ഇന്ത്യയിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് പ്രിയമേറുന്നു; വിൽപ്പനയിൽ വൻ വർധനവ്
|ഹീറോ ഇലക്ട്രിക് , ഓകിനാവ , ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ്, ആമ്പിയർ, ഏഥർ, എന്നിവയാണ് രാജ്യത്ത് വിപണിയിലുള്ള ഇലക്ട്രിക് സ്കൂട്ടറുകൾ
ഇന്ത്യയിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് പ്രിയമേറുന്നു. കുതിച്ചുയരുന്ന ഇന്ധന വില ഉപഭോക്താക്കളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആകർഷിക്കുന്നതിന് കാരണമാകുന്നുണ്ട്. ശരാശരി ഇന്നത്തെ പെട്രോൾ വില 101 രൂപയാണ്. അതിനാൽ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ മത്സരമേറുകയാണ്.
ഹീറോ ഇലക്ട്രിക്, ഓകിനാവ, ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ്, ആമ്പിയർ, ഏഥർ, എന്നിവയാണ് രാജ്യത്ത് വിപണിയിലുള്ള ഇലക്ട്രിക് സ്കൂട്ടറുകൾ. കൂടാതെ അടുത്തിടെ ആരംഭിച്ച സിമ്പിൾ വൺ, ഒല എന്നിവയുടെ വരവും വിപണിയിൽ മത്സരം കൂട്ടാൻ കാരണമായി.
എങ്കിലും ബജാജ് ചേതകും, ടിവിഎസ് ഐക്യൂബും വിപണിയിൽ വൻ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. രണ്ട് കമ്പനികളുടെയും ജനുവരി മുതൽ ജൂലായ് വരെയുള്ള മൊത്തം വിൽപ്പന കഴിഞ്ഞ വർഷത്തെ 400 യൂണിറ്റിൽ നിന്ന് 4000 യൂണിറ്റായി വർധിച്ചു. പത്ത് മടങ്ങോളം വർധനവാണ് വിൽപ്പനയിലുണ്ടായിരിക്കുന്നത്. ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ ഐക്യൂബിനും ചേതക്കിനും സ്വീകാര്യത വർധിച്ചതാണ് വിൽപ്പന കൂടാൻ കാരണം.
കഴിഞ്ഞ വർഷത്തേക്കാൾ ആറ് മടങ്ങ് വർധനവാണ് ബജാജ് ചേതക് നേടിയത്. 2020 ലെ 332 യൂണിറ്റിൽ നിന്ന് കമ്പനി ഈ വർഷം 1991 യൂണിറ്റാക്കി ഉയർത്തി. അതേസമയം ഐക്യൂബിൻ്റെ വിൽപ്പന 71 യൂണിറ്റിൽ നിന്ന് 2255 യൂണിറ്റായി ഉയർന്നു.
കോയമ്പത്തൂർ, ചെന്നൈ, പൂനെ , ഡൽഹി, ബംഗ്ലൂരു എന്നിവിടങ്ങളിലാണ് നിലവിൽ ടിവിഎസ് ഐക്യൂബിന് വിപണിയുള്ളത്.