Auto
500 കിലോമീറ്റര്‍ റേഞ്ച്, 22 മിനിറ്റ് കൊണ്ട് 80 ശതമാനം ചാര്‍ജ്; ‍അത്ഭുതമായി ഈ ഇലക്ട്രിക് കാര്‍
Auto

500 കിലോമീറ്റര്‍ റേഞ്ച്, 22 മിനിറ്റ് കൊണ്ട് 80 ശതമാനം ചാര്‍ജ്; ‍അത്ഭുതമായി ഈ ഇലക്ട്രിക് കാര്‍

Web Desk
|
25 Sep 2021 1:55 PM GMT

ഈ വാഹനത്തിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ സ്പീഡിലെത്താൻ 3.3 സെക്കൻഡുകൾ മാത്രം മതി

ഇലക്ട്രിക് വാഹനങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്ന കാലഘട്ടത്തിലൂടെയാണ് ലോകത്താകെയുള്ള വാഹനവിപണി കടന്നുപോകുന്നത്. സാധാരണക്കാർക്ക് വാങ്ങാവുന്ന വിലയിലുള്ള ഇലക്ട്രിക്ക് വാഹനങ്ങൾ കുറവാണെങ്കിലും പ്രീമിയം സെക്ടറിൽ വിവിധ കമ്പനികൾ ഇലക്ട്രിക് കാറുകൾ പുറത്തിറക്കുന്നുണ്ട്.

കാർ മേഖലയിലെ ജർമൻ സൗന്ദര്യമായ ഔഡിയും ഇലക്ട്രിക് കാറുകൾ പുറത്തിറക്കുന്നുണ്ട്. അടുത്തിടെ അവർ ഇന്ത്യയിൽ അവതരിപ്പിച്ച മോഡലുകളാണ് ഓഡി ഇ-ട്രോൺ ജിടി, ഓഡി ആർഎസ് ഇ-ട്രോൺ ജിടി എന്നിവ. ഫോർ ഡോർ കൂപ്പെ മോഡലുകളാണ് രണ്ടും.


പൂർണമായും ഇലക്ട്രിക് സ്‌പോർട്‌സ് കാറുകളുയായ ഇവയുടെ പെർഫോമൻസ് ഞെട്ടിക്കുന്നതാണ്. 390 കിലോ വാട്ടാണ് ഇ-ട്രോൺ ജിടിയുടെ കരുത്ത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ സ്പീഡിലെത്താൻ ഈ വാഹനത്തിന് 4.1 സെക്കൻഡ് മാത്രം മതി. 475 കിലോ വാട്ട് ശേഷിയുള്ള ആർഎസ് ഇ-ട്രോൺ ജിടിക്ക് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ സ്പീഡിലെത്താൻ 3.3 സെക്കൻഡുകൾ മാത്രം മതി. ഇരുവാഹനങ്ങൾക്കും അഡാപ്റ്റീവ് എയർ സസ്‌പെൻഷനാണ് ഔഡി നൽകിയിരിക്കുന്നത്.


ആർഎസ് ഇ-ട്രോൺ ജിടി മോഡലിൽ ഇലക്ട്രിക്കലി നിയന്ത്രിക്കാൻ പറ്റുന്ന ഡിഫ്രൻഷ്യൽ ലോക്ക് സിസ്റ്റം പിന്നിലെ ആക്‌സിലിൽ നൽകിയിട്ടുണ്ട്. ദുർഘട സാഹചര്യങ്ങളിൽ വാഹനത്തിന്റെ ടോർക്ക് കൃത്യമായി വിതരണം ചെയ്യാൻ അത് സഹായിക്കും.

22 കിലോ വാട്ട് എസി ചാർജിങ്ങും 270 കിലോ വാട്ട് വരെയുള്ള ഡിസി ചാർജിങും വാഹനത്തിൽ ലഭ്യമാണ്. 270 കിലോ വാട്ട് ചാർജിങ്ങിൽ 5 ശതമാനത്തിൽ 80 ശതമാനം ചാർജിലെത്താൻ വാഹനത്തിന് 22 മിനിറ്റ് മതി. കൂടാതെ ഇരുവാഹനങ്ങൾക്കും രണ്ട് ഭാഗത്തും പാർക്കിങ് എളുപ്പമാക്കാൻ ഫ്‌ളാപ്പുകൾ നൽകിയിട്ടുണ്ട്.

രണ്ട് വാഹനങ്ങൾക്ക് 83.7/93.4 കെ.ഡബ്യൂ.എച്ചിന്റെ ലിഥിയം അയൺ ബാറ്ററിയാണ് നൽകിയിരിക്കുന്നത്. പക്ഷേ പെർഫോമൻസിൽ വ്യത്യാസമുണ്ടായത് കൊണ്ടുതന്നെ രണ്ട് വാഹനങ്ങളുടെയും റേഞ്ചിൽ വ്യത്യാസമുണ്ട്. ആർഎസ് ഇ ട്രോൺ ജിടിക്ക് 401-481 കിലോമീറ്റർ വരെയാണ് റേഞ്ച്. ഇ-ട്രോൺ ജിടിക്ക് 388 മുതൽ 500 കിലോമീറ്റർ വരെയാണ് റേഞ്ച്.

ഔഡിയുടെ വിർച്വൽ കോക്ക്പിറ്റ് ഡിസൈനിലാണ് വാഹനത്തിന്റെ ഇന്റീരിയർ തയാറാക്കിയിരിക്കുന്നത്. എംഎംഐ ടച്ച് വാഹനത്തിന്റെ സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി ലഭിക്കും. 31.24 സെന്റീമീറ്ററാണ് (12.3 ഇഞ്ച്) ആണ് ഈ ടച്ച് സ്‌ക്രീനിന്റെ വലിപ്പം.


ആർഎസ് ഇ-ട്രോൺ ജിടിക്ക് 16 സ്പീക്കറോട് കൂടിയ ബാങ് ആൻഡ് ഓളുഫ്‌സെനിന്റെ 710 വാട്ട് സൗണ്ട് സിസ്റ്റമാണ് നൽകിയിരിക്കുന്നത്. ഇരുവാഹനത്തിനും ലൈൻ ചേഞ്ചിങ് അലേർട്ടും ക്രൂയിസ് കൺട്രോളും സ്റ്റാൻഡേർഡായി തന്നെ ലഭിക്കും.

ഓഡി ഇ-ട്രോൺ ജിടിയുടെ വില 1.79 കോടിയാണ് (എക്‌സ് ഷോറൂം) ഓഡി ആർഎസ് ഇ-ട്രോൺ ജിടിക്ക് 2.04 കോടിയാണ് എക്‌സ് ഷോറൂം വില.

Related Tags :
Similar Posts