ആഡംബര ഭീമൻ മുഖം മിനുക്കി എത്തുന്നു; ഔഡിA8 ലക്ഷ്വറി സെഡാൻ ഇന്ത്യയിലേക്ക്
|ഫെബ്രുവരിയിൽ ഇന്ത്യയിൽ അവതരിപ്പിച്ച എസ്‌യുവിയായ ക്യു 7 ന്റെ പുതിയ പതിപ്പിന് ശേഷം 2022-ലെ ഔഡിയുടെ രണ്ടാമത്തെ ലോഞ്ചാണിത്.
മുൻനിര A8 സെഡാൻ മോഡലിനെ പരിഷ്ക്കരിച്ച് വിപണിയിൽ അവതരിപ്പിക്കാൻ തയാറെടുക്കുകയാണ് ജർമൻ ആഡംബര വാഹന നിർമാതാക്കൾ. രാജ്യത്തെ ലക്ഷ്വറി കാർ രംഗത്ത് ഈ വർഷവും കൂടുതൽ സജീവമാവുന്നതിന്റെ ഭാഗമാണ് പുതുക്കിയ A8 എത്തുന്നത്. അടുത്ത ആഴ്‌ച്ച അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ഔഡി A8 പുതിയ ടീസർ ചിത്രങ്ങളും ഔഡി പുറത്തുവിട്ടിട്ടുണ്ട്.
79.99 ലക്ഷം രൂപ വിലയിൽ ഫെബ്രുവരിയിൽ ഇന്ത്യയിൽ അവതരിപ്പിച്ച എസ്‌യുവിയായ ക്യു 7 ന്റെ പുതിയ പതിപ്പിന് ശേഷം 2022-ലെ ഔഡിയുടെ രണ്ടാമത്തെ ലോഞ്ചാണിത്.
പോയ വർഷം നവംബറിലാണ് ഔഡി പുത്തൻ A8 ആഗോളതലത്തിൽ അവതരിപ്പിക്കുന്നത്. പുതിയ സ്റ്റൈലും പരിഷ്ക്കരിച്ചതുമായ ഫീച്ചറുകളുടെയും അകമ്പടിയോടെയാണ് വാഹനം നിരത്തിലെത്തുന്നത്. 340 bhp പവറിൽ 500 Nm torque വികസിപ്പിക്കുന്ന ടർബോചാർജ്ഡ് 3.0 ലിറ്റർ V6 എഞ്ചിനാണ് വാഹനത്തിന് തുടിപ്പേകുന്നത്. ഇത് 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കി ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സിസ്റ്റം സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ സജ്ജീകരണം 5.6 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ആഡംബര സെഡാനെ സഹായിക്കും.
വീൽ റേഞ്ച് 18 മുതൽ 21 ഇഞ്ച് വരെയായാണ് നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ ഔഡി സ്‌പോർട്ടിൽ നിന്നുള്ള ആറ് പുതിയ ഡിസൈനുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ മെറ്റാലിക് കളർ ഓപ്ഷനുകളിൽ ഡിസ്ട്രിക്റ്റ് ഗ്രീൻ ഫിർമമെന്റ് ബ്ലൂ, മാൻഹട്ടൻ ഗ്രേ, അൾട്രാ ബ്ലൂ എന്നിവയും മാറ്റ് ഷേഡുകളിൽ ഡേടോണ ഗ്രേ, ഫ്ലൊറെറ്റ് സിൽവർ, ഡിസ്ട്രിക്റ്റ് ഗ്രീൻ, ഗ്ലേസിയർ വൈറ്റ് എന്നിവയിൽ 2022 A8 സെഡാൻ തെരഞ്ഞെടുക്കാനാവുക. പുത്തൻ സെന്റർ കൺസോൾ, ഫോൾഡ് ഔട്ട് ടേബിളുകൾ, ഫോർ-സോൺ ഡീലക്സ് ഓട്ടോമാറ്റിക് എയർ കണ്ടീഷനിംഗ്, പിന്നിൽ പുതിയ 10.1 ഇഞ്ച് സ്ക്രീനുകൾ എന്നിവയും ഇടംപിടിച്ചിട്ടുണ്ട്.
2021-ൽ ഔഡി ഇന്ത്യയുടെ, വിൽപ്പനയിൽ രണ്ട് മടങ്ങ് കുതിച്ചുചാട്ടമാണുണ്ടായത്. 3,293 യൂണിറ്റുകളാണ് കമ്പനി പോയ മാസം മൊത്തം നിരത്തിലെത്തിച്ചിരുന്നത്. 2020-ൽ ഇത് 1,639 യൂണിറ്റുകളായിരുന്നു. മെർസിഡീസ് ബെൻസ് S-ക്ലാസ്, ബിഎംഡബ്ല്യു 7-സീരീസ് എന്നിവയോടായിരിക്കും ഔഡി A8 മാറ്റുരയ്ക്കുക.