരളത്തിൽ കോഴിക്കോട് ആസ്ഥാനമാക്കി ഇൻഡസ് മോട്ടോഴ്സിന് അദ്ദേഹം 1984-ൽ തുടക്കമിടുന്നത് അങ്ങനെയാണ്."
താൻ സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലിലെ കരീംകയ്ക്ക് അച്ഛന്റെ പല സ്വഭാവ സവിശേഷതകളും ഉണ്ടെന്ന് അഞ്ജലി മേനോൻ ലേഖനത്തില്‍ എഴുതുന്നു.